ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, October 19, 2017

ഗോപസ്ത്രീകളുമായുള്ള ക്രീഡാവര്‍ണ്ണന – ഭാഗവതം (247)




മൈവം വിഭോഽര്‍ഹതി ഭവാന്‍ ഗദിതും നൃശംസം
സന്ത്യജ്യ സര്‍വവിഷയാം സ്തവ പാദമൂലം
ഭക്താ ഭജസ്വ ദുരവഗ്രഹ, മാ ത്യജാസ്മാന്‍
ദേവോ യഥാദി വുരുഷോ ഭജതേ മുമുക്ഷൂന്‍ (10-29-31)


യര്‍ഹ്യംബുജാക്ഷ തവ പാദതലം രമായാ
ദത്തക്ഷണം ക്വചിദരണ്യജനപ്രിയസ്യ
അസ്പ്രാക്ഷ്മ തത്പ്രഭൃതി നാന്യസമക്ഷമംഗ
സ്ഥാതും ത്വയാഭിരമിതാ ബത പാരയാമഃ (10-29-36)



ഗോപികമാര്‍ പറഞ്ഞു:

ഞങ്ങളെ അങ്ങനെ തിരസ്കരിക്കരുതേ ഭഗവാനെ. ഞങ്ങള്‍ ലോകത്തിലെ വസ്തുക്കളെല്ലാം ഉപേക്ഷിച്ച്‌ അങ്ങയുടെ പാദങ്ങളെ ആശ്രയിച്ചു വന്നിരിക്കുകയാണ്‌. അവിടുത്തെ ഭൃത്യരായി ഞങ്ങളെ കണക്കാക്കിയാലും. മുക്തിപദം പ്രാപിച്ചശേഷം വിശ്വനാഥനും അങ്ങനെയാണല്ലോ സാധകരെ കണക്കാക്കുന്നത്‌. അവിടുന്ന് പറഞ്ഞു ഞങ്ങളുടെ പരമമായ ധര്‍മ്മം സ്വന്തം ഭര്‍ത്താക്കന്മാരെ ശുശ്രൂഷിക്കലാണെന്നു്‌. അങ്ങനെയായികൊളളട്ടെ. പക്ഷെ അവിടുന്നല്ലയോ എല്ലാ ജീവജാലത്തിന്‍റേയും ആത്മസത്ത? അതുകൊണ്ട്‌ ഞങ്ങളുടെ കാന്തനന്മാരുടേയും ആത്മസത്ത അവിടുന്നുതന്നെ. അപ്പോള്‍ അവിടുത്തെ സേവിക്കുന്നത്‌ അവരെ സേവിക്കുന്നുതിനു തുല്യമത്രെ. ആരെല്ലാം സ്വധര്‍മ്മം ആചരിക്കുകയും ശാസ്ത്രാധിഷ്ഠിതമായ യാഗങ്ങള്‍ നടത്തുകയും ചെയ്യുന്നുവോ, അവരും പൂജിക്കുന്നത്‌ അവിടുത്തെ മാത്രമാണല്ലോ? ഞങ്ങള്‍ക്കിപ്പോള്‍ അവിടുത്തെ സാമീപ്യസൗഭാഗ്യം ലഭിച്ചിരിക്കുന്നു. അവിടുന്നുളളപ്പോള്‍ ഞങ്ങള്‍ കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച്‌ അവരിലൂടെ പുണ്യമാര്‍ജ്ജിക്കാന്‍ എന്തിനു തുനിയണം? ഞങ്ങള്‍ വേണമെന്നുവച്ചാല്‍പോലും കൈകള്‍ മുമ്പുചെയ്തിരുന്ന ജോലികളിലേക്ക്‌ മടങ്ങാന്‍ കൂട്ടാക്കുന്നില്ല. കാലുകളാകട്ടെ അവിടുത്തെ മുമ്പില്‍നിന്നു്‌ മാറിപ്പോവുന്നുമില്ല. ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം വീടുകളിലേക്ക്‌ തിരിച്ചു പോയിട്ട്‌ ഈ അവസ്ഥയില്‍ എന്തു ചെയ്യാനാണ്‌? അവിടുത്തെ പുഞ്ചിരിയാലും കളളനോട്ടത്താലും ഞങ്ങളുടെ ഹൃദയത്തിലെ പ്രേമാഗ്നി ഉണര്‍ന്നിരിക്കുന്നു. അവിടുത്തെ അധരപുടങ്ങളില്‍ നിന്നുമുതിരുന്ന അമൃതുകൊണ്ട്‌ ആ തീ അടക്കിയാലും. അല്ലെങ്കില്‍ ആ അഗ്നി ഞങ്ങളുടെ ജീവസത്തയെ മുഴുവന്‍ കീഴടക്കിക്കളയും.



ഞങ്ങള്‍ അവിടുത്തെ പാദസ്പര്‍ശനം നടത്തിയതുകൊണ്ട്‌ ഹൃദയംകൊണ്ട്‌ മാറ്റാരേയും പ്രിയനായി കരുതുന്നില്ല. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മീദേവിപോലും അവിടുത്തെ താമരപ്പാദങ്ങള്‍ തഴുകിയ തുളസിയിലയ്ക്കായി ദാഹിക്കുന്നു. ലോകം മുഴുവനും ആ ദേവതയുടെ അനുഗ്രഹം കാംക്ഷിക്കുന്നു. പക്ഷേ ഞങ്ങള്‍ക്കവിടുത്തെ പാദാരവിന്ദരേണുക്കള്‍ മാത്രം മതി. അവിടുത്തെ കോലക്കുഴല്‍ സംഗീതം കേട്ട്‌ പക്ഷിമൃഗാദികള്‍ പോലും മോഹിതരായി നില്‍ക്കുമ്പോള്‍ എന്തു മാന്യതയുടെ പേരിലാണ്‌ അവിടുത്തെ കാന്തവലയത്തില്‍പെടാതിരിക്കാന്‍ ഞങ്ങള്‍ സംയമനം പാലിക്കേണ്ടത്‌? അവിടുന്ന് ജന്മംകൊണ്ടത്‌ ഞങ്ങളുടെ ഭയത്തേയും ദുരിതങ്ങളേയും ഇല്ലായ്മ ചെയ്യാനാണല്ലോ? അതുകൊണ്ട്‌ ഞങ്ങള്‍ കെഞ്ചിയപേക്ഷിക്കുകയാണ്‌, അവിടുത്തെ ദിവ്യകരങ്ങള്‍ ഞങ്ങളുടെ മാറിടങ്ങളിലും തലകളിലും വച്ചാലും.



ശുകമുനി തുടര്‍ന്നു:

പുഞ്ചിരിയോടെ ഗോപികമാരുടെ തീരുമാനത്തെ അംഗീകരിച്ച്‌ ഭഗവാന്‍ അവരോടെപ്പം ലീലയാടി. എല്ലാവരും ആ പൂങ്കാവനത്തില്‍ ആടാനും പാടാനും തുടങ്ങി. അദ്ദേഹം അവരെ യമുനാപുളിനത്തിലേക്ക്‌ നയിച്ചു. അവിടെ പലേ രീതികളില്‍ അവരുമായി കൃഷ്ണന്‍ കളിച്ചുല്ലസിച്ചു. അങ്ങനെ കൃഷ്ണന്റെ പ്രേമവും ശ്രദ്ധയും ലഭിച്ച ഗോപികള്‍ അവരാണ്‌ തിരഞ്ഞെടുക്കപ്പെട്ടവരെന്നും മറ്റെല്ലാ സ്ത്രീകളേക്കാളും ഉയര്‍ന്നവരാണ്‌ തങ്ങള്‍ എന്നും കണക്കാക്കാന്‍ തുടങ്ങി. എല്ലാവരുടേയും അന്തര്യാമിയായ ഭഗവാന് ഇതറിയാമായിരുന്നു. അങ്ങനെ അവരുടെ അഹങ്കാരവും അഭിമാനവും ഇല്ലാതാക്കാന്‍ ഭഗവാന്‍ അവരുടെ ഇടയില്‍നിന്ന് അപ്രത്യക്ഷനായി.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment