ജരാസന്ധന്റെ കാരാഗൃഹത്തില്‍, കാറ്റും വെളിച്ചവും കിട്ടാതെ ഭക്ഷണം ലഭിക്കാതെ, ഉടുക്കാന്‍ വസ്ത്രമില്ലാതെ ദുഃഖിച്ച് കണ്ണീരൊഴുക്കി ജീവിച്ചിരുന്ന രാജാക്കന്മാര് തങ്ങളെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ അപേക്ഷിച്ചുകൊണ്ട് ശ്രീകൃഷ്ണഭഗവാന് ദൂതനെ അയച്ചു.
”ബദ്ധാന്‍ വിയുങ്ക്ഷ്വ മഗധാഹ്വയ
കര്‍മ്മപാശാല്‍.”
(മഗധരാജാവ് എന്നുപേരുള്ള, വാസ്തവത്തില്‍ ഞങ്ങളുടെ ദുഷ്കര്‍മങ്ങളായ കയറുകള്‍കൊണ്ട് ഞങ്ങള്‍ സ്വയം വരിഞ്ഞുകെട്ടിയ കുടുക്കില്‍ വിവശരായി കിടക്കുകയാണ്. ഭഗവാനേ, ഞങ്ങളെ മോചിപ്പിക്കേണമേ!) ഈ പ്രാര്‍ത്ഥന ഭഗവാന് സ്വീകരിച്ചു, ഭീമസേനനെക്കൊണ്ട് ജരാസന്ധനെ കൊല്ലിച്ചു. അവരെ മോചിപ്പിച്ചു. അവര്‍ ഭഗവദാജ്ഞ പരിപാലിച്ച് ശുദ്ധഭക്തരായി. ധര്‍മപുത്രരുടെ രാജസൂയയാഗത്തില്‍ പരിചാരകന്മാരായും ഭാരതയുദ്ധത്തില് പാണ്ഡവ പക്ഷത്തു നിന്നതുകൊണ്ടുതന്നെ ഭഗവദാരാധനയായി യുദ്ധം ചെയ്തും ഭഗവത്പദം പ്രാപിച്ചു.
ആര്‍ത്തഭക്തന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മാതൃകാ പുരുഷന്മാര് വേറെയുമുണ്ട്. മുതലയുടെ കടിയേറ്റു മോചനം നേടാന്‍ കഴിയാതെ ആയിരത്താണ്ട് ഉഴന്ന ഗജേന്ദ്രന്-ഇന്ദ്രദ്യുമ്നന്
”കരോ തു മേളഭദ്രയോ
വിമോക്ഷണം”
(അപാരകാരുണ്യവാനായ ഭഗവാന് എന്നെ മോചിപ്പിക്കേണമേ!) എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഭഗവാന് ഗരുഡാരൂഢനായി വന്ന് മുതലയെ വധിച്ച്, തന്റെ ഭക്തനെ മോചിപ്പിച്ച്, സാരൂപ്യമുക്തി നല്‍കിയശേഷം ഗരുഡന്റെ പുറത്തുകയറ്റി, വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി.
കൗരവസഭയിലേക്ക് ദൂതവേളയില്‍, ദുശ്ശാസനന് വലിച്ചിഴച്ചുകൊണ്ടുവന്ന് ദ്രൗപദിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചപ്പോള്‍, ആ സ്വാധ്വി നിലവിളിച്ചു:-
”ഗോവിന്ദ, ദ്വാരകാവാസിന്‍!
കൃഷ്ണാ, ഗോപീജനപ്രിയ!
കൗരവൈഃ പരിഭൂതാം മാം
കിം ന ജാനാസി കേശവ!”
(ദ്വാരകയില്‍ വസിക്കുന്ന ഗോവിന്ദാ, ഗോപീജനങ്ങള്‍ക്ക് പ്രിയനായ കൃഷ്ണാ! കൗരവന്മാരാല്‍ ഞാന്‍ ഇതാ അപമാനിക്കപ്പെടുകയാണെന്ന് നീ അറിയുന്നില്ലേ? കേശവാ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയും നിയന്ത്രിക്കുന്നവനേ!) ആയിരക്കണക്കിന് വസ്ത്രങ്ങള്‍ അഴിച്ച് കൂട്ടിയിട്ട് ദുശ്ശാസനന് സഭാതലം നിറച്ചു കൈകുഴഞ്ഞ് അഴിക്കാന്‍ വയ്യാതായി. മഹാകവി ഉള്ളൂര്‍ ‘ചിത്രശാല’യില്‍ ഈ അവസ്ഥ പാടുന്നു: ”തന് ദുകൂല മഴിക്കുവാന്‍ ധാര്ത്തരാഷ്ട്രന് തുടങ്ങവേ…..”
ജിജ്ഞാസുക്കളായ മോക്ഷേച്ഛുക്കളായ ഭക്തന്മാരാണ്-ബഹുലാശ്യന്‍ എന്ന മിഥില രാജാവ്, ശ്രുതദേവന്‍ എന്ന ബ്രാഹ്മണന്, ഉദ്ധവന്, മുചുകുന്ദന് മുതലായവര്‍.
ആര്‍ത്തന്മാരുടെയും അര്‍ത്ഥാര്‍ത്ഥികളുടെയുടെ എന്നതുപോലെ ജിജ്ഞാസുവായ-മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവന്റെയും ഭക്തിയില്‍ കാമത്തിന്റെ കയ്പ്പ് കലര്‍ന്നിട്ടുണ്ട്. മോക്ഷം കിട്ടണം എന്ന ആഗ്രഹം സത്വഗുണത്തിന്റെ ഉത്പന്നമാണെങ്കിലും മായാബദ്ധമാണ്; ശുദ്ധമല്ല. അതുകൊണ്ട് അവരെയും സകാമഭക്തന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. അവര്‍ക്ക് നിഷ്കാമ ഭക്തന്മാരുടെ സമ്പര്‍ക്കംകൊണ്ട് നിഷ്ക്കാമ ഭക്തിയിലേക്ക് പ്രവേശിക്കാന്‍ അവസരമുണ്ട്.
ആത്മാക്കളുടെയും പരമാത്മാവിന്റെയും സ്ഥിതി വേര്‍തിരിച്ച് അറിഞ്ഞ്, ഭഗവത് വിജ്ഞാനം തേടി ഭഗവാനെ ഭജിക്കുന്നവനും, നിഷ്കാമ ഭക്തനാണ്. സനകാദികള്‍, ശ്രീ നാരദന്, പ്രഹ്ലാദന്, പൃഥു മഹാരാജാവ്, അംബരീഷന്, ശ്രീശുകന്‍ മുതലായവര്‍ കാമത്തിന്റെ ലാഞ്ഛനപോലുമില്ലാത്ത ഭക്തന്മാരാണ്, ത്രിഗുണങ്ങളെ അധികരിച്ച ഭക്തന്മാരാണ്.
ജ്ഞാനീ ച- എന്ന ശ്ലോക ഭാഗത്തിലെ-ച-എന്ന പദംകൊണ്ട്, പരിശുദ്ധ പ്രേമ ഭക്തകളായ ഗോപിമാരെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് മധുസൂദന സരസ്വതി ഉറപ്പിച്ചു പറയുന്നു. ഭഗവാന് ഇങ്ങോട്ട് സ്നേഹിക്കണമെന്ന ആഗ്രഹം പോലും അവര്‍ക്കില്ലേ. ഭഗവാനോടുള്ള പ്രേമഭാവത്തിന്റെ പരിപൂര്ണതയില് ഭഗവാന്റെ കാല് കല്ലില്‍ തട്ടി വേദനിക്കുമോ എന്ന് അവര്‍ ആശങ്കിക്കുന്നു:-
”ഇരുളടഞ്ഞൊരക്കാടുപുക്കു നിന്
ചരണപല്ലവം വല്ല കല്ലിലും
ഇരടിയെങ്കിലോയെന്ന പേടിയാല്‍
കരളിലില്ലെനിക്കേതുമേ സുഖം”
എന്നിങ്ങനെ ഭക്തകവി ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്, ആ അവസ്ഥ നമ്മെ പാടികേള്‍പ്പിക്കുന്നു.
No comments:
Post a Comment