അദ്ധ്യായം 3, ശ്ലോകം 3
"ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ! നാരായണായ നമഃ"
അർത്ഥം :- ആനന്ദചിന്മയ! - ആനന്ദവും ചിത്തവുമുള്ളവൻ. ചിത്ത് എന്നത് മനസ്സാണ്. നീ ചിന്മയനാണ്. ആങ്കാരത്തിലെ മനഃചിത്തബുദ്ധി അഹങ്കാരങ്ങൾക്ക് ഉടയവനേ! ഹരേ! = ഹരിക്കുന്നവനേ അഥവാ ഇല്ലാതാക്കുന്നവനേ ചലിക്കുന്നതിനെ നടത്തുന്നതിന്, ചലിക്കാത്തതിനെ ചലിപ്പിക്കുന്നതിന് ഉടയവനായ വനേ!, ഞാനെന്ന ഭാവം - അഹങ്കാരം തോന്നിക്കരുതേ.തോന്നിയാലോ? അതെല്ലാം എന്റെ അഹങ്കാരം എന്ന രീതി തോന്നിക്കണേ വരദ! -വരം ദാനം ചെയ്യുന്നവനേ, നരനെ നാരായണനാക്കുന്നോനേ! നിനക്കു നമസ്ക്കാരം
സത് സ്വരൂപത്തിനേ ആനന്ദവും ചിന്മയീഭാവവും ഉണ്ടാകൂ. രജസ്സിനു തമസ്സിനും ആനന്ദ ചിന്മയത്വം ഉണ്ടാവുകയില്ല. അവിടെ രാഗം ,ദ്വേഷം എന്നിവയേ ഉളവാകൂ അല്ലയോ രാഗദ്വേഷാദികളെ ഹരിക്കുന്ന ഇല്ലാതാക്കുന്ന - ഹരേ! മനസ്സ്, ചിത്തം, ബുദ്ധി എന്നിവയാൽ സംപ്രാപ്തമാകുന്ന അഹങ്കാരത്തെ ഹരിക്കുന്നവനേ! അങ്ങ് ഗോപികാരമണനാണ്. ഗോ എന്ന പദം ഭൂമിയുടെ പര്യായമാണ്. ഭൂമിയിലുള്ളതിനെയെല്ലാം പാലിക്കുന്നവരാണ് ഗോപികമാർ.കുഞ്ഞിനെ മുലയൂട്ടുന്നതു പോലെ ഗോപികമാർ, ഭഗവാന്റെ രൂപങ്ങളാണീ ഭൂമിയാകുന്ന ഗോവിൽ ഉള്ളതെന്നറിഞ്ഞ് അതിനെ പരിപാലിക്കുന്നു. അതുകൊണ്ടാണ് ഭക്ഷ്യപേയങ്ങളായ ധാന്യഫലജലാദികൾ ഭൂമീദേവിയാകുന്ന ഗോപിക നമുക്ക് തരുന്നത്. ഭൂമീദേവിയെ ഗോപികയെന്നും ഭഗവാനെ ഗോപികാരമണനെന്നും പറയുന്നു. ഭഗവാൻ കനിഞ്ഞില്ലെങ്കിൽ ഭൂമി ഊഷരയാണ്.സഹാറാ മരുഭൂമി പോലെ. എന്റെ മിടുക്കല്ല ഇതൊന്നുമെന്ന് അറിയുന്നതാണ്, ഞാനെന്ന ഭാവം തോന്നായ്ക. ഇനിയഥവാ തോന്നിയാലോ? എന്റെ മിടുക്കിനാലാണ് ഭൂമി ഭ്രമണം ചെയ്യുന്നതെന്നു തോന്നുന്നതുപോലെ മിഥ്യയാണത്. ആ മില്യ തരണം ചെയ്ത് എല്ലാം ഞാൻ തന്നെയെന്ന വഴി തോന്നിക്കണം. എന്റെ അഹങ്കാരം മൂലം തോന്നിക്കുന്ന ഈ മിഥ്യാബോധത്തെ അകറ്റുന്ന വരം തരുന്ന വരദനായ നാരായണനു നമസ്ക്കാരം. വരദൻ എന്നാൽ മിഥ്യാബോധമകറ്റുന്ന അതിശ്രേഷ്ഠ വരത്തെ നല്കുന്ന ഭഗവാൻ.നരനും നാരായണനും തമ്മിൽ ഒരു ദീർഘത്തിന്റെ അന്തരമുണ്ട്. ആപോ നാരാ ഇതി പ്രോക്തഃ ജലത്തിന് നാരാ എന്നു പറയുന്നു. നരൻ ഉണ്ടാകുന്നത് ജലത്തിൽ നിന്നാണ്. ശ്വേതജലമായതിനാൽ ശുക്ലമെന്നും പറയും. ജലത്തിന്റെ - സ്ഥൂലഭാവത്തിന്റെ - ആദിരൂപം അതാണ്. ജന്മദാതാവ് ഭഗവാനാണ്.അത് യുക്തമായ ശുക്ലത്തിലൂടെയുമാണ്. നാരത്തിൽ നിന്നുണ്ടായ നരനെ കർമ്മത്തിൽ നിന്നും ജ്ഞാനത്തിൽ നിന്നും അകറ്റി ഞാനെന്ന ബോധം മുക്തിയിൽ പോലും ഉണ്ടാക്കുന്ന നാരായണാ! വേറെയാരെയാണ് ഞാൻ നമസ്ക്കരിക്കേണ്ടത്?
ഇവിടെ എനിക്ക് ഞാനെന്ന ബോധം ഉണ്ട് . അത് തോന്നാതിരിക്കാൻ അങ്ങാണ് എല്ലാമെന്ന ബോധം തെളിയണം. എന്റെ മിഥ്യാബോധത്തെ അകറ്റണം. ജലത്തിൽ നിന്ന് (ശുക്ലരേതസ്സുകളിൽ) നിന്നുണ്ടായ എന്റെ കർമ്മങ്ങളെല്ലാം നിഷ്ക്കാമമായി ചെയ്യിച്ച് അങ്ങയിൽ തന്നെ പരാന്തകാലം മുക്തിസുഖമനുഭവിപ്പിക്കാൻ കനിഞ്ഞനുഗ്രഹിക്കണം.നാരായണനാമത്തിന്റെ അർത്ഥവും അതാണെന്ന് ഞാൻ അറിയുന്നു.ഇനി, നാരായണാ ! എന്നു വിളിക്കുമ്പോൾ ആ പദത്തിന്റെ അർത്ഥമറിഞ്ഞേ ജപിക്കൂ.അതിന് വരം തരണേ ഭഗവാനെ. അങ്ങേയ്ക്കല്ലാതെ മറ്റാർക്കും ഈ അനുഗ്രഹം തരാൻ കെല്പില്ല.
നാരായണായ നമ:
നാരായണായ നമഃ
നാരായണായ നമ:
നാരായണ
നാരായണ സകല സന്താപനാശന ജഗദ് നാഥ വിഷ്ണു ഹരി നാരായണായ നമഃ
No comments:
Post a Comment