സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനി മുരുകൻ ക്ഷേത്രം. കോയമ്പത്തൂർ നിന്നും, മധുരയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ പഴനി എന്ന നഗരത്തിലുള്ള പഴനി മലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കുന്നിനു താഴെയാണ്, മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ഗൃഹങ്ങളിൽ ഒന്നു സ്ഥിതിചെയ്യുന്നത്. ഇതിന്റെ പേര് തിരു-അവിനാൻ-കുടി എന്നറിയപ്പെടുന്നു.
💦പുരാണം💦
നാരദ മഹർഷി ഒരിക്കൽ പരമശിവന്റെ ഇരിപ്പിടമായ ദിവ്യമായ കൈലാസപർവ്വതം സന്ദർശിക്കുകയുണ്ടായി. ആ അവസരത്തിൽ നാരദൻ അദ്ദേഹത്തിനു ജ്ഞാനപഴം നല്കി. ഇത് വിജ്ഞാനത്തിനു വേണ്ടിയുള്ള അമൃത് ആയി കണക്കാക്കപ്പെടുന്ന ഒരു പഴമാണ്. തന്റെ പുത്രന്മാരായ ഗണപതിക്കും കാർത്തികേയനും തുല്യമായി നല്കാനായി അദ്ദേഹം അത് മുറിക്കാനായി ഭാവിച്ചപ്പോൾ, പഴത്തിന്റെ അമൂല്യശക്തി നഷ്ടപ്പെട്ടു പോകുമെന്ന് പറഞ്ഞത് നാരദ മഹർഷി അത് തടഞ്ഞു. വിഷമഘട്ടത്തിലായ പരമശിവൻ, പഴം തന്റെ ബുദ്ധിമാനായ മകനു നല്കാനായി ഒരു മത്സരം നിശ്ചയിച്ചു. ഈ ലോകത്തെ മൂന്നു പ്രാവശം വലംവെച്ചു വരുന്നതാരാണോ, അയാൾക്ക് ഈ പഴം സമ്മാനമായി നല്കുമെന്നു പറഞ്ഞു. ഇതു കേട്ടപാടെ സുബ്രഹ്മണ്യൻ തന്റെ വാഹനമായ മയിലിന്റെ പുറത്ത് ലോകം ചുറ്റിവരാൻ പുറപ്പെട്ടു.
എന്നാൽ ഗണപതി, തന്റെ മാതാപിതാക്കളായ പരമശിവനേയും, പാർവ്വതിയേയും കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന വിശ്വാസത്താൽ അവരെ വലംവെക്കാൻ തുടങ്ങി. തന്റെ പുത്രന്റെ വിവേകത്തിൽ സന്തുഷ്ടനായ പരമശിവൻ ജ്ഞാന പഴം ഗണപതിക്കു തന്നെ നല്കി. കാർത്തികേയൻ തിരിച്ചുവന്നപ്പോൾ തന്റെ പ്രയത്നം പാഴായതറിഞ്ഞ് ക്രുദ്ധനായി. ദേഷ്യവും, വിഷമവും കൊണ്ട് വലഞ്ഞ കാർത്തികേയൻ കൈലാസ പർവ്വതത്തിൽ നിന്നു പോകാൻ തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം പഴനിമലയിലെത്തിച്ചേരുന്നത്. അദ്ദേഹത്തെ തിരിച്ചു കൈലാസത്തിലേക്കു വിളിക്കാൻ വന്ന മാതാപിതാക്കൾ, കാർത്തികേയനെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കാണ്, പഴം നീ. ഇതിൽ നിന്നുമാണ് ഈ പ്രദേശത്തിനു പഴം നീ ലോപിച്ച് പഴനി എന്ന് പേരു വീണത്.
💧ഐതിഹ്യം💧
പതിനെട്ടു മഹർഷിമാരിൽ ഒരാളായ ഭോഗർ മഹർഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയിൽ സ്ഥാപിച്ചതെന്നു കരുതുന്നു. നവപാഷാണത്തിന്റെ ഒരു മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. [2] വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവല്കരിക്കാനുള്ള പ്രയത്നം തുടങ്ങാൻ കഴിഞ്ഞു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയിൽ പൂർത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങൾ മുഖം പോലെ തന്നെ മനോഹരമാക്കാൻ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തിൽ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാൻ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തിൽ. ഭോഗർ മഹർഷിയുടെ ഒരു ദേവാലയവും ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയിൽ സ്ഥാപിച്ചിട്ടുണ്ട്. മലയുടെ അകത്തുള്ള ഒരു ഗുഹയുമായി ഈ ഭോഗമഹർഷിയുടെ ദേവാലയം ബന്ധിച്ചിരിക്കുന്നു. ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേർപ്പെടുന്നത് എന്നു വിശ്വസിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാളുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രനിർമ്മാണത്തിനുശേഷം, പിന്നീട് അരും ശ്രദ്ധിക്കാതെ, വനാന്തർഭാഗത്തു മറഞ്ഞുപോകുകയാണുണ്ടായത്. രണ്ടാം നൂറ്റാണ്ടിനും, അഞ്ചാം നൂറ്റാണ്ടിനും ഇടക്ക് ഈ പ്രദേശം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ തന്റെ പതിവു നായാട്ടുമായി ബന്ധപ്പെട്ട് പഴനി മലയുടെ ഭാഗത്തു വന്നു ചേർന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ, രാജാവിന്റെ സ്വപ്നത്തിൽ സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ടു. തന്റെ വിഗ്രഹം കണ്ടെടുത്ത്, അത് പഴയ രീതിയിൽ സ്ഥാപിക്കാൻ സ്വാമി രാജാവിനോട് ആജ്ഞാപിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്ന രാജാവ്, അതിനടുത്ത് വിഗ്രഹത്തിനുവേണ്ടി തിരച്ചിൽ നടത്തുകയും, മറഞ്ഞു കിടന്നിരുന്ന സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. രാജാവ് വിഗ്രഹം പഴയപടി സ്ഥാപിക്കുകയും ആരാധനമുതലായവ തുടങ്ങുകയുടെ ചെയ്തു. ഇപ്പോൾ ക്ഷേത്രത്തെ ചുറ്റിയുള്ള മതിലിൽ ഒരു സ്തൂപത്തിൽ ഈ കഥ കൊത്തിവെച്ചിട്ടുണ്ട്.
സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം നേരത്തെ പറഞ്ഞതുപോലെ, ഒമ്പതു വസ്തുക്കളുടെ മിശ്രിതം കൊണ്ടാണ് ഉറപ്പിച്ചിരിക്കുന്ന്. മുരുകൻ പഴനിയിൽ വന്നതുപോലെ തന്നെയാണ് വിഗ്രഹവും പണിതിരിക്കുന്നത്. ബാലകനായിരുന്ന മുരുകനാണ് മാതാപിതാക്കളോട് പിണങ്ങി അവിടെ വന്നത്. തലമുണ്ഡനം ചെയ്ത ഒരു താപസ്വിയുടെ വേഷമാണ് വിഗ്രഹത്തിന്. വസ്ത്രമായിട്ട് ഒരു കൗപീനം മാത്രം. കയ്യിൽ ദണ്ഡും, വേലും. ഇതിൽ നിന്നും ആണ് ബാല-ദണ്ഡ്-ആയുധപാണി എന്ന പേരു മുരുകനു കിട്ടിയത്. വിഗ്രഹം പഴനിയിൽ സ്ഥാപിച്ചിരിക്കുന്നത് പടിഞ്ഞാറു ദിക്കിലേക്ക് ദർശനമായിട്ടാണ്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ വിഗ്രഹം കിഴക്കോട്ട് ദർശനം ആയിട്ടാണ് സ്ഥാപിക്കാറുള്ളത്. ചേര സാമ്രാജ്യം പടിഞ്ഞാറോട്ടാണ് പടർന്നു കിടക്കുന്നത്. ആ സാമ്രാജ്യത്തിന്റെ രക്ഷക്കു വേണ്ടിയായിരിക്കണം, ചേരമാൻ പെരുമാൾ വിഗ്രഹത്തിന്റെ ദർശം പടിഞ്ഞാറു ദിക്കിലേക്കു വെച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ, സുബ്രഹ്മണ്യസ്വാമി വിഗ്രഹത്തിന്റെ ചെവികൾ സാധാരണയിലും വലിപ്പമുള്ളതാണ്. തന്റെ ഭക്തരുടെ പ്രാർത്ഥനകളും, അപേക്ഷകളും ശ്രദ്ധാപൂർവ്വം ആ ചെവികളിൽ എത്താനായിരിക്കും എന്നു കരുതുന്നു. ശ്രീകോവിലിനുള്ളിലെ ഗർഭഗൃഹത്തിലാണ്, വിഗ്രഹം സ്ഥിതിചെയ്യുന്നത്. ഗുരുക്കൾ സമുദായത്തിലെ പുരോഹിതന്മാർക്കാണ് വിഗ്രഹത്തെ സമീപിക്കാനും ഒരുക്കാനുമുള്ള അവകാശമുള്ളു. ഈ അവകാശം ഇവർ തലമുറകളായി കൈമാറി വരുന്നതാണ്. മറ്റുള്ളവർക്ക് ശ്രീകോവിലിനടുത്തു വരെ വരാനെ അവകാശമുള്ളു. എന്നാൽ പുരോഹിതരുടെ സഹായികളായ ആളുകൾക്ക് ശ്രീകോവിലിനകത്തു വരാം, ഗർഭഗൃഹത്തിലേക്ക് പ്രവേശനമില്ല. പണ്ടാരം എന്ന സമുദായത്തിലെ ആളുകളാണ് ഇവിടെ പുരോഹിതരുടെ സഹായികളായി നിലവിലുള്ളത്.
🎪പഴനി ക്ഷേത്രം🎪
പഴനിയിലെ രണ്ടു കുന്നുകളിൽ ഒന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലയിലുണ്ടായിരുന്ന കാനനപാതകളാണ് മുമ്പ് ഭക്തർക്ക് ക്ഷേത്രത്തിലേക്കു പോകാനുള്ള വഴിയായി ഉണ്ടായിരുന്നത്. ആനകൾ സഞ്ചരിച്ചിരുന്ന വഴിയാണ് ഭക്തർ ഉപയോഗിച്ചിരുന്നത്. കൂടാതെ, മലയിൽ ചെത്തിയുണ്ടാക്കിയ കല്പടവുകളും ചിലയിടത്തുണ്ടായിരുന്നു. വിഗ്രത്തിൽ സമർപ്പിക്കാനുള്ള പുണ്യജലവും കൈയിലെടുത്താണ് തീർത്ഥാടകർ പണ്ട് മല കയറിയിരുന്നത്. പുരോഹിതന്മാരും മല നടന്നു തന്നെയാണ് കയറിയിരുന്നത്. എന്നാൽ ഭക്തർ ഉപയോഗിച്ചിരുന്ന പാതയല്ല, അതിനു നേരെ എതിർവശത്തുണ്ടായിരുന്ന മറ്റൊരു പാതയാണ് അവർ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ അര നൂറ്റാണ്ടായി, മലകയറ്റം സുഗമമാക്കാനായി കൂടുതൽ കല്പടവുകൾ നിർമ്മിച്ചു. കൂടാതെ, ഒരു ഫ്യൂണിക്കുലാർ റെയിൽവേ സംവിധാനവും അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ ഇരുമ്പിന്റെ വടത്തിൽ സഞ്ചരിക്കുന്ന ഈ സംവിധാനം, പ്രായാധിക്യത്താലും, ശാരീരികാസ്വാസ്ഥ്യത്താലും മല കയറുന്നവർക്ക് വളരെ ആശ്വാസമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് പഴയ ചേര ശില്പവൈദഗ്ദ്ധ്യത്തിലാണ്. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള, ശില്പചാതുരി പാണ്ഡ്യ കാലഘട്ടത്തെയും, അവരുടെ സ്വാധീനത്തെയും ഓർമ്മിപ്പിക്കുന്നു. ശ്രീകോവിലിന്റെ മതിലിൽ പഴയ തമിഴ്ലിപിയിൽ ധാരാളം ദൈവികസ്തോത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ശ്രീകോവിലിനു മുകളിലായി സ്വർണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
ശ്രീകോവിലിനരുകിലായി, സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാർവ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേർന്ന്, പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹർഷിയുടെ ആരാധനാലയമാണ്. പുറത്ത് സഹോദരനായ ഗണപതിയുടെ ആരാധനാലയവുമുണ്ട്.
ആരാധന . പഴനി കാവടി
വിഗ്രഹത്തിലുള്ള അഭിഷേകമാണ് പ്രധാന ആരാധനാ രീതി. വിവധ തരം ലേപനങ്ങൾ കൊണ്ട് വിഗ്രഹത്തെ അഭിഷേകം ചെയ്യുന്നു. എണ്ണ, ചന്ദനതൈലം, പാൽ എന്നിവ ഉപയോഗിച്ച് അഭിഷേകം നടത്തിയശേഷം, ശുദ്ധ ജലത്തിൽ വീണ്ടും അഭിഷേകം നടത്തുന്നു. ദിവസത്തിന്റെ ഓരോ പ്രത്യേക സമയങ്ങളിലാണ് ഈ അഭിഷേകം നടത്തുന്നത്.
വിഴ പൂജ - അതി രാവിലെയുള്ള പൂജ
ഉച്ചിക്കാലം - മദ്ധ്യാഹ്ന പൂജ.
സായരക്ഷൈ - വൈകീട്ടുള്ള പൂജ.
രാക്കാലം - രാത്രിയുള്ള പൂജ.
(ക്ഷേത്രം അടക്കുന്നതിനു തൊട്ടുമുമ്പ്).
ഈ പൂജകൾ നടക്കുമ്പോൾ ഭക്തരെ അറിയിക്കാനായി ക്ഷേത്രത്തിലുള്ള വലിയ മണി മുഴക്കുന്നത് പതിവാണ്. ശാന്തമായ അന്തരീക്ഷത്തിൽ പഴനി നഗരം മുഴുവൻ ഈ മണിയൊച്ച കേൾക്കാൻ കഴിയും.
അഭിഷേകത്തിനുശേഷം വിഗ്രഹത്തെ ആടയാഭരണങ്ങൾ അണിയിക്കുന്ന ചടങ്ങാണ്. ഇതിനെ അലങ്കാരം എന്നു പറയുന്നു. പിതാവിന്റെ രാജകൊട്ടാരത്തിൽ നിന്നും പഴനിയിൽ വന്നിറങ്ങിയ മുരുകന്റെ രൂപത്തിലായിരിക്കും മിക്കവാറും വിഗ്രഹത്തെ അണിയിച്ചൊരുക്കാറ്. ഇതു കൂടാതെ, ഭഗവാനെ ഉത്സവമൂർത്തിയായി അലങ്കരിച്ച്, സ്വർണ്ണരഥത്തിനുള്ളിൽ ഇരുത്തി ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം നടത്താറുണ്ട്. ഇത് ഭക്തരായിരിക്കും ഈ രഥം വലിച്ചുകൊണ്ടു പോകുന്നത്. ഇത് കാണുന്നത് പുണ്യമായി ഭക്തർ കരുതുന്നു.
ക്ഷേത്ര ആചാരങ്ങൾ
ക്ഷേത്രത്തിലെ മുഖ്യമായ ആചാരമാണ് ഭക്തരുടെ തലയിലെ മുടി നീക്കം ചെയ്ത, ചന്ദനം തേക്കൽ. ബാലമുരുകന്റെ ശിരസ്സിനോട് സാമ്യം തോന്നിക്കാനാണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്. വൈകീട്ട തലമുണ്ഡനം ചെയ്ത ചന്ദനം തേച്ച് അത് രാത്രിമുഴുവൻ സൂക്ഷിക്കുന്നത് ഭക്തരുടെ ഒരു രീതിയാണ്.
മദ്ധ്യാഹ്നത്തിൽ കുറച്ചു നേരവും, രാത്രിയിൽ വളരെ നേരത്തെയും ക്ഷേത്രം നട അടക്കും. പ്രതിഷ്ഠ ബാലമുരുകനായതിനാൽ, ബാലകന് ആവശ്യമായ ഉറക്കം കിട്ടുവാനാണെന്നാണ് വിശ്വാസം. കാരണം, ഭഗവാൻ പകലുമുഴുവനും ഭക്തരോട് സംവദിച്ച് ക്ഷീണിതനായിരിക്കുമത്രെ.
മറ്റൊരു ഐതിഹ്യം നിലനിൽക്കുന്നത്, എല്ലാ ദിവസവും വൈകീട്ട് ഭഗവാന്റെ പള്ളിയറയിൽ ആ ദിവസത്തെ ക്ഷേത്ര സംബന്ധമായ കണക്കുകൾ ഭഗവാൻ പ്രധാന പുരോഹിതനിൽ നിന്നും കേൾക്കുമത്രെ. അതിനുശേഷം മാത്രമേ ഭഗവാൻ പള്ളിയുറക്കത്തിനു പോകാറുള്ളു.
ഉത്സവങ്ങൾ
നിത്യ പൂജകൾക്കു പുറമെ ധാരളം ഉത്സവദിനങ്ങളും പഴനി മുരുക ക്ഷേത്രത്തിൽ കൊണ്ടാടാറുണ്ട്.
തൈ പൂയം
പങ്കുനി ഉത്തിരം
വൈകാശി-വിശാഖം
സൂര-സംഹാരം
തൈ പൂയം ആണ് പഴനി മുരുക ക്ഷേത്രത്തിലെ പ്രധാന ഉത്സവമായി കരുതിപോരുന്നതും ആഘോഷിക്കുന്നതും. തമിഴ്മ് കലണ്ടറിലെ തൈ മാസത്തിലെ (ജനുവരി 15 - ഫെബ്രുവരി 15) പൂർണ്ണചന്ദ്രനെ കാണുന്ന ദിവസമാണ് ഉത്സവദിനമായി ആഘോഷിക്കുന്നത്. ദൂരെ നഗരങ്ങളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും ഭക്തർ കാൽനടയായി ഇവിടേക്കു വരുന്നു. തലമുണ്ഡനം ചെയ്ത് കാവടിയെടുത്താണ് ഇവർ ഭഗവാനെ കാണാനായി വരുന്നത്. ഹിഡുംബ എന്ന രാക്ഷസൻ പഴനിമലകൾ തന്റെ തോളിലേറ്റി ഇവിടെ കൊണ്ടു വന്നു വെച്ചതെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനാണ് ഭക്തർ കാവടിയെടുക്കുന്നത്. ഹിഡുംബൻ, ബാലമുരുകന്റെ ഒരു ആശ്രിതനായിരുന്നു. ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത്. ഇതിനെ തീർത്ഥ-കാവടി എന്നു പറയുന്നു. കരൈക്കുടിയിലുള്ള ഭഗവാന്റെ ക്ഷേത്രത്തിൽ നിന്നും രത്നം പതിച്ച വേലുമായി വരുന്ന കരൈക്കുടിയിൽ നിന്നുള്ള ഭക്തർ വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു.
പൂജകൾ
ദർശനത്തിനായി ഭക്തർക്ക് ശ്രീകോവിൽ തുറക്കുന്നത് സാധാരണ രാവിലെ 6.00 മണി മുതൽ വൈകീട്ട് 8.00 മണി വരെയാണ്. ഉത്സവദിനങ്ങളിൽ രാവിലെ 4:30 ന് നടതുറക്കും.
വിഴ പൂജ (രാവിലെ 6:30)
സിരു കാലം പൂജ (രാവിലെ 8:30)
കാല ശാന്തി (രാവിലെ 9:00)
ഉച്ചികാല പൂജ (ഉച്ചക്ക് 12:00)
രാജ അലങ്കാരം (വൈകീട്ട് 5:30)
രാക്കാല പൂജ (രാത്രി 8:00)
തങ്ക രഥം (വൈകീട്ട് 6:30)
No comments:
Post a Comment