ഏതു പ്രലോഭനത്തിന്‍റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‍പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമന്‍. ശ്രീരാമനെപ്പോലെ സ്ഥിതപ്രജ്ഞനായ ഒരുകഥാപാത്രത്തെ നമ്മുടെ പുരാണസാഹിത്യത്തില്‍ തന്നെ വിരളമായേ കണ്ടെത്താനാകു.
രാമനെപ്പോലെ രാമായണത്തിലെ ഓരോ കഥാപാത്രത്തിവും ആദര്‍ശത്തിന്‍റെ മൂര്‍ത്തീഭാവമാണ്. ഭാരതീയ ആദര്‍ശ സ്ത്രീത്വത്തിന്‍റെ അവസാനവാക്കാണ് സീതാദേവി.
ഗുരുത്വം ഏറ്റവും മുതല്‍ക്കൂട്ടെന്നു വിശ്വസിക്കുന്ന ഭരതന്‍, ഭക്തിയുടെ പ്രത്യക്ഷഭാവമായ ഹനുമാന്‍, പുത്രസ്നേഹം കൊണ്ട് വിവേകത്തിന്‍റെ കണ്ണടഞ്ഞുപോയ സ്വാര്‍ഥിയായ കൈകേയിയുടെ മനസ്സില്‍ വിഷം കടത്തിവിടുന്ന മന്ഥര, ഈശ്വരവിശ്വാസിയാണെങ്കിലും കാമത്തിനു കീഴ്പെട്ടു സര്‍വനാശം വരിക്കുന്ന രാവണന്‍, സത്സംഗത്തിലൂടെ സര്‍വാഭീഷ്ടങ്ങളും നേടാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സുഗ്രീവന്‍, രക്തബന്ധത്തിലുപരി ഗുണാഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ആദരവ് നല്‍കേണ്ടതെന്ന് വിശ്വസിച്ച വിഭീഷണന്‍, ഉത്തമസ്ത്രീകളാണെങ്കിലും പതിവ്രതാ ധര്‍മവും ഭര്‍തൃധര്‍മവും പരിപാലിക്കുന്നത് ജീവിതത്തില്‍ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് വിശ്വസിച്ചു ജീവിക്കുന്ന മണ്ഡോദരിയും താരയും തുടങ്ങി ആരും ആവശ്യപ്പെടാതെ അങ്ങോട്ടുചെന്ന് അവസരോചിതമായ സാമൂഹിക പ്രവര്‍ത്തനത്തില്‍ സഹകരിച്ചു തന്‍റെ മനസിന്‍റെ പരിശുദ്ധി വെളിവാക്കുന്ന അണ്ണാറക്കണ്ണന്‍വരെ എത്രയെത്ര ഉദാത്ത കഥാപാത്രങ്ങങ്ങളെ കൊണ്ടാണ് ആദികവി രാമായണം എന്ന മാല കോര്‍ത്തത്.
മനുഷ്യഹൃദയത്തില്‍ മായാത്ത മുദ്രപതിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിച്ച് എക്കാലവും മാറിമറിയുന്ന തലമുറകള്‍ക്കാകെ മാര്‍ഗദര്‍ശിയായി രാമായണം മാറാനുള്ള ഒരു പ്രധാനകാരണം ഈ കഥാപാത്രങ്ങളുടെ ശാശ്വതമായ വശ്യതയാണ്.
No comments:
Post a Comment