രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്രത്തോളം മഹത്തായ സാഹിത്യത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇനിയുള്ള ദിവസങ്ങളില്‍ രാമായണ ശീലുകളാല്‍ വീടും നാടും നഗരവും നിറയട്ടെ.
കര്‍ക്കടകമാസത്തെ കള്ളക്കര്‍ക്കടകം എന്നാണ് മുമ്പ് മലയാളി പറഞ്ഞുകൊണ്ടിരുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴ. പണിയില്ലാതെ വലയുന്ന ജനങ്ങള്‍. മഴക്കാല രോഗങ്ങളുടെ ആധിക്യം. കര്‍ക്കടകം ഇതെല്ലാമായിരുന്നു. മുമ്പ് കര്‍ക്കടകം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയിരുന്നത് പഞ്ഞമാസം എന്നതായിരുന്നെങ്കില്‍ ഇപ്പോള്‍ അത് രാമായണ മാസമാണ്. ഭക്തിയും അധ്യാത്മികതയും നിറഞ്ഞ പുണ്യമാസം. മഴപ്പെയ്ത്തിന്റെ തണുപ്പില്‍ രാമായണ പാരായണത്തിന്റെ ഇമ്പവും ഭക്തിയും നിറയും.
ഒരുകാലത്ത് കേരളത്തില്‍ രാമായണവും മഹാഭാരതവും നശിപ്പിക്കണമെന്നും ക്ഷേത്രങ്ങള്‍ ചുട്ടെരിക്കണമെന്നും ആഹ്വാനം ചെയ്ത് അവിശ്വാസികളുടെ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്കു നേരെയുള്ള യുദ്ധമായിരുന്നില്ല അത്. ഹൈന്ദവ മൂല്യങ്ങള്‍ക്കെതിരായി ഉയര്‍ന്ന വാള്‍മുനകളായിരുന്നു അവയെല്ലാം. ഹൈന്ദവവിശ്വാസങ്ങളെ ഇകഴ്ത്തിക്കെട്ടി ന്യൂനപക്ഷപ്രലോഭനം നടത്തി സംഘടിതവോട്ട് കൈക്കലാക്കാനുള്ള കമ്യൂണിസ്റ്റ് കാപട്യമായിരുന്നു അതിനുപിന്നില്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍, രാമായണത്തെയും മഹാഭാരതത്തെയും ആദരിക്കുന്നവര്‍, ആ കാപട്യം തിരിച്ചറിഞ്ഞു. രാമായണത്തെ കൂടുതല്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് നിന്ദിച്ചവര്‍ക്കുമുന്നില്‍ പകരംവീട്ടി അവര്‍ കരുത്തുകാട്ടിയത്. കര്‍ക്കടകമാസത്തില്‍ കേരളം മുഴുവന്‍ രാമായണം വായിക്കുന്നു. ഭക്തിയുടെ അന്തരീക്ഷത്തില്‍ മുഖരിതമായ കര്‍ക്കടക സന്ധ്യകള്‍.
1982ല്‍ എറണാകുളത്തുനടന്ന ഐതിഹാസികമായ ഹൈന്ദവമുന്നേറ്റത്തിന്റെ തുടര്‍ച്ചയായാണ് രാമായണമാസാചരണത്തിന് തുടക്കമായത്.സ്വാമി ചിന്മയാനന്ദനും സ്വാമി വിശ്വേശതീര്‍ത്ഥയും ആര്‍എസ്എസ് സര്‍സംഘചാലക് പ്രൊഫ.രാജേന്ദ്ര സിംഗും പങ്കെടുത്ത വിശാലഹിന്ദുസമ്മേളനത്തില്‍ ലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് കര്‍ക്കടകം രാമായണമാസമായി പ്രഖ്യാപിച്ചത്. രാമായണം പ്രദാനം ചെയ്യുന്ന മൂല്യങ്ങളെ ജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം.രാമായണ മാസാചരണം ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
കര്‍ക്കടകം ഒന്നുമുതല്‍ കേരളമെങ്ങും രാമായണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കുന്നു. വീടുകളില്‍ രാമായണം വ്രതശുദ്ധിയോടെ പാരായണം ചെയ്യുന്നു. രാമായണം ജീവിതത്തിന്റെ ഭാഗമാക്കുന്നു.വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനം മുഴുവന്‍ ഹൈന്ദവ ജനതയും ഏറ്റെടുക്കുന്നു. കര്‍ക്കടകം സുഖചികിത്സയുടേയും കാലമാണ്. സസ്യാഹാരം ഭക്ഷിച്ച് നല്ലതുമാത്രം ചിന്തിച്ച്, ലോകത്തിലെ ഏറ്റവും പ്രശസ്തസാഹിത്യകൃതിയായ രാമായണ കാവ്യം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി ഒരുജനത ധ്യാനമിരിക്കുന്നു. ഭക്തിയുടെ നിറദീപങ്ങളാണ് ഓരോ വീട്ടിലും രാമായണത്തിനൊപ്പം തെളിച്ചുവയ്ക്കുന്നതെങ്കിലും അക്ഷരങ്ങളെ ഈശ്വരനുതുല്യം സ്‌നേഹിക്കുന്ന ഒരുജനതയുടെ സംസ്‌കാരത്തിന്റെ തെളിവുനല്‍കല്‍ കൂടിയാണ് രാമായണ പാരായണം. കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ കൂടിയാണ്.
വാല്മീകി രചിച്ച രാമായണമാണ് ഭാരതത്തിന്റെ ആദികാവ്യം.സൂര്യവംശ രാജാവായ ശ്രീരാമന്റെ ജീവിതകഥയാണ് ഇതിലെ മുഖ്യഇതിവൃത്തം. ത്രേതായുഗത്തില്‍ ഭാരതത്തിലുണ്ടായിരുന്ന ജനസമൂഹത്തെ രാമായണത്തിലൂടെ വാല്മീകി അവതരിപ്പിക്കുന്നു.അന്നത്തെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവം, ആചാര്യമര്യാദകള്‍ തുടങ്ങി എല്ലാം രാമായണത്തില്‍നിന്ന് നമുക്കു മനസ്സിലാക്കാം. ഒരു സാഹിത്യരചന എത്രത്തോളം പൂര്‍ണ്ണമായിരിക്കണം എന്ന കാട്ടിത്തരല്‍ കൂടിയാണ് വാല്മീകി നിര്‍വ്വഹിച്ചിരിക്കുന്നത്.
രാമായണം എന്ന പദത്തിന് അര്‍ത്ഥങ്ങള്‍ പലത് പ്രചരിക്കുന്നുണ്ട്. കഥാനായകനായ രാമന്റെ അയനം എന്നതാണ് ഒന്ന്. അയനം എന്നാല്‍ യാത്ര എന്നാണര്‍ത്ഥം. രാമന്റെയാത്രകള്‍. അയനത്തിന് മറ്റൊരര്‍ത്ഥം രാത്രി എന്നാണ്. രാമായണം അറിയുന്നതിലൂടെ എല്ലാ മനുഷ്യരും മനസ്സിലെ അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റി നല്ലവരായിത്തീരണമെന്നും ധര്‍മ്മത്തില്‍ അടിയുറച്ച് ജീവിക്കണമെന്നും വിവക്ഷിക്കുന്നു.
രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ, അതുവായിച്ചറിയുന്നവരെ നല്ല വ്യക്തികളാക്കാനുള്ളതെല്ലാം വാല്മീകി ഒരുക്കിവച്ചിരിക്കുന്നു. പ്രജാക്ഷേമം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം, സത്യസന്ധത തുങ്ങിയവ എങ്ങനെ പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. കഥാരാമനായ രാമനെ എല്ലാതരത്തിലും ഉത്തമപുരുഷനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.സകലമനുഷ്യരും സന്മാര്‍ഗ്ഗികളും ഈശ്വരഭക്തരുമായിരിക്കണമെന്നതിലേക്കെത്തുകയായിരുന്നു കവിയുടെ ലക്ഷ്യം.
ഭാരതത്തില്‍ ഒട്ടേറെ രാമായണങ്ങള്‍ എഴുതപ്പെട്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടിയത് അദ്ധ്യാത്മരാമായണമാണ്.
അദ്ധ്യാത്മ രാമായണത്തിനുശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തില്‍ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതില്‍ പറയുന്നത്. പിന്നീടുണ്ടായ ആനന്ദരാമായണത്തില്‍ രാവണനെ വധിക്കുന്നത് സീതയാണ്. ആനന്ദരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമാണ് രാമബ്രഹ്മാനന്ദന്‍ എഴുതിയ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും ഇതില്‍ വിവരിക്കുന്നു. യോഗവാസഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. ഇതിലും ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന.
ഇന്ത്യയിലെ മിക്ക ഭാഷകളിലും രാമായണമുണ്ട്. ആദിരാമായണത്തിന്റെ വിവര്‍ത്തനങ്ങളും സ്വന്തമായി രചിച്ചവയുമെല്ലാം അതിലുണ്ട്. ജൈനരാമ കഥകളാണ് കന്നടഭാഷയില്‍ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. കമ്പര്‍ എഴുതിയതാണിത്. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേരാമായണമാണ്. നരഹരിയാണിതിന്റെ രചയിതാവ്.കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും.ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന.
ശ്രീലങ്കയിലെ സിംഹള ഭാഷയിലും ഒരു രാമായണമുണ്ട്.ഇതില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്.ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റെതാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി. ഈ കൃതികളെല്ലാം വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ചവയാണ്.
എല്ലാ ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങള്‍ അതതുഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടികളാണ്. മറ്റേതൊരു സാഹിത്യകൃതിയെക്കാളും അവയെല്ലാം അതാതു ഭാഷകളില്‍ മികച്ചവയായി നിലനില്‍ക്കുന്നു.എഴുത്തുകാരന്റെ ബോധത്തിനും ഭാവനയ്ക്കുമനുസരിച്ച് കഥകളിലും സന്ദര്‍ഭത്തിലും ചില മാറ്റങ്ങള്‍ ഇവയിലെല്ലാം കാണാം. എന്നാല്‍ വാല്മീകിയുടെ രാമായണം വായനക്കാരനിലേക്ക്, അല്ലെങ്കില്‍ കേള്‍വിക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തില്‍ നിന്ന് ഇവയൊന്നും വ്യതിചലിക്കുന്നില്ല.
രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, അട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്.പിന്നീട് ഗ്രാമീണമറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ തുടര്‍ന്ന് രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു.
മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകള്‍ ഉണ്ടായി.
സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.കഥകളിയില്‍ രാമായണത്തെ അടിസ്ഥാനമാക്കി നിരവധി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങള്‍ നിരവധി മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത,വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്.രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്.
പലഭാഗങ്ങളായി തിരിച്ചാണ് വാല്മീകി രാമചരിതമെഴുതിയത്. ഒരോ ഭാഗത്തിനും കാണ്ഡമെന്നു പറയുന്നു. രാമായണത്തില്‍ ആകെ ഏഴുകാണ്ഡങ്ങളാണുള്ളത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണവ. ഭാരതസംസ്‌കാരത്തിന്റെ ജീവിതരീതി രാമായണകാവ്യത്തെ മുന്‍ നിര്‍ത്തിയാണ്.രാമരാവണ യുദ്ധത്തില്‍ രാമന്‍ രാവണനെ തോല്‍പ്പിച്ചാണ് സീതയെ വീണ്ടെടുക്കുന്നത്. രാമന്റെ യുദ്ധവിജയവുമായി ബന്ധപ്പെട്ടാണ് ഭാരതത്തിലെ മിക്ക ഉത്സവങ്ങളും നടക്കുന്നത്.ദസറയും ദീപാവലിയുമെല്ലാം ഇതില്‍ പെടും.
രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. ഇത്രത്തോളം മഹത്തായ സാഹിത്യത്തെ വെല്ലാന്‍ മറ്റൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇനിയുള്ള ദിവസങ്ങളില്‍ രാമായണ ശീലുകളാല്‍ വീടും നാടും നഗരവും നിറയട്ടെ.
No comments:
Post a Comment