ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന രണ്ടാം ഗ്രന്ഥം ബ്രഹ്മാണ്ഡപുരാണമാണ്. ലളിതാപരമേശ്വരിയുടെ മഹിമ വര്‍ണ്ണിക്കുന്നതാണു ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 5 മുതല്‍ 44 വരെയുള്ള അദ്ധ്യായങ്ങള്‍ .ബ്രഹ്മാണ്ഡപുരാണതിലെ ഉത്തരഭാഗം ആറാം അദ്ധ്യായത്തിലും പത്താം അദ്ധ്യായത്തിലും ശാസ്താവിന്റെ ജനനം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
ലളിതാദേവിയുടെ ലീലകളേക്കുറിച്ച് അറിയാന്‍ ആഗ്രഹിച്ച അഗസ്ത്യമഹര്‍ഷിയോട് ഹയഗ്രീവമഹര്‍ഷി പറയുന്നു.
ആദൗപ്രാദുരഭൂച്ഛക്തിര്‍ ബ്രഹ്മണോ ധ്യാനയോഗതഃ
പ്രകൃതിര്‍ നാമ സാഖ്യാതാദേവാനാമിഷ്ടസിദ്ധിദാ
ദ്വിതീയമുദ്ഭൂദ്രൂപം പ്രവൃത്തേളമൃതമംഥനേ
ശര്‍വസമ്മോഹജനകമവാങ്ങ്മനസഗോചരം
യദ്ദര്‍ശനാദഭൂദീശഃസര്‍വജ്‌ഞോളപിവിമോഹിതഃ
വിസൃജ്യ പാര്‍വതീംശീഘ്രംതയാ രുദ്ധോളതനോദ്രതം
തസ്യാംവൈ ജനയാമാസശാസ്താരമസുരാര്‍ദ്ദനം
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം 6:6 9)
സൃഷ്ട്യാരംഭത്തില്‍ ബ്രഹ്മദേവന്റെ ധ്യാനയോഗഫലമായി ‘പ്രകൃതി’ നാമധേയത്തോടെ ആവിര്‍ഭവിച്ച ശക്തി ദേവകള്‍ക്ക് ഇഷ്ടസിദ്ധി നല്‍കുന്നവളാണ്. രണ്ടാമത് ദിവ്യരൂപം അമൃതമഥന വേളയിലാണുണ്ടായത്. വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്തതും മനസ്സുകൊണ്ട് സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുമായ ആ ദിവ്യരൂപം കണ്ട് സര്‍വജ്ഞനായ ശിവന്‍പോലും മോഹിതനായി. പാര്‍വ്വതിയെ വെടിഞ്ഞ് ശിവന്‍ മോഹിനിയുമായി സംഗമിക്കുകയും അവരുടെ സംയോഗത്തില്‍ നിന്ന് അസുരമര്‍ദ്ദകനായ ശാസ്താവ് ഉത്ഭവിക്കുകയുംചെയ്തു.
ഹയഗ്രീവന്റെ വാക്കുകള്‍കേട്ട് അഗസ്ത്യന്‍ ചോദിച്ചു:
’സകലഭൂതങ്ങളുടേയും ഈശനും ആത്മനിയന്ത്രണം ഉള്ളവനും കാമദേവനെ ജയിച്ചവനുമായ മഹാദേവന്‍ എങ്ങിനെയാണു മോഹിനിയില്‍ മോഹിതനായി പുത്രനെ ജനിപ്പിച്ചത്?’. അഗസ്ത്യന്റെ ചോദ്യത്തിനു മറുപടിയായി ഹയഗ്രീവന്‍ അമൃതമഥന കഥ വര്‍ണ്ണിക്കുന്നു. പാലാഴിമഥനത്തിനു കാരണമായ സംഭവങ്ങളും മഥനത്തോടു അനുബന്ധിച്ചുള്ള മറ്റുവിവരങ്ങളും ധര്‍മ്മോപദേശങ്ങളുമാണ് ബ്രഹ്മാണ്ഡപുരാണം ഉത്തരഭാഗത്തിലെ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളിലെ പ്രതിപാദ്യം.
പത്താമത്തെ മോഹിനീ പ്രാദുര്‍ഭാവം എന്ന അദ്ധ്യായത്തിലാണു ശാസ്താവിന്റെ ഉത്ഭവത്തെക്കുറിച്ചു പറയുന്നത് (ലളിതോപാഖ്യാനത്തിലെ ആറാം അദ്ധ്യായമാണു മോഹിനീ പ്രാദുര്‍ഭാവം).
പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്ന ധന്വന്തരീമൂര്‍ത്തിയുടെ കയ്യില്‍നിന്നും അമൃതകലശം അസുരന്മാര്‍ തട്ടിയെടുത്തു. അമൃത് തിരിച്ചുപിടിക്കാന്‍ ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തു. ഈ അവസരത്തില്‍ സര്‍വലോകരക്ഷകനായ വിഷ്ണുതാനുമായി ഐക്യം പ്രാപിച്ചവളായ ലളിതാദേവിയെ ആരാധിച്ചു.
ഏതസ്മിന്നന്തരേവിഷ്ണുഃസര്‍വലോകൈകരക്ഷകഃ
സമ്യഗാരാധയാമാസലളിതാംസൈ്വക്യരൂപിണീം
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:4)
ദേവാസുരയുദ്ധം രൂക്ഷമായതോടെ യോഗീന്ദ്രനായ വിഷ്ണു മഹേശ്വരിയായ ലളിതയെ ധ്യാനിച്ചു ദേവിയുടെസ്വരൂപം കൈക്കൊണ്ടു. സര്‍വ്വരേയും മോഹിപ്പിക്കുന്നവളും സര്‍വ്വാഭരണവിഭൂഷിതയും ശൃംഗാരവേഷാഢ്യയുമായ മോഹിനീ രൂപമാണു വിഷ്ണു കൈക്കൊണ്ടത്.
ഭഗവാനപിയോഗീന്ദ്രഃ സമാരാധ്യ മഹേശ്വരീം
തദേക ധ്യാന യോഗേന തദ്രൂപഃ സമജായത
സര്‍വസമ്മോഹിനീ സാ തുസാക്ഷാച്ഛൃംഗാരനായികാ
സര്‍വശൃംഗാരവേഷാഢ്യാസര്‍വാഭരണഭൂഷിതാ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:7)
അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്ത് അമൃത്‌ദേവകള്‍ക്കു വിളമ്പി. ഒഴിഞ്ഞ കലശം അസുരന്മാര്‍ക്കുമുന്നില്‍വെച്ച് ദേവി അപ്രത്യക്ഷയായി. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങള്‍ അറിയിച്ചു. ശിവന്‍ പാര്‍വ്വതീസഹിതനായി വൈകുണ്ഠത്തിലെത്തി. പത്‌നീസമേതനായി എത്തിച്ചേര്‍ന്ന ശിവന് അര്‍ഘ്യപാദ്യാദികള്‍ നല്‍കിയശേഷം മഹാവിഷ്ണു അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ചു.
ആഗമനോദ്ദേശം ആരാഞ്ഞ വിഷ്ണുവിനോടു ശിവന്‍ പറഞ്ഞു:’പുരുഷോത്തമനും യോഗേശ്വരനും അതിതേജസ്വിയുമായ ഭവാന്‍ സ്വീകരിച്ച സര്‍വ്വരേയും മോഹിപ്പിക്കുന്നതും വാക്കിനും മനസ്സിനും അപ്പുറമുള്ളതും ശൃംഗാരത്തിന്റെ അധിനായികാസ്വരൂപമായതും ആയ മോഹിനീ രൂപം എനിക്കുകാണിച്ചുതന്നാലും’.
ശിവന്റെ അപേക്ഷസ്വീകരിച്ച ഹരി ഏതുദേവിയില്‍ നിന്നാണോ അത്ഭുതകരമായരൂപം തനിക്ക് ലഭിച്ചത് ആ ദേവിയെ ധ്യാനിച്ചു.
യദ്ധ്യാനവൈഭവാല്ലബ്ധം രൂപമദ്വൈതമദ്ഭുതം
തദേവാനന്യ മനസാ ധ്യാത്വാകിംചിദ്‌വഹസ്യസഃ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10:48,49)
അതിനു ശേഷം വിഷ്ണു അപ്രത്യക്ഷനായി. ദിവ്യമായ ഒരു ഉദ്യാനം വൈകുണ്ഠത്തില്‍ ദൃശ്യമായി. ആ ഉദ്യാനത്തില്‍ പാരിജാതവൃക്ഷച്ചുവട്ടില്‍ അതിസുന്ദരിയായി നില്‍ക്കുന്ന മോഹിനിയെ ശിവന്‍ കണ്ടു(മോഹിനിയുടെ അലൗകികലാവണ്യത്തെ 50 മുതല്‍ 72 വരെയുള്ള ശ്ലോകങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു). ത്രിപുരസുന്ദരിയായ ലളിതയുടെ രൂപമാണുവിഷ്ണു സ്വീകരിച്ചത്. മോഹിനിയുടെ സൗന്ദര്യം കണ്ടു ശ്രീപാര്‍വ്വതിക്കുപോലും അസൂയയുണ്ടായി. കാമേശ്വരിയുടെ സ്വരൂപമാര്‍ന്ന മോഹിനിയെ കാമേശ്വരനായ ശിവന്‍ ആലിംഗനം ചെയ്തു. ദേവിയാവട്ടെ ശിവന്റെ പിടിവിടുവിച്ച് അല്‍പദൂരംമാറി നിന്നു. ശിവന്‍ വീണ്ടും ദേവിയെ ആലിംഗനം ചെയ്തു.
പുനര്‍ ഗൃഹീത്വാതാമീശഃകാമംകാമവശീകൃതഃ
ആശ്ലിഷ്ടംചാതിവേഗേന തദ്‌വീര്യം പ്രച്യുതംതദാ
തതഃസമുത്ഥിതോദേവോമഹാശാസ്താമഹാബലഃ
അനേകകോടിദൈത്യേന്ദ്ര ഗര്‍വനിര്‍വാപണക്ഷമഃ
തദ്‌വീര്യ ബിന്ദുസംസ്പര്‍ശാത്‌സാഭൂമിസ്തത്രതത്ര ച
രജതസ്വര്‍ണ്ണവര്‍ണ്ണാഭൂല്ലക്ഷണാദ്വിംധ്യമര്‍ദ്ദന
തഥൈവാന്തര്‍ദധേസാഹദേവതാവിശ്വമോഹിനീ
(ബ്രഹ്മാണ്ഡപുരാണംഉത്തരഭാഗം10: 74 77)
ശിവമോഹിനീ സംയോഗത്തില്‍ ശിവന്റെ വീര്യം പുറത്തുവന്നു. അതില്‍നിന്ന് മഹാബലവാനും അനേകകോടി ദൈത്യരുടെ അഹങ്കാരത്തെ ശമിപ്പിക്കാന്‍ കഴിവുള്ളവനുമായ മഹാശാസ്താവ്ജന്മമെടുത്തു. മഹാദേവന്റെ വീര്യബിന്ദുക്കള്‍ പതിച്ച ഭൂപ്രദേശങ്ങള്‍ക്കു സ്വര്‍ണവര്‍ണ്ണവും രജതവര്‍ണ്ണവും ലഭിച്ചു. അതിനുശേഷം വിശ്വമോഹിനിയായ ആ ദേവി അപ്രത്യക്ഷയായി.
സുകേഷ് പി. ഡി.
No comments:
Post a Comment