ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, July 2, 2017

കന്നിമൂല മാഹാത്മ്യം



വാസ്തു എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അതിര് തിരിക്കപ്പെട്ട (ചുറ്റ് തിരിക്കപ്പെട്ട) അഥവാ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില്‍ മാത്രമെ വാസ്തു ഉണ്ടാവുകയുള്ളൂ. ഭൂമിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ അനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരുന്നത്.


ഭൂതവീഥി, ഭാഗ്യവീഥി

തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില്‍ വസിയ്ക്കുന്നത് സകലവിധ നാശങ്ങള്‍ക്കും വഴിതെളിക്കും. ഇതാണ് ശാസ്ത്രമതം. വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച് താമസിച്ചാല്‍ വംശവൃദ്ധി, സര്‍വ്വവിധ ഐശ്വര്യം എന്നിവ ഒരായിരം വര്‍ഷം നിലനില്‍ക്കും എന്ന് ആചാര്യമതം. വീട് ഇരിക്കുന്ന ഭൂമി ധാന്യവീഥി അല്ല എങ്കില്‍പോലും ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ ആ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ പുനഃസൃഷ്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച് വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ്. തെക്ക് പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. നമ്മുടെ ഇന്നത്തെ വിഷയവും അതാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്.


കിഴക്ക് ദിക്കിന് അധിപനായി ഇന്ദ്രന്‍, പടിഞ്ഞാറ് ദിക്കിന് അധിപനായി വരുണന്‍, വടക്ക് ദിക്കിന് അധിപനായി കുബേരന്‍, തെക്ക് ദിക്കിന് അധിപനായി യമന്‍ എന്നിവരും. വടക്ക് പടിഞ്ഞാറ് ദിക്കിന് അധിപനായി വായുദേവന്‍, വടക്ക് കിഴക്ക് ദിക്കിന് അധിപനായി ഈശാനന്‍, തെക്ക് കിഴക്ക് ദിക്കിന് അധിപനായി അഗ്‌നിദേവന്‍ എന്നിവരും തെക്ക് പടിഞ്ഞാറെ ദിക്ക് (കന്നിമൂലയ്ക്ക്)മാത്രം ഒരു അസുരനേയും അഥിപനായി നിശ്ചയിച്ചിരിയ്ക്കുന്നു ഈ അസുരന്റെ പേരാണ് നിര്യതി. ആയതിനാല്‍ കന്നിമൂലയെ നിര്യതിമുല/ നിര്യതികോണ്‍ എന്നും വിളിയ്ക്കപ്പെടുന്നു. അസുരനെ അധിപനായി നിശ്ചയിച്ചിരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം ഈ ദിക്കിലെ നിര്‍മ്മിതികള്‍ കൊണ്ടുള്ള ഫലം പെട്ടെന്ന് അനുഭവ വേദ്യമാകുന്നു എന്നതാണ്. അതിനാല്‍ ഈ ദിക്ക് തുറസായി ഇടുന്നത് നല്ലതല്ല.


കുളമോ കിണറോ ഒന്നും കന്നിമൂലയില്‍ വരാന്‍ പാടില്ല. കന്നിമൂലയിലുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്ക് ദോഷമുണ്ടാക്കുകയും മദ്യം, മയക്ക്മരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുക, കുടുംബത്തകര്‍ച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വളരെ പ്രധാനപ്പെട്ട ദോഷം ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിഇല്ലാതെവരുക എന്നതാണ്. മാത്രമല്ല കുട്ടികള്‍ക്കെത്ര വിദ്യാഭ്യാസമുള്ളവരായാലും തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവ സംഭവിക്കും.


ശാസ്ത്രീയ വശം

പ്രപഞ്ചത്തിലെ രണ്ട് ഗുണപരമായ ഊര്‍ജ്ജപ്രഭാവങ്ങള്‍ സൗരോര്‍ജ്ജം, കാന്തിക ഊര്‍ജ്ജം എന്നിവയാണ്. സൗരോര്‍ജ്ജം കിഴക്ക്ദിക്കില്‍ തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. കാന്തിക ഊര്‍ജ്ജം വടക്ക് ദിക്കില്‍ തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. ഊര്‍ജ്ജ പ്രഭാവങ്ങള്‍ അവസാനിക്കുന്ന രണ്ട് ദിക്കുകളുടേയും മൂലയാണ് കന്നിമൂല. ഇപ്പോള്‍ തന്നെ കന്നിമൂലയുടെ പ്രാധാന്യം മനസ്സിലാക്കാം. ഊര്‍ജ്ജപ്രഭാവങ്ങള്‍ ആരംഭിക്കുന്ന കിഴക്ക്, വടക്ക് എന്നീ ദിക്കുകളുടെ മൂലയായ ഈശാനകോണും ഇപ്രകാരം പ്രാധാന്യമുള്ളതാണ് വാസ്തുപുരുഷ സങ്കല്‍പം പോലും കന്നിമൂലയ്ക്ക് അനുകൂലമാണ്. വാസ്തു പുരുഷന്‍ ശയിക്കുന്നത് വടക്ക് കിഴക്ക് തലയും തെക്ക് പടിഞ്ഞാറ് (കന്നിമൂലയില്‍) കാലുമായാണ്. അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധമായ ദുരിതങ്ങള്‍ സമ്മാനിക്കുന്നു എന്ന് പറയപ്പെടുന്നു.
ഗൃഹാരംഭപ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നാണ്. പ്രഥമ സ്തംഭനാസ്യം കന്നിയിലാകണം, അല്ലെങ്കില്‍ ബ്രഹ്മപദത്തിന്റെ കന്നിയിലാകണം എന്ന് ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നു. കന്നിമൂലയിലെ ദോഷങ്ങള്‍ കണക്കിലെടുത്ത് ആ വീട്ടിലെ സ്ത്രീകളിലെ സ്വഭാവം പോലും മനസ്സിലാക്കാം …..

വാസ്തുഗ്രന്ഥം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ഈ കന്നിമൂല’ എന്ന പദം സ്വതന്ത്രമായി ഉപയോഗിച്ചുവരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തുന്ന കന്നിമൂല സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വിശ്വസിച്ച് സ്വയം കബിളിപ്പിക്കപ്പെടാതെ കന്നിമൂലയിലെ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുകതന്നെയാണ് നല്ലത്.

No comments:

Post a Comment