ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, May 28, 2019

ഭജനവും ഫലസിദ്ധിയും




പെരുന്തച്ചന്‍ ഒരുദിവസം തന്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസങ്ങളിലല്ലാതെ പെരുന്തച്ചന്‍ ഇല്ലത്തിനുള്ളില്‍ പ്രവേശിക്കാറില്ല. അന്നും അദ്ദേഹം പുറത്തു കാത്തിരുന്നു. ഭൃത്യന്‍ പുറത്തുവന്ന് അഗ്നിഹോത്രി സഹ്രസ്രാവൃത്തി കഴിക്കുകയാണെന്നു പറഞ്ഞു. അതുകേട്ട് പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു. കുറച്ചുസമയം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌ക്കാരം ചെയ്യുകയായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. പിന്നെ ഗണപതിഹോമം, വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമ പുഷ്പാഞ്ജലി ഇങ്ങനെ ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അഗ്നിഹോത്രി. അതിനെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചയോടെ അഗ്നിഹോത്രി പുറത്തുവന്നു. അഗ്നിഹോത്രി ചെയ്ത വിവിധ കര്‍മ്മങ്ങള്‍ക്കനുസരിച്ച് താന്‍ ഇവിടെ കുഴികുഴിച്ചെന്നും എന്നാല്‍ ഒന്നിലും വെള്ളം കണ്ടില്ല എന്നും അതേസമയം ഒരേ കുഴിതന്നെ ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ ഇതിനകം വെള്ളം കാണാമായിരുന്നുവെന്നും പെരുന്തച്ചന്‍ അഗ്നിഹോത്രിയോടു പറഞ്ഞു. നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ഇവിടെ. ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം

No comments:

Post a Comment