ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, July 6, 2017

ഓം ശരവണ ഭവഃ ഭാഗം:- 5

ഭാഗം:- 5 ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം



ഹരിപ്പാട്ടിൽ വാഴും ശ്രീ മുരുകാ
അടിയന്റെ മനസ്സിലും നിറഞ്ഞവനെ
കേരളത്തിനകത്ത് ഞാൻ പ്രധാനമായി രണ്ട് സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ മാത്രമേ ദർശനം നടത്തിയിട്ടുള്ളു. അതിൽ ഒന്ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രങ്ങളിലൊന്നായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തന്നെയാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. ഇവിടെത്തെ വട്ടശ്രീകോവിലിൽ ശ്രീ സുബ്രഹ്മണ്യൻ വാണരുളുന്നത്. ക്ഷേത്രത്തിന് മുന്നിൽ സ്വർണ്ണ ധ്വജം രാജകീയ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു. ഭഗവാന്റെ വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം ഇതുതന്നെയാണ്. ചുറ്റമ്പലത്തിലേയും ബലിക്കൽപ്പുരയിലേയും കരിങ്കൽ തൂണുകൾ അലങ്കാര പണികളാൽ ആകർഷകമാക്കുന്നു. ശ്രീ കോവിൽ നിർമ്മിച്ചിരിക്കുന്നതും കരിങ്കല്ല് കൊണ്ടാണ്.


ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യ സ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള കൃഷ്ണശിലാ വിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്.  ഇവിടത്തെ ഈ പ്രതിഷ്ഠയെ കുറിച്ചുള്ള ആദ്യസങ്കല്പം വിഷ്ണുവായിരുന്നുവെന്നും പിന്നീട് വിഷ്ണുവിനെ ശിവനും ഒടുവിൽ ശിവസുതനായ സുബ്രഹ്മണ്യനുമാക്കി മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനുള്ള തെളിവുകൾ വിഗ്രഹത്തിൽ വ്യക്തമായി കാണാൻ കഴിയും. ഉയർത്തിപ്പിടിച്ച രണ്ടുകൈകളിൽ ശംഖചക്രങ്ങളും താഴോട്ടുള്ള ഇടതുകൈ ഇടുപ്പിൽ പിടിച്ചും. വലതുകൈയിൽ വരദമുദ്രയും വലതുചുമലിൽ വേലും ഇടതുചുമലിൽ ത്രിശൂലവും കിരീടവും ജടാമകുടവും ഗംഗാജലവും ചന്ദ്രക്കലയും ത്രിനേത്രങ്ങളുമെല്ലാം കാണാൻ സാധിക്കും. അങ്ങനെയുള്ള ഇവിടെത്തെ സുബ്രഹ്മണ്യനെ തൊഴുതാൽ ശിവക്ഷേത്രത്തിലും വൈഷ്ണവ ക്ഷേത്രത്തിലും  തൊഴുത ഫലം കൂടി ലഭിക്കുമെന്നാണ് വിശ്വാസം. സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ്.


ഈ പ്രതിഷ്ഠയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ. ഇവിടെ മൂന്ന് ഉത്സവങ്ങളുണ്ട്. എല്ലാം പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവങ്ങളാണ്.


1. ചിങ്ങത്തിലെ തിരുവോണം ആറാട്ട് മഹാവിഷ്ണു സങ്കല്പത്തിലാണ്.

2. ധനുവിലെ തിരുവാതിര ആറാട്ട് ശിവ സങ്കല്പത്തിലാണ്.

3. മേടത്തിലെ വിഷുവിന് കൊടികയറി പത്ത് ദിവസത്തെ ഉത്സവം സുബ്രഹ്മണ്യ സങ്കല്പത്തിലാണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'കുമാരപുരം' എന്നായിരുന്നു. അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.


അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹം കായംകുളം കായലിൽ ജലാധിവാസമേറ്റു കിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻ പൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയും പൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ചുണ്ടൻ വള്ളങ്ങളുടെ അക,മ്പടിഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നും ചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.



തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നു വെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.


ഏകദേശം ഏഴേക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുള്ളിലെ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിലിനു പുറമേ വലിയ ആനക്കൊട്ടിൽ, മൂന്ന് ഭാഗത്തുമുള്ള ഗോപുരങ്ങൾ, വിളക്കുമാടം, കൂത്തമ്പലം എന്നിവയും ഉണ്ട്. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്. അതിൽ ചെറിയ കുളത്തെ വേലക്കുളം എന്നാണ് പറയുന്നത്. ഇതിനു സമീപത്താണ് വേലകളി അരങ്ങേറുന്നത്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചു വളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.


ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ,  ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു.

No comments:

Post a Comment