ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, June 7, 2018

അനിരുദ്ധവിവാഹം, രുക്മീവധം – ഭാഗവതം (283)




നിഹതേ രുക്മിണി സ്യാലേ നാബ്രവീത്‌ സാധ്വസാധു വാ
രുക്മിണീബലയോ രാജന്‍ , സ്നേഹഭംഗഭയാദ്ധരിഃ (10-61-39)


ശുകമുനി തുടര്‍ന്നു:

തനിക്ക്‌ അനേകം സഹധര്‍മ്മിണികളുണ്ടെങ്കിലും കൃഷ്ണന്‍ എല്ലായ്പ്പോഴും ഓരോരുത്തരുടെ കൂടെയും ഒരേസമയം കഴിഞ്ഞുവന്നു. അവര്‍ക്കെല്ലാം കൃഷ്ണന്റെ സദ്‌രൂപമെന്തെന്നറിയാമായിരുന്നു. കൃഷ്ണന്റെ ദിവ്യ പ്രകൃതിയും അവര്‍ക്കറിയാമായിരുന്നു. എല്ലാ ഭാര്യമാരും കൃഷ്ണന്‌ പത്തു പുത്രന്‍മാരെ വീതം നല്‍കി. കാമകലയില്‍ വിദഗ്ദ്ധകളായിരുന്നുവെങ്കിലും കൃഷ്ണന്റെ മനമിളക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. കൃഷ്ണന്റെ സാമീപ്യം അവര്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട്‌ അദ്ദേഹത്തിനെ സേവിക്കാന്‍ അവര്‍ സദാ തയ്യാറായിരുന്നു. ദാസികള്‍ അനവധിയുണ്ടെങ്കിലും കൃഷ്ണനെ അവര്‍ തന്നെ പരിചരിച്ചു.


പ്രദ്യുമ്നന്‍ തുടങ്ങിയവര്‍ രുക്മിണിയുടെ പുത്രന്‍മാര്‍ , ഭാനു തുടങ്ങിയവര്‍ സത്യഭാമയിലും ശംബന്‍ തുടങ്ങിയവര്‍ ജാംബവതിയിലും ജനിച്ചു. നഗ്നജിതിയില്‍ വീരന്‍ മുതലായവരും കാളിന്ദിയില്‍ ശ്രുതിയും മറ്റും ജനിച്ചു. പ്രഘോഷനും കൂട്ടരും ലക്ഷ്മണയുടെ പുത്രന്മാര്‍ . വൃകനും മറ്റും മിത്രവിന്ദയുടെ കുട്ടികളായും സംഗ്രാമചിത്ത്‌ തുടങ്ങിയവര്‍ ഭദ്രയിലും ജനിച്ചു. കൃഷ്ണന്‍ രക്ഷിച്ച പതിനാറായിരത്തിയെട്ടു കന്യകമാരില്‍ പ്രമുഖയായ രോഹിണിയില്‍ ദീപ്തിമാന്‍ തുടങ്ങിയ പുത്രന്മാരും കൃഷ്ണനുണ്ടായി.


പ്രദ്യുമ്നന്‍ രുക്മാവതിയെ വിവാഹം ചെയ്തു. രുക്മിയുടെ മകളാണ്‌ രുക്മാവതി. അവര്‍ക്ക്‌ പ്രശസ്തനായ അനിരുദ്ധന്‍ ജനിച്ചു. പ്രദ്യുമ്നന്‍ കാമദേവന്റെ ജന്മമായതുകൊണ്ട്‌ രുക്മാവതി അദ്ദേഹത്തെ തിരഞ്ഞെടുത്തു. അവളുടെ ആഗ്രഹപ്രകാരം മറ്റു രാജകുമാരന്‍മാരെ എതിരിട്ടു തോല്‍പ്പിച്ച്‌ പ്രദ്യുമ്നന്‍ അവളെ തട്ടിക്കൊണ്ടു പോരുകയാണ്‌ ചെയ്തത്‌. രുക്മി കൃഷ്ണനെതിരായി കൊടിയ പകയുമായി നടന്നു. എങ്കിലും തന്റെ സഹോദരിയായ രുക്മിണിയെ വെറുപ്പിക്കാന്‍ അയാളാഗ്രഹിച്ചില്ല.


ആ കാര്യം കൊണ്ടു തന്നെ തന്റെ ചെറുമകളായ രോചനയെ അനിരുദ്ധനു നല്‍കാനും രുക്മി മടിച്ചില്ല. ആ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ കൃഷ്ണനും ബലരാമനും മറ്റ്‌ പ്രഗല്‍ഭരാജാക്കന്മാരും ഭോജകടത്തില്‍ സമാഗതരായി. ദുരുപദേശകര്‍ ബലരാമനെ ചൂതുകളിക്കായി വെല്ലുവിളിച്ചു തോല്‍പ്പിക്കാന്‍ രുക്മിയെ പ്രേരിപ്പിച്ചു. ബലരാമന്‌ ചൂതുകളി പ്രിയമായിരുന്നുവെങ്കിലും നന്നായി കളിക്കാന്‍ അറിയുമായിരുന്നില്ല. രുക്മി തുടര്‍ച്ചയായി കളി ജയിച്ചു. ഓരോ തവണയും പന്തയപ്പണം കൂടിപ്പോന്നു. പന്തയപ്പണം വളരെ കൂടുതലായപ്പോള്‍ ബലരാമന്‍ ജയിച്ചു. വീണ്ടും ഉയര്‍ന്ന പന്തയം. ബലരാമന്‍ തന്നെ വിജയിച്ചു. എന്നാല്‍ രുക്മി കളളക്കളിയില്‍ സ്വയം ജയിച്ചതായി പ്രഖ്യാപിച്ചു. ഒരശരീരി ശബ്ദം ബലരാമന്‌ വിജയം എന്നു പറഞ്ഞുവെങ്കിലും രുക്മി അതു വകവച്ചില്ല. അയാള്‍ ബലരാമനെ അധിക്ഷേപിക്കാന്‍ തുടങ്ങി: 

‘നീയൊരിടയച്ചെറുക്കന്‍ , രാജാക്കന്‍മാരുടെ കളിയായ ചൂതിനെപ്പറ്റി നിനക്കെന്തറിയാം?’ ഇതുകേട്ടു ക്രൂദ്ധനായ ബലരാമന്‍ ദുഷ്ടനായ രുക്മിയെ തന്റെ ഇരുമ്പുവടികൊണ്ട്‌ വകവരുത്തി. തന്നെ എതിര്‍ക്കാന്‍ വന്ന മറ്റു രാജാക്കന്മാരെയും ബലരാമന്‍ കാലപുരിക്കയച്ചു. കൃഷ്ണന്‍ ഇതെല്ലാം നിശ്ശബ്ദനായി കണ്ടിരുന്നു. ഇതു നന്നായി എന്നോ, ഇതു ശരിയായില്ല എന്നോ കൃഷ്ണന്‍ പറഞ്ഞില്ല. ബലരാമനെയോ രുക്മിണിയേയോ വെറുപ്പിക്കാതെ കൃഷ്ണന്‍ കഴിച്ചു കൂട്ടി. വിവാഹം കഴിഞ്ഞ്‌ എല്ലാവരും ദ്വാരകയിലേക്ക്‌ മടങ്ങി.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

No comments:

Post a Comment