ഡി. കെ. എം. കർത്താ
കൃഷ്ണജാഗരം
നേരം ദിവ്യവിഭാതവേള, ഹരി തൻ നിദ്രാടനം നിർത്തിയാ
നീലക്കൺകൾ തുറന്നു, വീണ്ടുമലസം പൂട്ടീ, മയങ്ങീടുവാൻ;
ദേഹം തെല്ലു തിരിഞ്ഞു, കൈകളരികിൽ തപ്പുന്നു, സ്വപ്നാലസം,
വേണൂസ്പർശം, ഉടൻ സ്മിതോദയം ! ഇതാ ശ്രീകൃഷ്ണ സൂര്യോദയം !!!
കൃഷ്ണാശനം
മേൽപ്പത്തൂരരുളുന്ന ദിവ്യകവിതാക്ഷീരാന്നമല്ലോ ഭുജി-
ച്ചീടുന്നൂ മൃദുഹാസമോടെ ഭഗവാൻ ശ്രീലപ്രഭാതങ്ങളിൽ ;
പൂന്താനം മധുരം കലർത്തിയരുളും പാനപ്പയസ്സാഹരി ---
ച്ചാണാക്കണ്ണൻ ഉറങ്ങിടുന്നതു നിശാകാലത്തു നാൾതോറുമേ !!!
കൃഷ്ണകേളി
കേളിക്കൂത്തിലുലഞ്ഞഴിഞ്ഞു ചിതറും നീലച്ചുരുൾ കൂന്തലിൻ
സ്വാച്ഛന്ദ്യത്തെയടക്കി നീലമയിലിൻ പീലിക്കിരീടത്തിനാൽ
ചേലിൽപ്പിന്നെയുമമ്മ നീലയഴകിൻ സർവസ്സ്വമായ് മാറ്റവേ,
ആശ്ലേഷത്തെയഴിച്ചു ചാടിയകലും ലീലാവിലോലാ ! ജയ !!!
കൃഷ്ണതീർത്ഥാടനം
പൂജയ് ക്കായ് മഴ തോരവേ ഹരിയിതാ കേറുന്നു, ഗോപീഗണ --
ത്തോടൊപ്പം തുളസീവനം വിടരുമാ ഗോവർദ്ധനത്തിൽ സ്വയം;
നേരം സന്ധ്യ; ചെരാതുകൾ തെളിയവേ, പാടുന്നു തീർത്ഥാടകർ :---
"മേഘത്തിന്നകിടുമ്മവെച്ച കുളിരാം ശൈലക്കിടാവേ ജയ !
കൃഷ്ണപ്രിയം
താനേ തന്നെ കൊഴിഞ്ഞ പീലിയിളകും പീഡം; ദയാഭൂമിയിൽ ---
ത്താനേ വീണു നിറന്ന ഗുഞ്ജമണികൾ കോർത്തുള്ള മാലാവ്രജം;
താനേ തന്നെ ചുരന്ന പാലുനിറയെപ്പാനം; വസന്തത്തിലോ
താനേ വന്നു ചുഴന്ന ഗോപവനിതാസഖ്യം മുരാരീപ്രിയം !!!
കൃഷ്ണോത്സവം
നീലം, കൃഷ്ണ ! ചുരുണ്ട കൂന്തലി; ലരക്കെട്ടിൽ തുകിൽത്തുണ്ടിലോ,
പീതം; ചുണ്ടിലതീവ ശോണിമ; ചിരിത്തെല്ലിൽ നിലാവിൻ നിറം;
മാറിൽ ചേർന്നൊരു കുന്നിമാലയിലതിശ്യാമാരുണങ്ങൾ; ഭവ ---
ദ്ദേഹത്തിൽ നിറമൊക്കെയൊത്തു കൊടിയേറുന്നുണ്ടു വർണ്ണോത്സവം !!!
കൃഷ്ണദർശനം
കാതിൽ സ്നേഹ രഹസ്യമന്ത്രമരുളും രാധാമുഖം; ചുണ്ടിലോ
നാദത്തിൻ പ്രണവം നുകർന്നു മൃദുവായ് പാടുന്ന പുല്ലാംകുഴൽ;
പീലിക്കൺകൾ നിറഞ്ഞൊരാ മുടിയിലോ നീലോജ്ജ്വലൽസൌഭഗം;
മാറിൽപ്പൂവനമാല; കൃഷ്ണഭഗവൻ ! തന്നാലുമീ ദർശനം !!!
-------------------------------------------------------------------------------------------
പീഡം = ശിരോലങ്കാരം; ഗുഞ്ജാ = കുന്നിക്കുരു
No comments:
Post a Comment