ഹരേ..കൃഷ്ണ
കണ്ണൻ വൃന്ദാവനം വിട്ടു പോയതിൽപ്പിന്നെ ഗോപികമാരുടെ എല്ലാ ജോലികളും യാന്ത്രികമാണ്. എല്ലാം കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും സദാ കൃഷ്ണനെപ്പറ്റി മാത്രം ചിന്തിക്കുന്നു. എത്ര സന്തോഷത്തോടെയാണ് കണ്ണന്റെ കൂടെ കഴിഞ്ഞത്. കണ്ണന്റെ ഓരോരോ വികൃതികളും എത്ര സുന്ദരമായിരുന്നു. കണ്ണന്റെ ഓടക്കുഴൽ വിളി കേൾക്കാതെ കണ്ണന്റെ സാമീപ്യമില്ലാതെ ദിവസങ്ങള്‍ കടന്നുപോയി. ധനുര്യാഗം കഴിഞ്ഞു വേഗം വരാമെന്ന് കണ്ണൻ വാക്കു തന്നതാണ്. മഥുരയിൽ നിന്ന് പട്ടുചേലകളും മുത്തുമാലകളും സുഗന്ധലേപനങ്ങളും നിങ്ങള്‍ക്കായി കൊണ്ടുവരാം എന്നു പറഞ്ഞപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
" ഞങ്ങള്‍ക്കൊന്നും വേണ്ട കണ്ണാ കണ്ണനെമാത്രം മതി. കണ്ണാ നിന്റെ സാമീപ്യമില്ലാതെ ഞങ്ങള്‍ക്ക് വയ്യ. വേഗം വരൂ "
ഇതെല്ലാം പറഞ്ഞ് കണ്ണൻ പോയീട്ട് എത്ര ദിവസങ്ങളായി. ? മഥുരയ്ക്ക് പോയവരെല്ലാം തിരിച്ചു വന്നു. കൃഷ്ണനും രാമനും മാത്രം വന്നില്ല. ഇപ്പോള്‍ പറയുന്നു നന്ദഗോപരും യശോദമ്മയും കൂടാതെ കണ്ണന് വേറെ അച്ഛനും അമ്മയും മഥുരയിലുണ്ടെന്ന്. യശോദ കണ്ണനെ പ്രസവിച്ചത് ഈ വ്രജത്തിലുള്ളവരെല്ലാം കണ്ടതല്ലേ? പ്രസവിച്ചതു മുതൽ ഇത്രകാലം ആ അച്ഛനമ്മമാർ ഒരിക്കൽപ്പോലും കണ്ണനെ കാണാൻ വന്നില്ല.
കണ്ണനെ ചിന്തിച്ചു ചിന്തിച്ച് രാത്രിയുടെ അന്ത്യത്തില്‍ ഗോപികമാർ ഒന്നു മയങ്ങുമ്പോൾ അതാ കണ്ണന്റെ വേണുഗാനം. കണ്ണാ നീവന്നുവോ? അതാ വൃന്ദാവനത്തിൽ യമുനാതീരത്തിരുന്ന് കണ്ണൻ വേണുവൂതുന്നു. ഗോപികമാരെല്ലാം കണ്ണനു ചുറ്റും കൂടി. കണ്ണനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും തഴുകിയും തലോടിയും ആനന്ദക്കണ്ണീരൊഴുക്കി. കണ്ണൻ എല്ലാവരുടേയും കൂടെ ആനന്ദരാസമാടി. പെട്ടെന്ന് വേണുഗാനം നിലച്ചു. കണ്ണൻ മറഞ്ഞു. കണ്ണാ ഇനിയും ഞങ്ങളെ വിട്ടു പോകല്ലേ എന്നു കരഞ്ഞു കണ്ണു തുറന്നപ്പോൾ എല്ലാം കനവാണെന്നറിഞ്ഞു. പക്ഷേ കണ്ണന്റെ സച്ചിദാനന്ദഗന്ധം ഇവിടെ നിറഞ്ഞു നില്ക്കുന്നുണ്ടല്ലോ? കണ്ണൻ വന്നുവോ?
വേഗം എണീറ്റ് നന്ദഗൃഹത്തിലേക്കു നോക്കും. കണ്ണനില്ല. നിറഞ്ഞ കണ്ണുകള്‍ തുടച്ച് കണ്ണാ ഇന്നെങ്കിലും ഒന്നു കാണാനാവുമോ എന്നു മന്ത്രിക്കും. എന്നും എല്ലാ ഗോപികമാർക്കും ഇതു തന്നെ. ഒരേ അനുഭവം. ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം രാവിലെ നോക്കിയപ്പോള്‍ അതാ
നന്ദഗോപരുടെ മുറ്റത്തെ അയക്കോലില്‍ ഒരു മഞ്ഞപ്പട്ട് തോരാനിട്ടിരിക്കുന്നു. ആദ്യം ചന്ദ്രഭാഗയാണ് കണ്ടത്. കണ്ണൻ വന്നുവോ! അവളുടെ ഹൃദയം സന്തോഷത്താൽ പട പട എന്നിടിക്കാൻ തുടങ്ങി.
രാവിലെ പശുവിനെ കറക്കാൻ പോയപ്പോള്‍ അവള്‍ അങ്ങോട്ട് നോക്കിയതാണ്. എന്നും അത് പതിവാണ്. മുറ്റത്തിറങ്ങിയാൽ കണ്ണനുണ്ടോ എന്നു നോക്കും. പണ്ടേ അങ്ങിനെയാണ്. അതു കാത്തിരിക്കുന്നതുപോലെ കണ്ണൻ മുറ്റത്തെ കദംബത്തിൽ ചാരി ലാസ്യമായ ചിരിയോടെ ഓടക്കുഴൽ ചുഴറ്റി നില്പുണ്ടാവും.
പക്ഷേ ഇപ്പോൾ എന്നും അവിടെ ഒഴിഞ്ഞുകിടക്കുന്നു. അവള്‍ പശുവിനെ കറക്കാൻ വന്നതു മറന്നു. കറവപ്പാത്രങ്ങൾ താഴേ വീണത് അറിഞ്ഞതേ ഇല്യ. ഈ മഞ്ഞപ്പട്ട് മറ്റാരുടെയുമല്ല കണ്ണന്റെഏതു തന്നെയാണ്. കൃഷ്ണന്‍ ഇടയ്ക്ക് തന്റെ ചേലത്തുമ്പുകൊണ്ട് കണ്ണു തുടയ്ക്കാറുള്ളത് അവളോർത്തു. അതാ അഞ്ജനം പറ്റിയ പാടും ഉണ്ടല്ലോ, ഹാ! കൃഷ്ണൻ വന്നു. സന്തോഷത്താൽ അവളുടെ കൈകാലുകൾ തളരുന്നതുപോലെ.
അതാ യശോദാദേവി കണ്ണന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കുന്നതിനുവേണ്ടി ബദ്ധപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കണ്ണൻ പോയതിനുശേഷം നന്ദഗോപർ സദാ ചിന്തിച്ചിരുന്ന് കണ്ണുനീർ പൊഴിക്കും. ആ ചുണ്ടുകൾ മാത്രം പതിയെ ചലിക്കുന്നതു കാണാം. അദ്ദേഹം ഇതാ ഉറക്കെ നിർദ്ദേശം കൊടുത്തുകൊണ്ട് അഥിതി സത്ക്കാരത്തിന് തിടുക്കം കാട്ടുന്നു. മൌനികളായിരുന്ന പശുക്കള്‍പ്പോലും ഹംബ്ബാരവം മുഴക്കുന്നു.
അന്ന് കൃഷ്ണന്‍ പോയതിനുശേഷം നന്ദഗൃഹം മൂകമായിരുന്നു. സഖിമാരേ വിളിക്കാന്‍ ചന്ദ്രഭാഗയ്ക്ക് ശബ്ദം ഉയരുന്നില്ല. എങ്ങിനേയോ മിത്രവിന്ദയുടെ വീട്ടിലെത്തി.
"മിത്രേ നമ്മുടെ കണ്ണൻ വന്നൂ"
ങേ കണ്ണൻ വന്നോ..? അടുപ്പില്‍ വച്ച പാൽ മറന്ന് അവൾ ചന്ദ്രഭാഗയോടൊപ്പം വിശാഖയുടെ അടുത്തേയ്ക്ക്. പശുവിനെ കറക്കാൻ പൈക്കുട്ടിയെ കുടിപ്പിക്കുകയായിരുന്ന വിശാഖ അതുപേക്ഷിച്ചു അവരോടൊപ്പം ലളിതയുടെ അടുത്തെത്തി. കുളി കഴിഞ്ഞു ഈറനുടുത്ത് വരുന്ന ലളിതയും എല്ലാം മറന്ന് അവരോടൊപ്പം ചേർന്നു ഗോപികമാർ രാധയുടെ അടുത്തെത്തിയപ്പോൾ രാധ പാതി മയക്കത്തിലാണ്. അപ്പോഴും രാധ കണ്ണാ കണ്ണാ എന്നു മന്ത്രിക്കുന്നുണ്ട്. രാധയുടെ മുഖത്ത് ഒരു ലാസ്യഭാവം. ആരോ ചുംബിച്ചതുപോലെ ആ കവിൾത്തടങ്ങൾ. തുടുത്തിരിക്കുന്നു. കണ്ണൻ രാധയുടെ അടുത്തു വന്നിരിക്കുമോ എന്ന് എല്ലാവരും സംശയിച്ചു. ലളിത രാധയ്ക്കരികിലിരുന്ന് അവളുടെ തലമുടിയിഴകളിൽ തഴുകിക്കൊണ്ട് മെല്ലെ വിളിച്ചു.
സഖീ എഴുന്നേല്ക്കു...ഇതാ നമ്മുടെ കണ്ണൻ വന്നിരിക്കുന്നു. കണ്ണൻ എന്നു കേട്ടതും രാധ അടിമുടി പൊട്ടിത്തരിച്ചുപോയി.
കണ്ണൻ വന്നുവോ? കണ്ണാ ..എന്നു വിളിച്ചുകൊണ്ട് നന്ദഗൃഹത്തിലേക്ക് ഓടി. എല്ലാവരും രാധയുടെ പുറകേ നന്ദഗൃഹത്തിലെത്തി.
അതാ ഉമ്മറത്തിണ്ണയിൽ കണ്ണൻ ഇരിക്കുന്നു. കണ്ണൻ ഒരു വശം ചരിഞ്ഞാണ് ഇരിക്കുന്നത്.
അരയില്‍ മഞ്ഞപ്പട്ട്, കഴുത്തില്‍ വനമാല. കസ്തൂരിയുടേയും ഗോരോചനത്തിന്റേയും ഗന്ധം കൃഷ്ണന്റെ ഗന്ധം! അവർക്ക് സന്തോഷംകൊണ്ട് ബോധക്ഷയം വരുമോ എന്നു തോന്നി. അവർ മറ്റൊന്നും ചിന്തിക്കാതെ കണ്ണാ... എന്നു വിളിച്ചുകൊണ്ട് ഓടിച്ചെന്നു. വിളി കേട്ടു തിരിഞ്ഞുനോക്കിയതും ഗോപികമാരുടെ കാലുകള്‍ നിശ്ചലമായി. ഇത് കണ്ണനല്ല. ഗോപിക്കുറിയും വനമാലയും മഞ്ഞപ്പട്ടും എല്ലാം ഉണ്ട്. കൃഷ്ണവർണ്ണവുമാണ്. ഇദ്ദേഹം ആരാണ്? എന്തു തേജസ്സാണ് ആ മുഖത്ത്. ഇദ്ദേഹത്തിന്റെ വസ്ത്രാഞ്ജലത്തിൽ എങ്ങിനെ കണ്ണന്റെ കണ്ണിലെ അഞ്ജനം പടർന്നു.? ഇവിടെ എങ്ങിനെ കൃഷ്ണന്റെ ആ സച്ചിദാനന്ദഗന്ധം നിറഞ്ഞു.
സ്തബ്ധരായി നില്ക്കുന്ന ഗോപികമാരെ കണ്ട് നന്ദഗോപർ പറഞ്ഞു. " കൃഷ്ണസഖിമാരേ അബദ്ധം പറ്റിയതിൽ നാണിക്കേണ്ട . ഞങ്ങള്‍ പോലും ഇദ്ദേഹത്തെ കൃഷ്ണനാണെന്ന് ഒരു നിമിഷം തെറ്റിദ്ധരിച്ചു. ഇദ്ദേഹമാണ് ഉദ്ധവർ. നമ്മുട കൃഷ്ണനെ സ്നേഹിക്കുന്ന കൃഷ്ണന്റെ കൂടെ എപ്പോഴും വസിക്കുന്ന ഭാഗ്യശാലി. കൃഷ്ണനോടുള്ള ഭക്തികൊണ്ട് കൃഷ്ണൻ ഉടുത്ത് മാറുന്ന വസ്ത്രങ്ങള്‍ ധരിക്കും ഗോപീചന്ദനക്കുറിയണിയും."
ഉദ്ധവർ ഗോപികമാരെ നോക്കി.
ഗോപികമാർ ഉദ്ധവരെ ഇമവെട്ടാതെ നോക്കിനിന്നു. ദേഹബോധം പോലും മറന്ന് എല്ലാം വിട്ട് അവർ കണ്ണനെ കാണാൻ ഇതാ ഓടിവന്നിരിക്കുന്നു. പരസ്പരം
ആര്‍ക്കും ഒന്നും ചോദിക്കുവാനും പറയാനും സാധിക്കുന്നില്ല. ഒടുവിൽ ഉദ്ധവൻ പറഞ്ഞു
"കൃഷ്ണസഖിമാരെ നിങ്ങളുടെ കണ്ണന്റെ സന്ദേശവുമായി വന്നതാണ് ഞാന്‍"
ഇതു കേട്ടതും എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റും കൂടി.
ഞങ്ങളുടെ കണ്ണൻ ഞങ്ങളെ മറന്നില്ലല്ലോ. അദ്ദേഹം എന്താണ് പറഞ്ഞയച്ചത്?
ഞങ്ങളുടെ കൃഷ്ണന് സുഖമല്ലേ ? കണ്ണൻ സന്തോഷമായി ഇരിക്കുന്നില്ലേ? കംസന്റെ മരണ ശേഷം കപ്പം നിർത്തിയതിനാൽ ഇവിടെ നിന്ന് വെണ്ണയും പാലും തയിരും ഞങ്ങള്‍ക്ക് കൊണ്ടുവരാനാവില്ല. കണ്ണന് ഇതെല്ലാം അവിടെ ലഭിക്കുന്നുണ്ടോ? ലളിത ചോദിച്ചു." കണ്ണന് ഞാനുണ്ടക്കുന്ന പാൽപ്പായസം വലിയ ഇഷ്ടമാണ്. അവിടെ പായസം ഉണ്ടാക്കിക്കൊടുക്കാൻ ആരെങ്കിലും ഉണ്ടോ?
മണിമേഖല പറഞ്ഞു.
ചില ദിവസങ്ങളിൽ കണ്ണൻ എന്റെ അടുത്തു വന്ന് പറയും. "ഇന്നലെ രാത്രി ഞാൻ തീരെ ഉറങ്ങിയില്ല. വാനിലെ നക്ഷത്രം തിളങ്ങുന്ന കണ്ടപ്പോള്‍ നിന്റെ മൂക്കുത്തിയെ ഓർത്തു. പിന്നെ നിന്നെ ചിന്തിച്ച് എന്റെ ഉറക്കം പോയി. നല്ല തലവേദന ഒന്നു തടവിത്തരൂ." എന്ന് പറഞ്ഞ് എന്റെ മടിയിൽ തലവച്ച് കണ്ണടച്ചു കിടക്കും.
ഞാൻ ചന്ദനവും പനിനീരും ചേർത്ത് മെല്ലെ തലോടിക്കൊടുക്കും. ഇപ്പോഴും കണ്ണന്...?
മണിമേഖലയുടെ ശബ്ദം ഇടറി. കണ്ണുനീര്‍ ധാരധാരയായി ഒഴുകി. മിത്രവിന്ദ പറഞ്ഞു. ഒരിക്കൽ ഞാൻ പശുവിനെക്കറക്കാൻ പോയപ്പോള്‍ കണ്ണൻ അവിടെ വന്നു. "എനിക്കും കറവ പഠിക്കണം. എന്നെ കണ്ണന്റെ മടിയിലിരുത്തി കണ്ണൻ പശുവിനെക്കറന്നു. ഇടയിൽ കണ്ണൻ പാൽ എന്റെ മുഖത്തും മാർവിടത്തിലും തെറിപ്പിച്ചു...എന്നീട്ട്..... ! അവൾ ബാക്കി പറയാതെ ലജ്ജയോടെ സുഖമുള്ള ഓർമ്മയിൽ ലയിച്ചു ഇന്നു.
ഇതികേട്ട ചന്ദ്രാവലി പറഞ്ഞു. ഒരിക്കൽ ഞാൻ ഉച്ച സമയത്ത് ജോലികള്‍ തീർത്ത് വിശ്രമിക്കുന്ന വേളയിൽ കണ്ണൻ അവിടേയ്ക്കു വന്നു.
"ചന്ദ്രാവലി നിന്റെ കവിളിൽ എന്താണ് ഇത്? കണ്ണാ ഒരു കുരു പൊട്ടിമുളച്ചതാണ്. നല്ലവേദന. എന്നീട്ടെന്തേ എന്നോടു പറഞ്ഞില്ല. എന്റെ കയ്യിൽ ഇതിനൊരു ഒറ്റമൂലിയുണ്ട്. ഉം നീ കണ്ണടയ്ക്കൂ ..
അതെന്തിനാ കണ്ണടയ്ക്കുന്നത്. അത് വേണം എന്നലേ മരുന്ന് ഫലം ചെയ്യുകയുള്ളൂ. ഞാൻ കണ്ണടച്ചതും അവന്റെ അധരാമൃതം എന്റെ കവിളിൽപ്പുരട്ടി കണ്ണൻ കടന്നു കളഞ്ഞു." കവിളിലെ കറുത്ത പാടിൽ തലോടിക്കൊണ്ട് അവൾ ആ ആനന്ദം അനുഭവിച്ചു നിന്നു. ഉദ്ധവർ നോക്കി രാധമാത്രം ഒന്നും പറയാതെ മിഴിനീരൊഴുക്കി മൌനമായി നില്ക്കുന്നു.
പ്രിയരാധേ നിനക്ക് ഒന്നും പറയാനില്ലേ?
അവൾ മിഴികളുയർത്തി ഉദ്ധവരേ നോക്കി, പെയ്യുന്ന മഴമേഘങ്ങൾക്കിടയിൽ പ്രഭചൊരിയുന്ന ചന്ദ്രനെപ്പോലെ മെല്ലെ ഒന്നു പുഞ്ചിരിച്ചു.
"ഞാൻ രാപ്പലുകളറിയുന്നില്ല. ഋതുക്കള്‍ മാറുന്നത് അറിയുന്നില്ല. രസഗന്ധങ്ങളറിയുന്നില്ല. എന്റെ ഹൃദയത്തില്‍ സദാ കൃഷ്ണനുണ്ട്. എന്റെ ചുണ്ടുകളിൽ സദാ കൃഷ്ണമന്ത്രമുണ്ട്. "
ഗോപികമാർ ഒരേ സ്വരത്തിൽ പറഞ്ഞു. " ശരിയാണ്. രാധ സദാ കണ്ണനിലാണ്. രാധയോടു കൂടെ ഇരിക്കുമ്പോൾ ഞങ്ങള്‍ക്ക് കൃഷ്ണ വിരഹമില്ല. "
ഉദ്ധവരുടെ കണ്ണുകള്‍ സജലങ്ങളായി. എന്തൊരു പ്രേമഭക്തി.
ഉദ്ധവർ പറഞ്ഞു. നിങ്ങളുടെ ആഗ്രഹങ്ങള്‍ എന്താണ്? നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്കണം എന്ന് കൃഷ്ണൻ പ്രത്യേകം പറഞ്ഞതച്ചീട്ടുണ്ട്.
"ഞങ്ങൾക്ക് കൃഷ്ണനിൽ നിന്ന് ഒന്നും വേണ്ട. കൃഷ്ണന്‍ സദാ സന്തോഷത്തോടെ സുഖമായി ഇരിക്കണം. ഒരേ ഒരു മോഹം മാത്രേ ഞങ്ങള്‍ക്കുള്ളൂ. എപ്പോഴും കൃഷ്ണനെ സ്നേഹിക്കണം. "
കൃഷ്ണസ്മരണയുടെ ആനന്ദത്താൽ
വ്രജസ്ത്രീകള്‍ പരിസരം മറന്ന് കൃഷ്ണഗീതികള്‍ പാടി ആനന്ദനൃത്തം ചെയ്യുവാന്‍ തുടങ്ങി. ആഹാ! എന്തൊരു പ്രേമം. ഉദ്ധവരെ അതിശയിപ്പിച്ചുകൊണ്ട് അതാ ഗോപികമാർക്കിടയിൽ ഒരു നീലരന്തം പ്രകാശിക്കുന്നു. അത് പലതായി മാറുന്നു. ആ പ്രകാശത്തിനു നടുവിൽ
മയില്‍പ്പീലി, ഗോപിക്കുറി, പുല്ലാങ്കുഴല്‍
മഞ്ഞത്തുകില്‍, ശ്യാമസുന്ദര രൂപം. വേണുഗാനം ഒഴുകിവരുന്നു. ചിലങ്കയുടേയും കിങ്ങിണിയുടേയും നാദം നിറയുന്നു. ഉദ്ധവർ എല്ലാം മറന്ന് ഗോപീചരണങ്ങൾ പതിഞ്ഞ പൂഴിമണ്ണിൽ കിടന്നുരുണ്ടു. അത്യാനന്ദത്തോടെ ഉറക്കെ പാടി.
"വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പിനാതി ഭൂവനത്രയം"
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പിനാതി ഭൂവനത്രയം"
എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമാർച്ചനയായി സമർപ്പിക്കുന്നു.
No comments:
Post a Comment