അമ്മയോടൊപ്പം
മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. അതിനു നിരന്തര ശ്രമം ആവശ്യമാണ്. എന്നാല്‍ ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ധ്യാനവും പ്രാര്‍ത്ഥനയും മുടക്കുന്നതും നല്ലതല്ല.
മക്കളേ, ധ്യാനിക്കാനിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മനസ്സിനു തീരെ ഏകാഗ്രത കിട്ടുന്നില്ല എന്ന് പല മക്കളും പരാതി പറയാറുണ്ട്. ശരിയാണ്, മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. അതിനു നിരന്തര ശ്രമം ആവശ്യമാണ്. എന്നാല്‍ ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ധ്യാനവും പ്രാര്‍ത്ഥനയും മുടക്കുന്നതും നല്ലതല്ല. ലക്ഷ്യബോധവും സ്ഥിരോത്സാഹവുമുണ്ടെങ്കില്‍ ഇതു നമുക്ക് സാധിക്കാവുന്നതേ ഉള്ളൂ.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു തൊഴിലും അറിഞ്ഞുകൂടാത്ത ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പെട്ടന്ന് അവന്റെ അച്ഛന്‍ മരിച്ചു പോയി. അച്ഛന്റെ തൊഴില്‍ തെങ്ങു കയറ്റമായിരുന്നു. അച്ഛന്റെ മരണശേഷം ആളുകള്‍ അവനെ ഇതേ ജോലിക്കു വിളിച്ചു തുടങ്ങി. പക്ഷേ, എന്തു ചെയ്യാന്‍? തെങ്ങുകയറ്റം അറിഞ്ഞിട്ടു വേണ്ടേ? ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗവും കാണുന്നുമില്ല. അവന്‍ തെങ്ങുകയറ്റം പഠിക്കുവാന്‍ തീര്‍ച്ചയാക്കി. വളരെ ശ്രദ്ധയോടെ വേണം ഇതു പരിശീലിക്കാനെന്ന് അവനറിയാമായിരുന്നു. താഴെ വീണാല്‍ കൈയും കാലും ഒടിയും. അങ്ങനെ സംഭവിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരിക്കലും തെങ്ങുകയറ്റം സാദ്ധ്യമേ അല്ല; ജീവിതവും നഷ്ടമാകും. അതിനാല്‍ വളരെ ശ്രദ്ധിച്ചു തെങ്ങുകയറ്റം പരിശീലിക്കാന്‍ തുടങ്ങി. തെങ്ങില്‍ ബലമായി കെട്ടിപ്പിടിച്ചു് ഓരോ ചുവടും ശ്രദ്ധയോടെ വച്ചു് കയറാന്‍ ശ്രമിച്ചു.
പല തവണ താഴേക്ക് വീണെങ്കിലും വീണ്ടും ശ്രമിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ വളരെ ദിവസത്തെ ശ്രമത്തിന്റെ ഫലമായി ഒടുവില്‍ തെങ്ങുകയറ്റം വശമാക്കി. നിരന്തര അഭ്യാസം കൊണ്ട് വളരെ വേഗം തെങ്ങില്‍ കയറുവാനും ഇറങ്ങുവാനും അവനു കഴിഞ്ഞു. ഇതുപോലെ വേണം ഒരു ആദ്ധ്യാത്മിക സാധകന്‍. ‘ഈശ്വരന്‍ മാത്രമാണു സത്യം. ഈശ്വര സാക്ഷാത്കാരമാണു തന്റെ ജീവിത ലക്ഷ്യം. അതു മാത്രമാണ് നിത്യതയിലേക്കുള്ള മാര്‍ഗ്ഗം. പക്ഷേ, അവിടെയെത്തുവാന്‍ പ്രതിബന്ധങ്ങളുണ്ട്. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴും. വീണാല്‍ തന്റെജന്മം നഷ്ടമാകും.’ ഈ രീതിയിലുള്ള ജാഗ്രതയുണ്ടെങ്കിലേ, നമുക്ക് ഏകാഗ്രത നേടാനാകൂ.
യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസ്സ് ഏകാഗ്രവും നിര്‍മ്മലവുമായിരുന്നു. എന്നാല്‍ നാം അവിടെ അനവധി ലൗകിക ചിന്തകള്‍ക്കു സ്ഥാനം കൊടുത്തു. അതുകൊണ്ടു ധ്യാനത്തിലിരിക്കുമ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കാതെ വരുന്നു. കുടികിടപ്പുകാരെപ്പോലെയാണ് ഈ ചിന്തകള്‍. സ്വതന്ത്രമായി, വിശാലമായിക്കിടന്ന നമ്മുടെ ഭൂമിയില്‍ കൂരവയ്ക്കാന്‍ നമ്മള്‍ ഇടം കൊടുത്തു. ഒഴിഞ്ഞുപോകാന്‍ പറയുമ്പോള്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല; തിരിച്ചു വഴക്കിനും വരുന്നു. അവരെ പുറത്താക്കാന്‍ നമുക്കു നന്നേ പാടുപെടേണ്ടി വരുന്നു. അതുപോലെ മനസ്സിലെ കുടികിടപ്പുകാരെ പുറത്താക്കാന്‍ നിരന്തര യുദ്ധം തന്നെ വേണ്ടി വരും. വിജയം വരെ നാം യുദ്ധം തുടരണം. ഇത് നമ്മള്‍ സ്വയം വരുത്തിവെച്ച ദുരവസ്ഥയാണെന്നതിനാല്‍ പ്രയത്‌നം കൊണ്ട് നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ.
പൂന്തോട്ടത്തില്‍ നനയ്ക്കാനുപയോഗിക്കുന്ന ഹോസിനു പലയിടത്ത് ദ്വാരമുണ്ടെങ്കില്‍ വെള്ളം ശരിക്ക് ഒഴുകില്ല. ഇതുപോലെയാണു ധ്യാനത്തിന്റെ കാര്യവും. ഈശ്വരനിലേക്കുള്ള മനസ്സിന്റെ ധാരമുറിയാത്ത പ്രവാഹമാണ് ധ്യാനം.
മനസ്സ് വ്യവഹാരത്തിലെ ചിന്തകളിലേക്കു ചിതറിപ്പോയാല്‍ ധ്യാനത്തിന് ഏകാഗ്രത കിട്ടില്ല. മനസ്സ് ലോക വിഷയങ്ങളിലേക്ക് പോകുമ്പോള്‍ അതിനെ തിരിച്ചു ധ്യാന വിഷയത്തിലേക്ക് കൊണ്ടു വരണം. ക്ഷമയോടെ വീണ്ടും വീണ്ടും ശ്രമിക്കണം. നമുക്ക് ഇഷ്ടമുള്ള വ്യക്തികളെക്കുറിച്ചോ ഇഷ്ടമുള്ള ആഹാരത്തെക്കുറിച്ചോ ചിന്തിക്കുവാന്‍ നമുക്ക് ഒരു പ്രയാസവുമില്ല. ഓര്‍ക്കുന്ന മാത്രയില്‍ അവ മുന്നില്‍ത്തെളിയും. എത്രനേരം വേണമെങ്കിലും അവയുമായി കഴിയാം. കാരണം, ഇത്രയും നാള്‍ കൊണ്ട് നമ്മള്‍ അവയുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവയെക്കുറിച്ചു ചിന്തിക്കുവാന്‍ മനസ്സിനെ പ്രത്യേകം പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ വേണ്ട. മനസ്സിന് അവ ശീലമായിക്കഴിഞ്ഞു. ഇതുപോലൊരു ബന്ധം നമുക്ക് ഈശ്വരനുമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയണം.
അതിനാണു ജപവും സത്സംഗവും മറ്റും. അങ്ങനെയാകുമ്പോള്‍ ഇപ്പോള്‍ വിഷയ ചിന്തകള്‍ മനസ്സില്‍ കടന്നു വരുന്നതു പോലെ സ്വാഭാവികമായിത്തന്നെ ഇഷ്ടമൂര്‍ത്തിയും അവിടുത്തെ മന്ത്രവും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. ഈശ്വരനെ വിട്ട് മറ്റൊരു ലോകമില്ലാതാകും. അതാണു ശരിയായ ഏകാഗ്രത. ജാഗ്രതയും നിരന്തര ശ്രമവുമുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥിതി നേടിയെടുക്കാന്‍ നമുക്കു കഴിയും.
No comments:
Post a Comment