ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, January 1, 2018

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : പന്ത്രണ്ടാം; അദ്ധ്യായം വിജയബ്രാഹ്മണ ചരിതം (37 )



എത്രയും അത്ഭുതകരമായ ഭൂതേശമാഹാത്മ്യം സൂതന്‍ ആദരവോടുകൂടി വീണ്ടും പറഞ്ഞുതുടങ്ങി.


sree-ayyappan






അഗസ്ത്യമഹര്‍ഷിയുടെ വാക്കുകള്‍കേട്ട് പന്തളരാജാവ് വന്ദിച്ചു ചോദിച്ചു. മഹര്‍ഷേ, കുംഭദള തീര്‍ത്ഥം എവിടെയാണ്? കുംഭസംഭവനായ അങ്ങ് അതിന്റെ ഉത്ഭവത്തെക്കുറിച്ചു പറഞ്ഞുതന്നാലും. ഭൂതനാഥന്റെ പൂജാവിധിയും ഭവാന്‍ എന്നോടു പറയണം. പമ്പയുടെ മാഹാത്മ്യവും എനിക്കു തൃപ്തിവരാനായി പറയണം. ഭൂതനാഥനെ പ്രതിഷ്ഠിക്കുവാന്‍ ഏതുവിധത്തിലാണു ക്ഷേത്രം പണിയേണ്ടതെന്നും ഭൂതനാഥനെ പ്രതിഷ്ഠിക്കുവാന്‍ യോഗ്യനായി ഭൂമിയില്‍ ആരാണുള്ളതെന്നും കനിവോടെ അരുളിചെയ്താലും. അങ്ങല്ലാതെ എനിക്ക് ഒരു ഗുരുനാഥനില്ല.



രാജശേഖരനൃപന്റെ വാക്കുകള്‍കേട്ട് സാമോദം അഗസ്ത്യമഹര്‍ഷി പറഞ്ഞു. ഭൂപതേ, കേട്ടുകൊള്ളുക. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ വസിക്കുന്ന ഭൂതാധിനാഥനെ ദേവന്മാര്‍ ഭക്തിയോടുകൂടി ആകാശഗംഗയിലെ ജലം കൊണ്ട് നിത്യവും അഭിഷേകം ചെയ്യുന്നു. ആ അഭിഷേകതീത്ഥംഒന്നായൊഴുകിവരുന്ന തീര്‍ത്ഥത്തെയാണു കുംഭദളമെന്നു വിളിക്കുന്നത്(കുമ്പളത്തോട്). കംഭദളതീര്‍ത്ഥം ഉത്ഭവിക്കുവാന്‍ ഒരു കാരണമുണ്ട്. രാജന്‍, ഞാനതു ചുരുക്കിപ്പറയാം.കേള്‍ക്കുക. പണ്ട് പാണ്ഡ്യദേശത്ത് വിജയന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗൃഹത്തില്‍ മഹാലക്ഷ്മി ആനന്ദത്തോടെ വസിച്ചിരുന്നു.



സമ്പത്ത് വര്‍ദ്ധിച്ചുവര്‍ദ്ധിച്ചുവന്നുവെങ്കിലും സന്താനങ്ങളില്ലാത്തതിന്റെ ദുഃഖം വിജയബ്രാഹ്മണനെ സദാ അലട്ടിയിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ സമ്പത്തു മുഴുവന്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ചിലവഴിച്ചു. അനപത്യദുഃഖത്താല്‍ വിഷണ്ണനായഅദ്ദേഹം അവശേഷിച്ച അല്പം സ്വത്തുകൊണ്ട് കാലംകഴിച്ചു.


ദോഷരഹിതനായ വിജയദ്വിജന്റെ വീട്ടില്‍ ഒരുദിവസം സന്ധ്യയ്ക്ക് ഒരു ഭിക്ഷു വന്നുചേര്‍ന്നു. വിജയന്‍ ആദരപൂര്‍വ്വം ഭിക്ഷുവിനെ പൂജിച്ചു. പൂജയില്‍ സന്തുഷ്ടനായ ഭിക്ഷു പറഞ്ഞു: പുത്രനെ ലഭിക്കുവാന്‍ അങ്ങ് അതിയായി ആഗ്രഹിക്കുന്നുവെന്ന് ഞാനറിയുന്നു. അതിനുള്ള ഒരുപായം ഞാന്‍ പറഞ്ഞുതരാം. ശിവനും വിഷ്ണുവും എന്നല്ല സമസ്തദേവകളും ഒന്നായവതരിച്ചിട്ടുള്ള താരകബ്രഹ്മത്തിനെ സ്മരിച്ചാല്‍ ഭവാന്റെ സങ്കടങ്ങളൊക്കെയും നീങ്ങും.


മൂന്നുലോകങ്ങളിലുള്ളവര്‍ക്കും ശോകരോഗം ശമിപ്പിക്കുവാനുള്ള ഔഷധമാണു താരകബ്രഹ്മോപാസന. ആര്യതാതനായ ഭഗവാന്റെമന്ത്രം ധ്യാനിച്ച് അങ്ങ് നേരെ വടക്കുപടിഞ്ഞാറ് ദിക്കിലേക്കു പോവുക. വഴിയില്‍ ഒരുവലിയ മല കാണാം. ആ മലകയറി സധൈര്യം നടക്കുക. നടന്ന് ഒടുവില്‍ പമ്പയാകുന്ന പുണ്യതീര്‍ത്ഥത്തിലെത്തും. അവിടെ തീര്‍ത്ഥസ്‌നാനം ചെയ്ത് സന്തോഷപൂര്‍വ്വം നദിയുടെ വടക്കുദിക്കില്‍ ചെല്ലുക. പുണ്യവതിയായ ശബരി തപസ്സുചെയ്യുന്ന പുണ്യസ്ഥലം കണ്ടുവന്ദിക്കുക. അവിടെ തപം ചെയ്തുവാഴുന്ന ശബരിയെ ഭക്തിയോടെ പ്രദക്ഷിണം ചെയ്തു വന്ദിക്കുക. ധന്യയായ ശബരിതപസ്വിനി അങ്ങയുടെ വാഞ്ചിതങ്ങള്‍ സഫലമാകുവാനുള്ളവഴി പറഞ്ഞുതരുന്നതാണ്. ഇത്രയും പറഞ്ഞ് വിജയ
ദ്വിജന്‍ നല്‍കിയ ഭിക്ഷ കഴിച്ച് ഭിക്ഷു അന്ന് അവിടെ വസിച്ചു. പിറ്റേദിവസം ബ്രാഹ്മണനെ അനുഗ്രഹിച്ച ശേഷം ഭിക്ഷു യാത്രയായി.



ഭിക്ഷു പറഞ്ഞുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ച് വിജയബ്രാഹ്മണന്‍ പമ്പാതീരം കടന്ന് ശബരിയെക്കണ്ടു വന്ദിച്ചു. ബ്രാഹ്മണനെക്കുറിച്ചെല്ലാം അറിയുന്നവളായ ശബരി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. വിഭോ, അങ്ങയുടെ വൃത്താന്തമെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു.


അങ്ങേയ്ക്ക് പുത്രനുണ്ടാകും. അതില്‍ സംശയമില്ല. ഇവിടെ നിന്ന് അല്പം വടക്കോട്ടുചെന്നാല്‍ ഒരു ജലധാര കാണാം ആ ജലധാരയില്‍ ഒരുതവണ സ്‌നാനം ചെയ്താല്‍ അങ്ങയുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും. ആ ജലപ്രവാഹത്തിന്റെ ശക്തിമൂലം അടുത്തുചെല്ലുന്നവര്‍പോലും അകലത്തേയ്ക്കു മാറ്റപ്പെടും. താരകബ്രഹ്മമൂര്‍ത്തിയുടെ അഭിഷേകതീര്‍ത്ഥമാണത്. ആ തീര്‍ത്ഥംഅല്പം ദൂരെ നിന്നു ശേഖരിക്കുവാന്‍ ഞാന്‍ നല്‍കുന്ന ഒരുകുംഭം വാങ്ങി അവിടേയ്ക്കു പോവുക.



ജലം ഭൂമിയില്‍വീണുചിതറുന്നതിനു മുന്‍പേ അതു കുടത്തില്‍ വാങ്ങിക്കുക. ഭൂമിയില്‍ മര്‍ത്യര്‍ക്ക് ഉപകാരത്തിനായും പാപനാശത്തിനായും ആ പുണ്യതീര്‍ത്ഥം മാറുന്നതിന് അങ്ങ് കാരണമായിത്തീരും. അങ്ങേയ്ക്ക് അതുല്യമായ കീര്‍ത്തിയും വന്നുചേരും. ഇത്രയും പറഞ്ഞ് ശബരി ഒരു മണ്‍കുടം ബ്രാഹ്മണനു നല്‍കി.


ശബരിയെ തൊഴുത് വിജയബ്രാഹ്മണന്‍ കുംഭം സ്വീകരിച്ചു. കുംഭവുമായി ബ്രാഹ്മണന്‍ ജലധാരയ്ക്ക് അരികിലേക്കു നടന്നു. തീര്‍ത്ഥപ്രവാഹത്തെ കുടത്തിലേക്കു സ്വീകരിക്കുവാനായി താരകബ്രഹ്മമന്ത്രം ജപിച്ച് അല്പം ദൂരെ നിന്ന് വിജയന്‍ കുംഭം നീട്ടി. ജലപ്രവാഹത്തിന്റെ ശക്തിയാല്‍ കുഭം ദളങ്ങളായി തകര്‍ന്നുവീണു. ഭൂമിയില്‍ പതിച്ച മണ്‍കഷ്ണങ്ങള്‍ വന്‍ പാറകളായി പരിണമിച്ചു. ആ പാറകള്‍ക്കു നടുവില്‍ ഒരു ഗര്‍ത്തം (കുഴി) രൂപപ്പെട്ടു. ഉടന്‍ തന്നെ ജലപ്രവാഹത്തിന്റെ ശക്തികുറഞ്ഞു.



മന്ദംമന്ദം തീര്‍ത്ഥ ജലം പ്രവഹിച്ചുതുടങ്ങി. ഈ കാഴ്ചകളെല്ലാം കണ്ട് വിസ്മയിച്ച ബ്രാഹ്മണന്‍ ശബരിയുടെ തപസ്സിന്റെ ശക്തിയെക്കുറിച്ചു ചിന്തിച്ച്താരകബ്രഹ്മത്തെ സങ്കല്പിച്ച് ആ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു. സങ്കടങ്ങളെല്ലാം ഒഴിഞ്ഞ് വിജയന്‍ കൃതാര്‍ത്ഥനായി. ആ സമയത്ത് ബ്രാഹ്മണന്റെ ശരീരത്തില്‍നിന്നും കറുത്ത നിറത്തിലുള്ള നിരവധി പക്ഷികള്‍ ഉത്ഭവിച്ചു പറന്നുയര്‍ന്നുതുടങ്ങി. എന്നാല്‍ അല്പദൂരം പിന്നിടുന്നതിനു മുമ്പ് ഇരുചിറകുകളും കരിഞ്ഞ് അവ ഭൂമിയില്‍വീണു പിടഞ്ഞുമരിച്ചു. ഈ കാഴ്ചകള്‍ കണ്ട ദേവകള്‍ സന്തോഷപൂര്‍വ്വംആകാശത്തു നിന്നും പുഷ്പവൃഷ്ടി നടത്തി. താരകമൂര്‍ത്തിയുടെ അഷ്ടാക്ഷര മന്ത്രം (ഓംപരായഗോപ്‌ത്രേ നമഃ:) ജപിച്ച്കണ്ണു ചിമ്മിത്തുറന്ന വിജയബ്രാഹ്മണന്‍ തന്റെമുന്നില്‍ ഒരു ബാലകനെ കണ്ടു.



നീലത്താമരയിതളുകള്‍ പോലെ പ്രശോഭിക്കുന്ന കോമളസ്വരൂപനും കോടിക്കണക്കിനു കാമദേവന്മാരുടെ സൗന്ദര്യംഒന്നുചേര്‍ന്ന ശരീരത്തോടുകൂടിയവനും ബാണവും ധനുസ്സും കയ്യില്‍ ധരിച്ചവനും കാരുണ്യത്തിന് വാസഗേഹമായവനും ചന്ദ്രബിംബസമാനമായമുഖത്തോടുകൂടിയവനും മനോമോഹനനുമായ ബാലകനെ കണ്ട് വര്‍ദ്ധിച്ച ഭക്തിയോടെ ഉത്തമനായ ആ ബ്രാഹ്മണന്‍ സാഷ്ടാംഗം നമസ്‌കരിച്ചു.


ആനന്ദം മൂലംകണ്ണുനീര്‍ പൊഴിച്ച് വേദമന്ത്രങ്ങളാല്‍ ഭൂതനാഥനെ അദ്ദേഹം സ്തുതിച്ചുതുടങ്ങി. ആദ്യം പുരുഷസൂക്തത്താലും തുടര്‍ന്ന് രുദ്രസൂക്തങ്ങളാലും ‘നന്ദാമഹേ’ ഇത്യാദി മന്ത്രങ്ങളാലും ശാന്തിപാഠങ്ങളാലും ഭൂതേശസഹസ്രനാമത്താലും ആദരപൂര്‍വ്വം വിജയഭൂസരന്‍ താരകബ്രഹ്മമൂര്‍ത്തിയെ സ്തുതിച്ചുവന്ദിച്ചു. തന്റെമുന്നില്‍ തൊഴുതു നില്‍ക്കുന്ന ഭൂസുരനെകണ്ട് ഭൂതേശനായ ജഗന്നാഥന്‍ അരുള്‍ചെയ്തു. മഹാമതേ, അങ്ങയുടെ ഭക്തിയില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. ചേതോഭിലാഷം എന്തെന്നു പറയുക. ഞാന്‍ അതു നല്‍കുന്നതാണ്.


ആയിരം സൂര്യന്മാരുടെ ശോഭയോടെ പ്രകാശിക്കുന്ന തേജോമയനായ ധര്‍മ്മശാസ്താവിന്റെ വാക്കുകള്‍കേട്ട് ഉള്ളില്‍ ഭക്തിയുംസന്തോഷവും നിറഞ്ഞ് താണുതൊഴുതു വിജയന്‍ സാവധാനം പറഞ്ഞു. പുണ്യമൂര്‍ത്തേ, ഞാന്‍ പുത്രാര്‍ത്ഥിയാണ്. എന്റെ പുത്രന്‍ എന്ന ഭാവത്തില്‍അവിടുന്ന് വര്‍ത്തിക്കണം. ഇതുകേട്ട് അവ്യയനായ ഭൂതനാഥന്‍ വിപ്രനോടു പറഞ്ഞു – വിപ്രകുലമണേ, അങ്ങയുടെ പുത്രനെന്ന ഭാവത്തില്‍ വേറൊരു ജന്മത്തില്‍ ഞാന്‍ വര്‍ത്തിക്കുന്നതാണ്. ഈ ജന്മത്തില്‍ അങ്ങേയ്ക്ക് ഇനി മേലില്‍ സമ്പത്തും പുത്രന്മാരും വര്‍ദ്ധിച്ചു വരും. ഈ തീര്‍ത്ഥത്തിന്റെ മഹിമയാല്‍ അങ്ങയുടെ പൂര്‍വ്വ ജന്മപാപങ്ങളെല്ലാം ഭസ്മമായിരിക്കുന്നു. നോക്കുക, അങ്ങയുടെ പാപങ്ങളാണ് പക്ഷികളുടെ രൂപത്തില്‍ ഇവിടെ മരിച്ചുകിടക്കുന്നത്.



ഇത്‌കേട്ട് ബ്രാഹ്മണന്‍ ഭൂതനാഥനോടുചോദിച്ചു. പ്രഭോ, എന്തു മഹാപാതകമാണു ഞാന്‍ മുമ്പ് ചെയ്തിട്ടുള്ളത്? ഭൂതനാഥന്‍ അരുള്‍ചെയ്തു. വിശ്വാസവഞ്ചനയാണ് അങ്ങ് പൂര്‍വ്വ ജന്മത്തില്‍ ചെയ്ത മഹാപാതകം. ദോഷമില്ലാത്തവനില്‍അസൂയമൂലം ദോഷമാരോപിക്കുക, മോഷ്ടിക്കുക, മദ്യപാനം ചെയ്തു മത്തനായിചെയ്യേണ്ടതോര്‍ക്കാതെ ചെയ്തുകൂടേണ്ടാത്തവ ചെയ്യുക, കാരണമില്ലാതെ മറ്റുജന്തുക്കളെകൊല്ലുക, തുടങ്ങിയുള്ള വിവിധതരം പാതകങ്ങളില്‍വെച്ച്ഏറ്റവും വലിയ പാതകമാണ് വിശ്വാസവഞ്ചന.



നൂറുജന്മം അനുഭവിച്ചാലും വിശ്വാസവഞ്ചന ചെയ്തവന്റെ പാപങ്ങള്‍ ഒടുങ്ങുകയില്ല. എന്നിരുന്നാലുംഎന്റെ ഭക്തയായ ശബരി പ്രാര്‍ത്ഥിച്ചതുമൂലവും, അല്പ പ്രവാഹമായിത്തീര്‍ന്ന ഈ തീര്‍ത്ഥത്തില്‍ ഭക്തിയോടെ സ്‌നാനം ചെയ്തതുമൂലവും അങ്ങയുടെ സര്‍വപാപങ്ങളും ഭസ്മമായിഏറ്റവും ശുദ്ധനായിരിക്കുന്നു. പക്ഷേ, അങ്ങയുടെ മനസ്സില്‍ അതിമോഹം ഉദിച്ചതിനാല്‍ ഒരു ജന്മംകൂടി സ്വീകരിക്കേണ്ടതായിവരും. അന്ന് ഞാന്‍ അങ്ങയുടെ പുത്രനെന്ന ഭാവത്തില്‍കൂടെ വസിക്കുന്നതാണ്. മാത്രമല്ല ഞാന്‍ അങ്ങയുടെ ഭൃത്യനുമായിരിക്കും. ഭക്തരുടെ ദാസനായി വസിക്കാന്‍ എനിക്ക് അതിയായ ആനന്ദമാണുള്ളത്.



അടുത്ത ജന്മത്തില്‍ ഞാന്‍ അങ്ങേയ്ക്ക് നിര്‍ഗുണ ബ്രഹ്‌മോപദേശം നല്‍കുന്നതാണ്. അതോടെ കൈവല്യംലഭിച്ച് അങ്ങ് ജന്മരഹിതനായി ബ്രഹ്മപദം പൂകും. കുംഭംദളങ്ങളായിമാറുകയാല്‍(കുടംചിതറുകയാല്‍) കുംഭദളതീര്‍ത്ഥമെന്ന് ഈ തീര്‍ത്ഥം അറിയപ്പെടും. അങ്ങയുടെ സല്‍ക്കീര്‍ത്തി ഈ തീര്‍ത്ഥമുള്ളകാലത്തോളം നിലനില്‍ക്കും.



ജന്മഭൂമി: 

No comments:

Post a Comment