ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 9, 2017

ബോധകഥ





പക്ഷികളുടെ ഭാഷവശമുള്ള ഒരു ബ്രാഹ്മണന്‍ ഒരു ദിവസം ഒരു ആല്‍മരചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു........,


ആ മരത്തിന്റെ ചില്ലയിലിരുന്ന് രണ്ടു പക്ഷികള്‍ സംസാരിക്കുന്നത് അദ്ധേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.......   
ലോകത്തില്‍ ഏറ്റവും അധികം ഈശ്വരകൃപലഭിച്ച മനുഷ്യനെകുറിച്ചായിരുന്നു ആ പക്ഷികള്‍ സംസാരിച്ചത്...,


ഇതില്‍ ഒരു പക്ഷി പറഞ്ഞു:


''ഉദയപുരം പട്ടണത്തിലെ കാളിക്ഷേത്രനടയില്‍ ഇരിക്കുന്ന ഒരു ചെരുപ്പ് കുത്തിയാണ് ഈശ്വരകൃപലഭിച്ചവരില്‍ ഏറ്റവും മുന്നില്‍....!
"എന്നാല്‍ ആ മനുഷ്യന്‍ ഇതുവരെ ഒരു ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടുമില്ല''.   


കിളികളുടെ ഈ വാക്കുകേട്ട ബ്രാഹ്മണന് അത്ഭുതമായി.
ഇതുവരെയും ക്ഷേത്രദര്‍ശനം നടത്താത്ത ഒരു മനുഷ്യന് ഏറ്റവും കൂടുതല്‍ ഈശ്വരകൃപലഭിച്ചതിനെ കുറിച്ച് അറിയണമെന്ന് ബ്രാഹ്മണന് തോന്നി......
ഉടന്‍തന്നെ ബ്രാഹ്മണന്‍ ഉദയപുരം പട്ടണം ലക്ഷ്യമാക്കി നടന്നു.
അവിടെയുള്ള കാളിക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ അവശനും ക്ഷീണിതനുമായ ഒരു ചെരിപ്പുകുത്തിയെ ബ്രാഹ്മണന് കാണാന്‍ കഴിഞ്ഞു.......  


ചെരുപ്പ് കുത്തിയുടെ സമീപമെത്തിയ ബ്രാഹ്മണന്‍, ഈ അടുത്തകാലത്ത് അയാളുടെ ജീവിതത്തില്‍ എന്തെങ്കിലും സംഭവം ഉണ്ടായോ എന്ന് അന്വേഷിച്ചു. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം ചെരിപ്പ്‌കുത്തി പറഞ്ഞു: 


''എന്റെ ഭാര്യക്ക് ഒരാഗ്രഹമുണ്ടായിരുന്നു .
ഈ പട്ടണത്തില്‍ കിട്ടുന്ന ഏറ്റവും വിശേഷപെട്ട ഭക്ഷണം കഴിക്കണമെന്ന്. എന്നാല്‍ എന്റെ കയ്യിലാകട്ടെ അതിനുള്ള പണവുമുണ്ടായിരുന്നില്ല. എന്തായാലും ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് കരുതി ഞാന്‍ കൂടുതല്‍ സമയം ജോലിയെടുത്തു.....


അതില്‍നിന്നും കുറച്ചു പണം മിച്ചം പിടിച്ചു സൂക്ഷിച്ചു .
ഈ വിധം മിച്ചംപിടിച്ചതുകയുമായി ഞാന്‍ ആ വിശേഷപ്പെട്ട ഭക്ഷണം വാങ്ങി ഒരുദിവസം വൈകിട്ട് വീട്ടിലെക്ക് നടന്നു....


ഇങ്ങനെ നടന്നുപോകുമ്പോള്‍ വിശന്നു തളര്‍ന്ന  ഒരു യാചകന്‍ എന്റെ മുന്നില്‍ വന്ന് കൈ നീട്ടി.

എനിക്കെന്തോ അയാളില്‍ ദയ തോന്നി,
അയാള്‍ക്ക് നല്‍കാന്‍ എന്റെ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല.....
ആകെയുണ്ടായിരുന്നത് ആ ഭക്ഷണ പൊതിയായിരുന്നു.....
പിന്നീട് മറ്റൊന്നും ആലോചിക്കാതെ ഞാനാ ഭക്ഷണപൊതി യാചകന് നല്‍കി .


അയാള്‍ ആര്‍ത്തിയോടെ അത് കഴിക്കുന്നത് നോക്കി ഞാനവിടെതന്നെ നിന്നു .


കഴിച്ചുകഴിഞ്ഞതിനു ശേഷം നന്ദിയോടെ അയാളെന്നെ നോക്കി പുഞ്ചിരിച്ചു.


അതിനുശേഷം ഞാന്‍ വീട്ടിലെക്കും അയാള്‍ അയാളുടെ വഴിക്കും പോയി.....
ചെരുപ്പ്കുത്തി പറഞ്ഞത് കേട്ട് ബ്രാഹ്മണന് കാര്യം മനസിലായി.


എത്രതന്നെ ക്ഷേത്രദര്‍ശനം നടത്തിയിട്ടും വഴിപാടുകള്‍ നടത്തിയാലും പ്രയോജനമില്ല........,


മറിച്ച് തന്നെക്കാള്‍ ചെറിയവനെ സ്നേഹിക്കുകയും വിശക്കുന്നവന് ഭക്ഷണം നല്‍കുകയും ചെയ്‌താല്‍ എളുപ്പം ഈശ്വരകൃപ ലഭിക്കും എന്നുള്ളതാണ് സത്യം........!


No comments:

Post a Comment