ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള സ്ത്രീയെ അവിസ്മരണീയയാക്കുന്നത്.
ഗന്ധര്‍വനായിരുന്ന കബന്ധന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഘോരവനത്തിനകത്തുള്ള ശബരി ആശ്രമത്തില്‍ ശ്രീരാമലക്ഷ്മണന്മാര്‍ എത്തിച്ചേരുന്നത്. ശബരി ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നിരിക്കണം ശബരിമല എന്ന് ഊഹിക്കപ്പെടുന്നു. അടുത്തുതന്നെയുള്ള പമ്പാനദിയെക്കുറിച്ചും പരാമര്‍ശമുണ്ടല്ലോ. മറ്റു രാമായണങ്ങളിലുള്ളപോലെ ശബരിയുടെ മാലിനി എന്ന ഗന്ധര്‍വ ജന്മത്തെക്കുറിച്ചൊന്നും എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നില്ല. വളരെ കൈയൊതുക്കത്തോടെ, ഔചിത്യത്തോടെയാണ് ശബരിയെ ആചാര്യന്‍ അവതരിപ്പിക്കുന്നത്. ''പാദ്യാര്‍ഗ്ഘ്യാസനാദികളാലേ പൂജിച്ചുതന്‍ പാദതീര്‍ഥാഭിഷേകവും ചെയ്ത്, ഭോജനത്തിന് ഫലമൂലാദികള്‍ നല്‍കി''യാണ് എഴുത്തച്ഛന്റെ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിക്കുന്നത്. തന്റെ ഗുരുഭൂതന്മാരായ മതംഗാദി മുനിമാര്‍ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് തനിക്ക് കൈവന്നതെന്ന് ശബരി ആഹ്ലാദിക്കുന്നു.
''ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലല്ലോ''
എന്ന് ശബരി വിനയാന്വിതയാകുന്നുണ്ട്. ശ്രീരാമനില്‍ നിന്ന് നേരിട്ട് മുക്തിക്കുള്ള ഉപദേശം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവളാണ് ശബരി. ''പുരുഷ സ്ത്രീ ജാതിനാമാദികളല്ല'' ദൃഢമായ ഭക്തിയാണ് മുക്തിക്ക് കാരണമെന്ന് രാമന്‍ അവളോട് പറയുന്നു. സജ്ജനസംഗം, വിഷ്ണു കഥാലാപനം, ഗുണകീര്‍ത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനീയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പത് വിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ചും രാമന്‍ ശബരിക്ക് വിശദീകരിക്കുന്നു. അതിനുശേഷം സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശബരിയോട് ചോദിച്ചറിയുന്നു.
ദിവ്യദൃഷ്ടിയുള്ളവളാണ് ശബരി. സീതാദേവി ലങ്കാപുരിയില്‍ ഉണ്ടെന്നും അടുത്തുതന്നെയുള്ള പമ്പാസരസ്സിന്റെ മുന്‍ഭാഗത്തുള്ള ഋഷിമൂക പര്‍വതത്തില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് വസിക്കുന്നുണ്ടെന്നും സുഗ്രീവനോട് സഖ്യംചെയ്താല്‍ സീതയെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ശബരി രാമനെ അറിയിക്കുന്നു.
തുടര്‍ന്ന് രാമപാദം ചേരാന്‍ അഗ്‌നിപ്രവേശം ചെയ്യുകയാണ് ശബരി. ''താഴ്ന്നവളായാലും ഭക്തവത്സലനായ രാമന്‍ പ്രസാദിച്ചാല്‍ മോക്ഷം കിട്ടും എന്ന് എഴുത്തച്ഛന്‍ ശബരിയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നുണ്ട്.
കാട്ടാളസ്ത്രീ ആണെങ്കിലും ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങുന്ന കഥാപാത്രമാണ് ശബരി.
No comments:
Post a Comment