സഞ്ജാതകോപഃ സ്ഫുരിതാരുണാധരം
സന്ദശ്യ ദദ്ഭിർദ്ദധിമന്ഥഭാജനം
ഭിത്ത്വാമൃഷാശ്രുർദൃഷദശ്മനാ രഹോ
ജഘാസ ഹൈയങ്ഗവമന്തരം ഗതഃ
(10.09.06)
പാൽ കുടിച്ചു തൃപ്തി വരാത്ത കണ്ണന്, അമ്മ തന്നെ ഇപ്രകാരം ബലാത്കാരേണ പിടിച്ചു മാറ്റി താഴെ കിടത്തി അടുപ്പിലെ പാലിറക്കാൻ പോയതിൽ കോപമുണ്ടായി. കണ്ണുകളിൽ വെള്ളം നിറഞ്ഞു. ചുണ്ട് കടിച്ചു പിടിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന കല്ലു കൊണ്ട് ഉണ്ടാക്കിയ ഒരു കളിപ്പാട്ടമെടുത്ത് അമ്മ കടഞ്ഞു കൊണ്ടിരുന്ന തൈർ കുടം കുത്തിയുടച്ചു. അവിടെ നിന്ന് വീടിന്റെ ഉള്ളിലേയ്ക്ക് ചെന്ന് അവിടെ സൂക്ഷിച്ചു വെച്ചിരുന്ന വെണ്ണയെടുത്തു തിന്നു.
ഇവിടെ ഭാഗവതത്തിൽ കല്ലു കൊണ്ട് ഉണ്ടാക്കിയ കളികോപ്പെടുത്തു കലമുടച്ചു എന്നാണ് പറയുന്നത്. നാരായണീയത്തിൽ പട്ടേരിപ്പാട് മന്ഥദണ്ഡമുപഗൃഹ്യ പാടിതം(47.3) എന്നാണ് പറയുന്നത്. അതായത് തൈരുകടയാൻ ഉപയോഗിക്കുന്ന കടക്കോൽ കൊണ്ട് കുടം പൊട്ടിച്ചു എന്നാണ്. ചില ആചാര്യന്മാർ പറഞ്ഞു കേട്ടിട്ടുള്ളത് പട്ടേരിപ്പാട് ഇപ്രകാരം എഴുതിയപ്പോൾ അത് കണ്ടു കണ്ണൻ ഒന്ന് ചിരിച്ചുവത്രെ. എന്നിട്ട് പറഞ്ഞു പോലും, അങ്ങ് എഴുതിയത് നന്നായിട്ടുണ്ട്, പക്ഷെ വാസ്തവത്തിൽ ഭാഗവതത്തിൽ ശ്രീശുകൻ പറഞ്ഞതു തന്നെയാണ് സത്യം എന്ന്.
അടുപ്പിലെ പാൽ ഇറക്കി വെച്ച് വന്ന യശോദാമ്മ കാണുന്നത് തയിർക്കുടം പൊട്ടി നാലു ഭാഗത്തും മുറിയിൽ തൈര് പരന്നു കിടക്കുന്നതാണ്. കണ്ണന്റെ പ്രവൃത്തിയാണെന്ന് മനസ്സിലായി. പക്ഷെ കണ്ണനെ അവിടെങ്ങും കാണുന്നുമില്ല. ഈ കുസൃതി കണ്ടു ആദ്യം അമ്മയ്ക്ക് ചിരിയാണ് വന്നത്.
By KSV KRISHNAN Ambernath Mumbai
No comments:
Post a Comment