ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, June 15, 2017

കൊല്ലൂർ മൂകാംബികാക്ഷേത്രം. കർണ്ണാടക.

Image result for kollur mookambika temple

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രം. ആദിപരാശക്തിയും പരബ്രഹ്മസ്വരൂപിണിയുമായ ദുർഗ്ഗാദേവിയാണ് പ്രധാന പ്രതിഷ്ഠ.


ദുഃഖനാശിനിയും ദുർഗതിപ്രശമനിയും സർവൈശ്യര്യദായിനിയുമാണ് ദുർഗ്ഗ. ലോകരക്ഷാർദ്ധം മൂകാസുരനെ വധിച്ചതിനാൽ മൂകാംബികയെന്നു വിളിക്കപ്പെടുന്നു. ജീവിത വിജയത്തിനായി നല്ല കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു ഭാവങ്ങളിലാണ് മൂകാംബികാമ്മ ആരാധിക്കപ്പെടുന്നത്. മൂകാംബികയെ ദർശിച്ചാൽ വിദ്യാഭ്യാസ ഉന്നതിയും കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർഥികളും കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കുന്നു.

 പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബികയിൽ ദർശനം നടത്തി ദിവസേന പഠനത്തിന് മുൻപ് അല്പസമയം സിന്ദൂരമണിഞ്ഞു അമ്മയെ പ്രാർഥിച്ചാൽ അലസത അകന്ന് പരീക്ഷാവിജയവും വിദ്യാഭ്യാസ ഉയർച്ചയും അറിവും വാഗ്മിത്തവും സിദ്ധിക്കുമെന്നു വിശ്വാസം. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗ സംഹാരിയായ പ്രത്യേകതരം കഷായം ഇവിടുത്തെ പ്രസാദമാണ്. മാറാരോഗികൾ ഈ കഷായം പ്രാർഥനയോടെ കുടിക്കാറുണ്ട്. ജഗദീശ്വരിയായ മൂകാംബികാദേവി തന്നെയാണ് പരമാത്മാവും, പ്രകൃതിയും, ജീവനും, ബുദ്ധിയും, കലാകാവ്യങ്ങളും, കുണ്ഡലിനീശക്തിയുമെല്ലാം എന്ന് ഭക്തർ വിശ്വസിക്കുന്നു. സൗപർണികനദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.  നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽപ്പെടുന്ന ഒരു ക്ഷേത്രമാണിത്.


സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കല്പത്തിൽ നിന്നാണ് ശാക്തേയർ മഹാമായ ദേവിയെ ആരാധിച്ചു തുടങ്ങിയത്. മാതാവിന്റെ സ്നേഹം ഇവർ മറ്റെന്തിനേക്കാളും മഹത്തായതായി കാണുന്നു. ദേവീ ഭാഗവത പ്രകാരം പ്രപഞ്ചത്തെ സൃഷ്ടിച്ചു സംരക്ഷിച്ചു സംഹരിക്കുന്നതും എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും ആദിശക്തിയാണ്. ഒരു ഇല പോലും പരാശക്തി അറിയാതെ അനങ്ങുന്നില്ല. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ അമ്മയുടെ ത്രിഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ്. ആദിപരാശക്തിക്ക് തന്റെ മക്കളായ സൃഷ്ടികളോട് മാതൃസവിശേഷമായ വാത്സല്യം ആണ് ഉള്ളത്. ആ സർവേശ്വരിയാണ് കൊല്ലൂരിൽ ആരാധിക്കപെടുന്നത്. സത്യം, ധർമ്മം, സ്നേഹം, നീതി എന്നിവ ദേവീസ്വരൂപമായതിനാൽ ഇവ പാലിക്കുന്നവരെ അമ്മ കൂടുതലായി ഇഷ്ടപ്പെടുന്നു. തന്നെ ആരാധിക്കുന്ന ഭക്തർക്കു അറിവും, ഐശ്വര്യവും ആപത്തിൽ രക്ഷയും ഒടുവിൽ മോക്ഷവും കൊടുക്കുന്ന കരുണാമയിയാണ് മൂകാംബിക എന്ന് ഭക്തർ വിശ്വസിക്കുന്നു. ഭക്തന്മാരുടെ ഭവനങ്ങളിൽ ലക്ഷ്മി ആയും അസത്തുക്കളുടെ ഭവനങ്ങളിൽ ജ്യേഷ്ഠയായും ദേവി വസിക്കുന്നു.


കേരളീയരോട് ദേവിക്ക് പ്രത്യേക വാത്സല്യം തന്നെ ഉണ്ട്. ഒരു തവണയെങ്കിലും മൂകാംബികയിലെത്തി ദർശനം നടത്തിയാൽ ജീവിതകാലം മുഴുവനും അമ്മയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ക്ഷേത്രദർശന സമയത്ത് അസൂയ, പരദ്രോഹചിന്ത, വിഷയാസക്തി എന്നിവ ഓഴിവാക്കി, മനസ് പൂർണമായി ദേവിയിൽ സമർപ്പിച്ചു പ്രാർഥിക്കുക. ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം 11-നാം അദ്ധ്യായം, കനകധാരാസ്തോത്രം, മഹാലക്ഷ്മ്യഷ്ടകം എന്നിവ ജപിക്കുന്നത് ദേവിക്ക് പ്രിയങ്കരമാണ് എന്ന് ഭക്തർ കരുതുന്നു. ശുക്രദശാകാലത്ത് ദേവിയെ ആരാധിക്കുന്നത് സർവ ഐശ്വര്യങ്ങളും സിദ്ധിക്കുവാനും ഉള്ള സാമ്പത്തികം നിലനിൽക്കുവാനും ഉത്തമമെന്നു പറയപ്പെടുന്നു. ചൊവ്വ, ബുധൻ, വെള്ളി, ഞായർ, പൗർണമി, നവരാത്രി എന്നിവ ദേവീ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.


ഐതിഹ്യം 

കൊല്ലൂർ മൂകാംബിക ക്ഷേത്രകവാടം
ക്ഷേത്രോൽപ്പത്തിയെക്കുറിച്ചു പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്‌. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്‌. കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്ന അവസരത്തിൽ മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു വന്നിരുന്നു. അസുരതപസ്സിൽ സന്തുഷ്ടനയി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ പാർവതി ദേവി മൂകനാക്കി. അങ്ങനെ ആ അസുരന് മൂകാസുരൻ എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു സങ്കൽപം. ആദിശങ്കരൻ ഈ പ്രദേശത്തു അനേക ദിനങ്ങൾ തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്നും, അന്നു ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹം പ്രതിഷ്ഠ നടത്തി എന്നും വിശ്വസിക്കപ്പെടുന്നു. ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണു ഇന്നും പിന്തുടർന്നു വരുന്നത്.


ക്ഷേത്രനിർമ്മിതി 

കൊല്ലൂർ ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുവശവും നിരവധി മലകൾ ചുറ്റിനിൽക്കുന്നു. പന്ത്രണ്ടടി ഉയരമുള്ള പടുകൂറ്റൻ ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഗംഭീരഭാവത്തോടുകൂടി നിൽക്കുന്നു. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ കാണാം. പ്രധാനപ്പെട്ട കടകംബോളങ്ങളും ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. തെക്കേ നടയിൽ ക്ഷേത്രം തന്ത്രിമാരുടെ വീട് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. ഇതിന്റെ തെക്കുഭാഗത്തുകൂടെ പോയാൽ മറുകരയിലെത്താം. തെക്കുകിഴക്കുഭാഗത്ത് വടക്കോട്ട് ദർശനമായി വലംപിരി ഗണപതിഭഗവാന്റെ ക്ഷേത്രമുണ്ട്. ഇവിടെ തൊഴുതാണ് ഭക്തർ ദേവിയെ തൊഴാൻ പോകുന്നത്. കിഴക്കേ നടയിൽ ക്ഷേത്രം വക ചെരുപ്പ് കൗണ്ടറുണ്ട്. ഇതിനടുത്താണ് ക്ഷേത്രത്തിലെ ആനകളെ പാർപ്പിയ്ക്കുന്നത്.


കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് ഉത്തുംഗമായ സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയും വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ദീപസ്തംഭത്തിൽ ഒരു ഗണപതിപ്രതിഷ്ഠയുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠയുടെ പേര്. തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലാണ്. ചതുർബാഹുവായ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. സുബ്രഹ്മണ്യസ്വാമിയോടൊപ്പം നാഗദൈവങ്ങളും ശ്രീകോവിലിൽ പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുണ്ട്.


സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിന് തൊട്ടടുത്താണ് പ്രസിദ്ധമായ 'സരസ്വതീമണ്ഡപം'. ദിവസവും ആയിരക്കണക്കിന് കുരുന്നുകൾ ഇവിടെ വന്ന് തങ്ങളുടെ നൃത്തസംഗീതമികവുകൾ പ്രകടമാക്കാറുണ്ട്. ഒട്ടുമിക്ക ദിവസവും ഇവിടെ ധാരാളം കലാകാരന്മാരെ കാണാം. ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ് എല്ലാ വർഷവും തന്റെ ജന്മദിനമായ ജനുവരി 10-ന് ഇവിടെ വന്ന് സംഗീതാർച്ചന നടത്താറുണ്ട്. ഇവിടെ അരങ്ങേറ്റം കുറിയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു. ആയിരക്കണക്കിന് കുരുന്നുകൾ അക്ഷരലോകത്തേയ്ക്ക് കടക്കുന്നതും ഇവിടെയാണ്. സരസ്വതീമണ്ഡപം എന്ന പേരിനെ അന്വർത്ഥമാക്കും വിധം സരസ്വതീദേവിയുടെ ഒരു വിഗ്രഹമുണ്ട്. ഇതിൽ ദിവസവും പൂജകൾ നടക്കുന്നുണ്ട്.



സരസ്വതീമണ്ഡപത്തിന്റെ തൊട്ടടുത്ത് തിടപ്പള്ളിയും ഹോമപ്പുരയും സ്ഥിതിചെയ്യുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി അടുത്തടുത്ത് അഞ്ച് ശ്രീകോവിലുകൾ കാണാം. ഇവയിൽ ആദ്യത്തെ ശ്രീകോവിലിൽ പഞ്ചമുഖഗണപതിപ്രതിഷ്ഠയും മറ്റ് നാലിടത്തും ശിവപ്രതിഷ്ഠകളുമാണ്. ശിവപ്രതിഷ്ഠകൾ കുടികൊള്ളുന്ന ശ്രീകോവിലുകളിലെ പ്രതിഷ്ഠകൾ യഥാക്രമം (തെക്കുനിന്ന് വടക്കോട്ട്) പ്രാണലിംഗേശ്വരൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെ അറിയപ്പെടുന്നു. നഞ്ചുണ്ടേശ്വരന്റെ ശ്രീകോവിലിൽ മാത്രമാണ് നന്തിപ്രതിഷ്ഠയുള്ളത്. വടക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി രണ്ട് ശ്രീകോവിലുകൾ കാണാം. ഇവയിൽ ഒന്നിൽ ഹനുമാൻ സ്വാമിയും മറ്റേതിൽ മഹാവിഷ്ണുവുമാണ് പ്രതിഷ്ഠകൾ. വടക്കുഭാഗത്ത് ദേവസ്വം ഓഫീസുകളും വഴിപാട് കൗണ്ടറുകളുമാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ രഥങ്ങൾ ഉത്സവക്കാലമൊഴിച്ചുള്ള സമയങ്ങളിൽ സൂക്ഷിച്ചുവയ്ക്കുക. വടക്കുകിഴക്കുഭാഗത്ത് പടിഞ്ഞാട്ട് ദർശനമായി ദക്ഷാന്തകനായ വീരഭദ്രൻ കുടികൊള്ളുന്നു. ദേവിയുടെ അംഗരക്ഷകനായാണ് ഇവിടെ വീരഭദ്രന്റെ സങ്കല്പം. വീരഭദ്രന്റെ ശ്രീകോവിലിന് മുന്നിൽ ഒരു തുളസിത്തറയുണ്ട്. ശ്രീകൃഷ്ണഭഗവാനെ സങ്കല്പിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്.

No comments:

Post a Comment