ബ്രഹ്മാവ് എന്ന പദവിശകലനം: ബ്രഹ്മത്തെ യഥാവിധി കൈകാര്യം ചെയ്യുന്ന പ്രതിഭാസത്തിന് ആധാരശക്തിയാണ് ബ്രഹ്മാവ്. ബ്രഹ്മാവ് മനുഷ്യനല്ല. മാതാപിതാക്കള്‍ക്കു ജനിച്ച മനുഷ്യരൂപധാരിയുമല്ല. നാലുതലയുള്ള രൂപത്തില്‍ നാം സങ്കല്‍പ്പിക്കുന്ന, പിതാമഹന്‍ എന്ന സൃഷ്ടികര്‍ത്താവ് സൃഷ്ടിയുടെ പ്രതീകാത്മക രൂപമാണ്.
ബ്രഹ്മാവിന്റെ നാലുതലയ്ക്ക് ഒരു ശാസ്ത്രീയ വിശകലനവുമാകാം.( ഈ ശാസ്ത്രീയ വിശകലനം സാധ്യമാകുമോ എന്നന്വേഷിച്ചിറങ്ങിയപ്പോള്‍ കണ്ടെത്തിയതു മാത്രമാണ്.) ചിത്രരചനയിലാണെങ്കിലും വിഗ്രഹനിര്‍മാണത്തിലാണെങ്കിലും ഗൃഹനിര്‍മാണത്തിലാണെങ്കിലും അതുപോലെ ഏതൊരു സൃഷ്ടിക്കും ആവശ്യമായതാണ് v x-y-z-time അക്ഷങ്ങള്‍. അതു നാലും ബ്രഹ്മാവിനെ തന്നെ രൂപകല്‍പന നടത്തിയപ്പോള്‍, x-y-z-time എന്നീ നാലു തലകളിലൂടെ പുരാതന ഭാരതീയര്‍ നല്‍കി. സരസ്വതിയെ ബ്രഹ്മപത്‌നിയാക്കി സിംബോളിക് ആയി വച്ച് നാല് അക്ഷവും ജ്ഞാനവും അഥവാ വിദ്യയും സൃഷ്ടിക്കുവേണം എന്നവര്‍ വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശു അമ്മയുമായി പൊക്കിള്‍ക്കൊടിയിലൂടെ ബന്ധപ്പെട്ടിരിക്കുന്നതുപോലെ സൃഷ്ടി നടത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും ദ്രവ്യവും ലഭിക്കുന്നതിന് സൂചിപ്പിക്കുന്ന വിധത്തില്‍ ബ്രഹ്മാവിനെ, പൊക്കിള്‍ക്കൊടിയിലെ താമരയിലൂടെ പ്രപഞ്ചരൂപമായ വിഷ്ണുവുമായി ബന്ധപ്പെടുത്തി. ഇത്തരത്തിലുള്ള ബ്രഹ്മാവിന്റെ സമ്പൂര്‍ണ പ്രതീകാത്മക വിവരണം സ്വബോധമുള്ള പ്രപഞ്ച ഊര്‍ജത്തില്‍ നിന്നും (ബ്രഹ്മത്തില്‍ നിന്നും) ദ്രവ്യത്തില്‍ നിന്നും സൃഷ്ടി നടത്തുന്നതിനെ വ്യക്തമാക്കുന്നതാണ്. ബ്രഹ്മമായ പ്രപഞ്ചചൈതന്യത്തില്‍ നിന്ന് സൃഷ്ടി നടത്തുന്നതുകൊണ്ട് ബ്രഹ്മാവ് എന്ന് പേരും ലഭിച്ചു. ഭാഗവത പുരാണത്തിലെ ഈ വരി അത്യധികം ശാസ്ത്രീയ സന്ദേശമുള്‍ക്കൊള്ളുന്നതായി തോന്നിയിട്ടുണ്ട്.
സൃഷ്ട്വാ പുരാനി വിവിധാന്യജയാത്മശക്ത്യാ
വൃക്ഷാന്‍ സിരാന്‍സരീന്‍ ഖഗ ദംശ മത്സ്യാന്‍
തിഷ്‌ടൈരതുഷ്ടഹൃദയ പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണം മുദമാപദേവ (ഭാഗവതം)
പ്രപഞ്ചചൈതന്യം, സ്വന്തം ആത്മചൈതന്യാംശത്താല്‍, പണ്ട് വൃക്ഷങ്ങളെയും ഇഴജന്തുക്കളെയും നീന്തുന്നവയെയും പക്ഷിമൃഗാദികളെയുമെല്ലാം സൃഷ്ടിച്ചു. സൃഷ്ടികര്‍ത്താവായ ‘ഈശ്വരചൈതന്യം’ ഉള്ള സൃഷ്ടികളെല്ലാം നടത്തിയിട്ടും സന്തോഷമില്ലാതെ വര്‍ത്തിച്ച് പിന്നീട് പ്രപഞ്ചത്തില്‍ നിറഞ്ഞിരിക്കുന്ന അതേ ബ്രഹ്മചൈതന്യത്തെക്കുറിച്ചറിയുവാന്‍ പാകത്തിന് ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം, സംതൃപ്തനായി. ഇവിടെ ബ്രഹ്മാവലോകധിഷണം എന്ന വരിക്കര്‍ത്ഥം, പ്രത്യേക ലക്ഷ്യത്തോടുകൂടി തന്നെ സൃഷ്ടിക്കപ്പെട്ട ബുദ്ധിശക്തിയുള്ള ഒരു ജീവിയാണ് മനുഷ്യനെന്നുതന്നെയാണ്. അതായത് പ്രപഞ്ചചൈതന്യം ഒരു പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെ നടത്തിയ സൃഷ്ടിയാണ് മനുഷ്യര്‍. അതിനായി പ്രപഞ്ചശക്തിക്കൊരു ദിശാബോധമുണ്ടായിരുന്നു. ഈ ദിശാബോധവും ശക്തിയുമുള്ളതുകൊണ്ടാണ് പ്രപഞ്ചചൈതന്യത്തെ ബ്രഹ്മമെന്ന് പറയുന്നത്.
അഗ്നി ബ്രഹ്മമാണെന്ന് ഉപനിഷദ് വര്‍ണിക്കുന്നു. ഇതിന്റെ അര്‍ത്ഥമെന്താണ്? നമസ്‌തേ അഗ്നേ ത്വമേവ, പ്രത്യക്ഷം ബ്രഹ്മാസിഃ ഹേ അഗ്നേ നീയാണ് പ്രത്യക്ഷമായ ബ്രഹ്മം. അഗ്നിജ്വാലയിലൂടെ നടക്കുന്ന പ്രത്യേക ഓക്ക്‌സിഡേഷന്‍ രാസപ്രവര്‍ത്തനത്തില്‍ ചൂടും പ്രകാശവും ഉണ്ടാക്കുവാന്‍ സാധിക്കുന്നതിനാലും, വ്യക്തമായ രാസ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനാലും, അഗ്നിക്ക് ഊര്‍ജ്ജവും ദിശാബോധവുമുണ്ട്. അതിനാല്‍ ബ്രഹ്മചൈതന്യത്തിന്റെ ദൃഷ്ടിഗോചരമായുള്ള ഭാവമാണ് അഗ്നി. അഗ്നിയെന്നത് ബാഹ്യവും ആന്തരികവുമായ രണ്ടുവിധ അഗ്നിയുണ്ട്. ഒന്നാമത്തേത് അഗ്നിയും രണ്ടാമത്തേത് ജഠരാഗ്നിയും. രണ്ടിലും നടക്കുന്നത് ഓക്‌സിഡേഷനാണ്. അഗ്നിയിലും ഒരു പ്രജ്ഞാനമുണ്ട്. ബാഹ്യാഗ്നിയില്‍ കത്താന്‍ ഇഗ്നിഷന്‍ പോയിന്റു വരണം. കാര്‍ബണ്‍ഡൈയോക്‌സൈഡ് അഗ്നിയെക്കെടുത്തും. ചെറിയ അഗ്നിയെ കാറ്റില്ലാതാക്കും വലിയ അഗ്നിയെ പടര്‍ത്തി വലുതാക്കും. ചെറിയ അഗ്നിയില്‍ കത്താത്തതു പലതും അഗ്നിയില്‍ കത്തും. ഇതെല്ലാം അഗ്നിനിയമങ്ങളാണ്.
ജഠരാഗ്നിയില്‍ നടക്കുന്ന ഓക്‌സിഡേഷനെ നാം ദഹനം എന്നുതന്നെ പറയുന്നു. ദഹനം പുറത്തും അകത്തുമുള്ള പ്രക്രിയയാണ്. ഭക്ഷണം ദഹിപ്പിക്കുകയെന്നതും ജഡം ദഹിപ്പിക്കുക എന്നതും! അകത്തെ ജഠരാഗ്നിയുടെ ബയോകെമിക്കല്‍ നിയമങ്ങള്‍ അതിസൂക്ഷ്മങ്ങളാണ്. എല്ലാം കൃത്യവും നിയന്ത്രിതവുമാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരതാപനില 37.30ഇ നിലനില്‍ക്കുന്നത്. അഗ്നികൂടിയാല്‍ ശരീരതാപനില കൂടുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ലായ്മയും വിശപ്പില്ലായ്മയും ശരീരം തന്നെയുണ്ടാക്കുന്നതിനൊരു നിയമമുണ്ട്. കൂടുതല്‍ ഭക്ഷണം അകത്തു വരാതിരിക്കാനും ദഹിപ്പിക്കാതിരിക്കാനുമുള്ള നിയമം! അഗ്നിക്കും വായുവിനും അവയുടെ പ്രവര്‍ത്തനത്തിന് ബോധതലമുണ്ട് അതുകൊണ്ട് അഗ്നിയും വായുവും ബ്രഹ്മമാണ് എന്ന് പൂര്‍വികര്‍ തറപ്പിച്ചുപറയുന്നു.
വായു ബ്രഹ്മമാണെന്നും ഉപനിഷദ് ഉദ്‌ഘോഷിക്കുന്നതിന്റെ സാരമെന്ത്? നമസ്‌തേ വായോ ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി- ഹേ വായുദേവ, നീയും പ്രത്യക്ഷമായ ബ്രഹ്മചൈതന്യമാണ് എന്നര്‍ത്ഥം. ജീവജാലങ്ങള്‍, വായുവില്‍നിന്നും ഓക്‌സിജന്‍ തന്മാത്രകള്‍ സ്വീകരിച്ച് കോശത്തിനകത്തെ വ്യക്തമായ കര്‍മങ്ങള്‍ നിര്‍വഹിപ്പിച്ച് അന്ത്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡായി മാറി പുറത്തുവരുമ്പോള്‍, നടക്കുന്ന പ്രക്രിയയിലൂടെ ജീവന്‍ നിലനില്‍ക്കുന്നു എന്നതാണ് സത്യം. അതിനാല്‍ വായു, ജീവ ഊര്‍ജ്ജത്തിനും ജീവല്‍ പ്രക്രിയക്കും കാരണമാകുന്ന ബ്രഹ്മചൈതന്യമാണ്. ജീവകോശങ്ങളില്‍ ഓക്‌സിജന്‍ തന്മാത്രക്ക് ദിശാബോധമുണ്ട്, ഊര്‍ജ്ജ പ്രദാന ശക്തിയുമുണ്ട്. ഓരോ ഓക്‌സിജനും ഹീമോഗ്ലോബിനുമായി ചേര്‍ന്ന് എത്തേണ്ട സ്ഥലത്തെത്തി സ്വന്തം ദൗത്യം നിര്‍വഹിക്കുന്നു.
No comments:
Post a Comment