പ്രാചീന ബർഹിസ്സിന് നാരദന്റെ ഉപദേശം.
ഇനി പൃഥുവംശ വർണ്ണനയാണ്. പൃഥുവംശത്തിൽ ബർഹിസ്സ് എന്ന് പേരുള്ള ഒരു മഹാരാജാവുണ്ടായിരുന്നു. അദ്ദേഹം കർമ്മകാണ്ഡത്തിൽ മഹാകുശലനായിരുന്നു. യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നതിൽ അദ്ദേഹത്തിന് വലിയ അഭിനിവേശമായിരുന്നു. അദ്ദേഹം നടത്തിയ യജ്ഞങ്ങളിൽ വിരിച്ച ദർഭ കൊണ്ട് ഈ ഭൂമി മുഴുവൻ പൊതിയാമത്രേ. അതുകൊണ്ട് എല്ലാവരും അദ്ദേഹത്തെ പ്രാചീന ബർഹിസ്സ് എന്ന് വിളിച്ചു.
പ്രാചീനബർഹിസ്സിന് പത്ത് പുത്രന്മാർ ഉണ്ടായിരുന്നു. അവരുടെ എല്ലാവരുടെയും സ്വഭാവം ഒരുപോലെയായിരുന്നു. അതിനാൽ എല്ലാവരുടെയും പേരുകളും ഒന്നായിരുന്നു. പ്രചേതസ്സ് 1, പ്രചേതസ്സ് 2 എന്നിങ്ങനെ. അവരെല്ലാം ഭഗവൽ ഭക്തന്മാർ ആയിരുന്നു. പുത്രന്മാർ ദൂരസ്ഥലത്ത് തപസ്സനുഷ്ഠിച്ചപ്പോൾ പിതാവ് യാഗാനുഷ്ഠാനത്തിൽ മുഴുകി. നാരദമഹർഷിക്ക് അദ്ദേഹത്തിൽ അനുകമ്പ തോന്നി. അദ്ദേഹം മനസ്സിലോർത്തു. 'സാത്വികനായ ഈ രാജാവ് തന്റെ മോക്ഷപ്രാപ്തിക്ക് സഹായകമല്ലാത്ത കർമ്മകാണ്ഡത്തിൽ മുഴുകി ജീവിതം വൃഥാവിലാക്കുകയാണ്. ഞാൻ അദ്ദേഹത്തെ ഭക്തിമാർഗം ഉപദേശിച്ച് രക്ഷിക്കുന്നുണ്ട്.
നാരദൻ ബർഹിസ്സ് രാജാവിന്റെ സവിധത്തിൽ എത്തി. രാജാവ് നാരദനെ യഥായോഗ്യം ബഹുമാനിച്ച് ആസനത്തിൽ ഇരുത്തി അദ്ദേഹത്തിന്റെ കാൽക്കൽ ഇരുന്നു. നാരദൻ രാജ്യക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചശേഷം ഇപ്രകാരം പറഞ്ഞു: "ഹേ രാജാവേ, അങ്ങ് എണ്ണമറ്റ യാഗങ്ങൾ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം? ഈ കർമ്മകാണ്ഡത്തിന്റെ ഫലമായി അങ്ങേയ്ക്ക് ഒരിക്കലും മുക്തി ലഭിക്കില്ല. മനുഷ്യർ ഇഹലോകത്തിൽ ദുഃഖപരിഹാരവും, സുഖസമ്പാദനവും ആണ് ആഗ്രഹിക്കുന്നത്. ഈ കർമ്മങ്ങളും അവയുടെ അനുഷ്ഠാനങ്ങളും കൊണ്ട് കർമ്മികൾക്ക് ഇവ രണ്ടും സാധ്യമല്ലെന്നു പണ്ഡിതന്മാർ പറയുന്നു. അങ്ങയുടെ ഈ പ്രയത്നത്തിൽ മൂന്നാമതൊരു ലക്ഷ്യമുണ്ടോ?
രാജാവ് പറഞ്ഞു: "ഞാൻ കർമ്മകാണ്ഡത്തിൽ തന്നെ മുഴുകിയിരുന്നത് കൊണ്ട് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിന് മോക്ഷം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മോക്ഷം നേടാൻ ഞാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞുതന്നാലും. ഗൃഹാസക്തി, അർത്ഥ പുത്ര കളത്രം എന്നിവയിൽ ഭ്രമിച്ച് ഇത്രനാളും കഴിഞ്ഞു. ഇതുകൊണ്ടൊന്നും സദ്ഗതി സിദ്ധിക്കുകയില്ലെന്നു അങ്ങ് ഇപ്പോൾ എന്നോട് പറയുന്നു. എന്താണ് ഞാൻ ചെയ്യേണ്ടത്?"
നാരദൻ പറഞ്ഞു: "യജ്ഞത്തിൽ നീ കൊന്നൊടുക്കിയ മൃഗങ്ങൾ എല്ലാം നീ മരിക്കുന്നത് കാത്തിരിക്കുകയാണ്". നാരദൻ പ്രാചീനബർഹിസ്സിന് ആ മൃഗങ്ങളെയെല്ലാം കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു: "നോക്കൂ അവയെല്ലാം കൂർത്ത കൊമ്പുകൾ കൊണ്ട് നിന്നെ കുത്തിക്കീറാൻ കാത്തിരിക്കുകയാണ്" പ്രാചീനബർഹിസ് പേടിച്ചരണ്ടുപോയി. അയാൾ പറഞ്ഞു: "മഹാത്മാവേ, ഇവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം പറഞ്ഞുതന്നാലും.
തുടരും..........
No comments:
Post a Comment