ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Friday, August 30, 2019

ശ്രീലളിതാത്രിശതീ - 36



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


36. ഏകാന്തപൂജിതാ


_ഏാകന്തത്തിൽ പൂജിക്കപ്പെടുന്നവൾ. 28ാം നാമത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച ഗീതാശ്ലോകങ്ങൾ ഓർക്കുക. ആരാധനയ്ക്ക് ഏകാന്തത നല്ല പശ്ചാത്തലമാണ്. ശബ്ദവും ബഹളവും ഇല്ലാത്ത ശുചിയായ സ്ഥലത്ത് നിവർന്നിരുന്ന് കർമ്മേന്ദ്രിയങ്ങളെ ബന്ധിച്ച് ജ്ഞാനേന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനസ്സിനെ ദേവിയുടെ നേർക്കു നയിച്ചുള്ള പൂജ എളുപ്പത്തിൽ ഫലപ്രാപ്തിയിലെത്തും. ആത്മനിയന്ത്രണം അഭ്യാസം കൊണ്ടു നേടിയാൽ ഏതു കോലാഹലത്തിലും മനസ്സു ദേവിയിൽ നിന്നു വേർപെടാതെ നിറുത്താൻ കഴിയും. അപ്പോഴും ഏകാന്തപൂജ മെച്ചമാണ്._
_മോക്ഷപ്രാപ്തി എന്ന ലക്ഷ്യത്തോടെ പൂജിക്കപ്പെടുന്നവൾ എന്നും വ്യാഖ്യാനിച്ചു കാണുന്നു. ലക്ഷ്യം ഏതായാലും അന്തർമുഖത്വം പൂജയ്ക്ക് ആവശ്യമാണ്. 'അന്തർമുഖസമാരാദ്ധ്യാ, ബഹിർമുഖസുദുർല്ലഭാ ' എന്നു ലളിതാസഹസ്രനാമം.


_പ്രളയം കഴിഞ്ഞുള്ള ശൂന്യതയിൽ പുനഃസൃഷ്ടിക്കുള്ള ശക്തി തേടി ഈശ്വരനാൽ ഏകാന്തത്തിൽ  പൂജിക്കപ്പെടുന്നവൾ എന്നും.



ഓം ഏകാന്തപൂജിതായൈ നമഃ



37. ഏധമാനപ്രഭാ



_വർദ്ധിച്ച പ്രഭയുള്ളവൾ. എല്ലാ പ്രകാശവും ദേവിയുടെ വിഭൂതിയാണ്. പ്രകാശം ജ്ഞാനമാണ്. സർവ്വജ്ഞാനനിധിയായ ലളിതാംബികയുടെ അനന്തപ്രഭയുടെ അല്പ മയൂഖങ്ങളെയാണ് നാം ജ്ഞാനമെന്നു പറയുന്നത്. നമുക്ക് പ്രകാശത്തിന് സൂര്യചന്ദ്രന്മാരുടെയും അഗ്നിയുടെയും നക്ഷത്രങ്ങളുടെയും സഹായം വേണം. സൂര്യചന്ദ്രതാരകാദികളുടെ പ്രകാശം ആവശ്യമില്ലാത്ത ജ്യോതിർമണ്ഡലത്തിലാണ് ദേവിയുടെ ആസ്ഥാനം. സ്വയം ജ്യോതിയായ പരാശക്തിയുടെ പ്രഭയ്ക്ക് ക്ഷയമില്ല. ഉത്തരോത്തരം അത് വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതിനാൽ ഏധമാനപ്രഭാ എന്നു നാമം. 'പരം ജ്യോതി, പരം ധാമ' എന്നീ നാമങ്ങളിൽ ലളിതാസഹസ്രനാമം ഈ ആശയം ആവിഷ്കരിക്കുന്നു.



ഓം ഏധമാനപ്രഭായൈ നമഃ



  38.   ഏജദനേജജ് ജഗദീശ്വരീ



_ഏജത് - ജീവനുള്ളത്, ചരമായത്, അനേജത് - ചലിക്കാത്തത്; ചരവും അചരവുമായ എല്ലാ ലോകങ്ങൾക്കും ഈശ്വരി ആയവൾ. പരാശക്തിയായ ദേവി തന്നെയാണ് ജഗദ്രൂപത്തിൽ വർത്തിക്കുന്നത്.ജഗത്തിലുള്ള ജീവനുള്ളതും ജഡവുമായ വസ്തുക്കൾക്ക് നിയാമക ചൈതന്യവും ലളിതാംബിക തന്നെ. ഏജത്തും അനേജത്തുമായി പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ഈശ്വരി.


' _അനേകകോടിബ്രഹ്മാണ്ഡജനനീ, ആബ്രഹ്മകീടജനനീ, ജഗദീകന്ദാ, ചേതനാരൂപാ, ജഡശക്തി' തുടങ്ങി പല നാമങ്ങളിൽ ലളിതാസഹസ്രനാമം ഈ ആശയം അവതരിപ്പിക്കുന്നു.


ഓം ഏജദനേജജ് ജഗദീശ്വര്യൈ നമഃ


_ശ്രീവത്സം കടപ്പാട് 

No comments:

Post a Comment