വസിഷ്ഠ മഹര്‍ഷിയോടു അഗ്നിദേവന്‍ ശ്രീമഹാവിഷ്ണുവിന്റെ മത്സ്യാവതാരകഥ പറഞ്ഞു. സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുഷ്ടന്‍മാരെ നിഗ്രഹിക്കുന്നതിനുമായാണ് ഭഗവാന്‍ കാലകാലങ്ങളില്‍ അവതരിക്കുന്നത്. വൈവസ്വതമനു ഭുക്തിമുക്തിക്കായി തപസ് ചെയ്തുകൊണ്ടിരിക്കുന്നകാലം. ഒരിക്കല്‍ അദ്ദേഹം കൃതമാലാനദിയില്‍ ജലദര്‍പ്പണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ജലം നിറഞ്ഞ അദ്ദേഹത്തിന്റെ കൈകുമ്പിളില്‍ ഒരു ചെറിയ മത്സ്യം പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ആ മത്സ്യത്തെ ജലത്തിലേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ അത് അദ്ദേഹത്തോടു പറഞ്ഞു:
‘അല്ലയോ മഹാനുഭാവ, താങ്കള്‍ എന്നെ ഈ നദിയിലേക്ക് വലിച്ചെറിയല്ലേ. ഇവിടത്തെ വലിയ ജന്തുക്കളെ എനിക്കു ഭയമാണ്’
മത്സ്യത്തിന്റെ ഈ അപേക്ഷ കേട്ട വൈവസ്വതമനു അതിനെ തന്റെ കലശത്തിലിട്ടു.
ഉടന്‍തന്നെ ആ മത്സ്യം വളര്‍ന്നു വലുതാകാന്‍ തുടങ്ങി. തുടര്‍ന്ന് മത്സ്യം മനുവിനോടു പറഞ്ഞു ‘ ഇതിനേക്കാള്‍ വലിയ സ്ഥാനം എനിക്കു തന്നാലും’.
മത്സ്യത്തിന്റെ വാക്കുകള്‍കേട്ട മനു അതിനെ ജലഗര്‍ത്തത്തിലാക്കി. അവിടെയും അത് വളര്‍ന്നു വലുതായപ്പോള്‍ അതിലും വലിയ സ്ഥാനം വേണമെന്ന് മനുവിനോട് ആവശ്യപ്പെട്ടു. ഇതു കേട്ട രാജാവ് മത്സ്യത്തെ ഒരു സരോവരത്തില്‍ കൊണ്ടുപോയാക്കി. അവിടെയും അത് വളര്‍ന്നുവലുതായി. വീണ്ടും മത്സ്യം ഇതിലും വലിയ സ്ഥാനത്തെത്തിക്കാന്‍ രാജാവിനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വൈവസ്വതമനു ആ മത്സ്യത്തെ കടലില്‍ എത്തിച്ചു. അവിടവച്ച് ക്ഷണനേരം കൊണ്ട് ആ മത്സ്യം ഒരു ലക്ഷം യോജന വിസ്താരമുള്ളതായിത്തീര്‍ന്നു. ഇതു കണ്ട് അത്ഭുതത്തോടെ വൈവസ്വതമനു ആ മത്സ്യത്തോടു ചോദിച്ചു അങ്ങ് ആരാണെന്ന്. നിശ്ചയമായും അങ്ങ് മഹാവിഷ്ണുതന്നെയാണ്. അങ്ങേയ്ക്ക് എന്റെ പ്രണാമം. തുടര്‍ന്ന് ചോദിച്ചു ‘ അങ്ങ് എന്തിനാണ് സ്വന്തം അത്ഭുതം കൊണ്ട് എന്നെ മോഹിപ്പിക്കുന്നത്’.
വൈവസ്വതമനുവിന്റെ പ്രാര്‍ഥന കേട്ട മത്സ്യം പറഞ്ഞു:
‘ ഹേ മനു, നിന്നെ രക്ഷിക്കുന്നതിനും ലോകത്തില്‍ ജനിച്ചിരിക്കുന്ന ദുഷ്ടന്‍മാരെ നശിപ്പിക്കുന്നതിനുമായി ഞാന്‍ അവതരിച്ചിരിക്കുന്നു. ഇന്നേക്ക് ഏഴാം ദിവസം ഈ സമുദ്രം ലോകത്തെ വെള്ളത്തില്‍ മുക്കും. അപ്പോള്‍ ഒരു തോണികാണും. അതില്‍ എല്ലായിനം ബീജങ്ങളെയും മൂലവസ്തുക്കളെയും സംഭരിച്ചു സൂക്ഷിച്ചുകൊള്ളണം. അതിനു ശേഷം സപ്തര്‍ഷിമാരോടൊത്ത് അതിനുള്ളില്‍ പ്രവേശിക്കുകയും ബ്രഹ്മരാത്രിയെന്നു പ്രസിദ്ധമായ ആ രാത്രിയില്‍ തോണിയില്‍ സഞ്ചരിക്കുകയും വേണം. അപ്പോള്‍ ഞാനും അവിടെ ഉണ്ടായിരിക്കും. ഒരു മഹാസര്‍പ്പത്താല്‍ ആ തോണി എന്റെ കൊമ്പോടു ബന്ധിച്ചുകൊള്ളാം.’ ഇത്രയും പറഞ്ഞശേഷം മത്സ്യം അപ്രത്യക്ഷമായി.
വൈവസ്വതമനു, മത്സ്യം പറഞ്ഞ ഏഴാം ദിവസവും പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ഏഴാം ദിവസം വന്നുചേര്‍ന്നപ്പോള്‍ സമുദ്രം ആര്‍ത്തിരമ്പി ഉയരാന്‍ തുടങ്ങി. ഭയാനകമായ അന്തരീക്ഷത്തില്‍ അവിടെ ഒരു തോണി കിടക്കുന്നതു കണ്ട മനു ഭഗവാന്‍ പറഞ്ഞതു പ്രകാരം അതില്‍ കയറി. തുടര്‍ന്ന് സ്വര്‍ണ്ണകൊമ്പോടുകൂടി കാണപ്പെട്ട മത്സ്യത്തിന്റെ കൊമ്പോടുചേര്‍ത്ത് ആ തോണിയെ ബന്ധിച്ചു. ആ മഹാപ്രളയത്തിനു ശേഷം മനുവും സപ്തര്‍ഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.
No comments:
Post a Comment