ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം.
മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് ധാരാളം ഗുണപാഠങ്ങൾ കിട്ടുന്നുണ്ട്. അതിലൊന്നാവട്ടെ ഇന്ന്,
ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതു പോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.
No comments:
Post a Comment