മഹാഭാരതത്തിലെ നിസ്തുല പരാക്രമിയായ ഒരു യുവയോദ്ധാവ്.
പരാക്രമത്തില്‍ ഭീഷ്മ തുല്ല്യനും, ആയോധനത്തില്‍ അര്‍ജ്ജുന തുല്ല്യനുമായി ഭാരതം അഭിമന്യുവിനെ വിശേഷിപ്പിക്കുന്നു.
മധ്യമപാണ്ഡവനായ അര്‍ജുനന് കൃഷ്ണസഹോദരിയായ സുഭദ്രയില്‍ ജനിച്ച അഭിമന്യു സോമപുത്രനായ വര്‍ച്ചസിന്റെ അവതാരമാണ്. പാണ്ഡവന്‍മാരുടെ വനവാസാരംഭത്തില്‍ അഭിമന്യുവും മാതാവും ദ്വാരകയിലേക്ക് ആനയിക്കപ്പെട്ടു. ബലഭദ്രന്‍ അഭിമന്യുവിന് രക്ഷയും ശിക്ഷണവും നല്കി. വീണ്ടും അഭിമന്യു പാണ്ഡവന്‍മാരുടെ അടുത്തെത്തുന്നത് അവര്‍ വനവാസം കഴിഞ്ഞ് വന്നപ്പോഴാണ്. അവിടെവച്ച് വിരാടരാജപുത്രിയായ ഉത്തരയെ അഭിമന്യു വിവാഹം കഴിച്ചു.
ഭാരതയുദ്ധത്തില്‍, 13-ാം ദിവസംവരെ, ഓരോ ദിവസവും വീരോചിതമായും ധിരോദാത്തമായും പോരാടി. ഒന്നാം ദിവസം യുധിഷ്ഠിരന്റെ പ്രഥമ സേനാവിഭാഗത്തിലും രണ്ടാംദിവസം ധൃഷ്ടദ്യുമ്നന്റെ ക്രൌഞ്ചവ്യൂഹത്തിലും, മൂന്നാംദിവസം അര്‍ജുനന്റെ അര്‍ധചന്ദ്രവ്യൂഹത്തിലും, എട്ടാം ദിവസം ധൃഷ്ടദ്യുമ്നന്റെ ശൃംഗാടക വ്യൂഹത്തിലും നിയുക്തനായിരുന്നു.
ബൃഹദ്ബലന്‍, ഭഗദത്തന്‍, വികര്‍ണന്‍, സുദക്ഷിണന്‍, ചിത്രസേനന്‍, ദുര്‍മര്‍ഷണന്‍, ലക്ഷ്മണന്‍, അലംബുഷന്‍ തുടങ്ങിയ വീരന്‍മാരോടു മാത്രമല്ല ഭീഷ്മദ്രോണശല്യാദി മഹാരഥന്‍മാരോടും ഏറ്റുമുട്ടി തന്റെ അന്യാദൃശമായ സമരചാതുര്യം മേല്‍ക്കു മേല്‍ തെളിയിച്ചു. 13-ാം ദിവസത്തെ യുദ്ധത്തില്‍ ദ്രോണരുടെ ചക്രവ്യൂഹം ഭേദിക്കാന്‍ നിയുക്തനായ അഭിമന്യു സാഹസികമായി വ്യൂഹം ഭേദിച്ച് അകത്തു കടന്നു. പാണ്ഡവപക്ഷത്തെ ഭീമാദികളായ മഹായോദ്ധാക്കളില്‍ ആര്‍ക്കുംതന്നെ പിന്നാലെ വ്യൂഹത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും വെളിയില്‍ ചാടി രക്ഷപ്പെടാനുള്ള ഉപായം നിശ്ചയമുണ്ടായിരുന്നില്ല. യുദ്ധധര്‍മത്തിനു വിരുദ്ധമായി ദ്രോണര്‍, അശ്വത്ഥാമാവ്, കൃപര്‍, കര്‍ണന്‍, കൃതവര്‍മാവ്, ബൃഹദ്ബലന്‍ തുടങ്ങി നിരവധി പ്രൌഢയോദ്ധാക്കള്‍ യോജിച്ച് ആ വീരകുമാരനെ വളഞ്ഞ് യുദ്ധം ചെയ്തു. നഷ്ടായുധനായിത്തീര്‍ന്ന കുമാരന്‍ കൈയില്‍ക്കിട്ടിയതൊക്കെ എടുത്ത് ശത്രുക്കളുടെമേല്‍ പ്രയോഗിച്ചു. ഒടുവില്‍ ദൌശ്ശാസനിയോടു നേരിട്ടു നടത്തിയ മുഷ്ടിയുദ്ധത്തില്‍ ക്ഷീണിച്ചു നിലത്തുവീണു. ആ തക്കം നോക്കി ദൌശ്ശാസനി ഗദകൊണ്ടടിച്ച അടി തലയ്ക്കേറ്റ് നഷ്ടപ്രാണനായി.
പുത്രന്റെ മരണവൃത്താന്തം കേട്ട് തപ്തനും ക്രുദ്ധനുമായിത്തീര്‍ന്ന അര്‍ജുനന്‍ അഭിമന്യുവിനെ ചതിച്ച് നിരായുധനാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ജയദ്രഥനെ പിറ്റേന്നു സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പു വധിക്കുന്നുണ്ടെന്നു ചെയ്ത ശപഥവും അതിന്റെ സംഭ്രാമകമായ നിര്‍വഹണവും മഹാഭാരതത്തിലെ അത്യന്തം ഉദ്വേഗജനകങ്ങളായ സംഭവങ്ങളാണ്.
അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും പുറത്തുകടക്കാനാവാതെപോയതിന് ഒരു കാരണം പറഞ്ഞുകാണുന്നുണ്ട്: അഭിമന്യുവിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം. ശ്രീകൃഷ്ണൻ സംഭാഷണമദ്ധ്യേ സുഭദ്രയോട് വിവിധ തരത്തിലുള്ള സേനവിന്യാസങ്ങളെക്കുറിച്ച് പറഞ്ഞു. പക്ഷെ പദ്മവ്യൂഹം എന്ന സേനാവിന്യാസത്തെക്കുറിച്ച് പരാമര്‍ശിച്ചു, പൂര്‍ത്തിയാക്കാതെ സംഭാഷണം നിര്‍ത്തി. കാരണം ഗര്‍ഭാലസ്യത്തില്‍ ആയിരുന്ന സുഭദ്ര അപ്പോഴേക്കും ഉറങ്ങിപ്പോയി. സുഭദ്രയുടെ ഗര്‍ഭത്തില്‍ ആയിരുന്ന അഭിമന്യു ഇതെല്ലാം കേട്ടിരുന്നു. അങ്ങനെ പദ്മവ്യൂഹം ഭേദിക്കാന്‍ അഭിമന്യു പഠിച്ചു... പക്ഷെ അതിനിന്നും പുറത്തുവരാന്‍ ഉള്ള വിദ്യ പഠിച്ചില്ല. ഷോഡശവയസ്കനായ ഈ പാണ്ഡവകുമാരന്‍ മരിക്കുമ്പോള്‍, ഉത്തര ഗര്‍ഭിണിയായിരുന്നു. അവര്‍ പ്രസവിച്ച പരീക്ഷിത്താണ് പാണ്ഡവവംശത്തെ നിലനിര്‍ത്തിയത്.
അഭിമന്യുവിന്റെ അന്ത്യത്തെക്കുറിച്ച് വ്യാസന്റെ വർണ്ണന ഇങ്ങനെയാണ് . ധീരമായി മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെ നോക്കാൻ പോലും കൗരവ യോദ്ധാക്കൾ അശക്തരായപ്പോൾ , "അശ്വത്തോട് കൂടിയ ദുശ്ശാസ്സനപുത്രന്റെ രഥം അഭിമന്യു ഗദ കൊണ്ടടിച്ചു തകർത്തു . ദുശ്ശാസ്സന പുത്രൻ ചൊടിച്ചുകൊണ്ടു ഗദയുമെടുത്തു അഭിമന്യുവിനോട് പാഞ്ഞേറ്റു . ആ വീരന്മാർ ഗദയുമായി പരസ്പരം കൊല്ലാനൊരുങ്ങി . രുദ്രനും അന്തകനുമെന്നപോലെ ആ ഭ്രാതൃവ്യർ പരസ്പരം പോരടിച്ചു . അവർ തമ്മിൽ ഗദകൊണ്ട് അടിച്ചു രണ്ടുപേരും ഭൂമിയിലഴിച്ച ചക്രധ്വജങ്ങളെന്നപോലെ വീണു .കുരുക്കളുടെ കീർത്തിയെ വളർത്തിയ ദുശ്ശാസ്സനപുത്രൻ ഉടനെ പിടഞ്ഞെഴുന്നേറ്റു . എഴുന്നേൽക്കാനൊരുങ്ങുന്ന അഭിമന്യുവിനെ അവൻ തഞ്ചത്തിൽ തലയ്ക്കടിച്ചു . ഗദാവേഗം കൊണ്ടും , അത്യധികമായ ആയാസം കൊണ്ടും ശത്രുനാശകനായ സുഭദ്രാപുത്രൻ ഉഴന്നു ഭൂമിയിൽ മോഹിച്ചു വീണു . അപ്രകാരം ധീരനായ ആ കുമാരൻ നിഗ്രഹിക്കപ്പെട്ടു .
മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ..
No comments:
Post a Comment