എന്നും രാവിലെ പൂമാർക്കറ്റിൽ പോയി പൂ വാങ്ങി കുട്ടയിലാക്കി തലയിൽ ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി വിറ്റ് ഉപജീവനം നടത്തുന്ന ഒരു സ്ത്രീയായിരുന്നു അവർ. ഭർത്താവിൻറെ മരണത്തോടെ രണ്ട് കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായിരുന്നു അത്.
എന്നും രാവിലെ പൂ വാങ്ങി വരുന്ന വഴി മൂന്നുനാല് മുഴം മുല്ലപ്പൂ വഴിയിലുള്ള ഒരു കൊച്ചു കൃഷ്ണ ക്ഷേത്രത്തിൽ ശാന്തിക്കാരനെ ചാർത്താനായി ഏൽപ്പിച്ചാണ് വരാറ് പതിവ്. തുടർന്ന് കച്ചവടം നടത്തും. ഒരു ദിവസം പൂ വരാൻ വൈകി പോയി. അങ്ങനെ അമ്പലത്തിലെത്തിയപ്പോ പൂജയ്ക്കായ് നടയടച്ചിരിക്കുന്നു. ഇനി നിന്നാൽ വൈകിയെങ്കിലോ എന്നു കരുതി അവിടെ പൂ കൊടുക്കാതെ പോന്നു. മനോവിഷമത്തോടെയാണെങ്കിലും വൈകിയാൽ രാവിലെ എന്നും വാങ്ങുന്ന വീട്ടുകാർ കാണാതെ വന്ന് കച്ചവടം മുടങ്ങിയാലോ എന്ന ചിന്ത കാരണമാണ് പോന്നത്.
പതിവിനു വിപരീതമായി അന്ന് പക്ഷേ ആരും പൂ വാങ്ങിയില്ല. നേരം വൈകിയതിനാൽ വേണ്ട എന്നായിരുന്നു മറുപടി. ഇനിയിതെന്തു ചെയ്യും എന്നാലോചിച്ച് ആ സാധുസ്ത്രീ വിഷമിച്ചിരുന്നു. കച്ചവടം നടന്നില്ലെങ്കിൽ അന്നത്തെ അന്നം മുട്ടും എന്ന അവസ്ഥ. മകന് ഇന്ന് ഫീസ്, അച്ഛൻറെ മരുന്ന് ഒക്കെ ഇന്ന് വാങ്ങേണ്ടതാണ്. അതെല്ലാം മുടങ്ങും. അതോടൊപ്പം ഇത്രയധികം രൂപ നഷ്ടപ്പെടുന്ന വേദന . എല്ലാം കൂടെ അവരാകെ അസ്വസ്ഥയായി.
ആ സമയത്ത് ഒരാളവരെ സമീപിച്ച് വിലചോദിച്ചു. അവര് പറഞ്ഞ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് തരാമെങ്കിൽ വാങ്ങാമെന്നായി അയാൾ. നശിച്ചു പോകണ്ടല്ലോ എന്നു കരുതി അയാള് പറഞ്ഞ വിലയ്ക്ക് അത് നൽകി. പണവും വാങ്ങി പോരാൻ നേരത്ത് അയാള് ചോദിച്ചു.
ഇതെന്താ ഇതിൽ. നോക്കുമ്പോ അത്ഭുതം പോലെ മൂന്നാല് മുഴം പൂ മാത്രം ഒട്ടും വാടാതെ ഇരിക്കുന്നു. ബാക്കിയൊക്കെ വാടി തുടങ്ങി. അപ്പോ ആ സ്ത്രീക്ക് മനസ്സിലായി. ഇത് അമ്പലത്തിൽ കൊടുക്കാറുണ്ടായിരുന്നതാണ്. ഇന്നത് കൊടുക്കാത്തത് മോശമായി. അങ്ങനെ പോകുന്ന വഴി അവിടെ കയറി ആരെയെങ്കിലും ഏൽപ്പിച്ച് പോകാമെന്ന് കരുതി അതിൽ നിന്ന് ആ നാലുമുഴം തിരിച്ച് ചോദിച്ചു. പക്ഷേ എത്ര പറഞ്ഞിട്ടും അയാളത് നൽകിയില്ല. ഇതു ഞാൻ വാങ്ങിയതാ. ഇതിനി ആർക്കും തരില്ല എന്ന വാശിയോടെ അയാള് നിന്നു. അവരൊടുവിൽ തോറ്റ് അവിടുന്ന് മടങ്ങി.
കച്ചവടം നടക്കാത്ത വിഷമത്തോടൊപ്പം ഈ സംഭവം കൂടി അവരെ തളർത്തി. തിരിച്ചു പോരുമ്പോ ആ അമ്പലത്തിൻറെ നടയിൽക്കൂടെ തന്നെയാണ് പോകുന്നത്. അവിടെയെത്തുമ്പോൾ മേൽശാന്തി നടയടച്ച് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ നിൽക്കുന്നു. അവരെ കണ്ട് മേൽശാന്തി ചോദിച്ചു. "ഇന്നെന്തായാലും നന്നായി, ഒരു കൊട്ട പൂവാണല്ലോ ഇവിടെ വച്ചു പോയത്"
"അതെങ്ങനെ" എന്ന് ചോദിച്ചപ്പോ മേൽശാന്തി പറഞ്ഞു "ദേ വൈകീട്ട് ചാർത്താൻ പറഞ്ഞ് നിങ്ങള് തന്നതാ എന്നും പറഞ്ഞ് ഒരാളിവിടെ വന്നു തന്നിട്ടു പോയതാ " നോക്കിയപ്പോ അതേ പൂവ്.
അവിടുന്നിറങ്ങി നേരെ വീട്ടിലെത്തി. ഉച്ച കഴിഞ്ഞ് മകൻ വരേണ്ട സമയമായതോടെ ആധി തുടങ്ങി. ഇന്നും കൂടെ ഫീസടച്ചില്ലെങ്കിൽ പുറത്താക്കും എന്ന് പറഞ്ഞാ അവൻ പോയത്. ഇന്നതും നടന്നില്ല. അങ്ങനെ അവൻ വന്നപ്പോ കാര്യം പറയാൻ നോക്കുമ്പോഴുണ്ട്. അവൻ ഫീസടച്ച രശീതി എടുത്ത് കൈയ്യിൽ തന്നു. തുടർന്നവൻ പറഞ്ഞു. അമ്മ കൊടുത്തയച്ച ചേട്ടൻ കൊണ്ടു തന്നതാ. ഇതിന്നടച്ച കാരണം ഭാഗ്യമായി. പരീക്ഷയ്ക്കിരിക്കാം. അതോടൊപ്പം അവൻ ഒരു മരുന്ന് പൊതിയെടുത്ത് നീട്ടി. ഇത് അപ്പൂപ്പൻറെ മരുന്നുകളാ. ഇത് വാങ്ങാനുള്ള പണം കൂടെ ആ ചേട്ടൻ തന്നിരുന്നു. ചിരിച്ചു കൊണ്ടവനതു പറഞ്ഞ് ഓടിപ്പോയപ്പോ. പതുക്കെ ആ രണ്ട് ബില്ലുകളും കൂടെ കൂട്ടിനോക്കി.
നോക്കിയപ്പോ താൻ വിലകുറച്ച് കൊടുത്ത മുല്ല മാല താൻ വിൽക്കാനുദ്ദേശിച്ച അതേ വിലയുടെ തുല്യമായ തുകയിൽ തനിക്ക് അയാൾ തന്ന വിലയ്ക്ക് ശേഷമുള്ള തുകയായിരുന്നു അത്. അതിനേക്കാൾ വലിയൊരത്ഭുതം കൂടെ. നാലു മുഴം മാലയുടെ വില അതിൽ കൂട്ടിയിട്ടില്ല. ബാക്കി തുക കൃത്യം.
അന്ന് രാത്രി ഉറക്കത്തിൽ അവരൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൊരുണ്ണി വന്ന് അവരോട് പറഞ്ഞു. നിത്യവും തരുന്ന ആ മാല കാണാതെ ഞാൻ വിഷമിച്ചു. കാണാതായപ്പോഴാ അങ്ങോട്ടു വന്നത്. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനാ മാലയൊന്നും ചിലവാകാതിരുന്നത് എനിക്കെതെന്നും നിർബന്ധാ എനിക്കിഷ്ടപ്പെട്ടതെല്ലാം തട്ടിപ്പറിക്കുന്ന എൻറെ ഒരു കുസൃതി അങ്ങനെ കരുതിയാ മതി. പിന്നെ ഇനി മുതൽ ആ നാലുമുഴം മാല എൻറെ ആദ്യാലങ്കാരമായി അറിയപ്പെടും. ആ ഉണ്ണിയുടെ പാദപത്മങ്ങളെ ധ്യാനിച്ച് കുതിച്ചൊഴുകുന്ന കണ്ണീർകണങ്ങളെ തടയാനാവാതെ ആനന്ദാതിരേകത്തോടെ ഇരിക്കാനേ ഉറക്കമുണർന്ന ആ സാധുസ്ത്രീക്ക് കഴിഞ്ഞുള്ളൂ..
No comments:
Post a Comment