ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, July 16, 2017

വാക്കും പ്രവൃത്തിയും വിശുദ്ധമാക്കാൻ...



കർക്കടകമാസനാളുകളിൽ തലതല്ലിപ്പെയ്യുന്ന മഴമേഘങ്ങൾ. വെള്ളത്തുള്ളികൾ തീർക്കുന്ന മന്ത്രധ്വനി നിറഞ്ഞ സന്ധ്യയിൽ പൂമുഖത്തു തെളിഞ്ഞു കത്തുന്ന നിലവിളക്ക്. അരികിൽ നിവർത്തിപ്പിടിച്ച ആധ്യാത്മ രാമായണവുമായി മുത്തശ്ശി. വീണ്ടുമൊരു രാമായണമാസം എത്തിയിരിക്കുന്നു. രാമനാമത്തിനു മുന്നിൽ യാതനകളില്ല, ആധിയും വ്യാധിയുമില്ല, വിഘ്നങ്ങളും ദുഃഖവുമില്ല. ഇനിയുള്ളതു രാമകഥയുടെ മാഹാത്മ്യം മാത്രം. സർവവും വിശുദ്ധമാക്കുന്ന രാമായണനദിയുടെ പ്രവാഹം മാത്രം.



ലോകത്തിലെ ഉത്തമ പുരുഷൻ ആര്? വാൽമീകിയുടെ ഈ ചോദ്യത്തിനുള്ള നാരദന്റെ മറുപടി ഒറ്റ വാക്ക്! ‘രാമൻ!’.രാമകഥാസുധയുടെ ആരംഭം അതാണ്. ‘ഉത്തമപുരുഷ’നായ ‘രാമന്റെ’ ഉത്തമപുരുഷത്വം വ്യക്തമാക്കുകയാണു രാമായണ കഥാസന്ദർഭങ്ങൾ! രാമന്റെ മാർഗം അഥവാ അയനം ഉത്തമ പുരുഷന്റെ മാത്രം മാർഗമാണ്. അച്ഛനമ്മമാരോടും സഹോദരങ്ങളോടും സുഹൃത്തുക്കളോടും നാട്ടുകാരോടും എല്ലാമെല്ലാം അവനവനുള്ള കടമകൾ വേണ്ടവിധം നിർവഹിക്കുമ്പോൾ തീർച്വയായും ദുർമുഖങ്ങൾ കാണേണ്ടി വരും. പലരുടെയും കണ്ണീർക്കണങ്ങൾ പൂമഴയായിത്തന്നെ കരുതേണ്ടിവരും. അതാണു ശ്രീരാമചന്ദ്രന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നതും.



അധ്യാത്മരാമായണവും ആലപ്പുഴയും

രാമന്റെ വനവാസവുമായി ബന്ധപ്പെട്ട് അനേകം ഐതിഹ്യങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. അദ്ധ്യാത്മ രാമായണത്തിന്റെ പിറവി ആലപ്പുഴയിലാണെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലിരുന്നാണ് എഴുത്തച്ഛൻ രാമായണം കിളിപ്പാട്ടെഴുതിയത് എന്നാണു വിശ്വാസം. വില്വമംഗലത്ത് സ്വാമിയാരുടെ സുഹൃത്തായിരുന്നു എഴുത്തച്ഛൻ. ഒരിക്കൽ ചെമ്പകശേരി രാജാവിന്റെ കൈയിൽ മന്ദാര കേശവഭട്ടൻ തുളു ഭാഷയിലെഴുതിയ മന്ദാര രാമായണത്തിന്റെ കയ്വെഴുത്തുപ്രതി കിട്ടി. നാട്ടുരാജ്യത്താർക്കും ഭാഷ ഏതാണെന്നു തിരിച്ചറിയാൻ കഴിയാതിരുന്നതുകൊണ്ടു രാജാവ് വില്വമംഗലം സ്വാമിയാരെ വിളിപ്പിച്ചു പുസ്തകമേതാണെന്നു അറിയാമോ എന്നു ചോദിച്ചു.


ബഹുഭാഷാ പണ്ഡിതനായ എഴുത്തച്ഛൻ അന്നു സ്വാമിയാരുടെ കൂടെയുണ്ടായിരുന്നു. തുളു അറിയാമായിരുന്ന അദ്ദേഹം മന്ദാര രാമായണം വായിച്വു കേൾപ്പിച്ചു. തുടർന്നു മലയാള മൊഴിയിൽ ഇതിലും മികച്ചൊരു രാമായണം എഴുതിയാലെന്ത് എന്ന ചിന്ത എഴുത്തച്ഛനുദിച്ചു. അങ്ങനെയാണത്രേ അമ്പലപ്പുഴ ക്ഷേത്ര നടയിലിരുന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിത്തീർത്തത്. സാധാരണക്കാരന്റെ വാമൊഴിയായ മലയാളത്തിൽ രാമായണം എഴുതിയപ്പോൾ ആധ്യാത്മികജ്ഞാനം ശൂദ്രനും സ്ത്രീക്കും പ്രാപ്യമാകണം എന്നതായിരുന്നു തുഞ്ചത്താചാര്യന്റെ ലക്ഷ്യം. മലയാളഭാഷയുടെ പിതാവായി എഴുത്തച്ഛനെ കണക്കാക്കുന്നതും വ്യാകരണമൊത്ത ശുദ്ധമലയാളത്തിൽ കോർത്തെടുത്ത കിളിപ്പാട്ടു കാരണമാണ്. രാമായണത്തിന്റെ ആത്മാവറിയാൻ എന്നെന്നും നാം രാമകഥകൾ കേൾക്കണം, പാടണം, ഓർക്കണം, ഓർത്തുറപ്പിക്കണം! അതെ! ഇത് ഓർത്തുറപ്പിക്കുന്നതിനുള്ള അവസരമാണ് ‘രാമായണ മാസം’ എന്ന പേരിൽ നാം കൊണ്ടാടുന്ന കർക്കടക മാസം.



രാമായണം വായിക്കേണ്ടതെങ്ങനെ?

വിളക്കുകൊളുത്തി കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു വേണം രാമായണം വായിക്കാൻ. ത്രിസന്ധ്യകളിൽ രാമായണ പാരായണം പാടില്ലെന്നാണു വിശ്വാസം. എപ്പോൾ പാരായണം ചെയ്താലും രാമഭക്തനായ ഹനുമാൻ രാമായണം കേൾക്കാൻ അരികിലെത്തും. തീവ്ര ബ്രഹ്മചാരിയായ ഹനുമാൻ സന്ധ്യാവന്ദനം നടത്തുന്ന സമയമാണു ത്രിസന്ധ്യകൾ. അതുകൊണ്ടു സന്ധ്യകളിൽ രാമായണം വായിക്കരുതെന്നു പഴമക്കാർ. ജോലികളൊഴിഞ്ഞ സമയത്ത് ഉച്വയൂണിനു ശേഷവും രാത്രി ഭക്ഷണത്തിനു ശേഷവുമാണു പണ്ടുകാലത്തു പതിവായി രാമായണം വായിക്കുക പതിവ്. അടുക്കളജോലികൾ തീർത്തു വീട്ടമ്മമാർക്കും രാമായണം വായിക്കാനും കേൾക്കാനുമുള്ള അവസരം ലഭിക്കാൻ ഈ സമയക്രമം അനുയോജ്യമായിരുന്നു. ഉറക്കം തൂങ്ങിക്കൊണ്ടു രാമായണം വായിക്കരുതെന്നും ശാസനമുണ്ട്. കഥയിൽ ദു:ഖം, യുദ്ധം എന്നിവ വരുന്ന ഭാഗങ്ങളിൽ വായിച്വുനിർത്തരുതെന്നും പഴമക്കാർ പറയുന്നു. ഇനി ഏതെങ്കിലും ദിവസം പാരായണം നടത്താൻ കഴിഞ്ഞില്ലെങ്കിലോ? അതിനും പഴമക്കാർ വഴി കണ്ടിട്ടുണ്ട്. രാമായണത്തിന്റെ സത്ത മുഴുവൻ ഉൾക്കൊള്ളിച്വ നാലുവരി ശ്ലോകം സന്ധ്യാപ്രാർഥനകൾക്കൊപ്പം ഭക്തിയോടെ ചൊല്ലുക എന്നതാണു വഴി.



‘ബാലകനയോധ്യയിൽ പിറ
ന്നാരണ്യമകം പുക്കും
കിഷ്കിന്ധാധിപനോടു
സുന്ദരൻ യുദ്ധം ചെയ്താൻ’


എന്നതാണുശ്ലോകം. രാമായണത്തിലെ എല്ലാ കാണ്ഡങ്ങളേയും ഒരു മാലപോലെ കോർത്തെടുത്തതാണു ശ്ലോകം. രാമായണമാസത്തിൽ വായിച്ചു തീർക്കേണ്ടത് 24,000 ശ്ലോകങ്ങളാണ്. രാമായണ പാരായണത്തിൽ കർക്കടകം 14നു ബാലിവധവും, 28നു രാവണവധവും നടന്നിരിക്കണമെന്നാണു ചട്ടം. കർക്കടകാരംഭത്തിൽ യുദ്ധകാണ്ഡത്തിൽ ആരംഭിച്ചു ചിങ്ങപ്പിറവിയോടെ പട്ടാഭിഷേകത്തിൽ അവസാനിപ്പിക്കുന്നതായിരുന്നു പൊതുവിലുള്ള രീതി. രാമജനനമോ പട്ടാഭിഷേകമോ വായിക്കുന്ന ദിനം ഉൽസവമായിത്തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നു.



വാൽമീകി എഴുതിയതല്ല എന്ന വിശ്വാസമുള്ളതുകൊണ്ട് ഉത്തരരാമചരിതം വായിക്കുക പതിവില്ല. രാമായണമാസത്തിൽ ബാലകാണ്ഡം മുതൽ ശ്രീരാമപട്ടാഭിഷേകംവരെ ഒരാവൃത്തിയെങ്കിലും വായിച്ചു തീർക്കണമെന്നാണു പറയുക. കുറഞ്ഞതു സുന്ദരകാണ്ഡമെങ്കിലും. ഓരോ ദിവസവും പാരായണത്തിനുശേഷം രാമായണഗ്രന്ഥം മടക്കിവയ്ക്കുമ്പോൾ



‘‘പൂർവം രാമതപോവനാനിഗമനം ഹൃത്വാമൃതം കാഞ്ചനം
വൈദേഹിഹരണം ജടായുമരണം സുഗ്രീവസംഭാഷണം
ബാലിനിഗ്രഹം, സമുദ്രധരണം ലങ്കാപുരിദഹനം
പശ്ചാൽ രാവണകുംഭകർണമഥനം ഏതസ്യ രാമായണം’

എന്ന ്ലശോകം ചൊല്ലണമെന്നും വിശ്വാസമുണ്ട്’.



കർക്കടകത്തിലെ ഓരോ ദിനവും തുടങ്ങുന്നതു ഭഗവതിക്കു കിണ്ടിയിൽ വെള്ളവും മഞ്ഞളിലയിൽ ചേർത്തുകെട്ടിയ ദശപുഷ്പവും വച്വുകൊണ്ടാണ്. കിഴക്കോട്ടു തിരിച്വ് ഇടത്തോട്ടു വാലിട്ടുവച്വ ആവണപ്പലകയ്ക്കുമേൽ കിഴക്കോട്ടു തിരിച്വുവച്വ കിണ്ടി, അരികിൽ ദശപുഷ്പങ്ങൾ എന്നിവ വയ്ക്കുന്നു. രാവിലെ എടുത്തുമാറ്റുന്ന പഴയ ദശപുഷ്ങ്ങൾ അരച്വു വീട്ടിലുള്ള സ്ത്രീകൾ കുറിതൊടുന്നതും മുടിയിൽ ദശപുഷ്പങ്ങൾ വയ്ക്കുന്നതും പതിവാണ്.


വി. മിത്രൻ

No comments:

Post a Comment