ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 5, 2017

ഓം ശരവണ ഭവഃ ഭാഗം:- 4

ഭാഗം:- 4 വേളിമല ശ്രീകുമാരകോവിൽ



വേളിമലയിൽ വാണരുളും വേലായുധ വേൽ......

ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യ ദേവന്റെ തമിഴ്നാട്ടിലെ സർവ്വ പ്രശസ്തമായ അറുപടൈ വീടുകൾ കേരളക്കരയിലും പ്രശസ്തമാണ്. അതുപോലെ തന്നെ തെക്കൻ കേരളിയർക്ക് പ്രശസ്തമായ ഒരു സുബ്രഹ്മണ്യക്ഷേത്രം കൂടി തമിഴ്നാട്ടിലുണ്ട്. ഞാൻ അനേകം തവണ ദർശനം നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള  ഈ ക്ഷേത്രത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്.


വേളിമല ശ്രീകുമാരകോവിൽ

തിരുവനന്തപുരം കന്യാകുമാരി ദേശിയ പാതയ്ക്ക് അടുത്താണ് ശ്രീകുമാരകോവിൽ സ്ഥിതി ചെയ്യുന്നത്. ഈ പുരാതന ക്ഷേത്രം പണ്ട് കേരളത്തിന്റെ ഭാഗമായിരുന്നു. ഈ ക്ഷേത്രം വേളിമലയിലെ പച്ചപുതച്ച പാടങ്ങളുടെയും മനോഹരങ്ങളായ കുളങ്ങളും നിറഞ്ഞ താഴ്വാരകളിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീകുമാരന്റെയും വള്ളിയുടെയും പ്രണയവും തുടർന്നുള്ള വേളിയും നടന്നത് ഇവിടെത്തെ വേളിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗിരിവർഗ്ഗ രാജാവായ നാഞ്ചിക്കുറവന്റെ മകളാണ് വള്ളിയെന്ന് ഐതിഹ്യം പറയുന്നു. അങ്ങനെ നാഞ്ചികുറവൻ ഭരിച്ച ഈ ദേശം നാഞ്ചിനാടായതെന്നു പുരാവൃത്തങ്ങൾ ചൂണ്ടി കാണിക്കുന്നു.  ചരിത്രരേഖകളിൽ ഈ നാഞ്ചിനാട് കേരളത്തിന്റെ ഭാഗം തന്നെയാണ്. കേരളത്തിനു നഷ്ടപ്പെട്ട ഈ നാഞ്ചിനാട്ടിലെ ഓരോ മണൽത്തരിയിലും ഉണ്ട് ഈശ്വരമാഹാത്മ്യത്തിന്റെ കഥകൾ പറയുവാൻ.


ദേശിയപാതയിൽ തക്കല കഴിഞ്ഞ് കുമാരമണ്ഡപം എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് 2കി.മി സഞ്ചരിച്ചാൽ നമുക്ക് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇരുന്നൂറ് അടി പൊക്കമുള്ള പാറയിലുള്ള ഈ ക്ഷേത്രത്തിന്റെ തെക്കുവശത്തായി ഒരു വലിയകുളമുണ്ട്. ഇവിടെ എത്തുന്ന ഭക്തർ ക്ഷേത്ര ദർശനത്തിനു മുമ്പ് ഈ കുളത്തിൽ ഇറങ്ങി ശരീരം ശുദ്ധീകരിക്കുന്നു. അതിനു ശേഷം കുളത്തിനോട് ചേർന്നുള്ള ഗണപതി സന്നിധിയിലും നാഗർ സന്നിധിയിലും തൊഴുന്നു. ഇവിടെ ദർശനം നടത്തി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് തമിഴകത്തിന്റെ ശില്പഭംഗിയിൽ തീർത്ത ഗോപുരം തന്നെയാണ്. ഏകദേശം ഇരുപത്തഞ്ച് കരിങ്കൽ പടവുകൾ കയറി വേണം ഈ പ്രവേശന ഗോപുരകവാടം കടക്കുവാൻ. അങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഏതൊരു ഭക്തനേയും അദ്യം ആകർഷിക്കുന്നത് ചെമ്പിൽ പൊതിഞ്ഞ് ഉയർന്ന് നിൽക്കുന്ന ധ്വജം തന്നെയാണ്.


ധ്വജത്തിന് അരികിലൂടെ നടന്നു നീങ്ങുമ്പോൾ നാം ആദ്യം കാണുന്നത് ഗണപതി സന്നിധിയാണ്.  ഈ ശ്രീകോവിലിനുള്ളിൽ കുടിയിരിക്കുന്ന ഗണപതി ഭഗവാനെ *കല്യാണ ഗണപതി* എന്ന നാമത്തിലാണ് അറിയപ്പെടുന്നത്. ഇതിനു പിന്നിലുള്ള ഐതീഹ്യവും പുരാണങ്ങളിൽ നിന്നും മനസ്സിലാക്കാം. ആ കഥ ഇങ്ങനെയാണ്. നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളി. അതിസുന്ദരിയായ വള്ളി രാജകുമാരിയില്‍ ശിവ-പാര്‍വ്വതി പുത്രനായ സുബ്രഹ്മണ്യന്‍ അനുരക്തനായി. പ്രണയവിവശനായ സുബ്രഹ്മണ്യന്‍ തന്റെ ആഗ്രഹം വള്ളിയെ അറിയിക്കാന്‍ തീരുമാനിച്ചു. ഒരു ധൈര്യത്തിന്‌ സഹോദരനായ ഗണപതിയേയും കൂടെ കൂട്ടി.
വേളിമലയില്‍ കുളിക്കാനെത്തിയ വള്ളിയുടെ സമീപത്തേക്ക്‌ നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആനയുടെ രൂപത്തില്‍ ഗണപതിയെത്തി. കാട്ടാന മദമിളകി വരുന്നതാണെന്ന്‌ ധരിച്ച്‌ ഭയചകിതയായ രാജകുമാരി ചെന്നുപെട്ടത്‌ സാക്ഷാല്‍ സുബ്രമണ്യന്റെ മുന്‍പിൽ. സുബ്രമണ്യനെ കണ്ട്‌ വള്ളി പ്രണയാതുരയായി. വള്ളിയുടെയും സുബ്രഹ്മണ്യന്റേയും പ്രണയസാഫല്യത്തിന്‌ കാരണക്കാരനായ ഗണപതി കല്യാണഗണപതിയായി കുടികൊള്ളുന്നു.
വള്ളിക്കും മുരുകനും കല്യാണം... തിരു കല്യാണം

ഗണപതിയുടെ ശ്രീകോവിലിനു മുന്നിലുള്ള കൽത്തൂണുകളിൽ ഒന്നിൽ ഭക്തർ തൊഴുന്ന ശ്രീ ഹനുമാന്റെ ഒരു ശില്പമുണ്ട്. ഗണപതി സന്നിധിയുടെ അടുത്തു കൂടെയാണ് നാലമ്പലത്തിലേക്കുള്ള പ്രവേശനകവാടം. നാലമ്പലത്തിനു മുൻവശത്തു കാണുന്ന മണ്ഡപമാണ് *തൃക്കല്യാണ മണ്ഡപം*. ഇവിടെ വെച്ചാണ് വർഷം തോറും വള്ളിയുടെയും മുരുകന്റെയും കല്യാണം ആഘോഷിക്കുന്നത്. ഈ തൃക്കല്യാണത്തിൽ പങ്കെടുത്ത് തൊഴുതാൽ ഭാര്യാ-ഭർത്ത് ബന്ധം സുദൃഢമാകുമത്രേ.


നാലമ്പലത്തിനുള്ളിൽ ആദ്യം ദർശനം നടത്തുന്നത് ശ്രീ സുബ്രഹ്മണ്യ സന്നിധിയിലാണ്. ഏകദേശം 10 അടിയോളം ഉയരമുള്ള മുരുക വിഗ്രഹം വള്ളിയോടൊപ്പം ശ്രീകോവിലിൽ പരിലസിക്കുന്നു. ദേവൻ കിഴക്ക് ദർശനത്തിലാണ്.  ദേവന്റെ രണ്ട് കൈകളിൽ ഒന്നിൽ വരദമുദ്രയും മറ്റേ കൈ അരയിലും പിടിച്ചിരിക്കുന്നു. പിന്നെ മാറോട് ചേർത്ത് ശക്തിവേലും കാണാൻ സാധിക്കുന്നു. ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന വള്ളിസമേതനായ ശ്രീ മുരുകനെ എല്ലാവരും ഒന്ന് ഭക്തിയോടെ കൈകൂപ്പി നമസ്കരിക്കും. ശ്രീ കുമാരന്റെ ശ്രീകോവിലിലെ തെക്ക് വശത്തുള്ള ചെറിയ കവാടം വഴി ഇറങ്ങിയാൽ നാലമ്പലത്തിന് പിന്നിലെത്താം. ഇവിടെ ആത്മലിംഗം, കാശിലിംഗം, മണവാളകുമാരൻ എന്നിവരുടെ സാന്നിധികൾ നിരയായി കാണാൻ സാധിക്കുന്നു. ചണ്ഡികേശ്വരൻ  നാലമ്പലത്തിലെ വടക്ക് ഭാഗത്തുള്ള പ്രത്യേക സ്ഥലത്തും അധിവസിക്കുന്നു. ചണ്ഡികേശ്വരൻ ഇവിടെ സദാധ്യാനത്തിലാണ്. ആയതിനാൽ കൈകൊട്ടി ശബ്ദമുണ്ടാക്കി ഉണർത്തിയാണ് തൊഴുന്നത്. ദേവന്റെ അനുവാദം വാങ്ങിയാലേ ശിവഭഗവാനെ ദർശനം നടത്താവൂയെന്നാണ് വിശ്വാസം. വടക്ക് വശത്ത് മറ്റൊരു ഭാഗത്ത് ശ്രീ മുരുകന്റെ മറ്റൊരു സന്നിധി കാണാം, ഈ സന്നിധിയെ "വടക്കേ ഇടം" എന്ന് അറിയപ്പെടുന്നു. ഇവിടെ മുരുകനോടൊപ്പം വള്ളിയും ദേവയാനിയും സാന്നിദ്ധ്യമരുളുന്നു. കുടാതെ നടരാജനും ഗണപതിയുമുണ്ട്.


ഇനിയുള്ളത് ശിവശങ്കരൻ വാണരുളുന്ന സന്നിധിയാണ്. ശിവനും ശിവകാമി അമ്മനും  ഒരു പ്രതേക മണ്ഡപത്തോട് കൂടിയുള്ള രണ്ട് ശ്രീകോവിലായാണ് നിലകൊള്ളുന്നത്. ഈ ക്ഷേത്രനിർമ്മാണ ശൈലി വളരെ പ്രതേകതയുള്ളതാണ്.  അങ്ങനെ ശിവ സന്നിധിയിലും തൊഴുതു കഴിയുമ്പോൾ നാലമ്പലത്തിന് ഉള്ളിലുള്ള എല്ലാ ദൈവസന്നിധിയിലും ദർശനം നടത്തി കഴിഞ്ഞു. നാലമ്പലത്തിന് പുറത്തേക്ക് ഇറങ്ങുന്ന നടയിലെ മണ്ഡപത്തിൽ അല്പമൊന്ന് ഇരിക്കണം. അവിടെ ഇരിക്കുമ്പോൾ നമ്മുടെ ശ്രദ്ധ  നാലമ്പലത്തിനകത്തുള്ള ഒരു മരത്തിലേക്ക് പതിക്കുന്നു. ആ മരമാണ് *വേങ്ങുമരം*. ഈ വേങ്ങുമരത്തിനും പറയാനുണ്ട് കുമാരന്റെയും വള്ളിയുടെയും പ്രണയത്തിന് സാക്ഷിത്വവും തണലും നൽകിയ ദിവ്യമുഹൂർത്തങ്ങളെ കുറിച്ച്. അങ്ങനെ അവരുടെ പ്രണയകാലത്തെ അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഈ ദിവ്യവൃക്ഷം ഇന്നും ഇവിടെ നിൽക്കുന്നത് ഒരു അതിശയം തന്നെയാണ്.  പ്രണയസാക്ഷാത്കാരത്തിന് ഈ വൃക്ഷത്തെ പ്രണയിനികൾ ആരാധിക്കുന്നു. നാലമ്പലത്തിന് പുറത്തിറങ്ങി ക്ഷേത്രത്തെ വലയം ചെയ്യുമ്പോൾ തെക്ക് പടിഞ്ഞാറ് ശാസ്താ സന്നിധി കാണാൻ സാധിക്കും. ക്ഷേത്രത്തിനുള്ളിൽ തന്നെ ഒരു കാളയെയും ഒരു വിശാലമായ കൂട്ടിൽ മയിലിനെയും വളർത്തുന്നു. അങ്ങനെ ഒരു വലയം പൂർത്തിയാക്കി ഒരു നോക്കുകൂടി ശ്രീ മുരുകനെ വണങ്ങി കിഴക്കു ഭാഗത്തെ പടിക്കെട്ടുകൾ വഴി താഴെ ഇറങ്ങുന്നു.


ഇടവമാസത്തിലെ പത്ത് ദിവസത്തെ ഉത്സവം, തുലാം മാസത്തിലെ ഷഷ്ഠി, വൃശ്ചികമാസത്തിലെ കാർത്തിക നാളിലെ ദീപക്കാഴ്ച്ച എന്നിവയാണ് ഇവിടെത്തെ പ്രധാന വിശേഷ ദിവസങ്ങൾ.


ഈ ക്ഷേത്രത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന മേലാങ്കോട് എന്നൊരു സ്ഥലമുണ്ട്. 'ശിവാലയ ഓട്ടത്തിലെ' എട്ടാമത്തെ ശിവ ക്ഷേത്രമായ മേലാങ്കോട് ശ്രീമഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതിനോടൊപ്പം തന്നെ രണ്ടു പ്രശസ്തമായ യക്ഷി അമ്പലങ്ങളും ഉണ്ട്. ഇവ ചേട്ടത്തി അമ്പലം,അനിയത്തി അമ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

No comments:

Post a Comment