രാമായണകഥയിലെ നായികയാണ് സീത. ലോകത്തിലെ സ്ത്രീരത്നങ്ങളില്‍ പ്രഥമസ്ഥാനം തന്നെ സീതയ്ക്കുണ്ട്. രാമനുതുല്യമോ അതിലധികമോ തിളങ്ങിനില്‍ക്കുന്നു സീത എന്നതിനാല്‍ കാവ്യത്തിന്റെ പേര്‍ സീതായണമെന്ന് മാററിയാലും കുഴപ്പമില്ല എന്നാണ് ചിലരുടെ പക്ഷം.
സീതയുടെ ജന്മത്തെപ്പറ്റി അനേകം കഥകളുണ്ട്. രാവണന്റെയും മണ്ഡോദരിയുടെയും ആദ്യ സന്താനം പെണ്‍കുഞ്ഞായിരുന്നു. ലങ്കയ്ക്ക് അവള്‍ നാശം ചെയ്യുമെന്ന പ്രവചനത്തെ തുടര്‍ന്ന് ആ കുഞ്ഞിനെ പെട്ടിയിലാക്കി ഭരതത്തില്‍ ഉപേക്ഷിച്ചു എന്നും അത് ജനകരാജാവിന് കിട്ടി എന്നുമാണ് ഒരുകഥ.
സൂര്യപാശത്താല്‍ ഐശ്വരം നഷ്ടപ്പെട്ട കുശധ്വജന്‍ എന്ന രാജാവ് പത്നിയോടൊപ്പം വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് പുത്രീജനനത്തിനായി പ്രാര്‍ത്ഥിച്ചുപോന്നു. അപ്പോള്‍ കുശധ്വജന്റെ വായില്‍നിന്ന് ഒരു ശിശുജനിച്ചു. ശിശു ലക്ഷ്മീദേവിയുടെ അവതാരമായിരുന്നതിനാല്‍, രാജാവിന് നഷ്ടമായ ഐശ്വര്യമെല്ലാം അതോടെ തിരിച്ചുകിട്ടി.
കുശധ്വജന്‍ മകള്‍ക്ക് വേദവതി എന്ന് പേരിട്ടു. വേദജപങ്ങള്‍ക്കിടയിലായിരുന്നല്ലോ ജനനം. ദേവവതിയെന്നും വിളിക്കും. അവള്‍ വളര്‍ന്ന് സുന്ദരിയായ യുവതിയായി.
അക്കാലത്താണ് ശംഭു എന്ന അസുരന്‍ അതുവഴി വന്നത്. വേദവതിയെ അയാള്‍ക്ക് വിവാഹം കഴിച്ചേ പറ്റൂ. കുശദ്വജന്‍ സമ്മതിച്ചില്ല. കുപിതനായ അസുരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുശധ്വജനെ വിട്ടയച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ വേദവതി ആ ദാരുണമായ രംഗം കണ്ടു. അവള്‍ തീപാറുന്ന കണ്ണുകളാല്‍ ശംഭുവിനെ ഒന്നുനോക്കിയതേയുള്ളൂ. ആ അസുരന്‍ ഉടനെ ഭസ്മമായി.
വേദവതി പിന്നെ ആശ്രമത്തില്‍ ഏകാന്ത തപസുചെയ്തു. വിഷ്ണുഭഗവാനെ ഭര്‍ത്താവായി ലഭിക്കുന്നതിനുവേണ്ടിയായിരുന്നു തപസ്. ഒരുദിവസം രാവണന്‍ അവിടെ എത്തിച്ചേരുകയുണ്ടായി.
“അതിസുന്ദരമായ ഈ ശരീരം തപസ്സിനാല്‍ ഉണക്കുന്നതെന്തിന്? വിശ്വവിജയിയായ ഈ രാവണനെ ഭര്‍ത്താവായി സ്വീകരിക്കൂ.” വേദവതിയോട് രാവണന്‍ അപേക്ഷിച്ചു.
തികഞ്ഞ പുച്ഛത്തോടെ വേദവതി ആ അപേക്ഷ നിരസിച്ചു. രാവണന്‍ അത് ക്ഷമിച്ചില്ല. അവളെ കൈക്കു പിടിച്ച് വലിച്ചു. എതിര്‍ത്ത വേദവതി രാവണനെ എതിര്‍ത്ത് തപഃശക്തിയാല്‍ അഗ്നി ജ്വലിപ്പിച്ചു. ഒരു നീചാത്മാവിന്റെ കരസ്പര്‍ശത്താല്‍ അശ്രദ്ധമായ ഈ ശരീരം താന്‍ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അവള്‍ അഗ്നിയില്‍ ചാടി മരിച്ചു.
“മഹാ ദുഷ്ടനായ രാവണാ! അടുത്ത ജന്മത്തില്‍ മഹാവിഷ്ണു എന്റെ ഭര്‍ത്താവായി വരും. നിന്നെ വധിക്കും. അതിന് ഞാന്‍ നിമിത്തമാകും.” എന്നുപറഞ്ഞുകൊണ്ടായിരുന്നു വേദവതിയുടെ അഗ്നിപ്രവേശം.
ശാപവാക്കുകള്‍ ഉണ്ടാക്കിയ ഭയം മൂലം രാവണന്‍ വേദവതിയുടെ ചാരം മുഴുവന്‍ തുടച്ചെടുത്ത് ഒരു സ്വര്‍ണപേടകത്തിലാക്കിയാണ് ലങ്കയില്‍ തരിച്ചെത്തിയത്. അവിടെ ഒരു വിജനപ്രദേശത്ത് പെട്ടി ഒളിപ്പിച്ചുവയ്ക്കുകയും വല്ല മാറ്റുവുമുണ്ടോയെന്ന് അറിയാന്‍ ഇടയ്ക്കിടെ രഹസ്യമായി ആ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ മാറ്റം ലങ്കയ്ക്കായിരുന്നു. ഓരോ ദുര്‍ന്നിമിത്തങ്ങള്‍ ലങ്കയെ വല്ലാതെ ഉലച്ചു. ലങ്കസന്ദര്‍ശിച്ച നാരദമഹര്‍ഷിയുടെ ഉപദേശമനുസരിച്ച് ദൂരെ കടലില്‍ ആ പേടകം ഒഴുക്കിവിടുകയായിരുന്നു. അലമാലകള്‍ അതിനെ ഭാരതതീരത്താണ്‍എത്തിച്ചത്.
സ്വര്‍ണപ്പെട്ടി കള്ളന്മാരുടെ കണ്ണിലാണ് പെട്ടത്. രാജഭടന്മാരാല്‍ പിടിക്കപ്പെടുമോ എന്ന് ഭയന്ന് സ്വര്‍ണപേടകം ഭൂമിയില്‍ കുഴിച്ചുമൂടി. പിന്നീട് സൗകര്യംപോലെ വന്നെടുക്കാമെയിരുന്നു ചിന്ത. പക്ഷേ അവര്‍ക്ക് കുറേക്കാലം അങ്ങോട്ട് ചെല്ലാന്‍ കഴിഞ്ഞില്ല.
ജനകമഹാരാജാവിന്റെ മിഥിലാ രാജ്യമായിരുന്നു അത്. അദ്ദേഹം അക്കാലത്ത് ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. അതിലേക്ക് പ്രത്യേകതയുള്ള ഒരു യാഗത്തറ നിര്‍മിക്കണം. അതിന് തിരഞ്ഞെടുത്ത സ്ഥലം തെളിച്ചെടുത്ത് ഉഴുതുമറിക്കുമ്പോഴാണ് മഹാത്ഭുതം.
ഒരു സ്വര്‍ണ്ണപേടകം! അതിനകത്തെ ചാരത്തില്‍ വേദവതിയുടെ ആത്മാവും ജീവനും നേരത്തെ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അത് ഒരു ശിശുവിന്റെ രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു.
ജനകമഹാരാജാവ് പെട്ടിയെടുത്ത് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പൊന്‍പ്രഭ തൂകുന്ന ഒരു പെണ്‍കുഞ്ഞ്? കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിനുണ്ടായ സന്തോഷത്തിന് അതിരില്ല. അദ്ദേഹം അവളെ കൊട്ടാരത്തില്‍ കൊണ്ടുപോയി സീത എന്ന് പേര്‍ നല്‍കി ഓമനയായി വളര്‍ത്തി.
അങ്ങനെ മഹാലക്ഷ്മിയുടെ അംശമായ വേദവതിയുടെ പുനര്‍ജ്ജന്മമായി, സീത മിഥിലയിലെ രാജകുമാരിയായി. ജനകാത്മജയെന്നും മൈഥിലിയെന്നും വൈദേഹിയുമെന്നൊക്കെ അവള്‍ പല പേരുകളില്‍ അറിയപ്പെട്ടു. അവള്‍ അയോനിജയായ മഹാലക്ഷ്മി തന്നെയാണ്.
രാമാവതാരമെടുത്ത് വരുന്ന വിഷ്ണുവിന്റെ ധര്‍മപത്നിയായി, രാവണനിഗ്രഹത്തിന് പ്രതിജ്ഞയെടുത്ത് വന്ന സ്ത്രീരത്നം – സീത. വിശ്വസാഹിത്യത്തിലെ തിളക്കമാര്‍ന്ന ഈ കഥാപത്രത്തിന്റെ ഒപ്പം നില്‍ക്കാന്‍ മറ്റൊരു കഥാപാത്രത്തിനും സാധിക്കുമെന്ന് തോന്നുന്നില്ല.
No comments:
Post a Comment