ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 19, 2017

ചോറ്റാനിക്കര ഭഗവതിക്ഷേത്രം





കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ദേവീക്ഷേത്രം. 
Related image

ആദിപരാശക്തിയും പരമാത്മസ്വരൂപിണിയും ആയ ജഗദംബികയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. തന്മൂലം ഇവിടെ വരുന്ന ഭക്തർ 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കുന്നത്. മഹാമായ ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക.

വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വാക്ക്, വിദ്യ, അറിവ് ഇവയുടെ സ്വരൂപമായ മൂകാംബിക സങ്കൽപ്പത്തിൽ സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമവസ്ത്രത്തിൽ പൊതിഞ്ഞ് സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്ന മഹാലക്ഷ്മി ആയാണ് ഉച്ചക്ക് ആരാധിക്കുക. നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയും ദുർഗതിനാശിനിയും ആപത്ത് അകറ്റുന്നവളുമായ ദുർഗ്ഗാദേവിയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക. മൂന്നുഭാവങ്ങളുമുള്ളതിനാൽ ചോറ്റാനിക്കര അമ്മ രാജരാജേശ്വരീ സങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. ദേവി ആദ്യം പ്രത്യക്ഷപ്പെട്ട ക്ഷേത്രത്തിലെ പവിഴമല്ലിത്തറയിൽ പ്രാർഥിച്ചാൽ സാമ്പത്തിക ബാധ്യതകളും കടങ്ങളും അകന്നു ഐശ്വര്യം കൈവരും എന്നു വിശ്വാസം.



മാനസിക രോഗങ്ങളും സ്വഭാവ ദൂഷ്യങ്ങളും ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ധാരാളമായി ഇവിടം സന്ദർശിക്കുന്നു.
ചോറ്റാനിക്കര കീഴ്ക്കാവിൽ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. രൗദ്ര ഭാവമുള്ള ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഗുരുതി പൂജാവേളയിൽ കാളിയെ നരസിംഹമൂർത്തിയെ തടഞ്ഞു നിർത്തി അദ്ദേഹത്തിന്റെ കോപത്തെ സ്വീകരിച്ചു ലോകരക്ഷ ചെയ്ത ഏറ്റവും ഉഗ്രരൂപിണിയായ പ്രത്യുഗിരാദേവി (നാരസിംഹിക ) അഥവാ അഥർവാണ ഭദ്രകാളിയായും സങ്കൽപ്പിക്കുന്നു. ആയിരം ഭദ്രകാളീ പൂജക്ക്‌ തുല്യമാണ് ഒരു പ്രത്യുൻഗിരാ പൂജ. മാനസിക രോഗങ്ങൾ മാറുവാനും സ്വഭാവദൂഷ്യങ്ങൾ അകലുവാനും ശത്രുതാനിവാരണത്തിനും ഗുരുതി പൂജ ഉത്തമമെന്നു കരുതപ്പെടുന്നു. സായാഹ്നത്തിന് ശേഷം ശക്തിസ്വരൂപിണിയായ കാളിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുർഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര. ക്ഷേത്രത്തിൽ കുംഭമാസത്തിൽ മകം നാളിൽ നടക്കുന്ന മകം തൊഴൽ സർവാഭീഷ്ടസിദ്ധിക്കും ഐശ്വര്യത്തിനും വളരെ വിശേഷപ്പെട്ട ദിവസമാണ്. ഈ ദിവസം ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ തടിച്ചുകൂടുന്നു.



ഐതിഹ്യം

സ്ഥലനാമം 

വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യാദേവതയായ സരസ്വതിയ്ക്ക് ഒറ്റ ക്ഷേത്രം പോലുമില്ലാത്തതിൽ വിഷമിച്ച അദ്വൈത വേദാന്തിയായിരുന്ന ആദിശങ്കരാചാര്യർ ഇതിന് പരിഹാരം കണ്ടെത്താനായി കുടജാദ്രിയിൽ പോയി തപസ്സിരുന്നു. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷയായ സരസ്വതീദേവിയോട് അദ്ദേഹം തന്റെ ആഗ്രഹം ഉണർത്തിച്ചു. തന്റെ വാസസ്ഥാനമായ കൊല്ലൂർ മൂകാംബികാക്ഷേത്രം വിട്ടുപോകാൻ ദേവി ആദ്യം വിസമ്മതിച്ചെങ്കിലും ഭക്തനായ ശങ്കരാചാര്യരുടെ ആഗ്രഹത്തിൽ ഒടുവിൽ ദേവി പ്രസാദിച്ചു. പക്ഷേ, ചില നിർദ്ദേശങ്ങളും ദേവി ശങ്കരാചാര്യർക്കുമുന്നിൽ വച്ചു: 'ശങ്കരാ, ഞാൻ എന്നും നിന്റെ പിന്നാലെത്തന്നെയുണ്ടാകും. എന്നാൽ, ഒരു കാരണവശാലും തിരിഞ്ഞു നോക്കരുത്. അപ്പോൾ ഞാൻ അപ്രത്യക്ഷയാകും.' ഈ നിബന്ധനയനുസരിച്ച് ദേവി ശങ്കരാചാര്യരെ അനുഗമിച്ചു. യാത്രാവേളയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ ദേവിയുടെ കാലൊച്ച കേൾക്കാതായി. നിബന്ധന മറന്ന് ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയപ്പോൾ ദേവി വിഗ്രഹമായതായിക്കണ്ടു. ഏറെ വിഷമിച്ച ശങ്കരാചാര്യർ വീണ്ടും പ്രാർത്ഥന തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു: 'നീ നിബന്ധന തെറ്റിച്ചു. അതിനാൽ നിന്റെ കൂടെ വരാൻ എനിയ്ക്കാകില്ല. എങ്കിലും, നീയാഗ്രഹിയ്ക്കുന്ന സ്ഥലത്ത് ഞാൻ കുടികൊണ്ടുകൊള്ളാം.' ശങ്കരാചാര്യർ പറഞ്ഞു: 'എന്റെ നാട്ടിലെ സുപ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ എന്നും രാവിലെ അവിടുന്ന് കുടികൊള്ളണം. അവിടെ നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞുമാത്രമേ കൊല്ലൂരിലെത്താൻ പാടൂ.' ഈ ഐതിഹ്യത്തിന് ഉപോദ്ബലകമായി ഇന്നും കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ രാവിലെ അഞ്ചുമണിയ്ക്കാണ് നട തുറക്കുന്നത്. ചോറ്റാനിക്കരയിൽ നാലുമണിയ്ക്ക് നട തുറന്ന് നിർമ്മാല്യവും ഉഷഃപൂജയും കഴിഞ്ഞാണ് ഇത് നടക്കുന്നത്. അങ്ങനെ ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ 'ജ്യോതിയാനയിച്ചകര' എന്ന് സ്ഥലത്തിന് പേരുവന്നു. പിന്നീട് അത് ലോപിച്ചാണ് ചോറ്റാനിക്കരയായത് എന്ന് പറയപ്പെടുന്നു.



ക്ഷേത്രസ്ഥാപനം


ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. ഒരുപാട് മലയരയന്മാർ അവിടെ താമസിച്ചിരുന്നു. അവരുടെ തലവനായിരുന്ന കണ്ണപ്പൻ അതിക്രൂരനും നീചനുമായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പശുക്കളെ മോഷ്ടിച്ചുകൊണ്ടുവന്ന് അവയിൽ ഏറ്റവും ലക്ഷണമൊത്ത പശുവിനെ കൊടുംകാളിയ്ക്ക് ബലികൊടുക്കുന്നതായിരുന്നു അയാളുടെ വിനോദം. കണ്ണപ്പന്റെ ഭാര്യ നേരത്തെത്തന്നെ മരിച്ചുപോയി. അയാൾക്ക് കൂട്ടായി ഒരു മകളും ഒരുപാട് അനുചരന്മാരുമാണ് ഉണ്ടായിരുന്നത്.
ഒരുദിവസം കണ്ണപ്പന്റെ കുടിലിലേയ്ക്ക് ഒരു പശുക്കുട്ടി സ്വയമേവ കയറിവന്നു. അതീവ തേജോമയമായിരുന്നു അതിന്റെ മുഖം. കണ്ണപ്പന്റെ മകൾ ആ പശുക്കുട്ടിയെ സ്വന്തമാക്കി വളർത്താൻ തുടങ്ങി. അതിനിടയിൽ കണ്ണപ്പന് മറ്റു പശുക്കളെയൊന്നും കിട്ടാതായി. അയാൾ മകളുടെ പശുവിനെത്തന്നെ ബലികൊടുക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ മകൾ ആ ക്രൂരകൃത്യം തടഞ്ഞു. അങ്ങനെ കണ്ണപ്പൻ പശുബലി നിർത്തി. പിന്നീട് അയാൾ കായ്കനികൾ തേടലും കൃഷിയുമൊക്കെയായി കഴിഞ്ഞുകൂടി. എന്നാൽ അയാൾ മുമ്പ് ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചു.



 ഒരുദിവസം അയാളുടെ മകൾ അകാലചരമം പ്രാപിച്ചു. അതോടെ അയാൾക്ക് ജീവിതത്തോട് വെറുപ്പായി. അപ്പോഴും മകളുടെ പശുക്കുട്ടിയെ പരിപാലിച്ച് അയാൾ ജീവിച്ചുപോന്നു. ഒരുദിവസം രാത്രി അയാൾ ഒരു സ്വപ്നം കണ്ടു. പശുക്കുട്ടി തൊഴുത്തിൽ കല്ലായിക്കിടക്കുന്നതായിരുന്നു ആ കാഴ്ച. തൊട്ടടുത്ത് ഒരു സന്യാസിയും. സന്യാസിയുടെ ചുണ്ടിൽ നാമമന്ത്രങ്ങളുണ്ട്. പിറ്റേദിവസം പുലർച്ചെ കണ്ണപ്പൻ ഉണർന്നുനോക്കിയപ്പോൾ സ്വപ്നം ഫലിച്ചുകിടക്കുന്നതായി കണ്ടു. ഒന്നും മനസ്സിലാകാതെ അയാൾ നിലവിളിച്ചു. അപ്പോൾ ഒരുപാട് ആൾക്കാർ അയാളുടെ അടുത്തേയ്ക്ക് ഓടിവന്നു. അക്കൂട്ടത്തിൽ ഒരു സന്യാസിയുമുണ്ടായിരുന്നു. അദ്ദേഹം കണ്ണപ്പനോട് പറഞ്ഞു: 'കണ്ണപ്പാ, നീയൊരു പുണ്യപുരുഷനാണ്. സാക്ഷാൽ ജഗദംബിക തന്നെയാണ് പശുവായി നിന്റെ തൊഴുത്തിൽ കഴിഞ്ഞുകൂടിയത്. തൊട്ടടുത്തുള്ള മറ്റൊരു ശില നോക്കൂ. അത് സാക്ഷാൽ വൈകുണ്ഠനാഥനാണ്. നീ ഉടനെത്തന്നെ ഇവിടെ ആരാധന തുടങ്ങണം. നിനക്ക് മോക്ഷം ലഭിയ്ക്കും.' ഇത്രയും പറഞ്ഞശേഷം സന്യാസി അപ്രത്യക്ഷനായി. ആ സന്യാസി പരാശരമഹർഷിയാണെന്ന് പറയപ്പെടുന്നു. തുടർന്ന് കണ്ണപ്പനും അനുചരന്മാരും തൊഴുത്ത് മുഴുവൻ വൃത്തിയാക്കി യഥാശക്തി പൂജകൾ ചെയ്തുകൊണ്ട് ശിഷ്ടകാലം കഴിച്ചുകൂട്ടി. അവസാനം അവർക്ക് ലക്ഷ്മീനാരായണദർശനം ലഭിച്ചു. ഭഗവാനും ഭഗവതിയും ഇങ്ങനെ അരുൾ ചെയ്തു: 'മക്കളേ, നിങ്ങൾ പുണ്യം ചെയ്തവരാണ്. നിങ്ങളുടെ ഈ തൊഴുത്തിന്റെ സ്ഥാനത്ത് കാലാന്തരത്തിൽ ഒരു മഹാക്ഷേത്രം ഉയർന്നുവരും. ഭക്തകോടികൾ കൺപാർക്കുന്ന ഒരു പുണ്യസങ്കേതമായി അതുമാറും. അന്ന് നിങ്ങളുടെ ഈ ജന്മത്തിലെ പുണ്യം മൂലം വീണ്ടും ഇവിടെ വന്നുചേരാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.' ഇത്രയും പറഞ്ഞശേഷം ഇരുവരും അപ്രത്യക്ഷരായി. അവിടെയും രണ്ട് സ്വയംഭൂവിഗ്രഹങ്ങൾ ഉയർന്നുവന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോൾ കണ്ണപ്പൻ മരിച്ചു. അയാളുടെ മരണശേഷം മലയരയന്മാർ മറ്റുസ്ഥലങ്ങളിലേയ്ക്ക് കുടിയേറിപ്പാർത്തു. കാലം കുറേ കടന്നുപോയി. ഒരുദിവസം ഇവിടെ പുല്ലുചെത്താനായി കുറച്ച് പുലയസ്ത്രീകൾ വന്നു. അവരുടെ സംഘത്തിലെ ഒരുവൾ തന്റെ അരിവാളിന് മൂർച്ഛ കൂട്ടാനായി അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അവിടെ രക്തപ്രവാഹമുണ്ടായി. ഈ കാഴ്ച കണ്ട് അവൾ ഭയന്നുനിലവിളിച്ചു. ഉടനെത്തന്നെ സംഘത്തിലെ മറ്റുള്ളവർ അവിടുത്തെ നാട്ടുപ്രമാണിയും താന്ത്രികാചാര്യനുമായിരുന്ന എടാട്ട് നമ്പൂതിരിയെ ഈ വിവരം അറിയിച്ചു. അദ്ദേഹം ഉടനെത്തന്നെ മറ്റുപ്രമാണിമാർക്കൊപ്പമെത്തി. അവർക്കൊപ്പം വന്ന ജ്യോത്സ്യർ പ്രശ്നം വച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് കണ്ണപ്പൻ പൂജിച്ചിരുന്ന അതേ വിഗ്രഹങ്ങൾ തന്നെയാണ് അവയെന്ന് കണ്ടെത്തി. നമ്പൂതിരി ഉടനെത്തന്നെ ചിരട്ടയിൽ നിവേദ്യം സമർപ്പിച്ചു. ഇതുമൂലം ഇന്നും രാവിലത്തെ നിവേദ്യം ചിരട്ടയിലാണ് നൽകുന്നത്. അങ്ങനെ പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. ഒമ്പത് ഇല്ലക്കാർ അത് സ്വന്തമാക്കി. എടാട്ട് നമ്പൂതിരിയായിരുന്നു ശാന്തിക്കാരൻ. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം.



ചോറ്റാനിക്കര യക്ഷിയും, രണ്ടാം അഭിഷേകവും


ചോറ്റാനിക്കരയ്ക്കടുത്തുള്ള കണ്ടാരപ്പള്ളി ഇല്ലത്തെ കാരണവരായിരുന്നു ഗുപ്തൻ നമ്പൂതിരി. വേദപണ്ഡിതനും മഹാമാന്ത്രികനുമായിരുന്നെങ്കിലും കടുത്ത സ്ത്രീലംബടനായിരുന്നു അദ്ദേഹം. ഒരു കഥകളിഭ്രാന്തൻ കൂടിയായിരുന്ന ഗുപ്തൻ നമ്പൂതിരി ഒരു ദിവസം വൈകീട്ട് അടുത്തുള്ള തൃപ്പൂണിത്തുറയിൽ കഥകളി കാണാൻ പോകുകയായിരുന്നു. അന്ന് ഇന്നത്തേപ്പോലെ റോഡുകളൊന്നുമുണ്ടായിരുന്നില്ല. അത്യന്തം ദുർഘടം പിടിച്ച വഴികളിലൂടെയാണ് പോകേണ്ടിയിരുന്നത്. അതിനാൽ, ചൂട്ട് കത്തിച്ചാണ് അദ്ദേഹം പുറപ്പെട്ടത്. പോകുന്ന വഴിയിൽ ഗുരുനാഥനായ കോശാപ്പിള്ളി നമ്പൂതിരിപ്പാടിനെ കണ്ട് ദേവീമാഹാത്മ്യം കൊടുക്കാനുമുണ്ടായിരുന്നു. അതിനാൽ, അദ്ദേഹത്തിന് തിരക്കിട്ട് പുറപ്പെടേണ്ടിവന്നു. അന്ന് പൗർണ്ണമിയായിരുന്നു. നടന്ന് ക്ഷീണം തോന്നിയ അദ്ദേഹം ഒരു പാലമരം കണ്ടപ്പോൾ അതിന്റെ ചുവട്ടിൽ വിശ്രമിയ്ക്കാനും വെറ്റില മുറുക്കാനും തീരുമാനിച്ചു. പെട്ടെന്ന് എവിടെനിന്നോ പാലപ്പൂവിന്റെ മണം ഒഴുകിവരാൻ തുടങ്ങി. തൊട്ടുപിന്നാലെ, അതീവസുന്ദരിയായ ഒരു സ്ത്രീ തന്റെ മുന്നിൽ വന്നുനിൽക്കുന്നതായി ഗുപ്തൻ നമ്പൂതിരിയ്ക്ക് തോന്നുകയും ചെയ്തു. മുമ്പിൽ വന്ന സ്ത്രീ താൻ വൈന്തലക്കോട്ട് വാരിയത്തെ കാമാക്ഷി വാരസ്യാരാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് ഇരുവരുമൊന്നിച്ച് പല വർത്തമാനങ്ങളും പറഞ്ഞ് ഒരുപാട് ദൂരം നടന്നു. അങ്ങനെ ഗുപ്തൻ നമ്പൂതിരിയും കാമാക്ഷി വാരസ്യാരും നടന്നുനടന്ന് കോശാപ്പിള്ളി മനയുടെ മുന്നിലെത്തി. മഹാമാന്ത്രികനായ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യന്റെ വരവും കാത്ത് പൂമുഖത്തുണ്ടായിരുന്നു. ഗുപ്തൻ നമ്പൂതിരി ഉടനെത്തന്നെ അകത്തുപോയി ഗുരുനാഥനെ വണങ്ങി കൈവശമുണ്ടായിരുന്ന ദേവീമാഹാത്മ്യം അദ്ദേഹത്തിന് സമ്മാനിച്ചു. ഗ്രന്ഥം കൊടുത്തതിന് പിന്നാലെ കോശാപ്പിള്ളി നമ്പൂതിരി ശിഷ്യനോട് ഒരു കാര്യം പറഞ്ഞു: 


വാരസ്യാരുടെ വേഷത്തിൽ കൂടെ വന്നിരിയ്ക്കുന്നത് ഒരു യക്ഷിയാണ്! ദേവീമാഹാത്മ്യഗ്രന്ഥം കൈവശമുണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും നേരം യക്ഷിയുടെ ഉപദ്രവമില്ലാതിരുന്നത്. തുടർന്ന് പുറത്തുവന്ന് നോക്കുമ്പോൾ ഭീകരരൂപത്തിൽ യക്ഷി മുന്നിൽ നിൽക്കുന്നത് ഗുപ്തൻ നമ്പൂതിരി കണ്ടു. ഏറെ ഭയപ്പെട്ട അദ്ദേഹം ഗുരുവിന്റെ കാലിൽ വീണ് കരഞ്ഞു. കോശാപ്പിള്ളി നമ്പൂതിരി തന്റെ കൈവശമുണ്ടായിരുന്ന 12 മാന്ത്രികക്കല്ലുകൾ ശിഷ്യന് സമ്മാനിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഇനി സാക്ഷാൽ ചോറ്റാനിക്കരയമ്മയ്ക്ക് മാത്രമേ നിന്നെ രക്ഷിയ്ക്കാനാകൂ. നേരേ ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുക. കഥകളി കാണാൻ പോകണ്ട. യക്ഷി അടുത്തെത്തുമ്പോൾ ഈ കല്ലുകൾ എടുത്ത് പുറകിലേയ്ക്കെറിയുക. അപ്പോൾ യക്ഷി സ്ഥലം വിടും.' തുടർന്ന് ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിലേയ്ക്ക് ഓടാൻ തുടങ്ങി. പിന്നാലെ യക്ഷിയുമുണ്ട്. കല്ലുകൾ പന്ത്രണ്ടും ചോറ്റാനിക്കരയെത്തും മുമ്പേ തീർന്നു. എന്നാൽ, അധികം കഴിയും മുമ്പുതന്നെ ഗുപ്തൻ നമ്പൂതിരി ചോറ്റാനിക്കര ക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി. അപ്പോൾ സമയം ഏഴരവെളുപ്പ് കഴിഞ്ഞിരുന്നതിനാൽ, ക്ഷേത്രനട തുറന്നിരുന്നു. നിർമ്മാല്യവും അഭിഷേകവും മലർ നിവേദ്യവും കഴിഞ്ഞ സമയമായിരുന്നു അത്. കൈവശമുണ്ടായിരുന്ന തോർത്ത് പുറത്തെറിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് കടക്കാൻ നോക്കിയ ഗുപ്തൻ നമ്പൂതിരിയെ യക്ഷി പിടിച്ചുവലിയ്ക്കാൻ ശ്രമിച്ചു. അപ്പോൾ, ശ്രീലകത്തുനിന്ന് ചോറ്റാനിക്കരയമ്മ ഇറങ്ങിവന്ന് തന്റെ കയ്യിലെ വാളെടുത്ത് യക്ഷിയുടെ തലവെട്ടി തല തെക്കേക്കുളത്തിലെറിഞ്ഞു. ആ കുളം ഇന്നും 'രക്തക്കുളം' എന്നറിയപ്പെടുന്നു. ദേവിയുടെ ഉടയാടയിൽ ചോരപ്പാടുകൾ കണ്ട അന്നത്തെ മേൽശാന്തി, അയനിക്കാട്ട് നരസിംഹൻ നമ്പൂതിരി, ഉടയാട മാറ്റി വീണ്ടും അഭിഷേകം നടത്തി. ഇതിന്റെ സ്മരണയ്ക്ക് ഇന്നും ചോറ്റാനിക്കരയിൽ രാവിലെ അഭിഷേകവും നിവേദ്യവും കഴിഞ്ഞ് വീണ്ടും അഭിഷേകം നടത്തുന്നു. ദേവിയുടെ കൈകൊണ്ട് മോക്ഷം കിട്ടിയ യക്ഷി ഒരു ഉപദേവതയായി ക്ഷേത്രത്തിൽ കുടികൊള്ളാൻ തുടങ്ങി.




വില്വമംഗലം സ്വാമിയാരും മകം തൊഴലും കീഴ്ക്കാവിലമ്മയും


ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന 'മകം തൊഴൽ'. ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം. അതിങ്ങനെയാണ്: ഒരിയ്ക്കൽ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോൾ അതൊരു ഭദ്രകാളിവിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ക്ഷേത്രം പിറവിയെടുത്തത്.

തുടർന്ന് മേൽക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാൽ ചോറ്റാനിക്കരയമ്മ ശ്രീനാരായണസമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു! സ്വാമിയാർ ദേവീപാദങ്ങളിൽ വീണ് നമസ്കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് ഇന്നും മകം തൊഴൽ ദർശനം നടത്തിവരുന്നത്.



ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ചോറ്റാനിക്കര ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, ബസ് സ്റ്റാൻഡ് വിവിധ കടകംബോളങ്ങൾ തുടങ്ങിയവയെല്ലാം ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ചോറ്റാനിക്കരയിൽ രണ്ട് ക്ഷേത്രങ്ങളുണ്ട് - മേൽക്കാവും കീഴ്ക്കാവും. 'ചോറ്റാനിക്കര ക്ഷേത്രം' എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത് മേൽക്കാവ് ക്ഷേത്രമാണ്. രണ്ടേക്കറോളം വിസ്തീർണ്ണം വരുന്ന മതിലകത്തോടുകൂടിയ ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ, ആ ഭാഗത്ത് റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. പടിഞ്ഞാറേ നടയിലാണ് തിരക്കുള്ളത്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിൽ പണിതിട്ടുണ്ട്. ഏകദേശം നാലഞ്ചാനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ഇതിനപ്പുറത്താണ് ദേവീവാഹനമായ സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം, പ്രൗഢിയോടെ നിലകൊള്ളുന്നത്. 200 അടി ഉയരം വരുന്ന ഈ കൊടിമരം ദൂരെനിന്നുവരുന്ന ഭക്തർക്കുപോലും കാണാൻ കഴിയുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിയ്ക്കുന്നത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അധികം പൊക്കമുള്ള ബലിക്കല്ലല്ല ഇവിടെയുള്ളത്. അതിനാൽ, ആനക്കൊട്ടിലിൽ നിന്നുനോക്കിയാൽത്തന്നെ വിഗ്രഹം കാണാം. ക്ഷേത്രമതിൽക്കെട്ടിന് തൊട്ടുപുറത്ത് പ്രത്യേകം ശ്രീകോവിലിൽ പൂർണാപുഷ്കലാസമേതനായ ധർമ്മശാസ്താവ് കുടിയിരിയ്ക്കുന്നു. ഇതിനടുത്തുതന്നെ ക്ഷേത്രത്തിലെ നവരാത്രിമണ്ഡപവും കാണാം. ക്ഷേത്രത്തിലെ കലാപരിപാടികൾ നടക്കുന്നത് ഇവിടെയാണ്. നവരാത്രിമണ്ഡപത്തിനടുത്ത് ഒരു അന്നദാനമണ്ഡപവുമുണ്ട്. ക്ഷേത്രത്തിൽ ഒരു ഊട്ടുപുരയുടെ അഭാവം ഇവിടെ ഈ അന്നദാനമണ്ഡപം നികത്തുന്നു. ദിവസവും ഇവിടെ സാധുക്കൾക്ക് അന്നദാനമുണ്ട്. അന്നദാനമണ്ഡപത്തിൽ നിന്ന് അല്പം മാറിയാണ് ക്ഷേത്രത്തിലെ വെടിപ്പുര. വെടിവഴിപാട് ഇവിടെ ദേവിയ്ക്ക് പ്രധാനമാണ്.


Related imageകിഴക്കേ നടയിൽ നിന്ന് 57 കരിങ്കൽപ്പടികൾ ഇറങ്ങിയാൽ കീഴ്ക്കാവിലെത്താം. കാലേക്കറിൽ താഴെ വിസ്തീർണ്ണം വരുന്ന ഒരു കൊച്ചുക്ഷേത്രമാണ് കീഴ്ക്കാവ്. തൊട്ടുമുന്നിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങൾക്കും ഒന്നിച്ചാണ് കുളം. സാമാന്യം വലുപ്പമുള്ള കുളമാണിത്. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് കീഴ്ക്കാവിലെ പ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദർശനം. ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. കീഴ്ക്കാവിലമ്മയുടെ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു പാലമരമുണ്ട്. അവിടെ ധാരാളം ആണികൾ അടിച്ചുവച്ചിട്ടുണ്ട്. ബാധോപദ്രവക്കാരെ കൊണ്ടുവന്നശേഷം അവരെ പിടികൂടിയിരിയ്ക്കുന്ന ബാധയെ ദേഹത്തുനിന്ന് ഒഴിപ്പിയ്ക്കുകയും തുടർന്ന് അവയെ സത്യം ചെയ്യിയ്ക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ഇതിനുശേഷമാണ് ഇവയെ തളയ്ക്കുന്നത്. പാലമരത്തിൽ ആണിയടിച്ചുകൊണ്ടാണ് ഈ കർമ്മം നടത്തുന്നത്. ഇത്തരം ആണികളാണ് ഈ പാലമരത്തിലുള്ളത്. പാലമരത്തിൽ തന്നെ ധാരാളം കളിപ്പാവകളുടെയും കളിപ്പാടങ്ങളുടെയും രൂപങ്ങളും കാണാം. ഇവയും ബാധോപദ്രവത്തിന്റെ സൂചനകളാണ്. ഇതിനടുത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ ആൽമരത്തെ ഏഴുതവണ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഈ ആൽമരത്തിന്റെ ചുവട്ടിൽ ചില ദേവതാരൂപങ്ങളുണ്ട്. ഗണപതി, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ തുടങ്ങിയ മൂർത്തികളാണ് ഇവിടെയുള്ളത്.



Image result for chottanikkara temple photosമേൽക്കാവിലെ പ്രദക്ഷിണവഴി കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ ശീവേലിപ്പുരയും കാണാം. തെക്കുഭാഗത്താണ് ശ്രീമൂലസ്ഥാനം സ്ഥിതിചെയ്യുന്നത്. ഭഗവതി ആദ്യം കുടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പേരുവന്നത്. ഐതിഹ്യപ്രകാരം കണ്ണപ്പന്റെ തൊഴുത്തും കാവുമായിരുന്ന സ്ഥലമാണ് ഈ ശ്രീമൂലസ്ഥാനം. ഇവിടെ ഒരു പവിഴമല്ലിമരമുണ്ട്. അതിനാൽ ഇവിടം 'പവിഴമല്ലിത്തറ' എന്നും അറിയപ്പെടുന്നു. പവിഴമല്ലിത്തറയിൽ ഇരിയ്ക്കാനും കിടക്കാനും പാടില്ല. ഇവിടെ തൊഴുതുവേണം ദേവിയെ തൊഴാൻ എന്നാണ് നിയമം. ശ്രീമൂലസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. 
ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയുള്ളത്.
ഗണപതിവിഗ്രഹത്തിന്റെ രൂപഭേദങ്ങൾ സാധാരണ പോലെത്തന്നെ. ശിവന്റെ ശ്രീകോവിലായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല. ശിവന്റെ നടയ്ക്ക് തൊട്ടടുത്ത് മേൽക്കൂരയില്ലാത്ത പ്രത്യേകം തറകളിൽ നാഗദൈവങ്ങളുടെയും യക്ഷിയുടെയും പ്രതിഷ്ഠകൾ കാണാം. വടക്കുപടിഞ്ഞാറുഭാഗത്ത് രക്ഷസ്സുകൾ വാഴുന്നു. വടക്കുഭാഗത്ത് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ കാണാം. ഗുരുതിപൂജയും മണ്ഡപത്തിൽ പാട്ടുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഇവയ്ക്ക് വലിയ തുകയുണ്ട്.



ശ്രീകോവിൽ


ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷശിലാനിർമ്മിതമായ സ്വയംഭൂവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. അതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. രത്നപീഠത്തിൽ കാലുകൾ രണ്ടും താഴോട്ട് തൂക്കിയിരിയ്ക്കുന്ന, ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തിവച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ രൂപത്തിലാണ് കേരളത്തിൽ മിക്കയിടത്തും ചോറ്റാനിക്കരയമ്മയുടെ രൂപം ചിത്രീകരിച്ചിട്ടുള്ളത്. ദേവീവിഗ്രഹത്തിനടുത്തായി അതേ ഉയരത്തിൽ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണുസാന്നിദ്ധ്യമാണ്. രണ്ടും ഒരേ പീഠത്തിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, ലക്ഷ്മീനാരായണസങ്കല്പം ഇവിടത്തെ മൂർത്തിയ്ക്ക് ഉയർന്നുവരുന്നു. ഇവിടെയെത്തുന്ന ഭക്തർ 'അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ' എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കാറുള്ളത്. കൂടാതെ ബ്രഹ്മാവ്, ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരും ഈ ശ്രീകോവിലിൽ കുടികൊള്ളുന്നു. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി, സ്വയംഭൂവായി കുടികൊള്ളുന്നു.



ശ്രീകോവിൽ കാര്യമായ ശില്പചിത്രകലാവൈദഗ്ദ്ധ്യങ്ങളൊന്നും എടുത്തുപറയാവുന്നതല്ല. വളരെയധികം ലളിതമായ നിർമ്മാണരീതിയാണ്. അകത്തേയ്ക്ക് കടക്കാൻ മൂന്ന് പടികളുണ്ട്. വടക്കുഭാഗത്ത് ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകി ഒരു അന്തർദ്ധാരയിലൂടെ അടുത്തുള്ള ഓണക്കൂറ്റുചിറയിലെത്തുന്നുവെന്നാണ് വിശ്വാസം.


നാലമ്പലം


ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് നാലമ്പലത്തിൽ. എന്നാലും പ്രദക്ഷിണം നിർബാധം നടത്താം. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും സ്ഥിതിചെയ്യുന്നു. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം. ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി, വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു.


നമസ്കാരമണ്ഡപം


ശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകൾ മാത്രമുള്ള വളരെ ചെറിയൊരു മണ്ഡപമാണ് ഇവിടെയുള്ളത്. അതിനാൽ, ഭക്തർക്ക് നമസ്കരിയ്ക്കാൻ സ്ഥലമില്ല. എങ്കിലും കലശപൂജയും മറ്റും നിർബാധം നടത്താം. മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞ് സ്വർണ്ണത്താഴികക്കുടത്തോടുകൂടി തിളങ്ങിനിൽക്കുന്നു.ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണ്ഡപത്തിൽ പാട്ട് നടക്കുന്നത് ഇവിടെയാണ്. കാര്യമായ ശില്പാലങ്കരങ്ങളൊന്നും തന്നെ ഇവിടെയില്ല



പ്രതിഷ്ഠകൾ


ശ്രീ ചോറ്റാനിക്കരയമ്മ (മേൽക്കാവ്)
മേൽക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സ്വയംഭൂവായ രുദ്രാക്ഷശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മൂന്നരയടിയോളം ഉയരമുള്ള ഈ വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല. കിഴക്കോട്ടാണ് ദർശനം. നിർമ്മാല്യസമയത്തൊഴികെ ബാക്കിയെല്ലായ്പ്പോഴും ഇതിൽ സ്വർണ്ണഗോളക ചാർത്തുന്നുണ്ട്. രത്നപീഠത്തിൽ ഇരിയ്ക്കുന്ന ഭാവത്തിലുള്ള ചതുർബാഹുവായ ദേവിയാണ് ഇതിൽ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ദേവിയുടെ മുന്നിലെ കൈകൾ വരദാഭയമുദ്രാങ്കിതമാണ്. ഈ രൂപത്തിലാണ് മേൽക്കാവിലമ്മയുടെ ചിത്രങ്ങൾ കാണാറുള്ളത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകീട്ട് ദുർഗ്ഗാദേവിയായുമാണ് ചോറ്റാനിക്കരയമ്മ ആരാധിയ്ക്കപ്പെടുന്നത്. തന്മൂലം രാവിലെ ദർശിച്ചാൽ വിദ്യാലബ്ധിയും, ഉച്ചയ്ക്കും വൈകീട്ടും ദർശിച്ചാൽ ശത്രുനാശവും ഫലമുള്ളതായി വിശ്വസിച്ചുവരുന്നു. കൂടാതെ, ശ്രീകോവിലിൽ വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ ലക്ഷ്മിയായും ശിവസാന്നിദ്ധ്യമുള്ളതിനാൽ പാർവ്വതിയായും വേറെയും രണ്ട് ഭാവങ്ങളുണ്ട്. ഈ അഞ്ച് ഭാവങ്ങളും ഒത്തിണങ്ങിയതുകൊണ്ടാണ് ചോറ്റാനിക്കരയമ്മയ്ക്ക് രാജരാജേശ്വരീസങ്കല്പം. മണ്ഡപത്തിൽ പാട്ട്, ഉദയാസ്തമനപൂജ, അന്നദാനം, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് മേൽക്കാവിലമ്മയ്ക്ക് പ്രധാന വഴിപാടുകൾ.



ശ്രീ ചോറ്റാനിക്കരയമ്മ (കീഴ്ക്കാവ്)

കീഴ്ക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഉഗ്രദേവതയായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഒരടി ഉയരമുള്ള ചതുർബാഹു ഭദ്രകാളിവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ മകം നാളിൽ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിലമ്മയെ എന്ന് വിശ്വസിച്ചുവരുന്നു. ദേവിയുടെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ കൈവട്ടകയും കാണാം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി നടക്കുന്നത് ഇവിടെയാണ്.


മഹാവിഷ്ണു

മേൽക്കാവിലമ്മയ്ക്കൊപ്പമാണ് ശ്രീമഹാവിഷ്ണു ഭഗവാന്റെയും പ്രതിഷ്ഠ. ദേവിയോടൊപ്പം സ്വയംഭൂവായി അവതരിച്ച ഭഗവാന്റെ രൂപം കൃഷ്ണശിലയിലാണ്. മൂന്നരയടിയിലധികം ഉയരമുള്ള ഈ വിഗ്രഹത്തിനും വ്യക്തമായ ആകൃതിയില്ല. എന്നാൽ, ശംഖചക്രഗാപദ്മധാരിയായ ഭാവത്തിലുള്ള ഭഗവാന്റെ ഒരു ഗോളക ഇതിനും ചാർത്തിയിട്ടുണ്ട്. പാൽപ്പായസം, തൃക്കൈവെണ്ണ, സഹസ്രനാമാർച്ചന, തുളസിമാല തുടങ്ങിയവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ.


നിത്യപൂജകൾ


നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ചോറ്റാനിക്കര ശ്രീഭഗവതിക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നിയമവെടി. തുടർന്ന് ഏഴുതവണ ശംഖുവിളിയുണ്ടാകും. അതിനുശേഷം നാലുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന് അഭിഷേകവും നിവേദ്യവും. മൂലവിഗ്രഹം രുദ്രാക്ഷശില കൊണ്ടുള്ളതായതിനാൽ ജലാഭിഷേകം മാത്രമേ സാധിയ്ക്കൂ. മറ്റ് അഭിഷേകങ്ങൾക്ക് ഒരു അർച്ചനാബിംബമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ആദ്യം ഭഗവതിയ്ക്ക് നിവേദ്യം സമർപ്പിച്ചത് ചിരട്ടയിലാതുകൊണ്ട് ഇവിടെ ചിരട്ടയിലാണ് രാവിലെ നിവേദ്യം. പിന്നീട് നാലരയ്ക്ക് ഉഷഃപൂജയും അഞ്ചരയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. ഇവയ്ക്കിടയിൽ അഞ്ചുമണിയ്ക്ക് ശിവന്റെ നടയിൽ ധാരയുമുണ്ട്. എതിരേറ്റുപൂജ കഴിഞ്ഞാൽ ആറരയ്ക്ക് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവതി നേരിട്ടുകാണുന്നു എന്നതാണ് ഇതിനുപിന്നിലുള്ള അർത്ഥം. ശീവേലി കഴിഞ്ഞാൽ എട്ടുമണിയോടെ പന്തീരടിപൂജയും അഭിഷേകങ്ങളും നടത്തുന്നു. അതുകഴിഞ്ഞാൽ പതിനൊന്നുമണിയ്ക്ക് ശിവന്റെ നടയിൽ വീണ്ടും ധാരയാണ്. പതിനൊന്നരയ്ക്ക് ഉച്ചപൂജ. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. തുടർന്ന് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു.


വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. അതാത് ദിവസത്തെ സൂര്യാസ്തമയമനുസരിച്ചാണ് ദീപാരാധന. പിന്നീട് ഏഴരയ്ക്ക് അത്താഴപൂജയും എട്ടുമണിയ്ക്ക് അത്താഴശീവേലിയുമാണ്. അതുകഴിഞ്ഞാൽ കീഴ്ക്കാവിൽ ഗുരുതിപൂജ തുടങ്ങും. ശാക്തേയപൂജാവിധികളാണ് ഗുരുതിപൂജയ്ക്കുള്ളത്. വാഴകൊണ്ട് തോരണം കെട്ടി പരിസരം മുഴുവൻ അലങ്കരിച്ച് വൃത്തിയാക്കിയശേഷം മേൽശാന്തി വന്ന് പ്രത്യേകപൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിതർപ്പണം തുടങ്ങുന്നു. ഇത് കാണാൻ ആയിരങ്ങളുണ്ടാകും. ഇവയെല്ലാം കഴിഞ്ഞാൽ ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

ക്ഷേത്രത്തിന്റെ തന്ത്രാധികാരം തൃപ്പൂണിത്തുറ പുലിയന്നൂർ മനയ്ക്കാണ്. കൊച്ചിൻ ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക. മേൽക്കാവിലും കീഴ്ക്കാവിലും പ്രത്യേകം ശാന്തിക്കാരുണ്ട്. ഇവർ ഓരോ മാസവും മാറിമാറി പ്രവർത്തിയ്ക്കുന്നു.



വഴിപാടുകൾ

ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വഴിപാടുകൾ ഗുരുതിപൂജയും മണ്ഡപത്തിൽ പാട്ടുമാണ്. കീഴ്ക്കാവിൽ നടത്തുന്ന വിശേഷാൽ വഴിപാടാണ് ഗുരുതിപൂജ. നേരത്തെ സൂചിപ്പിച്ചപോലെ മേൽക്കാവിലെ അത്താഴപൂജയ്ക്കുശേഷം നടത്തിവരുന്നതാണ് ഈ വഴിപാട്. പണ്ടുകാലത്ത് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും മാത്രം നടത്തിയിരുന്ന ഈ വഴിപാട് ഇപ്പോൾ ദിവസവും നടന്നുവരുന്നു. അത്യുഗ്രദേവതയായ കീഴ്ക്കാവിലമ്മയെ പ്രീതിപ്പെടുത്തലാണ് ഇതിന്റെ ലക്ഷ്യം. ഒരു പാത്രത്തിന് 400 രൂപയാണ് തുക.


മണ്ഡപത്തിൽ പാട്ട് മറ്റുള്ള പല വഴിപാടുകളും കൂടിച്ചേർന്ന ഒരു പ്രത്യേകതരം വഴിപാടാണ്. അതിനാൽ തന്നെ ഇത് നടത്തുന്നതിന് വൻ ചെലവുണ്ടാകും. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ നടക്കുന്ന പാട്ടാണ് പ്രധാന ഇനമെങ്കിലും ഇതിനൊപ്പം തന്നെ ഗുരുതിപൂജ, യഥാശക്തി അന്നദാനം, ഉദയാസ്തമനപൂജ, നിറമാല, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകളും നടത്തേണ്ടിവരും. പാട്ട് നടക്കുന്ന ദിവസം മണ്ഡപം ഭംഗിയായി അലങ്കരിച്ചിട്ടുണ്ടാകും.
ദാനങ്ങളിൽ മഹാദാനമായ അന്നദാനം ഇവിടെ ദിവസവും നടന്നുവരുന്നു. ഇതിനുവേണ്ടി മാത്രം ഒരു പ്രത്യേകമണ്ഡപം നിർമ്മിച്ചിട്ടുണ്ട്. അന്നദാനത്തിന് പണം തരുന്നവർക്ക് കാൽ ഫലവും അത് നടത്തുന്നവർക്ക് പകുതി ഫലവും അതിൽ പങ്കെടുക്കുന്നവർക്ക് പൂർണ്ണഫലവും ലഭിയ്ക്കുമെന്നതാണ് വിശ്വാസം.


ക്ഷേത്രത്തിൽ ഭജനമിരിയ്ക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. പലപല കാരണങ്ങൾ കൊണ്ടും ഭജനമിരിയ്ക്കാൻ നിരവധി ആളുകൾ വരാറുണ്ട്, വിശേഷിച്ചും മാനസികാസ്വാസ്ഥ്യമുള്ളവർ. ഭജനമിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ഭജനം തുടങ്ങുന്നതിന് തലേദിവസം തന്നെ വന്ന് ദർശനം നടത്തേണ്ടതും ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളിലും പങ്കുകൊള്ളേണ്ടതുമാണ്. 3, 5, 7, 12 തുടങ്ങിയ ദിവസങ്ങളിലാണ് ഭജനമിരിയ്ക്കേണ്ടത്. ഭജനമിരിയ്ക്കുന്ന കാലയളവിൽ ക്ഷേത്രത്തിലെ നിവേദ്യം മാത്രമേ ഭക്ഷിയ്ക്കാൻ പാടുള്ളൂ.

ഭഗവതിയ്ക്ക് പട്ടും താലിയും ചാർത്തുന്നത് മറ്റൊരു പ്രധാന വഴിപാടാണ്. മംഗല്യഭാഗ്യമാണ് ഇതിന്റെ ഉദ്ദേശ്യം. നെയ്പായസം, കടുമ്പായസം, കൂട്ടുപായസം തുടങ്ങിയവ ഓരോ പൂജയ്ക്കും ഭഗവതിയ്ക്ക് നേദിയ്ക്കാറുണ്ട്. എന്നാൽ പ്രധാനനിവേദ്യം 'ചതുശ്ശതം' എന്നുപേരുള്ള ഒരു പായസമാണ്. വിഷ്ണുവിന് പ്രധാനം പാൽപായസം തന്നെ. കൂടാതെ സാധാരണക്ഷേത്രങ്ങളിൽ കാണാറുള്ളതുപോലെ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള പുഷ്പാഞ്ജലികൾ, ചന്ദനം ചാർത്ത്, ആയുധസമർപ്പണം, വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങിയവ ഇവിടെയുമുണ്ട്. നാഗദൈവങ്ങൾക്ക് എല്ലാ ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. എല്ലാ  മാസവും ആയില്യം നാളിൽ വിശേഷാൽ നാഗപൂജയും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും സർപ്പംപാട്ടുമുണ്ടാകും. യക്ഷിയ്ക്ക് പ്രധാനനിവേദ്യം ഭഗവതിയുടെ ഉച്ചിഷ്ടമാണ്. വിഘ്നേശ്വരപ്രീതിയ്ക്കായി എല്ലാ ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടന്നുവരുന്നു. ശാസ്താവിന് നീരാജനം കത്തിക്കലാണ് പ്രധാന വഴിപാട്. ശിവന് ധാര, രുദ്രാഭിഷേകം, മൃത്യുഞ്ജയഹോമം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. വെടിവഴിപാടാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.


വിശേഷദിവസങ്ങൾ

കൊടിയേറ്റുത്സവം, മകം തൊഴൽ
ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്നു 




No comments:

Post a Comment