ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 17, 2019

ആ പൂരമല്ല, ഈ പൂരം; ഇത് പൂരോത്സവം





പൂരം എന്ന് കേട്ടാല്‍ തന്നെ ഏത് മലയാളിക്കും ഓര്‍മയിലേക്ക് എത്തുക വടക്കും നാഥന്റെ മണ്ണിലെ പൂരമാണ് ഓര്‍മ്മ വരിക. വെടികെട്ടും, കുടമാറ്റവും, പഞ്ചവാദ്യവുമൊക്കെയാണ്. എന്നാല്‍ ഇതൊന്നുമല്ലാത്തൊരു പൂരവും കേരളത്തിലുണ്ട്. ഉത്തരമലബാറിന്റെ സ്വന്തം പൂരം. 


കാമദേവനുമായി കോര്‍ത്തിണക്കിയ മിത്തും അതിന്മേല്‍ വേനലിന്റെ ആധിക്യത്തില്‍ വന്നെത്തുന്ന വസന്തത്തെ വരവേറ്റുകൊണ്ടുള്ള പൂരം. മീനമാസത്തിലെ കാര്‍ത്തിക നാളില്‍ ആരംഭിച്ച് ഒന്‍പതുനാള്‍ ശുദ്ധിയോടെ വടക്കന്‍ കേരളത്തിലെ വീടുകളില്‍ പൂക്കളുടെ ഉല്‍സവമായ പൂരോത്സവം ആഘോഷിക്കുന്നു. 



തെയ്യത്തിനൊപ്പം തന്നെ പൂരകഞ്ഞിയും പൂരപൂക്കളും, പൂരക്കുട്ടിയും, പൂരക്കളിയും, പൂരക്കുളിയുമൊക്കെയായി മധ്യവേനല്‍ മലബാര്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്തണിയുന്നു. കത്തിക്കാളുന്ന വേനലിലും പൂക്കള്‍ വിടരുന്ന അപൂര്‍വ്വതയും പൂരത്തിന്റെ പ്രത്യേകതയാണ്. പൂരാഘോഷം നടക്കുന്ന കാവുകളില്‍ പൂരത്തിന്റെ വരവറിയിച്ചുകൊണ്ട് പൂരപ്പൂക്കള്‍ പൂത്തുലയും. പച്ച നിറത്തിലുള്ള അപൂര്‍വ്വം പൂക്കളിലൊന്നാണ് ജഡപ്പൂവ് എന്ന പൂരപ്പൂക്കള്‍. ഋതുമതികളാകാത്ത പെണ്‍കുട്ടികള്‍ വീടുകളിലും ആചാരസ്ഥാനികന്‍മാര്‍ ക്ഷേത്രങ്ങളിലും പൂവിടും.





പൂരോത്സവത്തിന്റെ പ്രധാന ചടങ്ങ് തന്നെ കാമദേവനെ ആരാധിക്കലാണ്. കന്യകമാരാണ് കാമദേവനെ ഒന്‍പതുനാള്‍ ആരാധിക്കുന്നത്. ചടങ്ങുകളില്‍ ആദ്യത്തേത് പൂരം നോമ്പാണ്. തറവാട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും പൂക്കള്‍ വാങ്ങി കാമദേവനു നേദിക്കുന്ന ചടങ്ങ്. അത് പിന്നീടുള്ള ഒമ്പത് ദിവസങ്ങളിലും നീളും. പൂജാമുറിക്കു പുറമെ കിണര്‍, കുളം എന്നിവയ്ക്ക് സമീപവും പൂവിടാറുണ്ട്. നരയന്‍ പൂവ്, ചെമ്പകം, അതിരാണി മുല്ല, മുരിക്കിന്‍ പൂവഎരിക്കിന്‍ പൂവ് തുടങ്ങിയവയാണ് പൂരോത്വത്തിന് ഉപയോഗിക്കുന്ന പൂക്കള്‍. ആദ്യ മൂന്ന് നാളുകളില്‍ അത്തപ്പൂക്കള്‍ പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ ഇടുന്നു. പിന്നീടുള്ള ദിവസത്തില്‍ പൂക്കള്‍ കൊണ്ട് കാമദേവന്റെ രൂപം നിര്‍മ്മിക്കുന്നു. മീനം ആദ്യവാരത്തിലാണ് പൂരമെങ്കില്‍ ചെറിയ കാമരൂപവും, മധ്യവാരത്തിലാണ് പൂരമെങ്കില്‍ യുവാവിന്റെ രൂപവും മാസാവസാനമാണ് പൂരമെങ്കില്‍ വൃദ്ധരൂപവുമാണ് തീര്‍ക്കുക. 



ഒന്‍പതാംനാള്‍ പൂരംകുളി ചടങ്ങ് നടക്കും. ക്ഷേത്രങ്ങളിലും ഭഗവതിക്കാവുകളിലും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ചടങ്ങുകളും നടക്കും. പൂരക്കളി, മറത്തുകളി, തുടങ്ങിയ നാടന്‍ കലകളും അരങ്ങേറും. അന്നേ ദിവസം തന്നെ വീടുകളില്‍ കാമനെ അയക്കല്‍ ചടങ്ങ് നടക്കും. ഉച്ചയ്ക്ക് കാമന് നിവേദിക്കാന്‍ കാമക്കഞ്ഞി ഉണ്ടാക്കും. ശേഷം കുടുംബാംഗങ്ങളും കാമകഞ്ഞി കഴിക്കും. വൈകിട്ട് കാമന് നിവേദിക്കാന്‍ പൂര അടയും ഉണ്ടാക്കുന്നത് പതിവാണ്. സന്ധ്യയോടെ പൂക്കള്‍കൊണ്ട് തീര്‍ത്ത കാമദേവരൂപം വാരി പൂക്കൂടയിലാക്കി അരിയും അടയും ഇതോടൊപ്പം വച്ചു സമീപത്തെ പ്ലാവിന്‍ ചുവട്ടില്‍ നിക്ഷേപിക്കും. കാമനെ അയക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കണം. കുരവയിട്ട് ഭക്ത്യാദരപൂര്‍വ്വം നടക്കുന്ന ചടങ്ങിനോടൊപ്പം, ‘വരും വര്‍ഷവും നേരത്തെ വരണേ കാമാ’ എന്ന പ്രാര്‍ത്ഥനയും കുടുംബാംഗങ്ങള്‍ നടത്തും.



ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ദേവീദേവന്‍മാരുടെ കൂടിക്കാഴ്ചയും കൂടിപിരിയലും പ്രത്യേക ആചാരമാണ്. കൂടിച്ചേരലിന്റെ ഉല്‍സവം കൂടിയാണ് പൂരം. സ്ത്രീയെ ദേവതയ്ക്ക് തുല്യം പരിഗണിച്ചിരുന്ന പോയ കാലത്തിന്റെ നേര്‍ചിത്രം. കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും ഒത്തുചേരുന്ന ഒരുമയുടെ ആഘോഷം. പിന്നീട്‌ കാമനെ യാത്രയാക്കി അടുത്ത പൂരോത്സവത്തിനായി  കാത്തിരിക്കുകയാണ്, ഐശ്വര്യവും സമാധാനവുമായി നേരത്തെ കാലത്തെ വരണേ കാമാ എന്ന പ്രാര്‍ത്ഥനയുമായി.

No comments:

Post a Comment