ധ്രുവന്റെ ഭഗവൽസ്തുതി
ഭഗവാന്റെ സ്പർശമുണ്ടായപ്പോൾ ധ്രുവനിൽ നിന്നും ഭഗവൽസ്തുതികൾ അനർഗ്ഗളമായി പ്രവഹിച്ചു. അവയിൽ ആദ്യത്തെ കീർത്തനശ്ളോകം അതിമനോഹരവും, അതിപ്രശസ്തവുമാണ്.
യോ f ന്തഃ പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധരഃ സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ
പ്രാണാന്നമോ ഭഗവതേ, പുരുഷായ തുഭ്യം
പരമപുരുഷനായ ഭഗവാന് നമസ്കാരം. എങ്ങനെയുള്ള ഭഗവാനാണ്? 'യോ f ന്തഃ പ്രവിശ്യ' - എന്റെ അന്തഃകരണത്തിൽ പ്രവേശിച്ചിട്ട് തന്റെ ചൈതന്യ ശക്തിയാൽ എന്റെയുള്ളിലുള്ള സുപ്തവചസ്സിനെ ഉണർത്തിവിട്ട ആൾതന്നെ. പിന്നെ പറയുന്നു, വാഗ്വിശേഷത്തെ മാത്രമല്ല, ത്വഗാദീൻ - എല്ലാ ജ്ഞാനേന്ദ്രിയങ്ങളെയും കർമ്മേന്ദ്രിയങ്ങളെയും പ്രാണനെയും ഉണർത്തുന്നു.
ഇക്കാര്യം കേനോപനിഷത്തിലും പ്രസ്താവിച്ചിട്ടുണ്ട്. 'ശ്രോത്രസ്യ ശ്രോത്രം ' ഭഗവാൻ കാതുകളുടെ കാതാണ്. കണ്ണുകളുടെ കണ്ണാണ്. മനസ്സിന്റെ മനസ്സാണ്. പ്രാണന്റെ പ്രാണനാണ്. അദ്ദേഹം കാരണമാണ് കാതുകൾക്ക് ശ്രവണക്ഷമത ഉണ്ടാവുന്നത്. കണ്ണുകൾക്ക് ദർശനക്ഷമത ലഭിക്കുന്നത്. അങ്ങനെ മാഹാത്മ്യമുള്ള ഭഗവാനെ ഞാൻ നമസ്കരിക്കുന്നു. അഖണ്ഡവും ഏകവുമായ അങ്ങ് നാനാരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ധ്രുവൻ വീണ്ടും ഭഗവാനെ സ്തുതിക്കുന്നു.
"അങ്ങയിൽനിന്നും പരാഭക്തി നേടാൻ സാധിക്കുന്നതാണ്.
എന്നിരുന്നാലും മഹാമൂഢന്മാരായ അജ്ഞാനികൾ അങ്ങയുടെ മായായാൽ മോഹിതരായി ഇന്ദ്രിയ സുഖങ്ങൾ കാംക്ഷിക്കുന്നു. ആയത് നരകത്തിലും ലഭ്യമാണ്" എന്താണ് പരാഭക്തി? പരാഭക്തിയുടെ പ്രത്യേകതകൾ ഇനിപറയാം. നിത്യവും ഭഗവാന്റെ ഗുണഗണങ്ങളും കീർത്തനങ്ങളും കേൾക്കുക. ഭഗവാന്റെ നാമം പ്രകീർത്തിക്കുക.
അവയെ സദാ ഉള്ളിൽ ഇടമുറിയാതെ എണ്ണയൊഴുകുന്നത് പോലുള്ള ഋജുധാരയായി നിലനിർത്തുക. ഫലപ്രതീക്ഷ കൂടാതെ, ഭഗവാനെ സേവിച്ച് മനസ്സ് പരമപ്രേമത്തിൽ നിമഗ്നമാക്കുക. ഇതെല്ലാം പരാഭക്തിയുടെ ലക്ഷണങ്ങളാണ്.
ധ്രുവൻ സ്തുതി തുടരുന്നു.
"ആളുകൾ സ്വർഗ്ഗാദികൾ ആർജ്ജിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയോടുള്ള പരമപ്രേമം ആഗ്രഹിക്കുന്നില്ല. സ്വർഗ്ഗം നേടിത്തരുന്ന ഭക്തി എനിക്കുവേണ്ട.
കാരണം ആളുകൾ സ്വർഗ്ഗത്തിൽനിന്നു
പതിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അതുകൊണ്ട് ഹേ , ഭഗവൻ, അങ്ങ് എന്റെ ഹൃദയത്തിൽ ഭക്തിപ്രവാഹം ഉണ്ടാക്കിയാലും. എനിക്ക് മറ്റൊന്നും വേണ്ട" ധ്രുവൻ വീടുവിട്ടിറങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കല്പം ഉണ്ടായിരുന്നു. എന്നാൽ ഭഗവത് ദർശനം ഉണ്ടായപ്പോൾ ആ സങ്കല്പം പൂർണമായി. ഇപ്പോൾ മനസ്സിൽ ആഗ്രഹങ്ങൾ ഒന്നും ഇല്ല.
ഭഗവാൻ പറയുന്നു: "വരുമ്പോൾ നിന്റെ ഉള്ളിലുണ്ടായിരുന്ന
സങ്കല്പം തീർച്ചയായും പൂർണത നേടും. ആർക്കും നേടാൻ സാധിക്കാത്ത സ്ഥാനം ഞാൻ നിനക്ക് നൽകുന്നു. അതിനെ ധ്രുവലോകം എന്ന് പറയും. ചന്ദ്രതാരങ്ങൾ എല്ലാം സദാ ആ ലോകത്തിനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കും. നീ ആ ലോകത്ത് നിശ്ചിന്തന്നയി ഇരിക്കണം. അവിടെ പോകുന്നതിനു മുൻപ് ദീർഘകാലം രാജ്യം ഭരിക്കുക. വീട്ടിലേക്ക് തിരിച്ചുപോവുക. ആർക്കും നിന്നെ തടയാനാവില്ല.
നിനക്ക് എന്റെ അനുഗ്രഹമുണ്ട്"
ധ്രുവൻ ഭഗവാനെ ദർശിച്ചു. ഭഗവാനോട് സംവദിച്ചു. ഭഗവാൻ ശ്രേഷ്ഠമായ വരം നൽകി പക്ഷെ ധ്രുവൻ സന്തോഷിച്ചില്ല. മാത്രമല്ല ദുഃഖത്തിന്റെ ലാഞ്ഛനയും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.
തുടരും.............
Temples of India
No comments:
Post a Comment