ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 12, 2017

ദേവീ സങ്കല്‍പ്പം



ദേവീ സങ്കല്‍പ്പം പുരാണ കഥകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റുദേവന്‍മാരുടെ ഐതീഹ്യകഥകള്‍ ഭാരതത്തില്‍ പലദേശങ്ങളിലും പല പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടുമ്ബോള്‍ ദേവീ കഥകള്‍ എല്ലാ ദേശങ്ങളിലും ഏകദേശം ഒരുപോലെ തന്നെ പ്രചരിച്ചുപോരുന്നു. ദേവിയെ ദേവജനനിയും വേദജനനിയുമായി ആരാധിച്ചുപോരുന്നുണ്ട്. വേദകാലങ്ങള്‍ക്കും വളരെമുമ്ബ് തന്നെ ഇവിടെ ശക്തിപൂജ നടന്നിരുന്നു. ലോകത്തിന്റെ സമസ്ത ഭാവങ്ങളും അടങ്ങിയരൂപമാണ് ശക്തിയുടേത്. ശക്തി ദേവിയാണ്. 


പുരാണത്തില്‍ എല്ലാ ദേവീദേവന്‍മാരും തങ്ങളുടെ കാര്യസാധ്യത്തിനായി ഭഗവതിയെ പ്രീതിപ്പെടുത്തിയ കഥകള്‍ നിരവധിയുണ്ട്. അപ്രകാരമായ ഒരു ശക്തിപൂജയമാണ് നവരാത്രിക്ക് പിന്നില്‍. മഹാവിഷ്ണുവിന്റെ അവതാര രൂപമായ ശ്രീരാമന്‍ രാവണ വധത്തിനായി നടത്തിയ ഒമ്ബത് ദിവസങ്ങളിലെ മഹാപൂജയുടെ പരമ്ബര. രാമായണം യുദ്ധകാണ്ഡത്തില്‍ ഈ കഥ ഇങ്ങനെ വിവരിക്കുന്നു: രാമരാവണ യുദ്ധം അതിഘോരമായി നടക്കുകയാണ്. ദശാനന്റെ മുഖങ്ങള്‍ ഒന്നൊന്നായി രാമന്‍ എയ്ത് വീഴ്ത്തുന്നു. എന്നിട്ടും രാവണന്‍ മരിക്കുന്നില്ല. തലകള്‍ യഥാസ്ഥാനത്ത് തിരകെ എത്തിച്ചേരുന്നു. വിജയഭാവത്തില്‍ രാവണന്‍ അട്ടഹാസം മുഴക്കുന്നു. രാവണാട്ടഹാസത്താല്‍ എട്ടുദിക്കുകളും വിറകൊണ്ടു. യുദ്ധത്താല്‍ ഏറെ ക്ഷീണിതനായി നില്‍ക്കുന്ന രാമന്‍ ഋഷിവര്യനായ അഗസ്ത്യമുനിയോട് ഉപദേശമാരായുന്നു. മുനി രാമനോട് "ആപത്തില്‍ അമ്മയെ മനസ്സില്‍ കരുതുക. ദേവിയെ ഭജിക്കുക എല്ലാം നേരെയാകും" എന്ന് നിര്‍ദേശിച്ചു. ഈ മഹായുദ്ധം നടക്കുന്നതിനിടയ്ക്ക് തനിക്ക് ദേവിയെ ധ്യാനിക്കാന്‍ സാധിക്കുകയില്ല എന്നും അതിനാല്‍ ദേവന്‍മാരുടെ രക്ഷയ്ക്കായി ഗുരുതന്നെ തനിക്കുവേണ്ടി ദേവീപൂജ നടത്തണമെന്നും രാമന്‍ അപേക്ഷിച്ചു. അങ്ങനെ അഗസ്ത്യന്‍ ദേവീപൂജ തുടങ്ങി. 


ലങ്കയിലെ ഒരു വടവൃക്ഷചുവട്ടില്‍ ദേവിയുടെ വിവിധഭാവങ്ങള്‍ ചേര്‍ന്ന അനവധി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച്‌ പൂജകള്‍ ആരംഭിച്ചു. എട്ട് ദിവസങ്ങളില്‍ ദേവിയുടെ സകല ഭാവങ്ങളെയും ഒന്നൊന്നായി ആവാഹിച്ച്‌ അഷ്ടൈശ്വര്യ പൂജകള്‍ നടത്തി. ഒമ്ബതാം നാളില്‍ വിജയദശമി ദിവസം ഭഗവതി പ്രത്യക്ഷയായി അഗസ്ത്യമുനിക്ക് രാവണ വധത്തിനായി ഉപദേശം നല്‍കി. "തലമാറ്റിയാല്‍ രാവണന്‍ മരിക്കില്ല. രാവണന്റെ നെഞ്ച് പിളര്‍ന്നാല്‍ മാത്രമേ മരണം സഭവിക്കു. എന്നെ ധ്യാനിച്ച്‌ രാവണനിഗ്രഹം ചെയ്യാന്‍ രാമന് അനുജ്ഞ നല്‍കൂ." അഗസ്ത്യന്‍ ദേവിയുടെ ഉപദേശം രാമനെ അറിയിക്കുകയും ദേവിയുടെ അനുഗ്രഹത്താല്‍ വിജയദശമി നാളില്‍ രാമന്‍ രാവണനെ നിഗ്രഹിക്കുകയും ചെയ്തു. വിജയദശമി നാളില്‍ ഭഗവതി വിദ്യാരൂപിണിയായാണ് രാമന് വിജയമന്ത്രം ഉപദേശിച്ചത്. അതിനാല്‍ ആദിവസം വിദ്യയ്ക്ക് ഏറെ പ്രാധാന്യം ഉള്ളതായിത്തീര്‍ന്നു. വിദ്യയുടെയും വിജ്ഞാനത്തിന്റെയും ദേവതയാണ് സരസ്വതി. രൂപം കൊണ്ടും പ്രവൃത്തികൊണ്ടും സര്‍വ്വജ്ഞാനത്തിന്റെയും ഇരിപ്പിടമാണ് ദേവി. ദേവി സദാ വെള്ള വസ്ത്രമാണ് ധരിക്കുന്നത്. ഇരിക്കുന്നതാവട്ടെ വെള്ളത്താമരയില്‍. അക്ഷരമാല, പുസ്തകം, വീണ എന്നിവ ദേവയുടെ കൈകളില്‍കാണാം. 


സരസ്വതിയുടെ ജനനം സംബന്ധിച്ച്‌ ഒരു കഥയുണ്ട്. പുരാണ പ്രകാരം സരസ്വതി ബ്രഹ്മാവിന്റെ പുത്രിയും സഹധര്‍മ്മിണിയുമാണ്. കഥ ഇങ്ങനെയാണ്: ബ്രഹ്മാവ് പ്രജകളെ സൃഷ്ടിക്കാന്‍ തുടങ്ങി, മനസ്സില്‍ സത്വഗുണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു. പെട്ടെന്ന് ബ്രഹ്മാവിന്റെ മുന്നില്‍ അതിസുന്ദരിയായ ഒരു ബാലിക നില്‍ക്കുന്നു 'നീയാരാണ്', ബ്രഹ്മാവ് ചോദിച്ചു "അങ്ങയുടെ സത്വഗുണാന്വിതമായ മനസ്സില്‍ നിന്നു ജനിച്ചവളാണ് ഞാന്‍. എന്റെ ജോലിയും സ്ഥാനവും എന്താണെന്ന് വിധിച്ചാലും", ബാലിക ഭവ്യതയോടെ പറഞ്ഞു. "നിന്റെ പേര് സരസ്വതിയെന്നാണ്. സകല ജീവികളുടെയും നാവില്‍ നീ വസിക്കുക. വിശേഷിച്ച്‌ വിദ്വാന്‍മാരുടെ നാവില്‍ നീ  നൃത്തം ചെയ്യുക. ഒരു നദീരൂപത്തില്‍ ഭൂമിയിലും മൂന്നാമത് ഒരു രൂപം പൂണ്ട് എന്നിലും വസിക്കുക" ബ്രഹ്മാവ് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ദേവി സര്‍വ്വരുടെയും നാവിന്‍തുമ്ബില്‍ വസിക്കുന്നവളായി മാറിയത്. 


കേരളീയര്‍ക്ക് വിദ്യാരംഭം കുറിക്കാന്‍ വിശേഷമായി കല്‍പ്പിച്ചുപോരുന്ന പ്രധാന സ്ഥലങ്ങളാണ് കര്‍ണ്ണാടകയിലെ മൂകാംബി, കേരളത്തിലെ തുഞ്ചന്‍പറമ്ബ് (തിരുനാവായ) തിരുവുള്ളക്കാവ് (തൃശൂര്‍) ചോറ്റാനിക്കര, കോട്ടയത്തിനടുത്തുള്ള പനച്ചിക്കാട് എന്നിവ. നമ്മുടെ സങ്കല്‍പ്പമനുസരിച്ചുള്ള കെട്ടിലോ മട്ടിലോ ഉളള ഒരു ക്ഷേത്രമല്ല പനച്ചിക്കാട്, ക്ഷേത്രമെന്ന് കേള്‍ക്കുമ്ബോള്‍ സാധാരണക്കാരുടെ മനസ്സിലുദിക്കുന്ന ചിത്രവുമായി ഇതിന് യാതൊരു സാമ്യവും ഇല്ല. ഏകദേശം പത്തടിനീളവും ആറടി വീതിയും ഉള്ള തറനിരപ്പില്‍ നിന്നും നാലടി താഴ്ചയിലുള്ള ഒരു കുഴി. അതില്‍ നിറയെ വള്ളിപ്പടര്‍പ്പുകള്‍. ആ പ്രദേശം മുഴുവന്‍ പടര്‍ന്ന് കിടക്കുന്ന പനച്ചി എന്ന ചെടിയാണ് വിഗ്രഹത്തില്‍വരെ. പനച്ചി എന്ന ചെടി മൂലമുണ്ടായ കാട്ടുപ്രദേശം എന്നാണത്രെ പനച്ചിക്കാട് എന്ന പേരിന് കാരണം. ആ ദീര്‍ഘ ചതുരാകൃതിയിലുള്ള കുഴിയുടെ ഒരരികില്‍ നിന്നു ഉടലെടുക്കുന്ന ഒരു നീരുറവ കുഴിയുടെ മധ്യഭാഗത്ത് കൂടി ഒഴുകി അടുത്തുളള ചെറിയ കുഴിയില്‍ പതിക്കുന്നു. ആ കുഴിയില്‍ നിന്നു ശക്തമായ നീരുറവയായി ക്ഷേത്രകുളത്തിലേക്ക് ഒഴുകി എത്തുന്നു. ഈ നീരുറവയുടെ കരയ്ക്കായിട്ടാണ് മൂലരൂപത്തിലുള്ള സരസ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.


 കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും കുറിച്ച്‌ ധാരാളം ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പനച്ചിക്കാട്ട് ദേവിയെകുറിച്ചും ഇത്തരത്തിലുളള ഒരു ഐതിഹ്യം നിലവിലുണ്ട്. മുമ്ബ് ഈ ക്ഷേത്രം നില്‍ക്കുന്ന പ്രദേശവും അവിടെയുള്ള വിഷ്ണുക്ഷേത്രവും പരിപാലിച്ചിരുന്ന ഊരാണ്‍മക്കാര്‍ കുഴിപ്രം, കരുനാട് എന്നീ രണ്ട് ഇല്ലക്കാരായിരുന്നു (ഈ തറവാട്ടുകാര്‍ തന്നെയാണ് ഇപ്പോഴും ഈ ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്നത്) വളരെ പണ്ട് ഒരിക്കല്‍ കുഴിപ്രത്ത് ഇല്ലത്ത് ഒരേ ഒരു പുരുഷ പ്രജ മാത്രമായി. വേളി കഴിഞ്ഞ് വളരെക്കാലമായിട്ടും അദ്ദേഹത്തിന് സന്താന സൗഭാഗ്യമുണ്ടായില്ല. പൂജയും പ്രാര്‍ത്ഥനയും, വഴിപാടുകളും മരുന്നുകളുമൊക്കെയായി വര്‍ഷം കുറെ കഴിഞ്ഞു. കുഴിപ്രത്ത് നമ്ബൂതിരിക്ക് വയസ്സ് എഴുപതോടടുത്തായി. തന്റെ ഇല്ലം അന്യംനിന്ന് പോകുന്നത് മുജ്ജന്മ പാപഫലമാകാം എന്ന് കരുതി നമ്ബൂതിരി തീര്‍ത്ഥാടനത്തിന് തീര്‍ച്ചയാക്കി. ഓലക്കുടയും ഭാണ്ഡക്കെട്ടും ചുണ്ടില്‍ നാമജപവുമായി നമ്ബൂതിരി ഗംഗാ സ്നാനത്തിനായി പുറപ്പെട്ടു. യാത്രചെയ്ത് നമ്ബൂതിരി മൂകാംബികയിലെത്തി. അവിടെ ഒരുവര്‍ഷം ഭജനം നടത്താന്‍ നമ്ബൂതിരി നിശ്ചയിച്ചു. അങ്ങനെ പ്രാര്‍ത്ഥനയും ഭജനയുമായി ദിവസങ്ങളും മാസങ്ങളും വളരെ വേഗം കടന്നുപോയി. ഭജനം ഒരു സംവല്‍സരം തികയുന്ന ദിവസം രാത്രി ഉറങ്ങിക്കിടക്കുന്ന നമ്ബൂതരിയുടെ മുന്നില്‍ മൂകാംബികാദേവി പ്രത്യക്ഷയായി. ഗംഗാ സ്നാനം കൊണ്ടൊന്നും പുത്രസൗഭാഗ്യം ലഭിക്കില്ലെന്നും അതിനാല്‍ ഇല്ലത്തേക്ക് മടങ്ങിപ്പോകാനും ദേവി നിര്‍ദ്ദേശിച്ചു കുഴീപ്രം നമ്ബൂതിരി ആകെ വിവശനായി. അദ്ദേഹത്തിന്റെ ദയനീയസ്ഥിതി കണ്ട ദേവി ഇപ്രകാരം പറഞ്ഞു. 


"കുഴീപ്രത്തിന്റെ അയല്‍ദേശത്തുള്ള കുരുനാട്ടില്ലത്തെ നമ്ബൂതിരിയുടെ അന്തര്‍ജനം അധികം വൈകാതെ തന്നെ ഇരട്ടകുട്ടികളെ പ്രസവിക്കും. അതിലൊരുണ്ണിയെ കുഴീപ്രത്തിന് തരണമെന്ന് ഞാന്‍ പറഞ്ഞതായി പറയുക. എല്ലാം നേരെയാകും. സംശയം വേണ്ട. ഒക്കെ നേരെയാക്കിതീര്‍ക്കാന്‍ നാമും ഒപ്പം വന്നോളാം. നമ്ബൂതിരി രാവിലെതന്നെ തിരികെ മടങ്ങിക്കോളു" 

കുഴീപ്രം നമ്ബൂതിരി തന്റെ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോള്‍ സ്വന്തം ഇല്ലത്തേക്ക് പോകാതെ നേരെ കരുനാട്ടില്ലത്തെത്തി. അപ്പോള്‍ അവിടെ വിഷ്ണുക്ഷേത്രത്തില്‍ ഉച്ചപൂജ നടക്കുകയായിരുന്നു. ദേവി തനിക്ക് സ്വപ്നദര്‍ശം നല്‍കിയ വിവരം കുഴീപ്രം കരുനാട്ടിനോട് പറഞ്ഞു. കരുനാട് നമ്ബൂതിരി അത്ഭുതപ്പെട്ടു. ദേവിയുടെ നിര്‍ദ്ദേശം അങ്ങനെയാണെങ്കില്‍ ഭാര്യ ഇരട്ട കുട്ടിയെ പ്രസവിച്ചാല്‍ ഒരു ഉണ്ണിയെ കുഴീപ്രത്തിന് നല്‍കാമെന്ന് സമ്മതിച്ചു. കുഴീപ്രത്തിന് സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായി. എന്തായാലും ഇത്രടം വന്ന സ്ഥിതിക്ക് ക്ഷേത്രദര്‍ശനം കഴിഞ്ഞുപോകാം. എന്റെ കുണ്ഠിതമൊക്കെ മാറ്റിയ വൈകുണ്ഠനാഥനെ കുളിച്ചു തൊഴുതിട്ടാകാം ഇല്ലത്തേക്കുളള യാത്ര. ഇന്ന് തെക്കന്‍ മൂകാംബികയായി പ്രസിദ്ധിപൂണ്ട പനച്ചിക്കാട് ദേവിക്ക് മൂകാംബികയിലില്ലാത്ത ഒരു പ്രത്യേകത പറയുന്നുണ്ട്. ഇവിടെ എന്നും സരസ്വതിയാമമാണ്. അതിനാല്‍ അക്ഷര ദീക്ഷയ്ക്ക് ഇവിടെ നാളും മുഹൂര്‍ത്തവും ഒന്നും നോക്കേണ്ടതില്ല. 


എല്ലാ  നവരാത്രിക്കും  നട തുറക്കുമ്ബോള്‍ ആയിരക്കണക്കിനു കുരുന്നുകള്‍ നാവിന്‍ തുമ്പിൽ  ഹരിശ്രീ കുറിക്കുവാന്‍ പനച്ചിക്കാട് സരസ്വതിയെ പ്രാപിക്കുമ്ബോള്‍ മുതിര്‍ന്നവര്‍ ദേവിയുടെ മുന്നിലെ പഞ്ചാരമണലില്‍ ചൂണ്ടുവിരലാല്‍ കുറിക്കുകയായി.. അക്ഷരാത്മികേ ദേവീ..

No comments:

Post a Comment