ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Sunday, December 17, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – ഹരിഹരപുത്രന്‍ (16)

ayyappan

ധര്‍മ്മശാസ്താവിന്റെ ഉത്ഭവത്തെ സംബന്ധിക്കുന്ന പുരാണകഥകള്‍, ഐതിഹ്യങ്ങള്‍, ശാസ്താം പാട്ടുകള്‍തുടങ്ങിയവയുടെഅവലോകനമാണ് ഇനിയുള്ള 4 ദിവസങ്ങളില്‍.

ധ്യായേദുമാപതി രമാപതി ഭാഗ്യപുത്രം
വേത്രോജ്ജ്വലത്കരതലം ഭസിതാഭിരാമം
വിശൈ്വകവശ്യവപുഷംമൃഗയാവിനോദം
വാഞ്ഛാനുരൂപഫലദംവരഭൂതനാഥം

സര്‍വ്വമംഗളങ്ങളുടേയും അധിഷ്ഠാന മൂര്‍ത്തിയും ജഗദ്ഗുരുവും വിശ്വനാഥനും സംഹാരമൂര്‍ത്തിയുമായ ശ്രീപരമേശ്വരന്റേയും (ഹരന്റേയും) സകലജഗദ്പരിപാലകനും കരുണാമയനുമായ ശ്രീമഹാവിഷ്ണുവിന്റേയും (ഹരിയുടേയും) പുത്രനാണു ധര്‍മ്മശാസ്താവ്. അതിനാല്‍ ഹരിഹരപുത്രന്‍ എന്ന് ശാസ്താവിനെ വിളിക്കുന്നു.


മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളില്‍ ഒരേയൊരു സ്ത്രീ അവതാരമാണ്‌ മോഹിനി.  ശിവനു മോഹിനിയില്‍ അയോനിജനായി പിറന്ന പുത്രനാണ് ധര്‍മ്മശാസ്താവ്.


ശാസ്താവിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മുഖ്യമായും രണ്ട് പുരാണങ്ങളിലാണുള്ളത്.  അഷ്ടാദശമഹാപുരാണങ്ങളില്‍ ഉള്‍പ്പെട്ട സ്‌കന്ദപുരാണത്തിലും, ബ്രഹ്മാണ്ഡപുരാണത്തിലുമാണു ശാസ്താവിന്റെ ഉത്ഭവകഥ വര്‍ണ്ണിച്ചിട്ടുള്ളത്.


സ്‌കന്ദപുരാണം ശങ്കരസംഹിതയിലെ ആസുരകാണ്ഡത്തിലാണു ശാസ്താവിന്റെ ജനനത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ശങ്കരസംഹിതയില്‍ 70000  ശ്ലോകങ്ങളുണ്ട് എന്നാണ്‌ വിശ്വാസം. ശങ്കരസംഹിത സംസ്‌കൃതമൂലം ഇന്നുലഭ്യമല്ല. ശങ്കരസംഹിതയിലെ സ്‌കന്ദകഥ ആസ്പദമാക്കി കാച്ചിയപ്പ ശിവാചാര്യര്‍ തമിഴില്‍ എഴുതിയ കന്തപുരാണമാണു ലഭ്യമായ ഒരു ഗ്രന്ഥം. കാച്ചിയപ്പ ശിവാചാര്യര്‍ 14, 15 നൂറ്റാണ്ടുകളിലാണു ജീവിച്ചിരുന്നത്. അതിനാല്‍ ശാസ്താവിന്റെ ഉത്ഭവകഥയ്ക്കു ചുരുങ്ങിയത് 6 നൂറ്റാണ്ട് പഴക്കമെങ്കിലും കരുതാം (കന്തപുരാണത്തെ ആധാര മാക്കിമലയാളത്തില്‍ സ്‌കന്ദ പുരാണം കിളിപ്പാട്ട്‌ രചിക്കപ്പെട്ടിട്ടുണ്ട്).


സ്‌കന്ദപുരാണം ആസുരകാണ്ഡത്തിലെ കഥ ഇപ്രകാരമാണ്. വീരമാഹേന്ദ്രപുരം കേന്ദ്രമാക്കി അസുര സാമ്രാജ്യം വാണ ശൂരപദ്മാസുരന്‍ മൂന്നുലോകങ്ങളെയും കീഴടക്കി ത്രൈലോക്യ ചക്രവര്‍ത്തിയാകാന്‍ ആഗ്രഹിച്ചു. ദേവലോകം ആക്രമിച്ച് ഇന്ദ്രപത്‌നിയായ ശചിയെ പിടിച്ചുകൊണ്ടുവരാന്‍ ശൂര പദ്മന്‍ സേനാധിപന്മാരെ നിയോഗിച്ചു. ഇതറിഞ്ഞ ദേവേന്ദ്രന്‍ ശചിയോടൊപ്പം തമിഴ്‌നാട്ടിലെ ശീര്‍കാഴിയില്‍ എത്തി മഹാദേവനെ ധ്യാനിച്ചു കഴിഞ്ഞു.


ദേവലോകത്ത് ഇന്ദ്രനെ കാണാതെ കുപിതരായ അസുരപ്പട ഭൂമിമുഴുവനും അന്വേഷിച്ചു നടന്നു. മാതാപിതാക്കന്മാരെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന് ജയന്തന്‍ നാരദമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു. നാരദന്‍ ശീര്‍കാഴിയിലെത്തി ഇന്ദ്രനെ കണ്ടു. ദാഹജലം പോലുംഇല്ലാതെ വലയുന്ന ശീര്‍കാഴിയിലെ വരള്‍ച്ചയ്ക്കു പരിഹാരം ഉണ്ടാക്കിത്തരണമെന്നു ഇന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ദ്രന്‍ ഗണപതിയെ ഭജിച്ചു.


അഗസ്ത്യമഹര്‍ഷിയുടെ കമണ്ഡലുവിലെ ജലം ഗണപതി കാക്കയുടെ രൂപത്തില്‍ തട്ടിമറിക്കുകയും അതില്‍ നിന്ന് കാവേരി ഉത്ഭവിക്കുകയും ചെയ്തു.

തലക്കാവേരിയില്‍ നിന്നു പുറപ്പെട്ട അഗസ്ത്യന്‍ തെങ്കാശിക്കുസമീപമുള്ള കുറ്റാലത്തെ വിഷ്ണു ക്ഷേത്രത്തില്‍ എത്തി. ശൈവനായ അഗസ്ത്യനെ അവിടുത്തെ വൈഷ്ണവര്‍ അവഹേളിച്ചു. അഗസ്ത്യമഹര്‍ഷിയുടെ തപഃശക്തിയാല്‍ വിഷ്ണുവിഗ്രഹം ശിവലിംഗമായി പരിണമിച്ചു.


ഹരിഹരന്മാര്‍ ഒന്ന് എന്നുലോകരെ അറിയിക്കുകയായിരുന്നു അഗസ്ത്യന്‍.


തലക്കാവേരിയില്‍ നിന്നും ഉത്ഭവിച്ച കാവേരി ശ്രീരംഗം വഴിഒഴുകി ശീര്‍കാഴിയിലെത്തി. ജലക്ഷാമം തീര്‍ന്നതോടെ ഇന്ദ്രന്‍ മഹാദേവനെ ആരാധിച്ചുതുടങ്ങി. ശിവപൂജചെയ്തുവസിക്കുന്ന ദേവേന്ദ്രനെ സമീപിച് ദേവകള്‍ ചോദിച്ചു. പ്രഭോ, അവിടുന്ന് ഇന്ദ്രലോകം വിട്ടു ഇവിടേയ്ക്കു പോന്നതെന്താണ്? ഇന്ദ്രന്‍ പറഞ്ഞു: ‘ശചിയെ പ്രാപിക്കണം എന്ന ആഗ്രഹത്തോടെ ശൂരപദ്മന്‍ അസുരരെ നിയോഗിച്ചു. പത്‌നിയെ സുരക്ഷിതമായ ഒരിടത്തു എത്തിക്കുവാനാണു ഞാന്‍ ഇവിടേയ്ക്കുവന്നത്’.


അതിനു ശേഷം ഇന്ദ്രന്‍ ഇന്ദ്രാണിയോടു പറഞ്ഞു, ‘അല്ലയോ ശചീ, ഞാന്‍ ഈ പ്രശ്‌നത്തിനു പരിഹാരംതേടി കൈലാസത്തിലേക്കു പോവുകയാണ്. ഭഗവാനെ കണ്ടുമടങ്ങിവരുന്നതുവരെ ഭവതി ഇവിടെ വസിക്കുക’.ഇന്ദ്രവചനം കേട്ട് ശചി ചോദിച്ചു, ‘അങ്ങ് പോകുന്ന അവസരത്തില്‍ ദുഷ്ടരായ അസുരന്മാര്‍ എന്നെ കണ്ടു പിടിച്ചാലോ? എന്റെ ചാരിത്ര്യം ശൂരപദ്മന്‍ നശിപ്പിച്ചാലോ? അവിടുന്ന് എന്നെ തനിച്ചാക്കി പോവരുത്’. പത്‌നിയുടെ ദുഃഖംകണ്ടു ഇന്ദ്രന്‍ പറഞ്ഞു: ഭവതിയെ രക്ഷിക്കുവാനുള്ള ചുമതല ഞാന്‍ ശാസ്താവിനെ ഏല്‍പ്പിക്കുകയാണ്’. ശചി ചോദിച്ചു, ‘എന്നെ രക്ഷിക്കുവാന്‍ ശാസ്താവിനു കഴിയുമോ? ആരാണ് ഈ വീരന്‍?’.


ഹരിഹരപുത്രനായി ശാസ്താവ് ഉത്ഭവിച്ച ദിവ്യചരിത്രം ഇന്ദ്രന്‍ ശചിക്ക് പറഞ്ഞു കൊടുക്കുവാന്‍ ആരംഭിച്ചു.



സുകേഷ് പി. ഡി.

No comments:

Post a Comment