നദിയിൽ ഒരു ആനയുടെ ജഡം ഒഴുകിയിരുന്നു. ഒരു കാക്ക അതു കണ്ടു. അതിനു സന്തോഷമായി. അത് ആ ജഡത്തിൽ വന്നിരുന്നു യഥേഷ്ടം മാംസം ഭക്ഷിച്ചു. ദാഹത്തിന് നദിയിലെ വെള്ളവും കുടിച്ചു. ആ ജഡത്തിനു മുകളിൽ അങ്ങോട്ടുമിങ്ങോട്ടും പാറി കൊണ്ടും മാറിയിരുന്നു കൊണ്ടും അതിന്നു തൃപ്തിയായി ഇരുന്നു. അത് അലോചിച്ചു. ഇത് അത്യന്തം സുന്ദരമായ ഒരു യാത്ര തന്നെ. ഇവിടെ ഭക്ഷണവും ജലവും ധാരാളം ഒന്നിനും ഒരു കുറവുമില്ല. ഇതിനെ വിട്ടു പോവണോ മറ്റു വല്ലയിടത്തും ? കാക്ക കുറച്ചു ദിവസം ആ നദിയിലെ ജലത്തിൽ തന്നെ ആ ജഡത്തിനു മുകളിൽ അങ്ങിനെ കഴിഞ്ഞു. വിശന്നാൽ മാംസം കഴിക്കും. ദാഹിച്ചാൽ നദിയിലെ ജലം കുടിക്കും. വലിയ ജലപ്രവാഹമുള്ള അഗാധജലരാശിയായിരുന്നു അത്.അതിന്റെ തീരങ്ങൾ പോലും കാണാൻ പ്രയാസ്സമായിരുന്നു. ആ പ്രകൃതിമനോഹാരിത കണ്ടു കണ്ടു കാക്ക വ്യാമോഹിതയായി.
ഒരു ദിവസം പെട്ടെന്ന് നദി മഹാസമുദ്രത്തിൽ ലയിച്ചു.. ആ നദിക്കു സന്തോഷമായി. അത് അതിന്റെ ലക്ഷ്യത്തിലെത്തിയ സന്തോഷം . സാഗരത്തിലെത്തുക എന്നതാണതിന്റെ ചരമ ലക്ഷ്യം. എന്നാൽ ആ ദിവസം ലക്ഷ്യ ഹീനനായ കാക്കയ്ക്ക് അതിന്റെ ദുർഗ്ഗതി ആയിരുന്നു. നാലു ദിവസത്തേക്കു മാത്രമേ ആ ആനയുടെ ജഡാംശം ആ കടലിൽ ഉണ്ടായുള്ളു. അതിന്നു ശേഷം അതെല്ലാം മറ്റു ജലജന്തുക്കളുടെ പോലും ആഹാരമായി ഒന്നുമില്ലാതായി. കാക്കയുടെ ഭക്ഷണവും ഇല്ലാതായി ശുദ്ധമായ വെള്ളവും ഇല്ലാതായി. അതിനു് ഇരിക്കാൻ പോലും ഇടമില്ലാതായി. ചുറ്റും കരകാണാൻ കഴിയാത്ത സമുദ്രം. വലിയ തിരമാലകൾ .കാക്ക വിഷമിച്ചു വലഞ്ഞു. കുറച്ചു ദിവസം വെള്ളത്തിൽ തന്നെ ചിറകു വിടർത്തി നീന്തിക്കുഴഞ്ഞ് പറക്കാനും ഒന്നും കഴിയാതെ ആ സമുദ്രത്തിൽ സങ്കടപ്പെട്ടു ദു:ഖം സഹിക്കവയ്യാതെ തിരമാലകളിൽ വീണു ഒരു കാലരൂപിയായ മത്സ്യത്തിന്റെ വായിൽ പെട്ടു തന്റെ ജീവിതത്തെ അവസാനിപ്പിക്കേണ്ടി വന്നു.
ശാരീരിക സുഖങ്ങൾക്ക് പിന്നാലെ പോകുന്ന മനുഷ്യന്റെ ഗതിയും ഈ കാക്കയുടെതുപോലാകുന്നു. ആഹാരത്തിനും ആശ്രയത്തിനുമായി നശിച്ചുപോകുന്ന ലൌകിക വിഷയങ്ങളെ കെട്ടിപ്പിടിച്ച് ഈ സാഗരരൂപിയായ അനന്ത സംസാരത്തിൽ രമിക്കുന്നു. ആരാണ് ജയിച്ചത് ആരാണ് തോറ്റത്. ആർക്കു വേണ്ടി പാടുപെട്ടു. ഇവിടെ വരുന്നവരെല്ലാം ഒരിക്കൽ തിരിച്ചു പോവേണ്ടവരാണ്.ഒരു നിമിഷത്തേക്കു അല്ലെങ്കിൽ ദിവസത്തേക്കു ജീവിക്കാൻ ഇത്രമാത്രം അഹങ്കാരമോ? നല്ല പോലെ ചിന്തിച്ചാൽ മനസ്സിലാക്കാം
ഹരേ ഹരേ കൃഷ്‌ണ
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാര വിമോചന മാർഗ്ഗം കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഹരേ രാധാപാദസരോജം ശരണം
No comments:
Post a Comment