ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ . ഇവിടെ കൃഷ്ണൻ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന രൂപമാണ്.
'ദിഗ്വാസസം കനക ഭൂഷിത ഭൂഷിതാംഗം'
പറയുന്ന സുന്ദര രൂപം.
അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാലോ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞീട്ടും ഉണ്ട്.
ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെ സ്വർണ്ണാലങ്കാരങ്ങളാൽ മൂടി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ എന്തു ഭംഗ്യാന്നോ?
എന്തിനാ കണ്ണൻ ഇങ്ങിനെ തിരിഞ്ഞു നിന്നത് ന്നറിയാമോ?
ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇതിനു പിന്നിലുണ്ട്.
അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ കൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ എന്താ ചെയ്യാ? അയിത്തം കല്പിച്ച കീഴ്ജാതിക്കാർ ക്ഷേത്രത്തിനു മുന്നിലെ വഴിയിൽപ്പോലും
വരാൻ പാടില്ലാത്ത കാലമായിരുന്നു അത്. അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഒരോ ദിവസം കഴിയും തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി
"കൃഷ്ണാ നീ ബേഗനെ ബാരോ...’
ബേഗനേ ബാരോ മുഖവന്നീ തോരോ'
കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിയ്ക്കൂ
കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി നീലവർണ്ണനെ നാട്യവാടുത്ത ബാരോ
കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ
ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ
അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ
കാശീ പീതാംബര കൈയ്യല്ലി കൊളലു മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ
കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
( കാശിയിലെ പട്ട് അതി വിശേഷമാണ്)
തായികേ ബായല്ലീ മുജ്ജഗവന്ന തോരോ ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ
വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ
അവസാനത്തെ വരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞി വായ്ക്കുള്ളിൽ സർവ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്നു വരാൻഎന്താണ് പ്രയാസം? എന്നീട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളിൽ ഉണ്ട്. ആ ഭക്തന്‍റെ സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ കണ്ണനും ഭക്തവാത്സല്യത്താൽ തളർന്നുപോയി. പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍ ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസര്‍ക്ക് ദര്‍ശനം നല്‍കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഉഡുപ്പി കൃഷ്ണൻ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
No comments:
Post a Comment