ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 15, 2018

അന്നനാളത്തെ ശുദ്ധമാക്കുന്ന ധൗതിക്രിയ

ചതുരംഗുല വിസ്താരം

ഹസ്തപഞ്ചദശായതം

ഗുരൂപദിഷ്ട മാര്‍ഗേണ

സക്തം വസ്ത്രം ശനൈര്‍ ഗ്രസേത്

പുനഃ പ്രത്യാഹരേ ച്ചൈത-

ദുദിതം ധൗതികര്‍മ തത്. (2-24)

നാലംഗുലം വീതിയുള്ള 15 കൈ നീളമുള്ള നനച്ച വസ്ത്രശകലം ഗുരുവിന്റെ നിര്‍ദേശ പ്രകാരം സാവധാനത്തില്‍ വിഴുങ്ങുക. പിന്നെ ക്രമത്തില്‍ തിരിച്ചെടുക്കുക. ഇതു തന്നെ ധൗതികര്‍മം. ധൗതിക്രിയയും ധൗതികര്‍മവും ഒന്നുതന്നെ. ഇവിടെ വസ്ത്രധൗതിയാണ് പറഞ്ഞത്. വസ്ത്രം പരുത്തിയുടേതാകണം. വശങ്ങളില്‍ നൂല്‍ എഴുന്നു നില്‍ക്കരുത്. നീളം ഒന്നര മീറ്റര്‍ മതിയാകും. വസ്ത്രം തൊണ്ടയിലിറങ്ങുമ്പോള്‍ ഛര്‍ദിയുടെ പ്രേരണയുണ്ടാകും. കുറച്ചിറങ്ങിക്കഴിഞ്ഞാല്‍ അത് മാറും. വിഴുങ്ങിയ വസ്ത്രം കുറച്ചു സമയം വയറില്‍ കിടന്ന ശേഷം വലിച്ചെടുത്താല്‍ മതി. പുറത്തെടുത്ത തുണിയില്‍ അന്നനാളത്തിലെയും ആമാശയത്തിലെയും കൊഴുപ്പ് ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. നിറവ്യത്യാസവുമുണ്ടാകും. അവ കളഞ്ഞ് വൃത്തിയായി കഴുകിയെടുത്ത് വീണ്ടും ഉപയോഗിക്കാം.

ഘേരണ്ഡ സംഹിതയില്‍ പലതരം ധൗതികള്‍ വരുന്നുണ്ട്. ചുണ്ടുകള്‍ കാക്കച്ചണ്ടു പോലാക്കി അതിലൂടെ കാറ്റു വലിച്ചെടുത്ത് വിഴുങ്ങി വയറു നിറയ്ക്കണം. പിന്നെ ഉദരം ചലിപ്പിച്ച ശേഷം മലദ്വാരത്തിലൂടെ കാറ്റ് പുറത്തു കളയണം. ഇത് വാതസാരധൗതി. വാതം എന്നാല്‍ വായു.

വായുവിനു പകരം വയറുനിറയെ വെള്ളം കുടിക്കുക. ഉദരം ചലിപ്പിച്ച ശേഷം മലദ്വാരത്തിലൂടെ പുറത്തു കളയണം. ഇത് വാരിസാരധൗതി. വാരി എന്നാല്‍ ജലം. ദന്തധൗതി (പല്ലുതേപ്പ് ), ജിഹ്വാധൗതി (നാക്കു വടിക്കല്‍), കര്‍ണധൗതി ( ചെവിയുടെ ദ്വാരം വൃത്തിയാക്കല്‍), കപാലധൗതി ( നെറ്റി തുടക്കല്‍), ദണ്ഡധൗതി (വാഴപ്പിണ്ടിയോ മഞ്ഞള്‍ത്തണ്ടോ ചൂരല്‍ത്തണ്ടോ അന്നനാളത്തില്‍ താഴ്ത്തി വൃത്തിയാക്കല്‍), വമനധൗതി (വയറു നിറയെ വെള്ളം കുടിച്ച് വായില്‍ വിരലിട്ടു ഛര്‍ദിക്കുക)- ഇത്തരം പല ക്രിയകളും ഘേരണ്ട സംഹിതയിലുണ്ട്.

ഇനി ധൗതിയുടെ ഫലം :-

                       കാസ ശ്വാസ പ്ലീഹ കുഷ്ഠം

കഫരോഗാശ്ച വിംശതിഃ

ധൗതികര്‍മ പ്രയോഗേണ

പ്രയാന്ത്യേവ ന സംശയഃ (2-25)

കാസം, ശ്വാസം, പ്ലീഹ, കുഷ്ഠം, 20 തരം കഫരോഗങ്ങള്‍ മുതലായവ ധൗതികര്‍മം കൊണ്ട് ഇല്ലാതാവും.

ബസ്തി

നാഭി ദഘ്‌ന ജലേ പായൗ

ന്യസ്തനാളോത്കടാസനഃ

ആധാരാകുഞ്ചനം കുര്യാത്

ക്ഷാളനം വസ്തികര്‍മ തത്. (2-26)

പൊക്കിളറ്റം വെള്ളത്തില്‍ നിന്നു കൊണ്ട് മലദ്വാരത്തില്‍ ഒരു ചെറിയ കഷണം നാളം (ട്യൂബ്) കയറ്റി ഉല്‍ക്കടാസനത്തില്‍ നില്‍ക്കുക. ഉള്ളില്‍ വെള്ളം കയറുമ്പോള്‍ വയര്‍ അനക്കി കുലുക്കി മാലിന്യമിളക്കി വെള്ളം പുറത്തു കളയുക. ഇത് വസ്തി. വെള്ളത്തില്‍ നിന്നാലും ഗുദത്തിലൂടെ വെള്ളം കയറുകയില്ല. മലദ്വാരം മുറുകെ അടഞ്ഞിരിക്കും. 6 ഇഞ്ച് ട്യൂബ് എടുത്ത് അതിന്റെ 4 ഇഞ്ച് ഭാഗം ഗുദത്തില്‍ കയറ്റുക. രണ്ടിഞ്ച് പുറത്ത് ഉണ്ടാകും. കാലിന്റെ വിരലില്‍ കുത്തിയിരിക്കുന്നതാണ് ഉല്‍ക്കടാസനം. പൃ

ഷ്ഠം  ഉപ്പൂറ്റിയുടെ മേലെയായിരിക്കും. ഉല്‍ക്കടാസനത്തിലിരുന്നാല്‍ ഗുദത്തിലൂടെ വെള്ളം കയറും. നാളം മാറ്റി വയറു കുലുക്കണം. പിന്നെ ആ കഴുകി വരുന്ന  മലമയമായ വെള്ളം വിസര്‍ജിക്കണം. അഭ്യാസമുള്ളവര്‍ക്ക് ട്യൂബില്ലാതെ തന്നെ വെള്ളം കയറ്റാന്‍ കഴിയും. ഇതേ കാര്യം തന്നെ പ്രകൃതിചികിത്സയില്‍ എനിമയിലൂടെ സാധിക്കുന്നുണ്ട്.

ഗുല്മ പ്ലീഹോദരം ചാപി

വാതപിത്തകഫോദ്ഭവാഃ

വസ്തി കര്‍മ പ്രഭാവേന

ക്ഷീയന്തേ സകലാമയാഃ (2-27)

ഗുല്മന്‍, പ്ലീഹ, മഹോദരം, വാത-പിത്ത-കഫജന്യമായ രോഗങ്ങള്‍ ഇവയൊക്കെ വസ്തി കര്‍മം കൊണ്ട് ക്ഷയിക്കും.

ശരീരത്തിലടിഞ്ഞുകൂടുന്ന വിവിധ മാലിന്യങ്ങളാണ് എല്ലാ രോഗങ്ങള്‍ക്കും കാരണം. ഈ മാലിന്യങ്ങള്‍ ദൂരീകരിക്കാനുള്ള വ്യവസ്ഥ പ്രകൃത്യാ ശരീരത്തിലുണ്ട്. എന്നാല്‍ മനുഷ്യന്റെ ജീവിതരീതി കൊണ്ട് ഈ മാലിന്യങ്ങളും വിഷാംശങ്ങളും ശരീരത്തിനു താങ്ങാവുന്നതിലധികമാകുമ്പോള്‍, അവ വൃത്തിയാക്കാന്‍ ശരീരത്തിലെ വ്യവസ്ഥമതിയാകാതെ വരുമ്പോഴാണ് രോഗമാവുന്നത്. ശാരീരികവും മാനസികവും ആത്മീയവുമായ ശുദ്ധീകരണം തന്നെയാണ് യോഗം. ക്രിയകളിലൂടെയുള്ള ശുദ്ധീകരണം സ്വാഭാവികമായും സര്‍വരോഗ സംഹാരിയാണ്.

ധാത്വിന്ദ്രിയാന്തഃകരണ പ്രസാദം

ദദ്യാച്ച കാന്തിം ദഹനപ്രദീപ്തിം

അശേഷദോഷോപചയം നിഹന്യാദ്

അഭ്യസ്യമാനം ജലവസ്തി കര്‍മ. (2-28)

ജലവസ്തി ചെയ്യുന്നവന്റെ ദഹനശക്തി കൂടും. ശരീര കാന്തിയുണ്ടാകും. ദോഷ നാശം വരുത്തും. ധാതുക്കളും ഇന്ദ്രിയങ്ങളും മനസ്സും തെളിയും.

''രസ - അസൃക് - മാംസ - മേദോ - അസ്ഥി - മജ്ജാ - ശുക്ലാനി ധാതവഃ'' ( വാഗ്ഭടന്‍ 1 - 13 ) രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങിനെ ധാതുക്കള്‍ ഏഴ്. വാക്ക്, കൈ, കാല്‍, ഗുദം, ലിംഗം - ഇവ  5 കര്‍മേന്ദ്രിയങ്ങള്‍. ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് - ഇവ 5 ജ്ഞാനേന്ദ്രിയങ്ങള്‍. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം- ഇവ അന്തഃകരണങ്ങള്‍. ഇവയെ രാജസ-താമസ ദോഷങ്ങള്‍ ബാധിക്കും. ദുഃഖം, ശോകം, മടി, മുതലായവയുണ്ടാകും. ശുദ്ധിയാകുമ്പോള്‍ ഇവ തെളിയും. സുഖം, പ്രകാശം, ലാഘവം മുതലായ സാത്വിക ഗുണങ്ങള്‍ വളരും. പ്രസാദവും കാന്തിയും ഉണ്ടാവും. ദഹനശക്തി കുടും. വാതം, പിത്തം, കഫം എന്നിവയുടെ വിഷമാവസ്ഥയാണ് രോഗം. അവ സമമാകും. രോഗശമനം ഫലം.

കൈതപ്രം വാസുദേവന്‍ നന്പൂതിരി

No comments:

Post a Comment