ബ്രഹ്മാവ് സൃഷ്ടി കർത്താവാണെന്ന് പ്രസിദ്ധമാണല്ലോ?
നാലുമുഖങ്ങളുള്ളവനാണ് ബ്രഹ്മാവ്. മുഖങ്ങൾ വേദങ്ങളാണ്. വേദം എന്ന വാക്കിന് അറിവെന്നാണർത്ഥം. നാലുമുഖത്തോടുകൂടിയ ഒരു വ്യക്തി അദ്ദേഹത്തിന്റെ പ്രഭാവം കൊണ്ട് സൃഷ്ടി നടത്തുന്നുവെന്നാണ് സാധാരണ ധാരണ. ബ്രഹ്മാവ് സൃഷ്ടിക്കുകാരണമായ ഒരു തത്ത്വമാണ്. ആ തത്ത്വം നമ്മെ ധരിപ്പിക്കുന്നതിന് ഒരു മാധ്യമത്തിലൂടെ വർണിക്കണം. കർമംകൊണ്ട് ജന്മവും മരണവും നീണ്ടുപോകുന്നതായി ശ്രുതിപ്രമാണമുണ്ട്. കർമം നശിച്ചാൽ മുക്തനായിത്തീരുന്നു. പിന്നെ ജന്മമില്ല. അങ്ങനെയുള്ളവനെ ബ്രഹ്മാവിന് സൃഷ്ടിക്കാനാവില്ല. പ്രപഞ്ചത്തിലെ അനന്തകോടി ജീവരാശികൾ ഒരേ കർമബന്ധത്തിലേർപ്പെട്ടിരിക്കുന്നു. അതനുസരിച്ച് മോക്ഷം വിദൂരമായും ഇരിക്കുന്നു. കർമ്മങ്ങളുടെ ആകെത്തുകയിൽ ബന്ധപ്പെട്ടിരിക്കുന്ന വാസനാശക്തിയാണ് ബ്രഹ്മാവ്. കർമം നശിച്ചാല് പിന്നെ ബ്രഹ്മാവിന് നിലനില്പില്ല. മഹാകല്പകാലത്ത് ബ്രഹ്മാവ് നശിക്കുന്നതായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബ്രഹ്മാവ് എന്ന മൂർത്തി സങ്കല്പത്തിലൂടെ മനസ്സിലാക്കേണ്ട തത്ത്വം കർമാനുസൃതമായാണ് സൃഷ്ടിയെന്നാണ്.
വിഷ്ണു
വിഷ്ണു എന്ന വാക്കിന് വ്യാപനശീലമുള്ളവൻ എന്നാണർത്ഥം. പരമാത്മാവും ജീവാത്മാവും ഒന്നുതന്നെയാണല്ലോ. പരമാത്മാവ് ജീവരാശികളിൽ വ്യാപരിക്കുന്നതിനാൽ വിഷ്ണു എന്നു വിളിക്കപ്പെടുന്നു. സുഖദു:ഖങ്ങൾ അനുഭവിക്കുന്നതായി തോന്നിക്കുന്നു. സമസ്തചരാചരങ്ങളിലും വ്യാപിച്ചുകൊണ്ടാണ് ഈ അനുഭവം ഉണ്ടാക്കുന്നത്. വ്യാപിക്കുന്ന അവസ്ഥയിൽ പ്രാണൻ എത്തുമ്പോള് വിഷ്ണുവിന്റെ അവസ്ഥ സ്വീകരിക്കും. (വിഷ്ണു വ്യാപ്തൗ എന്ന് അമരം) ഒരു യോഗിക്ക് സര്വചരാചരങ്ങളിലും വ്യാപരിക്കാൻ കഴിയുന്ന അനുഭവം ഈ അവസ്ഥയില് ഉണ്ടാകും.
‘ഷഷ്ഠ്യമിന്ദ്രസ്യ സായൂജ്യം
സപ്തമ്യാം വൈഷ്ണവം പദം- (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന് പന്ത്രണ്ട് മാത്രകളുണ്ട്. ഇതില് ഏഴാമത്തെ മാത്രയില് ശരീരം വെടിയുന്നവൻ എത്തുന്നത് വിഷ്ണുപദത്തിലാണ്.
ശിവൻ
ശിവം എന്ന പദത്തിന് മംഗളം എന്നാണർഥം. സര്വബന്ധമുക്തമാകുമ്പൊഴേ മംഗളം വരൂ. ജീവൻ ബന്ധമുക്തിയുണ്ടായാലുള്ള അനുഭവമാണ് ശിവസങ്കല്പവും ശിവപദവിയും കൊണ്ട് ലഭിക്കുന്നത്.
‘അഷ്യാം വ്രജതേ രുദ്രം
പശൂനാം ച പതിം ടമ്തഥാ - (നാദബിന്ദുപനിഷത്ത്)
പ്രണവത്തിന്റെ അഷ്ടമാത്രയിൽ ശരീരം വെടിയുന്ന യോഗി ചെന്നെത്തുന്നത് രുദ്രലോകത്തിലാണ്. പശുപതി ലോകമെന്നും പറയും. ഇങ്ങനെ ജീവൻ സൃഷ്ടി മുതലുണ്ടാകുന്ന അനുഭവങ്ങൾ അനന്തകോടി ജന്മങ്ങളിലൂടെ സംഭവിച്ച് അവസാനമായി സായൂജ്യപദവിയിലെത്തുന്നു. ഇതിന് മനുഷ്യജന്മമാണ് പ്രയോജനപ്പെടുന്നത്. ജീവന്റെ ക്രമാനുസൃതമായ വളർച്ചയും അനുഭവങ്ങളുമാണ് ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നീ സംജ്ഞാസങ്കേതങ്ങളിലൂടെ വ്യക്തമാക്കുന്നത്. ത്രിമൂർത്തികളെ വ്യക്തികളായി കാണുമ്പോൾ ജീവന്റെ മേല്പറഞ്ഞ തത്ത്വം നാം വിസ്മരിക്കരുത്. പ്രണവത്തിന്റെ പന്ത്രണ്ടാം മാത്രയിൽ ജീവൻ എത്തി ശരീരം വെടിയുമ്പോള് ബ്രഹ്മലോകപ്രാപ്തിയും വരും.
No comments:
Post a Comment