1. ദുർഗ്ഗാ ദേവി
ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.
2. ലക്ഷ്മീ ദേവി
വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായും രാജധാനിയിൽ രാജലക്ഷ്മിയായും ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു. പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.
3. സരസ്വതി ദേവി
സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും. വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു.
4. സാവിത്രീദേവി
തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്
5. രാധാദേവി
ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും, അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.
ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ.
No comments:
Post a Comment