ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Saturday, August 31, 2019

ഗുരുവായൂരപ്പനെ ഭജിച്ച ഗജേന്ദ്രൻ ഗുരുവായൂർ കേശവന്റെ കഥ..



നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ നിന്നും നിലമ്പൂർ കോവിലകത്തിന് വീണു കിട്ടിയ സൗഭാഗ്യമാണ് കുട്ടി കേശവൻ. സർവ്വ ലക്ഷണങ്ങളും തികഞ്ഞ കുട്ടിക്കുറുമ്പൻ.. കോവിലകത്തെ സകല അംഗങ്ങളുടെയും കണ്ണിലുണ്ണിയായിരുന്നു. അങ്ങനെയിരിക്കെ മലബാർ കലാപം എന്ന മാപ്പിള ലഹള പൊട്ടി പുറപ്പെട്ടു. നിലമ്പൂർ കോവിലകം ആക്രമിച്ച കൊള്ളക്കാർ വിലപ്പെട്ടതെല്ലാം കവർന്നെടുത്ത കൂട്ടത്തിൽ കേശവനേയും തട്ടിയെടുത്തു..
കേശവനെ നഷ്ടപ്പെട്ടതിൽ എല്ലാവരും വളരെയധികം വിഷമിച്ചു.ഗുരുവായൂരപ്പന്റെ ഭക്തയായ വല്യ തമ്പുരാട്ടി ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു. യാതൊരു കുഴപ്പവും കൂടാതെ കേശവനെ തിരികെ കിട്ടിയാൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നടതള്ളിക്കോളാം എന്ന് വഴിപാടും നേർന്നു. കോവിലകത്തെ ഭടന്മാർ കാടും നാടും മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആനക്കുട്ടിയെ കിട്ടിയില്ല



മാസങ്ങൾ കഴിഞ്ഞു. കൊള്ളക്കാർ കൊടും കാടിനകത്ത് ഒരു ഗുഹക്കുള്ളിൽ താമസിച്ചു വന്നിരുന്നു. ആന കുട്ടിയെ അടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. ഒരു ദിവസം ഒരു വഴി പോക്കൻ അവിടെ എത്തുകയും എല്ലാവർക്കും മദ്യം നൽകി മയക്കി ആനയെ അഴിച്ചു കൊണ്ടു പോരികയുമുണ്ടായി.. അത് സാക്ഷാൽ ഗുരുവായൂരപ്പൻ വേഷം മാറി ചെന്നതാണെന്ന് ജനങ്ങൾ വിശ്വസിച്ചു വരുന്നു.
കോവിലകത്ത് സന്തോഷം അലതല്ലി...


1922 ജനുവരി 17 ന് കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി.മഹാ കുസൃതിയായിരുന്ന അവൻ കൊടിമരച്ചുവട്ടിൽ നമസ്കരിക്കാൻ പോലും കൂട്ടാക്കിയില്ല. ആരെയും അനുസരിക്കാതെ ഭ്രാന്തമായ പെരുമാറ്റ രീതികൾ. ഭ്രാന്തൻ കേശവൻ എന്ന പേരു വീഴുകയും ചെയ്തു. അവന്റെ ആ സ്വഭാവം മാറ്റാനായി 41 ദിവസം കേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനമിരുത്തി.. നേദിച്ച ചോറും പായസവും കൊടുത്ത് നരസിംഹ മന്ത്രം ജപിച്ച നെയ്യും കൊടുത്തു.. 3 വർഷത്തോളം അവനെ അമ്പലത്തിൽ കുളിച്ച് തൊഴുവിച്ചു.. അവന്റെ സ്വഭാവം അടിമുടി മാറി. അനുസരണയുള്ള നല്ല കുട്ടിയായി മാറി. അവനെ മകനെപ്പോലെ സ്നേഹിച്ച അച്ചുതൻ നായർ എന്ന പാപ്പാനും കൂട്ടിനെത്തി. ഉയരത്തിലും സ്വഭാവ സവിശേഷത്തിലും അവൻ ഒന്നാം നമ്പരായി.ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഏറ്റവും കൂടുതൽ വരുമാനവും പ്രസിദ്ധിയുണ്ടായത് കേശവൻ മൂലമാണ്. കേരളത്തിലെ പേരുകേട്ട എല്ലാ ഉത്സവങ്ങൾക്കും കേശവൻ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. 55 വർഷത്തെ ഗുരുവായൂർ ജീവിതത്തിനിടയിൽ അവൻ ഒരാൾക്കു പോലും ഒരപകടവും ഉണ്ടാക്കിയിട്ടില്ല.



തനിക്ക് അഹിതമായത് ആര് പ്രവർത്തിച്ചാലും അവൻ എതിർത്തു വന്നിരുന്നു. ആരുമായി പിണങ്ങിയാലും അത് എവിടെയാണെങ്കിലും അവൻ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒരു പോക്കാണ്. കിഴക്കേ ഗോപുരം കടന്ന് കൊടിമരച്ചുവട്ടിൽ നിന്ന് ഭഗവാനെ ദർശിച്ച ശേഷമേ അവൻ ശാന്തനായിരുന്നുള്ളു.. ഒരിക്കൽ പിണങ്ങി തേക്കിൻകാട് മൈതാനത്ത് വലം വച്ച അവനെ വെടിവച്ചു വീഴിക്കാൻ വരെ ആലോചനയുണ്ടായി. ചേർപ്പുളശേരിക്കാരനായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്ന ആളുടെ രൂപത്തിൽ ഗുരുവായൂരപ്പൻ നേരിട്ടെത്തി അവനെ തളച്ചെന്നുള്ള ഒരു കഥയും ജനങ്ങൾ വിശ്വസിക്കുന്നു.



ക്ഷേത്രത്തിൽ ഇപ്പോൾ കാണുന്ന സ്വർണ്ണക്കൊടിമരത്തിനുള്ള തടി അത് വെട്ടിയിടത്തു നിന്നും ഗുരുവായൂർ ക്ഷേത്രം വരെ നിലത്തു വയ്ക്കാതെ ചുമന്ന് എത്തിച്ചത് കേശവനാണ്. ആനയോട്ടത്തിൽ വർഷങ്ങളോളം അവൻ ജേതാവായി. ഏകാദശിക്കും ഉത്സവത്തിനും വിശേഷങ്ങൾക്കും സ്വർണ്ണക്കോലം കേശവന്റെ ഉയർന്ന ശിരസിൽ
 തന്നെയായിരുന്നു . ഗുരുവായൂരപ്പൻ ഏറ്റവും കൂടുതൽ കയറിയെഴുന്നളളിയത്  കേശവന്റെ പുറത്താണ്.



ആനയുടെ ലക്ഷണശാസ്ത്രം വച്ച് ക്ഷത്രിയ കുലജാതനായിരുന്നു കേശവൻ. ഭഗവാന്റെ ശീവേലിത്തിടമ്പുമായി വരുന്ന ആളെ അല്ലാതെ ആരെയും അവൻ മുൻ കാലുകളിൽ കൂടി തന്റെമുകളിൽ കയറ്റിയിട്ടില്ല. മറ്റാനകളോട് ദേഷ്യമോ പിണക്കമോ അവനുണ്ടായിരുന്നില്ല.
അവന്റെ കേമത്തവും സ്വഭാവ ഗുണവും കണക്കാലെടുത്ത് അവന് ഗജരാജ പട്ടം നൽകി ദേവസ്വം ആദരിച്ചു.
.കേശവന്റെ 60-ാം പിറന്നാൾ വളരെ കേമമായി ദേവസ്വം ആഘോഷിക്കുകയുണ്ടായി.

1976 ഡിസംബർ 2 ഗുരുവായൂർ ഏകാദശി നാളിനാണ് ഈ അഭിനവ ഗജേന്ദ്ര മോക്ഷം നടക്കുന്നത്.55 വർഷം ഗുരുവായൂരപ്പനെ സേവിച്ച കേശവന്റെ മരണം ആരിലും രോമാഞ്ചവും ഭക്തിയും നിറക്കുന്ന സംഭവമാണ്. നവംബർ 30 ദശമി പിളക്കിന് ക്ഷേത്രവും പരിസരവും നെയ് വിളക്കിന്റെ ശോഭയിൽ വൈകുണ്ഠം പോലെ തിളങ്ങുന്നു.11 വരികളിലായി  12000 നെയ് വിളക്കുകൾ നാലമ്പലത്തിനു ചുറ്റും തെളിഞ്ഞു നിൽക്കവേ സർവ്വാഭരണ വിഭൂഷിതനായി ഗുരുവായൂരപ്പൻ ശ്രീലകത്ത് വിളങ്ങി നിൽക്കുന്നു. കേശവൻ സ്വർണ്ണക്കോലം പതിവിലുമുയരത്തിൽ തലയിൽ ഏറ്റിയിരിക്കുന്നു.. പെട്ടെന്ന് അവന് ഒരു വിറയലുണ്ടായി, വായിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി.. എല്ലാവരും പരിഭ്രമിച്ച് താഴെയിറങ്ങി.സ്വർണ്ണത്തിടമ്പ് മേൽശാന്തി  പറ്റാനയായിരുന്ന കുട്ടികൃഷ്ണന്റെ ശിരസിലേക്ക് നൽകി. കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ അവസാനമായി കണ്ടു തൊഴുത് കേശവൻ തെക്കേനടയിലുള്ള കോവിലകം പറമ്പിലേക്ക് നടന്നു.( ഇപ്പോഴത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ് ).ക്ഷേത്രത്തിനഭിമുഖമായി കേശവനെ തളച്ചു. ക്ഷേത്ര കൊടിമരം നോക്കി അവൻ ഒരേ നിൽപ്പു നിന്നു.


പിറ്റേ ദിവസം ദശമി വിളക്ക്.. കേശവൻ ഉപവാസത്തിൽ അതേ നിൽപ്പ് തുടർന്നു. ഒരു തുള്ളി വെള്ളം കുടിക്കുവാനുള്ള അച്ചുതൻ നായരുടെ അപേക്ഷ പോലും ചെവിക്കൊണ്ടില്ല. പ്രശസ്ത ആന ചികിത്സകർ വന്നു ചികിത്സകൾ നടത്തി നോക്കുന്നുണ്ട്. വൈകുന്നേരം ക്ഷേത്രം മണി കിണറ്റിൽ നിന്നും കൊണ്ടുവന്ന ജലം ഉപയോഗിച്ച് കൈകാലുകളും ശിരസും കഴുകി. ക്ഷേത്ര കൊടിമരം നോക്കി പലതവണ തുമ്പികൈ ഉയർത്തി പ്രണമിച്ചു.. അങ്ങിനെ ആരാത്രി കടന്നു പോയി. രാവിലെ 3 മണി.ഏകാദശി പുലരിയായി .ക്ഷേത്രം ഉച്ചഭാഷിണിയിൽ നിന്നും P. ലീലയുടെ മാന്ത്രിക നാദത്തിൽ മേൽപ്പത്തൂർ ഏകാദശി നാളിൽ ഭഗവാനെ ദർശിച്ചെഴുതിയ നാരായണീയത്തിലെ  " അഗ്രേപശ്യാമി തേജോ നിബിഡതരകളായാവലീ ലോഭനീയം " എന്നാരംഭിക്കുന്ന കേശാദിപാദം  ഉയർന്നു തുടങ്ങി. ശംഖനാദത്തിന്റെയും ഇടക്കയുടെയും മണിയടിശബ്ദത്തോടെയും അകമ്പടിയോടെ ഭൂലോക വൈകുണ്ഠ നട തുറന്നു. ആ സമയം ഗുരുവായൂർ കേശവൻ തന്റെ മുൻ കാലുകൾ നീട്ടി വച്ച് കൊമ്പുകൾ നിലത്ത് കുത്തി തുമ്പികൈ നീട്ടി വച്ച്
ഗുരുവായൂർ ക്ഷേത്ര കൊടിമരം നോക്കി തെക്കുവടക്കായി നമസ്കരിച്ച് കിടന്ന് അന്ത്യശ്വാസം വലിച്ചു.. അന്ന് ഏകാദശി പുലർന്നത് ഗുരുവായൂർ കേശവന്റെ മരണവാർത്തയോടെയാണ്.. ആബാലവൃദ്ധം ജനങ്ങൾ ആ പറമ്പിലേക്കൊഴുകിയെത്തി.. വൈകുന്നേരം 6 മണി വരെ പൊതുദർശനം നടത്തിയ ശേഷം വടക്കഞ്ചേരിക്കടുത്തുള്ള അകമലയിൽ ആ ശരീരം അഗ്നിയിലേക്കമർന്നു.. ഇന്ത്യയിൽ നിന്നു പ്രസിദ്ധികരിക്കുന്ന എല്ലാ പ്രധാന മാധ്യമങ്ങളിലും ആ മരണവാർത്ത അച്ചടിച്ചു വന്നു.


കേശവന്റെ മുറിച്ചുമാറ്റിയ ആ കൊമ്പുകൾ അയ്മ്പൊന്നുകൊണ്ടു പൊതിഞ്ഞ് കിഴക്കേ നടയിൽ കൊടിമരച്ചുവട്ടിൽ നിന്നും നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനു മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.. ആ വലിയ കൊമ്പുകൾ കാണുന്ന ആർക്കും ഒരു മാത്ര കേശവനെ ഓർക്കാതിരിക്കാനാവില്ല.. എല്ലാവർഷവും ദശമി ദിവസം കേശവൻ അനുസ്മരണം നടത്തപ്പെടുന്നു. അവൻ ചെരിഞ്ഞ സ്ഥലത്ത് കേശവന്റെ അതേ മുഴുപ്പിൽ ഉണ്ടാക്കിയ രൂപത്തിൽ ഇളമുറയിലെ ആനകൾ ആദരവ് അർപ്പിക്കുന്നു.


നിഷ്കാമ ഭക്തിയോടെ തന്നെ ഭജിച്ച ഒരു മിണ്ടാപ്രാണിക്ക് വരെ മോക്ഷം നൽകിയ ഭഗവാനേ....ഗുരുവായൂരപ്പാ !! രക്ഷമാം രക്ഷമാം...

No comments:

Post a Comment