പുരഞ്ജനോപാഖ്യാനം
ശ്രീമദ് ഭാഗവതത്തിലെ അത്യുദാത്തമായ ഒരു ഭാഗമാണ് പുരഞ്ജനോപാഖ്യാനം. വേദാന്തചിന്തയുടെ ബാലപാഠങ്ങൾ നമുക്കിവിടെ കാണാം. കഥകളിൽ ഒളിഞ്ഞിരിക്കുന്ന തത്വങ്ങൾ വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്. നാരദൻ പ്രാചീനബർഹിസ്സിനെ കേൾപ്പിക്കുന്ന ഈ കഥ അതിന്റെ ഉത്തമ ഉദാഹരണമാണ്.
പുരഞ്ജനൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അവന്റെ ഏറ്റവും വലിയ സുഹൃത്താണ് അജ്ഞാതൻ. പുരഞ്ജനൻ തനിക്ക് രാജോചിതമായ ഒരു നഗരിയുടെ നിർമ്മാണത്തിനായി സ്ഥലം അന്വേഷിച്ച് ഭൂതലം മുഴുവൻ ചുറ്റിക്കറങ്ങി. അപ്പോൾ അവൻ ഒൻപത് കവാടങ്ങളോട് കൂടിയ ഒരു നഗരി കാണാനിടയായി. അതേസമയം അവിടെ സുന്ദരിയായ ഒരു സ്ത്രീ തന്റെ പത്ത് സഖിമാരോടുകൂടി വന്നുചേർന്നു. അഞ്ച് ശിരസ്സുകളോട് കൂടിയ ഒരു സർപ്പം അവളുടെ സുരക്ഷയ്ക്കായി കൂടെ ഉണ്ടായിരുന്നു. ആ നഗരത്തിനു ചുറ്റും ഭംഗിയുള്ള പൂന്തോട്ടം ഉണ്ടായിരുന്നു.
കണ്ടമാത്രയിൽ പുരഞ്ജനൻ അവളിൽ മോഹിതനായി. അവൻ ചോദിച്ചു: "നീ ആരാണ്? ഇവിടെ എന്തിനു വന്നു? ആരുടെ മകളാണ്?" അവൾ പറഞ്ഞു: "ഇതൊന്നും എനിക്കറിഞ്ഞുകൂടാ. അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. വരൂ എന്റെകൂടെ. നമുക്ക് ഗൃഹസ്ഥാശ്രമം അനുഭവിക്കാം". അവൻ അവളുടെ വാക്കുകൾ സ്വീകരിച്ചു. അവർ രണ്ടുപേരും വളരെ ആനന്ദകരമായി ഒന്നിച്ചുകഴിഞ്ഞു. കൂടെ കഴിയാൻ തുടങ്ങിയപ്പോൾ അവന്റെ ആസക്തിയും എറിയേറി വന്നു. അവൾ പാടുമ്പോൾ അവനും പാടാൻ തുടങ്ങി. കരയുമ്പോൾ കരയാനും, ഇരിക്കുമ്പോൾ ഇരിക്കാനും, ഉറങ്ങുമ്പോൾ ഉറങ്ങാനും തുടങ്ങി.
ആ സ്ത്രീയിൽ അവൻ അത്രമാത്രം ആസക്തനായിത്തീർന്നു. ഫലമോ? അവൻ അവളുടെ കളിപ്പാട്ടം ആയിമാറി. പുറമെ വലിയ ശൂരവീര പരാക്രമിയാണ്. എന്നാൽ ഭാര്യയുടെ മുന്നിൽ കിടുകിടാ വിറക്കാൻ തുടങ്ങും. അവളെ സന്തോഷിപ്പിക്കാൻ എന്തും ചെയ്യും. ഇപ്രകാരം കാലം കഴിഞ്ഞു. അവൻ വൃദ്ധനായി. ഒരുദിവസം ചണ്ഡവേഗൻ എന്ന ഗന്ധർവ്വൻ തന്റെ സൈന്യവുമായി വന്ന് അയാളുടെ നഗരം ആക്രമിച്ചു. നഗരം കത്തിയെരിയാൻ തുടങ്ങി. അപ്പോഴും അവൻ ഭാര്യയെക്കുറിച്ച് ആലോചിച്ചു. ഒടുവിൽ അവനും മൃത്യുവിനു ഇരയായി.
സ്ത്രീയിൽ ആസക്തൻ ആയിരുന്നതിനാൽ അടുത്ത ജന്മത്തിൽ പുരഞ്ജനൻ സ്ത്രീയായി പാണ്ഡ്യരാജാവായ മലയധ്വജനെ വിവാഹം ചെയ്തു. ആ രാജാവ് മഹാഭക്തനായിരുന്നു. അദ്ദേഹം സമ്പൂർണ്ണ വിരക്തനായി ദേഹം വെടിഞ്ഞു. തന്റെ ഭർത്താവ് മരിച്ചുപോയെന്ന വിവരം അറിഞ്ഞപ്പോൾ അവൾ വിലപിക്കാൻ തുടങ്ങി. അപ്പോൾ പഴയ അജ്ഞാതൻ എന്ന സുഹൃത്ത് അവിടെയെത്തി അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി. "നീ ഏതു പുരുഷന് വേണ്ടിയാണു കരയുന്നത്? നീ എന്നെ തിരിച്ചറിയുന്നില്ലേ ? നാം ഒന്നിച്ചു പുറപ്പെട്ടതാണ്. പക്ഷെ നീ ഒരു സ്ത്രീയെക്കണ്ട് മോഹിച്ചുപോയി. അതിനാൽ നീ എന്നെ മറന്നു.
ഇപ്പോൾ സ്ത്രീയായിരിക്കുന്ന പുരഞ്ജനന് തന്റെ യാഥാർത്ഥരൂപം അജ്ഞാതൻ വെളിവാക്കി കൊടുത്തു. അതോടെ അവന്റെ എല്ലാ ദുഖവും അവസാനിച്ചു. കഥ കേട്ടുകഴിഞ്ഞപ്പോൾ പ്രാചീനബർഹിസ്സ് പറഞ്ഞു: "മഹാത്മൻ, അങ്ങ് പറഞ്ഞ കഥയുടെ പൊരുൾ എനിക്ക് മനസ്സിലായില്ല. വിശദമായി പറഞ്ഞുതന്നാലും. നമ്മളിലും പലർക്കും ഈ കഥ എന്താണെന്നു മനസ്സിലായിക്കാണില്ല.
തുടരും.....
No comments:
Post a Comment