ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, June 11, 2017

ഭാഗവതം - വിവാഹപ്പൊരുത്തം


കർദ്ദമൻ - ദേവഹൂതി


ഭാരതീയ ധർമ്മശാസ്ത്രത്തിൽ ഋഷി പറയുന്ന വിവാഹം പൊരുത്തം എന്താണ് ? ഭാഗവതം ത്രിതീയ സ്കന്ധത്തിൽ വരുന്ന രണ്ടു ശ്ലോകങ്ങൾ മാത്രമാണ് പറയുന്നത്. ഇതാണ് വിവാഹത്തിനു  പൊരുത്തമായി സ്വീകരിക്കേണ്ടത്. 


ഭാരതം അതിഗംഭീരമായ ശാസ്ത്രത്തെ അവതരിപ്പിച്ച നാടാണ്. ഒരിക്കലും നശിക്കാത്ത, എക്കാലത്തും പുതുമയാർന്ന ഗൗരവമുള്ള ശാസ്ത്രം. ജന ജീവിതത്തിനു വേണ്ട ക്രമമായിരുന്നു നമ്മുടെ ശാസ്ത്രം, അതുകൊണ്ട് തന്നെ ഇത് സംസ്ക്കാരം എന്നറിയപ്പെട്ടു. ഇന്നും ഇതു സനാതനമാകുവാൻ കാരണം കുടുംബം എന്ന പ്രസ്ഥാനം തന്നെയാണ് കാരണം. നമ്മുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും കുടുംബ പുരോഗതിക്കു വേണ്ടിയുള്ളതായിരുന്നു. ഗൃഹസ്ഥൻ അനുവർത്തിക്കേണ്ടതെല്ലാം ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. എല്ലാം കുടുംബത്തിനു വേണ്ടി പറഞ്ഞിരിക്കുന്നു. കുടുംബത്തിന് വലിയ സ്ഥാനം ഋഷി കൽപ്പിച്ചിട്ടുണ്ട്.


ഭാഗവതം ഒന്നുമാത്രം പഠിച്ചാൽ മതി എല്ലാ അറിവുകളും കരസ്ഥമാക്കാം. കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് ഭാഗവതം. ബ്രഹ്മചര്യമെന്ന പ്രഥമ ആശ്രമത്തിൽ നിന്ന് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന ഒരു ചടങ്ങാണ് വിവാഹം.

ദാമ്പത്യ ജീവിതം തുടങ്ങും മുൻപ് എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വധുവരന്മാർ തമ്മിലുള്ള നക്ഷത്രപ്പൊരുത്തമല്ല നോക്കേണ്ടതെന്ന് ഭാഗവതം പറയുന്നു. ഇത് പറഞ്ഞിരിക്കുന്നത് ഏതു കാലഘട്ടത്തിലാണ് എന്നു ചിന്തിക്കണം. ഇതൊരു Pre-Marriage കോഴ്സായി സ്വീകരിക്കാം.
ഭാഗവതം കർദ്ദമന്റെയും - ദേവഹൂതിയുടെയും വിവാഹ സംബന്ധമായി പറയുന്നു. ഇതായിരിക്കട്ടെ വിവാഹ പൊരുത്തത്തിന് പ്രമാണമെന്ന് മനുവിലൂടെ വ്യാസൻ ബോധിപ്പിക്കുന്നു.


ത്രിതീയ സ്കന്ധം, അദ്ധ്യായം - 23, ശ്ലോകം - 2, 3. ഈ രണ്ടു ശ്ലോകങ്ങൾ മാത്രമാണ് പറയുന്നത്.


ശ്ലോകം

" വിശ്രംഭേണാത്മശൌചേന ഗൌരവേണ ദമേന ച I
ശുശ്രൂഷയാ സൌഹൃദേന വാചാ മധുരയാച ഭോഃ "॥


വിവാഹ പൊരുത്തിൽ പുരുഷനു വേണ്ട ഏഴു ഗുണങ്ങളെ പറയുന്നു. ഒന്നാമത്തെ ഗുണമാണ് വിശ്രംഭേണ, എന്നാൽ വിശ്വാസം.

വിശ്വാസമെന്നാൽ മനസ്സിലാക്കാൽ എന്നർത്ഥം. വിശ്വാസം അതല്ലേ എല്ലാം !! ഈ വിശ്വാസമല്ല. ഇവിടെ പറയുന്ന വിശ്വാസം മനസ്സിലാക്കേണ്ടതാണ്. ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ, ആ കുട്ടി അന്നുവരെ ശീലച്ച ഒരു ചുറ്റുപാടിൽ നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് വരുകയാണ്. അറിയാത്ത വീട്, ആളുകൾ അങ്ങനെ പലതും. ഈ കേറി വരുന്ന വീട്ടിൽ ആകെ അറിയുന്നത് ഭർത്താവിനെ മാത്രമാണ്. ഈയൊരവസ്ഥയിലാണ് താൻ വിവാഹം കഴിച്ചുകൊണ്ടു വന്ന കുട്ടി, അവൾക്ക് ആകെ ആശ്രയമായിരിക്കുന്നത് ഈ പുരുഷനാണ് എന്ന് മനസ്സിലാക്കുക. തന്നെ വിശ്വസിച്ച്  മാതാപിതാക്കളെ, ബന്ധുക്കളെ, സ്വന്തം വീട് ഉപേക്ഷിച്ച് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിയാണ്, അതുകൊണ്ട് ഇതു മനസ്സിലാക്കി വേണ്ട സ്നേഹവും സംരക്ഷണവും നൽകേണ്ടതുണ്ട്, ഇതാണ് ഒന്നാമത്തെ ഗുണം, വിശ്രംഭേണ...

പലപ്പോഴും ആദ്യരാത്രി തന്നെ ഇവൻ പറയും, ഞാൻ ഇങ്ങനെയാണ് എങ്ങനെ ? അല്പം മദ്യം കഴിക്കും, കൂട്ടുകാരൊത്ത് കറങ്ങും, ചിലപ്പോൾ താമസിച്ചേ വരു നീ നേരത്തെ കഴിച്ചു കിടന്നോണം. ഇങ്ങനെ പറയുന്ന ഇവന് എന്ത് വിവരമാണുള്ളത് ? ഇതൊക്കെ കേൾക്കുന്ന പെൺകുട്ടി എന്താ വിചാരിക്കുക, ഇയാളുടെ കൂടെയുള്ള ജീവിതം എങ്ങനെയാകുമോ ??? എന്ന ചോദ്യമാകും ഉണ്ടാവുക.


ഉദാഹരണമായി അച്ഛൻ മരിച്ച ഒരു പെൺകുട്ടിയെയാണ് വിവാഹം കഴിക്കുന്നതെങ്കിൽ, വിവാഹവേളയിൽ ആ വിഷമം തീർച്ചയായും പെൺകുട്ടിയിലും വീട്ടുകാരിലും ഉണ്ടാകും. ഇത് മനസ്സിലാക്കി, ഇന്നു മുതൽ നിനക്ക് ഞാനുണ്ട് എന്നു പറയുക. ഇതാണ് വിശ്വാസം. ഇതു തന്നെയാണ് വിവാഹത്തിനു വേണ്ടത്, ഇങ്ങനെയുള്ള പുരുഷൻ മാത്രമാണ് വിവാഹത്തിന് യോഗ്യൻ. ഇന്നു വിവാഹത്തിനു മുൻപ് തയ്യാറെടുക്കുന്ന മതാപിതാക്കളും കുട്ടികളും ഇതു മനസ്സിലാക്കേണ്ടതാണ്. വീട്ടിലേക്ക് വരുന്ന കുട്ടിയെ സ്നേഹിക്കാനും, സംരക്ഷിക്കാനും തന്റെ മകനു കഴിവുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പത്തിൽ എത്ര പൊരുത്തം എന്നല്ല നോക്കേണ്ടത് എന്നു ചുരുക്കും. പല വിവാഹ ബന്ധങ്ങളും തകരാറിലാകുന്നത് ഈ വിശ്വാസമില്ലായ്മയാണ്. നോക്കൂ, രണ്ടു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ പോലും നാം നമ്മുടെ വീട് മിസ് ചെയ്യും, അപ്പോൾ പിന്നെ വന്ന പെൺകുട്ടിയുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ. എത്ര വിഷമത്തിലാകും. ഈയൊരു അവസ്ഥയിൽ നിന്ന് ഒരു സംരക്ഷണം, വിശ്രംഭേണ.

വാഷിംഗ് മിഷൻ, മിക്സി ഇതൊന്നുമല്ല പ്രധാനമായും വേണ്ടത്. ഏതൊരു സ്ത്രീയും തന്റെ ഭർത്താവിൽ നിന്നുള്ള സംരക്ഷണമാണ് ആഗ്രഹിക്കുന്നത്. തന്റെ ഭർത്താവിന്റെ കൈകളിൽ എന്റെ ജീവിതം സുരക്ഷിതമാണെന്നുള്ള വിശ്വാസമാണ് പുരുഷൻ സ്ത്രീയിൽ ഉണ്ടാക്കേണ്ടത്, വിശ്രംഭേണ... ഭക്ഷണം  ഉണ്ടാക്കുവാൻ സഹായിച്ചില്ലെങ്കിലും , തീൻമേശയിൽ ഒന്നെടുത്തു വെയ്ക്കാനെങ്കിലും ഒപ്പം നിൽക്കൂ. ഭാര്യയ്ക്ക് അസുഖമാണെങ്കിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി കൊടുക്കൂ. ഈയൊരു സംരക്ഷണമാണ് 


വിശ്രംഭേണ, ഇതാണ് കർദ്ദമൻ ദേവഹൂതിക്ക് നൽകിയത്. വലിയ കൊട്ടാരം ഉപേക്ഷിച്ചു വന്നതാണ്. ഇതല്ലെ നമുക്കും പ്രമാണമാകേണ്ടത്?, ഇതാല്ലെ യഥാർത്ഥ സംസ്ക്കാരം?, ഇതല്ലെ നമ്മുടെ കുടുംബങ്ങളിൽ ഭാര്യഭർത്തു ബന്ധത്തിൽ വേണ്ടത് ? ഈ ധർമ്മശാസ്ത്രത്തെ വിശ്വസിക്കുന്നെങ്കിൽ ഋഷി പറയുന്നതു കേൾക്കാൻ തയ്യാറാകൂ. പത്തിൽ പത്ത് പൊരുത്തം ഉണ്ടെങ്കിലും ഇത് (വിശ്രംഭേണ) ഇല്ലെങ്കിൽ എന്താണ് കാര്യം. ചിന്തിക്കുക. നമ്മുടെ ധർമ്മശാസ്ത്രങ്ങളെ അറിയുക.


കടപ്പാട്   വിഷ്ണു ശ്രീലകം,

No comments:

Post a Comment