സൂതന്‍ ശൗനകനോടുവീണ്ടും പറഞ്ഞുതുടങ്ങി. കുംഭജനായ അഗസ്ത്യമഹര്‍ഷി പന്തളമഹാരാജാവിന് പമ്പാമാഹാത്മ്യം ഉപദേശിച്ചു.
അഗസ്ത്യന്‍ പറഞ്ഞു: സാരമേറിയ പുണ്യതീര്‍ത്ഥങ്ങളെയെല്ലാം കേരളത്തില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിച്ച് പരശുരാമന്‍ ഭക്തിപൂര്‍വ്വം ഖണ്ഡപരശുവായ മഹാദേവനെ ധ്യാനിച്ചു തപസ്സുചെയ്തു. ഭഗവാനില്‍നിന്നു വരം ലഭിച്ച പരശുരാമന്‍ എല്ലാ പുണ്യതീര്‍ത്ഥങ്ങളേയും ഒരുമിച്ചുചേര്‍ത്ത്‌കേരളഭൂമിയില്‍ ഒറ്റ തീര്‍ത്ഥമാക്കിമാറ്റി. ആമോദപൂര്‍വംഅതിനു പമ്പാനദിയെന്ന് പരശുരാമന്‍ പേരിട്ടു. ‘പാ’ എന്ന ധാതുവില്‍ നിന്നാണ് പമ്പയെന്നനാമം ഉളവായത്. പാലനം, പാവനം, പാനം എന്നിവയിലൂം ധാതു ‘പാ’എന്നുതന്നെ. മഹാരാജാവേ, പാനം ചെയ്യുന്ന പാപികളെ പരിശുദ്ധരാക്കിത്തീര്‍ത്തു പാലനംചെയ്യുന്ന തീര്‍ത്ഥമായതിനാല്‍ പമ്പയെന്ന നാമം ലഭിച്ചു. ഈ തീര്‍ത്ഥത്തിന്റെ മാഹാത്മ്യം ഞാന്‍ വീണ്ടും പറഞ്ഞാല്‍ അത് ചര്‍വ്വിതചര്‍വ്വണമായിത്തീരും (ചവച്ചത് വീണ്ടും ചവയ്ക്കുന്നതുപോലെ; പറഞ്ഞതു വീണ്ടും പറയുന്നതുപോലെയെന്നു സാരം).
മന്നവാ, ഭൂതേശനെ പൂജിക്കുന്നതിനുള്ള ക്രമം ഇനി ഞാന്‍ പറഞ്ഞുതരാം. ഏതൊരുപൂജകൊണ്ടാണോ ദേവവൃന്ദങ്ങള്‍ സ്വര്‍ഗ്ഗസ്ഥിതരായത്, ഏതൊരു പൂജകൊണ്ടാണോ ദേവവൃന്ദങ്ങള്‍ കൃതാര്‍ത്ഥരായിത്തീര്‍ന്നത്, അങ്ങിനെയുള്ള പൂജാക്രമം ഇന്നു ഞാന്‍ ചുരുക്കി ഭവാനോടുപറയുന്നതാണ്. പണ്ടൊരിക്കല്‍ കൃതവീര്യന്റെ പുത്രനായ അര്‍ജ്ജുനന്‍ (കാര്‍ത്തവീര്യാര്‍ജ്ജുനന്‍) എന്ന ബുദ്ധിമാനായ മഹാരാജാവ്തന്റെ ഗുരുവായ ദത്തനെ (ദത്താത്രേയനെ) വന്ദിച്ച് ആദരപൂര്‍വ്വംചോദിച്ചു. വിഭോ, ഏതൊരു ദേവനെ പൂജിച്ചാല്‍ എന്റെ മനസ്സ് പരിശുദ്ധമായിത്തീരും? ആ ദേവന്റെ പൂജാപ്രകാരങ്ങള്‍ എനിക്ക് ഇന്ന് ഉപദേശിച്ചു തന്നാലും. അര്‍ജ്ജുനന്റെവാക്കുകള്‍കേട്ട് ദത്തന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു
മഹാരാജന്‍, നീ മഹാഭാഗ്യശാലിയാണ്. മനസ്സ് ശുദ്ധമാകണം എന്നാണല്ലോ ഭവാന്റെ ആഗ്രഹം. മനുഷ്യര്‍ക്ക് അതിലും മീതെ കൃതാര്‍ത്ഥത വരാന്‍ മറ്റൊന്നുമില്ല എന്നറിയുക. ഏകമായ ബ്രഹ്മത്തില്‍നിന്ന് മായയാല്‍ ദേവകളെല്ലാം ഉത്ഭവിക്കുന്നു. ഒരു ദേവന്‍ ഗുണവാന്‍ അപരന്‍ ദോഷം എന്ന് പറയാന്‍ സാധിക്കുകയില്ല. ഓരോരോ ദേവനെയായി വെവ്വേറെ പൂജിക്കുവാന്‍ ഭൂമിയില്‍ മനുഷ്യനു സാധിക്കുമോ? ഗുണയുതരായ ദേവകളെല്ലാവരും ഒന്നുചേര്‍ന്നു നില്‍ക്കുന്നതാണ് താരകം. ‘താ’ എന്ന ധാതുവില്‍ നിന്നാണ് താരകമെന്ന നാമം ഉത്ഭിവിച്ചത്. നന്നായ് തരണം ചെയ്യിക്കുന്നുവെന്നുളളവാക്കിനു ധാതുവായത് ‘താ’ എന്നറിയുക. തന്റെ ഭക്തന്മാരെ ഘോരമായ ദുഃഖത്തില്‍നിന്നും തരിപ്പിക്കുക (അല്ലെങ്കില്‍ തരണംചെയ്യിക്കുക) എന്നതുകാരണം താരമെന്നുള്ള നാമം ഉണ്ടായി. അതിനോട് ‘ക’ പ്രത്യയംചേര്‍ന്നാല്‍ താരകമെന്ന് നാമം. താരകരൂപനായദേവനെ പൂജിക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കപ്പെടും.
ഭവാന്‍ യുദ്ധത്തില്‍ വധിക്കപ്പെടുമെന്നാണ് ഞാന്‍ പണ്ടുനല്‍കിയ വരം. അതിനുള്ളകാലം അടുത്തിരിക്കുന്നു. അധികകാലം കഴിയുന്നതിനുമുമ്പ് പരശുരാമന്‍ ഭവാനെ യുദ്ധത്തില്‍ വധിക്കും. അതിനുമുമ്പ് താരകത്തെ ഭവാന്‍ നന്നായിസ്മരിച്ച് മനസ്സില്‍ ഉറപ്പിക്കണം. ദക്ഷാരിയായ ദയാപരനായ മഹാദേവന്‍ ദക്ഷിണാമൂര്‍ത്തിയായി ചമഞ്ഞ് ആമോദപൂര്‍വ്വം ശിഷ്യന്മാര്‍ക്ക് താരകബ്രഹ്മോപദേശമാണ് നല്‍കുന്നത്. എന്നാല്‍ ഇനി പൂജചെയ്യേണ്ടുന്നവിധം ഒന്നൊഴിയാതെ ഞാന്‍ സംഗ്രഹിച്ചു പറയാം. നിര്‍മ്മമേതി, മമേതി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള പൂജയുണ്ട്. മാനസതാരില്‍ ഈശ്വരന്‍ നിലകൊള്ളുന്നു എന്നുവിചാരിച്ചുള്ള മാനസപൂജയാണു നിര്‍മ്മമേതിത്വം. ഈശ്വരന്റെ ദാസനാണു ഞാന്‍ എന്നുറച്ച് വിശ്വസിച്ചുള്ള ബാഹ്യപൂജയാണ് മമേതിത്വം. നിഷ്‌ക്കാമമായിചെയ്യുന്ന മമേതി കര്‍മ്മങ്ങള്‍ കാലാന്തരത്തില്‍ നിര്‍മ്മമേതിയായിടും.
ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാലന്‍ വരെയുള്ള എല്ലാവര്‍ണ്ണങ്ങള്‍ക്കും ഇതിന് അധികാരമുണ്ട്. എങ്കിലും ഓരോവര്‍ണ്ണത്തിനും ഓരോരോവിധത്തിലുള്ള പൂജകളാണു ധര്‍മ്മകര്‍ത്താക്കള്‍ ഭൂമിയില്‍ കല്പിച്ചിരിക്കുന്നത്. വേദമന്ത്രങ്ങളാല്‍ ബ്രാഹ്മണര്‍ക്കു പൂജചെയ്യാം. ബ്രാഹ്മണാജ്ഞയനുസരിച്ച് ക്ഷത്രിയര്‍ക്കും അപ്രകാരം അനുഷ്ഠിക്കാം. താന്ത്രികവൈദികങ്ങളായ മന്ത്രങ്ങളാല്‍ ശാന്തസ്വരൂപികളായ വൈശ്യന്മാര്‍ പൂജചെയ്യണം. താന്ത്രിക മന്ത്രങ്ങളാല്‍ മറ്റ്‌വര്‍ണ്ണങ്ങളും (ശൂദ്രരുംചണ്ഡാലരും) ശാന്തബുദ്ധ്യാ ദേവനെ പൂജിക്കണം. എല്ലാവരും തന്ത്രം (പൂജ)ചെയ്യുന്നത് ഒരേ പ്രകാരംതന്നെയാണ്. മന്ത്രങ്ങള്‍ക്കുമാത്രമേ അല്പം ഭേദമുള്ളൂ. ഉപനയനാദികര്‍മ്മങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേദാധികാരം ഉണ്ടായിരിക്കുകയില്ല. യാതൊരുവന് സന്തുഷ്ടനായ ആചാര്യനാല്‍ ഉപനയനാദി കര്‍മ്മങ്ങള്‍ ചെയ്യപ്പെടുന്നുവോ അവന് വേദം ഉച്ചരിക്കാം. അതില്‍ അല്പംപോലും ദോഷമില്ല എന്നാണ് എന്റെ അഭിപ്രായം. ഭക്തിയുണ്ടെങ്കില്‍ താന്ത്രികപൂജയും മുക്തിയിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. ഭക്തിഹീനന്മാരായവര്‍ക്കു വൈദികവിധിപ്രകാരമുള്ള പൂജകളും മുക്തി നല്‍കുന്നതിനു ശക്തിയുള്ളതായിത്തീരുകയില്ല.
ആദ്യമേ ആചാര്യനില്‍ നിന്നു പൂജാക്രമങ്ങളെല്ലാം പഠിക്കണം. എല്ലാവര്‍ണ്ണങ്ങള്‍ക്കും ഇത് ബാധകമാണ്. ഗുരുവില്‍നിന്ന് പഠിച്ചശേഷംവേണം പൂജചെയ്തു തുടങ്ങുവാന്‍. എന്നാല്‍ ഫലമുണ്ടാകും. സൂര്യനുദിക്കാന്‍ രണ്ടര നാഴിക നേരമുള്ളപ്പോള്‍ ഉണര്‍ന്ന് എഴുന്നേറ്റിരുന്ന് ആദരപൂര്‍വ്വം ഭക്തിയോടെ ശിരസ്സിനു മധ്യത്തില്‍ വിടര്‍ന്നുനില്‍ക്കുന്ന താമരയ്ക്കുള്ളില്‍ ഇരിക്കുന്നവനായ ആചാര്യനെ സ്മരിക്കണം. അന്നേദിവസം ചെയ്യേണ്ട കാര്യങ്ങളെല്ലാം നന്നായി വരാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുക. പിന്നീട് മെല്ലെ പുറത്തിറങ്ങി ശൗചക്രിയകളെല്ലാം കഴിച്ച് ശുദ്ധ മനസ്സോടെ ഗൃഹകൃത്യങ്ങളെല്ലാം വേണ്ടുംവിധം നിര്‍വ്വഹിക്കുവാന്‍ യോഗ്യരായവരെ ഗൃഹനാഥന്‍ നിയോഗിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗൃഹകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പൂജയില്‍ അശ്രദ്ധയുണ്ടാകും. സൂര്യനുദിക്കുന്ന യാമംവരെ ശുദ്ധസാത്വിക കാലമാണ്. പിന്നെ മദ്ധ്യാഹ്നംവരെ രജോഗുണവും പ്രദോഷംവരെ തമോഗുണവുമാണ്. മഹാരാജാവേ, രാത്രികാലത്തും ഗുണത്രയങ്ങള്‍ ഇതേപ്രകാരംതന്നെയാണ് എന്നറിയുക.
നല്ല സൂഗന്ധതൈലം തേച്ചുള്ള സ്‌നാനം ഉത്തമമാണ്. അല്ലെങ്കില്‍ വെള്ളത്തില്‍മുങ്ങിക്കുളിക്കാം. അതിനു വഴിയില്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം. അഗ്നിസമ്പര്‍ക്കമുണ്ടായ ജലം അതീവ ശുദ്ധമാണ് എന്നൊരുപക്ഷമുണ്ട്. ‘ആപോഹിഷ്ഠാ’ എന്നിത്യാദി മന്ത്രങ്ങള്‍ ജപിച്ചു പ്രോക്ഷണം ചെയ്തുവേണം കുളിക്കുവാന്‍. ഭസ്മം ധരിച്ച് സന്ധ്യാവന്ദനം ചെയ്യുക. ഭസ്മംകുളിയുടെ ഒരു അംഗംതന്നെയാണ്. ഇതൊന്നുമല്ലെങ്കില്‍ കുലാചാരമനുസരിച്ച് ചെയ്യുക. മനസ്സില്‍ തന്റെകുലദൈവത്തെ സ്മരിച്ച് മൗനിയായി പൂജാഗൃഹത്തിന്റെ വാതില്‍ക്കലെത്തുക. ദ്വാരപാലകന്മാരെ പൂജിച്ചശേഷം പൂജാഗൃഹത്തില്‍ പ്രവേശിച്ച് ആസനം (ഇരിപ്പിടം) തൊട്ട് അഭിവാദ്യംചെയ്യണം. ബ്രാഹ്മണര്‍ക്ക് കര്‍മ്മീയം(ആവണപ്പലക) ആണ് ഉത്തമമായആസനം. തോലുകൊണ്ടുള്ള ഇരിപ്പിടം (മാന്‍തോലും പുലിത്തോലും) നാലുജാതിക്കും ഉപയോഗിക്കാമെന്ന് നിര്‍മ്മമന്മാരായ ചിലര്‍ പറയുന്നു. പിതാവ് തുടങ്ങിയ രക്ഷിതാക്കളെയെല്ലാം വന്ദിച്ച് സന്തോഷത്തോടെ ആസനത്തിലിരിക്കണം. ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും പത്മാസനമാണ് ഉത്തമം. ക്ഷത്രിയവൈശ്യജാതികള്‍ക്ക് വീരാസനമാണ് ഉചിതമെന്ന് ശാസ്ത്രങ്ങള്‍ വിധിക്കുന്നു.
പൂജയ്ക്ക് ഇരിക്കുന്നതിനുമുമ്പ് പൂജയ്ക്കാവശ്യമായവയെല്ലാം പൂജകന്‍ സംഭരിച്ചിരിക്കണം. പുഷ്പം, അക്ഷതം, ഗന്ധം, ശുദ്ധജലം, പ്രഭപരത്തുന്ന സാമ്പ്രാണി, വെറ്റില, പൂഗം, ഘൃതം എന്നിവയെല്ലാം ശക്തിക്കൊത്തവിധം (അവനവനു സാധിക്കുന്ന വിധം) പൂജാഗൃഹത്തില്‍ ശേഖരിച്ചിരിക്കണം. കേതകി, കിംശൂകം, കുടജം, ചൂതസുമങ്ങള്‍, കാപാലപുഷ്പം എന്നിവ പൂജയ്ക്കു നിഷിദ്ധമാണ്. അവകൊണ്ട് ഒരു ദേവനേയും പൂജിക്കരുത്. കൂവളത്തില, തുളസിയില, പിച്ചി, മുല്ല, ചേമന്തി, ചെത്തി, മന്ദാരം, തുമ്പ, പാരിജാതം, ചെമ്പകം, കര്‍പ്പൂരം, മഞ്ജീര പുഷ്പം തുടങ്ങിയവയെല്ലാംഎല്ലാവിധ പൂജകള്‍ക്കും നല്ലതാണ്. താമരപ്പൂവും തുളസീദളവും പൂക്കളില്‍ ഉത്തമമാണ് എന്നതില്‍ സംശയില്ല. കാരകില്‍, കച്ചൂരം, കൊട്ടം, രാമച്ചം, ചന്ദനം, കണ്ടിവെണ്ണ, ഇരുവേലി, കേസരം എന്നിവയാണ് അഷ്ടഗന്ധം. പട്ടുവസ്ത്രമോ വെളുത്തവസ്ത്രമോ ഇഷ്ടമുള്ളത് ഏതായാലും ഉടുക്കാം. എന്നിരിക്കിലും താരകബ്രഹ്മത്തെ പൂജിക്കുന്നതിന് സുന്ദരമായ നീലാംബരം (നീലപ്പട്ട്) മുഖ്യമായിരിക്കുന്നു. മാലകളും ഭസ്മക്കുറികളും ശരീരത്തില്‍ ധരിച്ചുവേണം പൂജിക്കുന്ന വ്യക്തി പൂജയ്ക്ക് ഇരിക്കേണ്ടത്.
ജന്മഭൂമി
No comments:
Post a Comment