ഡി.കെ.എം. കർത്താ (published in May 2016 Yajn^Opaveetam)
കൃഷ്ണാഷ്ടമി
ഇന്നാണഷ്ടമി; യിന്നു ചന്ദ്രഹൃദയം ചേരുന്നു ശ്രീരോഹിണീ--
കന്യാചേതനയോടു; ഭൂമി പുളകംകൊള്ളുന്നു പുഷ്പങ്ങളാൽ !
ഇന്നാണച്യുത, പുണ്യപൂർണ്ണദിവസം ! നിൻ നാമകാളിന്ദിയിൽ--
ചെന്നാമഗ്നത നേടുവാനിവനു നിന്നാശിസ്സു തന്നീടണേ !!
കൃഷ്ണകേശം
ആരേ ശ്രീമദ് യശോദാസുതഘനചികുരം കോതി മന്ദാരമാലാ--
സൌരഭ്യംചേർത്തു കെട്ടിക്കിസലയകുസുമശ്രേണി ചൂടിച്ചു വീണ്ടും?
ആരേ മായൂരപിഞ്ഛം നിറുകയിലണിയിച്ചെത്രനേരം സലീലം
സൌന്ദര്യം നോക്കിനിന്നൂ, പരമരസികയാ രാധികയ് ക്കെൻ പ്രണാമം !!
കൃഷ്ണകരുണ
വ്യോമം, വായു, ഹുതാശനൻ, ജലഗണം, പൃഥ്വീതലം, എന്നിവ--
യ് ക്കാകുന്നൂ ഹരിതന്നപാരദയയെപ്പ്രത്യക്ഷമാക്കീടുവാൻ !!
ഗോക്കൾ; മക്ഷിക, യാർദ്രസസ്യഗണവും, വൃക്ഷങ്ങളും ജീവനായ്
രൂപംകൊണ്ട മുരാരിതന്റെ കരുണാവൈപുല്യ---മത്യത്ഭുതം !!
കൃഷ്ണഭാഷ
പേരാണോ നീ വിളിച്ചൂ, ശുഭകര, മുരളീവാദ്യഗാനത്തിലൂടെ?---
പ്പാഞ്ഞീ വത്സം വരുന്നൂ, ഉടനടിയശനം നിർത്തി നിൻ നേർക്കമന്ദം !
നാദത്താലാരചിയ് ക്കും ഭണിതിയുമമലം വൈഖരിയ് ക്കൊപ്പമർത്ഥം
ദ്യോതിപ്പിച്ചോ ? പരാവാങ് മയ ! സ്വരകുശലൻ നീ ഹരേ, ബ്രഹ്മതത്വം !!
കൃഷ്ണസമ്മാനം
കണ്ണാൽക്കാണുക വയ് യ കൃഷ്ണഭഗവൻ ! നിന്നത്ഭുതാകാര, മീ---
യെങ്ങൾക്കില്ല മഹർഷിമാർക്കു വശമാം ദൃഷ്ടീവിശേഷം, വരം!
എങ്കിൽക്കൂടിയിവന്നുപോലുമെളുതായ് സ്സാധിപ്പു കേട്ടീടുവാൻ
ഇന്നും നിന്റെ കഥാശതങ്ങളമൃതവ്യാസസ്വരത്തിൽ, ഹരേ !
കൃഷ്ണമൌനം
വാത്സല്യത്തിന്റെ സത്തായ് വ്രജജനപദമാം ഭൌമവൈകുണ്ഠമുറ്റ---
ത്താടിപ്പാടിക്കളിച്ചും ചിരിയുടെ സുമജം തൂകിയും നീ നടന്നൂ;
വൈരാഗ്യത്തിന്റെ സത്തായ് ഹരി വിഷമദിരാകേളിയിൽ വൃഷ്ണിവംശം
നാശത്തിന്നന്നൊരുങ്ങുന്പൊഴുതതു മമതാഹീനനായ് നോക്കിനിന്നൂ !
കൃഷ്ണോത്സാഹം
അങ് കത്തിൽ നീയിരിയ് ക്കെ, ക്കുസൃതികൾ മുഴുവൻ കണ്ടു പൊട്ടിച്ചിരിച്ചും,
കുഞ്ഞിക്കൈയാൽത്തരും നൽപ്രഹരണപുളകംകൊണ്ടു കോരിത്തരിച്ചും,
ചിന്തിയ് ക്കുന്നേൻ:-- പ്രപഞ്ചം മുഴുവനുമൊരിളംപൈതലാണെന്നപോൽത്ത--
ന്നങ് കത്തിൽച്ചേർത്തിടുന്നോൻ പരമകുതുകിയാണെന്മടിത്തട്ടിലെത്താൻ !!
കൃഷ്ണദൂതൻ
കാറ്റെത്തുന്നു പഴുത്ത മാന്പഴമണം കാടിന്റെ സന്ദേശമായ്--
പ്പേറിക്കണ്ണനുറങ്ങിടുന്നൊരറയിൽ നിശ്ശബ്ദനായിട്ടിതാ !
ദേഹത്തിൻ വനമാല്യഗന്ധ, മമലം മാലേയസൌരഭ്യവും
പേറിദ്ദേവകിതന്റെ ഗേഹമണയാൻ വെന്പുന്നു ദൂതാനിലൻ !!
കൃഷ്ണോഷസ്സ്
ഗോപീശ്രേണി പണിപ്പെടുന്നു ഹരിയെപ്പാട്ടാൽ, വളക്കൈയിലെ--
ക്ക്വാണത്താൽ, മൃദുവായ് മൊഴിഞ്ഞ പുകളിൻ ചിന്താലുണർത്തീടുവാൻ;
കാളിന്ദീജലവീചി പാടി:-- "ഉണരൂ !" -- സർവം വൃഥാവിൽ, ദ്ദധീ--
പാത്രത്തിൽ കടകോലു തട്ടുമൊലിയേ കണ്ണന്നുഷ:ചിഹ്നകം!!
കൃഷ്ണഗോപൻ
കാലിക്കോലുപയോഗശൂന്യ; മതിനെക്കാളെത്ര സാഫല്യമാ-
ണേകുന്നൂ ഹരി പേറിടുന്ന മുരളീനാളം ജഗന്മോഹനം !
കാളക്കൂറ്റനിതാ മെരുങ്ങി വരിയിൽപ്പിൻഗാമിയാകുന്നു, തേ-
നൂറും രാഗരസം വിഷാണധരനെക്കുഞ്ഞാടുപോലാക്കവേ !!
No comments:
Post a Comment