ഡി.കെ.എം.കർത്താ (published in Yajn^Opaveetam Maasikaa)
കൃഷ്ണസ്വരം
സ്വർണ്ണംകൊണ്ടു പണിഞ്ഞ മഞ്ജുളമണീവൃന്ദം കിലുങ്ങുന്നതോ
കൊന്പിൽ മാന്പഴമഞ്ഞ കണ്ട കുയിലിന്നത്യാശ കൂകുന്നതോ
തിങ്ങും കാട്ടിലുറന്ന ചോല ശിലയിൽത്തട്ടിക്കിണുങ്ങുന്നതോ
അങ് കത്തിൽ ഹരി കൊഞ്ചിടുന്ന മൊഴിയിൽക്കേൾക്കുന്നു നന്ദൻ മുദാ ?
കൃഷ്ണമല്ലൻ
ഗോവിന്നങ് ഗുലികൊണ്ടു ലാളന; മിതാ ഭക്തർക്കു നാമാക്ഷര--
ത്തേനിൻ മാധുരി; ദേവകിയ് ക്കു മനസാ പുഷ്പങ്ങളാലർച്ചനം;
രാധയ് ക്കോ പരിരംഭനിർവൃതി; ഹരേ ! ദാനോത്സുകൻ നീ ഹലിയ്--
ക്കേകുന്നൂ ജയമിന്നു മല്ലി; ലനുജൻ തോൽക്കുന്നതെന്നും ചിതം !!
കൃഷ്ണമഹിമ
പേരാൽ ഭക്തഹൃദന്തദു:ഖഹരണം, നോക്കാലമർത്ത്യാവനം;
വാക്കാലർജ്ജുനശോകരോഗശമനം; നിത്യാഭയം മുദ്രയാൽ ;
ഊത്താൽഗ്ഗോഗണരക്ഷണം; വിരലിനാൽഗ്ഗോവർദ്ധനോദ്ധാരണം;
തീരില്ലിങ്ങനെ ചൊല്ലുകിൽ ഹരിദയാദൃഷ്ടാന്തസാഹസ്രകം !!
കൃഷ്ണപ്രഭ
സ്വന്തം പേരിലിണക്കി സർവഗുരുവാം കണ്ണൻ സ്വചൈതന്യവും
വിശ്വം കൈപ്പു പകർന്നിടുന്പൊഴെതിരായൂറുന്ന മാധുര്യവും
ചുറ്റും ദുർഭഗരാത്രി ചൂഴ്ന്ന കലിയിൽ വെട്ടിത്തിളങ്ങുന്നതാം
ചന്ദ്രജ്യോതിയു -- മെന്തൊരത്ഭുതമയം നാമപ്രഭാമണ്ഡലം !!!
കൃഷ്ണശങ്ഖം
ശ്രീകൃഷ്ണൻ പാഞ്ചജന്യം തിരുപകലറുതിക്കാലമാകുന്പൊഴൂതു--
ന്നേരത്താക്കൌരവർക്കോ ഭയശതശരമേറ്റാധിയേറ്റം വളർന്നൂ !!
ശാന്തത്തിൻ പുഷ്പവർഷം വിദുരരിലകമേ പെയ്തു, ശങ്ഖസ്വനത്താൽ--
പ്പാർത്ഥന്നോ നെഞ്ചിലുണ്ടായതുലസുഖദമാം വീരമിശ്രപ്രഹർഷം !!
കൃഷ്ണതീർത്ഥം
ഞാനും നീയും അഭേദ്യരെന്നു പറയുന്നുണ്ടാത്മവിജ്ഞാനമാം
മാർഗ്ഗത്തിന്നതിദുർഗ്ഗമത്വമെളുതായ് ത്താണ്ടുന്നൊരദ്വൈതികൾ;
നാലിന്നപ്പുറമല്ലി പഞ്ചമമതാം ദിവ്യം പുമർത്ഥം, ഹരേ ?
ഞാനാ ഭക്തിസുഖം തിരഞ്ഞു മുഴുകും നിൻ നാമതീർത്ഥങ്ങളിൽ !!
കൃഷ്ണഗൂഹനം
കണ്ണീരിന്റെ കണങ്ങളിൽക്കുതിരുമാ ഗണ്ഡങ്ങളോടിന്നൊരാൾ
ചെന്നീടുന്നു സമാഗമസ്ഥലികളിൽ നിന്നെത്തിരഞ്ഞീടുവാൻ;
കണ്ടീലാ വിരഹാർത്ത രാധ ദയതൻ നോട്ടം, ഹരേ, നിൻ കൃപാ--
നിർല്ലീനം മൃദുഹാസ; മേതു മറയത്താണിന്നു നിൻ ഗൂഹനം ?
കൃഷ്ണവിഭു - 1
കാട്ടിൽ നീ നരസിംഹമൂർത്തി, കടലിൽ ലക്ഷ്മീവരാഹം, സദാ
പോക്കിൽ വാമനമൂർത്തി, വന്മലകളിൽ ശ്രീരാമചന്ദ്രൻ, ഹരേ !
പോരിൽ ചക്രധരൻ; മരുന്നുകളശിയ് ക്കുന്പോൾ മഹാവിഷ്ണുവാ --
യാപത്തിൽ മധുസൂദനൻ -- സ്ഥിതനിതാ നീയെങ്ങുമെല്ലായ് പ്പൊഴും !!
കൃഷ്ണവിഭു - 2
ഉണ്ണുന്പോഴരികിൽജ്ജനാർദ്ദനനിതാ നിൽക്കു, ന്നുറങ്ങുന്പൊഴോ
പത്മം നാഭിയിലുള്ള ദേവനുമിവന്നേകുന്നു സംരക്ഷണം;
എന്നും കാണ്മു വിവാഹവേദികകളിൽ ശ്രീലപ്രജാനാഥനായ്--
ക്കണ്ണൻ ദു:ഖദമായ സ്വപ്നസമയത്തെത്തുന്നു ഗോവിന്ദനായ് !!
കൃഷ്ണവിഭു -- 3
നീ വന്നിങ്ങു ത്രിവിക്രമന്റെ വടിവിൽദ്ദു:ഖപ്രവാസങ്ങളിൽ;
നീ വന്നൂ ജലശായിയായ് ത്തുടരെ വൻ തീ കാട്ടിലാളീടവേ;
നീ വന്നിങ്ങു തുണച്ചു ശ്രീധര ! സുഹൃത്സങ് ഗങ്ങളിൽ! മാധവാ !
നീ തന്നൂ വിജയം പരാർത്ഥകൃതമാം കർമ്മത്തിലെന്നും വിഭോ !
വിഭു = സർവവ്യാപി
No comments:
Post a Comment