പൗരാണികകാലം മുതൽ തന്നെ ഭാരതീയർ ജന്മദിനത്തിനു പ്രാധാന്യം കൽപിക്കുന്നുണ്ട്. ഭാരതീയ ആചാരവിധിപ്രകാരം ജനിച്ച് നക്ഷത്രത്തിനാണു പ്രാധാന്യം പാശ്ചാത്യ കലണ്ടർ പ്രകാരം വരുന്ന ഡേറ്റ് ഓഫ് ബർത്തിനല്ല. എന്തുകൊണ്ടാണു ജന്മനക്ഷത്രം വരുന്ന ദിവസം പിറന്നാൾ ആഘോഷിക്കണമെന്നു പറയുന്നത്?
ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും ഭാരതീയ ജ്യോതിഷത്തില്‍ അതീവ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിയുടെ ദശകാലനിര്‍ണയം ഇവയെ അടിസ്ഥാനമാക്കിയാണ്. ജനനസമയത്തെ നക്ഷത്ര, ചന്ദ്രസ്വഭാവമനുസരിച്ചാണ് ഒരു വ്യക്തിയുടെ ജീവിതം, അവന്റെ മാനസികവും ശാരീരികവുമായ തലങ്ങള്‍, യോഗഫലങ്ങള്‍, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയെല്ലാം പ്രധാനമായും രൂപപ്പെടുന്നത്.
അതുകൊണ്ടുതന്നെ താന്‍ ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ വീണ്ടുമെത്തുന്ന ജന്മനക്ഷത്രദിവസത്തിന് അനുഷ്ഠാനപരമായും ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെ മേഖലയിലും അതിയായ പ്രാധാന്യമുണ്ട്.
ദശാകാലത്തിന്റെ അടിസ്ഥാനം തന്നെ നക്ഷത്രവും ചന്ദ്രനുമാണെന്നിരിക്കെ, വ്യക്തി ജനിച്ച നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തെ ഊര്‍ജ്ജ സ്വഭാവത്തിന് ആ വ്യക്തിയുമായി ഒരു താദാത്മ്യം കാണുമെന്നത് യുക്തിസഹമാണ്. അതുകൊണ്ടുതന്നെ ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാരകര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ ഫലദാനശേഷി കൈവരുന്നു.
മാസംതോറും വരുന്ന ജന്മനക്ഷത്രത്തില്‍ ശാന്തികര്‍മ്മങ്ങളും പൗഷ്ടിക കര്‍മ്മങ്ങളും ചെയ്യണമെന്ന് പറയുന്നതിന്റെ അടിസ്ഥാനം ഇതുതന്നെ. ആണ്ടുപിറന്നാളാകട്ടെ, ജനിച്ച നക്ഷത്രത്തില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനനസമയത്തെ സൂര്യസ്ഥിത രാശിയില്‍ത്തന്നെ വീണ്ടും എത്തുന്ന ദിവസവുമാണ്. അതുകൊണ്ടുതന്നെ അതിന് കൂടുതല്‍ പ്രാധാന്യം നാം കല്‍പിക്കുന്നു. ഇങ്ങനെ 60 വര്‍ഷം കഴിയുമ്പോള്‍ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും വ്യക്തിയുടെ ജനനസമയത്തെ ഗ്രഹനിലയിലെത്തുന്നു. അതാണ് ഷഷ്ടിപൂര്‍ത്തിയുടെ പ്രാധാന്യം.
പതിവായി ജന്മനക്ഷത്രം തോറും വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ നടത്തികൊണ്ടുപോയാല്‍ അത് ഗ്രഹപ്പിഴകള്‍ ബാധിക്കാതിരിക്കാനുള്ള ഏറ്റവും നല്ല കര്‍മ്മം തന്നെയാണ്.
സാമാന്യമായി ഗണപതിഹോമം, ഭഗവതിസേവ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ് അനുഭവം. ദശാനാഥനായ ഗ്രഹത്തിനുള്ള പൂജകൂടി ജന്മനാള്‍തോറും നടത്തുന്നതും ഉത്തമം തന്നെ.
ജന്മനക്ഷത്രദിവസം അതികാലത്തുണരുക, പ്രഭാതസ്‌നാനം സാത്ത്വിക ജീവിതരീതി, അഹിംസ, വ്രതശുദ്ധി തുടങ്ങിയവ ശീലിക്കേണ്ടതാണ്. എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല എന്നാണ് വിധി. ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ് തുടങ്ങിയവ ജന്മനക്ഷത്രത്തില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ആണ്ടുപിറന്നാളിന് ദാനം ഒരു പ്രധാന കര്‍മ്മമാണ്. അതില്‍ അന്നദാനം തന്നെ ഏറ്റവും വിശിഷ്ടം.
ഉദയസമയം മുതല്‍ 6 നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസമാണ് ജന്മനക്ഷത്രമായി കണക്കാക്കുക. ജന്മനക്ഷത്രം 6 നാഴികയില്‍ കുറവാണെങ്കില്‍ തലേദിവസം ജന്മനാളായി എടുക്കണം. ഓരോ ആഴ്ച ദിവസങ്ങളില്‍ പിറന്നാള്‍ വന്നാല്‍ അതിന് പ്രത്യേക ഫലം പറയുന്നുണ്ട്. ഞായറാഴ്ച- ദൂരയാത്ര, തിങ്കളാഴ്ച-മൃഷ്ടാന്ന ഭോജനം, ചൊവ്വാഴ്ച- മഹാവ്യാധി, ബുധനാഴ്ച- വിദ്യാലാഭം, വ്യാഴാഴ്ച-
ഭാഗ്യപുഷ്ടി, ഐശ്വര്യം, ദൈവാനുഗ്രഹ,. വിശേഷവസ്ത്രലാഭം, വെള്ളിയാഴ്ച-സൗഭാഗ്യം, ശനിയാഴ്ച- മാതാപിതാക്കള്‍ക്ക് അരിഷ്ട. ഇതില്‍ ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെകൂടി പൂജിക്കുക. ഞായറാണെങ്കില്‍ സൂര്യനെയും, തിങ്കളെങ്കില്‍ ചന്ദ്രനെയും, ചൊവ്വയെങ്കില്‍ കുജനെയും, ബുധനെങ്കില്‍ ബുധനെയും, വ്യഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത് ഉത്തമമാണ്.
ജന്മനക്ഷത്രദിവസം നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക് ആഹാരം കൊടുക്കുന്നതും വൃക്ഷം നട്ട് വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും ആയുസ്സുംകൈവരുന്നതിന് ഫലപ്രദം. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക് ഉത്തമമാണ്.
No comments:
Post a Comment