ഭക്തലക്ഷങ്ങൾക്ക് ഇന്ന് ആനന്ദലഹരിയുടെ സുദിനമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുളള സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ അതിവിശേഷമായ ഇന്ന്, വ്രതം നോറ്റ്, കാവടിയേന്തി വേൽമുരുകന് ഭക്ത്യഭിഷേകമാടുവാനെത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.
മകരമാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. തമിഴ് പഞ്ചാംഗപ്രകാരം തൈമാസത്തിലെ പൂയം നക്ഷത്രം ഈ ദിനം വരുന്നതിനാലാണ് തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നത്. ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.
മയിൽപ്പീലികളാൽ അലംകൃതമായ കാവടികളിൽ പനിനീർ, ഭസ്മം, പാൽ ഇങ്ങനെ വിവിധ ദ്രവ്യങ്ങൾ നിറച്ച് കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാർ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളിൽ പ്രധാനം. ചെണ്ടയിൽ മുറുകുന്ന രുദ്രതാളത്തിനൊപ്പിച്ച് ഭൗതികപ്രപഞ്ചമെന്ന മിഥ്യാബോധം വെടിഞ്ഞ് സുയം മറന്ന് തുളളിയുറഞ്ഞെത്തുന്ന സുബ്രഹ്മണ്യഭക്തന്മാർ തീക്ഷ്ണവും, സമ്പൂർണ്ണവുമായ സമർപ്പണത്തിന്റെയും, ഭക്തിയുടേയും നേർസാക്ഷ്യം കൂടിയാണ്.
കേരളത്തിലെ അസംഖ്യം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഇന്ന് വലിയ ആഘോഷമാണ്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പെരുന്ന ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം, കിടങ്ങൂർ, നീണ്ടൂർ, ചെറിയനാട്, കരിക്കാട്, തൃപ്പേരൂർ കുളങ്ങര, ആർപ്പൂക്കര, കൊടുന്തറ, ഇടവട്ടം, ചേർപ്പ് തുടങ്ങി കേരളത്തിലെ പ്രശസ്തങ്ങളായ ക്ഷേത്രങ്ങളിലെല്ലാം പതിനായിരങ്ങളാണ് ഇന്ന് കാവടിയേന്തി വേലായുധസ്വാമിയ്ക്കു മുന്നിലെത്തുക.
ഒരേസമയം കണ്ണിനും, കാതിനും അതേപോലെ തന്നെ ശരീരത്തിനും, മനസ്സിനും അളവില്ലാത്ത ആനന്ദവും ഊർജ്ജവും പകർന്നു നൽകുന്ന ഇന്നേദിവസം കേരളത്തിലേക്കാളുപരി തമിഴ്‌നാട്ടിലും അതിവിപുലമായി കൊണ്ടാടപ്പെടുന്നു. തികവുറ്റ കലകളുടെ സമ്മേളനം കൂടിയാണ് കാവടിയാട്ടം. കരവിരുതും, താളവും, ശൈവഭാവം പ്രസ്ഫുരിക്കുന്ന, മുരുകഭക്തിയിൽ സ്വയം മറന്ന സ്വാമിമാരുടെ ദ്രുതപദചലനങ്ങളുമെല്ലാം ചേർന്ന് ഓരോ ക്ഷേത്രാങ്കണങ്ങളും താണ്ഡവഭൂമിയായ കൈലാസം തന്നെയായി മാറുന്ന സുദിനം. ഈ തൈപ്പൂയദിനത്തിൽ എല്ലാ ജനങ്ങൾക്കും ജനം ടി.വിയുടെ പ്രണാമം
No comments:
Post a Comment