(തുടർച്ച )
കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്.
ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്.
'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോഷം തീരുന്നതിനായി മഹാരാജാവു കഠിനനിഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു.
ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.
No comments:
Post a Comment