ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, January 2, 2018

രാമായണത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ - പുരാണകഥകൾ



അധാര്‍മികതയെ ചെറുക്കുക, ധാര്‍മികതയെ മുറുകെപ്പിടിക്കുക-ഇതാണ് രാമകഥയുടെ കാതല്‍. ദുഷ്ടശക്തികളെ നിഗ്രഹിച്ച് ധാര്‍മികതയുടെ ശാശ്വതവിജയം പ്രഘോഷിക്കാനാണ് രാമന്‍ അവതാരമെടുത്തത്.
രാമനില്‍നിന്ന് പുതിയ കാലത്തിനു പലതും പഠിക്കാനുണ്ട്. 


ഭരണകര്‍ത്താവെന്നനിലയില്‍ ജനാഭിപ്രായം മാനിക്കാന്‍ രാമന്‍ കാണിച്ച വ്യഗ്രത ഇതില്‍ പ്രധാനമാണ്. സീതയെക്കുറിച്ച് അപവാദം പ്രചരിച്ചപ്പോള്‍ അതില്‍ തെല്ലും വാസ്തവമില്ലെന്ന് രാമനു ബോധ്യമുണ്ടായിരുന്നു. പക്ഷേ, സ്വന്തം ഇഷ്ടംപോലും രാജ്യതാത്പര്യത്തിനായി രാമന്‍ ബലികഴിച്ചു.
രാജാവായിരുന്ന രാമനു വിമര്‍ശകരുടെ വായടപ്പിക്കാമായിരുന്നു. നമ്മുടെ ജനാധിപത്യക്രമത്തില്‍ ഭരണകര്‍ത്താക്കള്‍ ജനാഭിപ്രായത്തിനു നല്‍കുന്ന പരിഗണനകൂടി ഇതോടു ചേര്‍ത്തുവെക്കണം.



മറ്റൊന്ന് രാമന്റെ പിതൃസ്നേഹവും അനുസരണയുമാണ്. ദശരഥന്റെ വാക്കുപാലിക്കേണ്ടത് മകനായ തന്റെ കടമയാണെന്ന് രാമന്‍ വിശ്വസിക്കുന്നു. പിതാവിന്റെ ചെയ്തികളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കാനോ വിമര്‍ശിക്കാനോ ഈ സത്പുത്രന്‍ തയ്യാറാകുന്നില്ല. സ്വത്തിനെച്ചൊല്ലിയും മറ്റു നിസ്സാരകാര്യങ്ങളെച്ചൊല്ലിയും മാതാപിതാക്കളുമായി കലഹിക്കുന്നവര്‍ രാമന്റെ നിലപാടുകള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.


ഈശ്വരന്‍ നല്കുന്ന വരങ്ങള്‍ ലോകനന്മയ്ക്കായി വിനിയോഗിക്കണം. രാവണനും കുംഭകര്‍ണനുമൊക്കെ ലഭിച്ച വരങ്ങള്‍ ദുരുപയോഗം ചെയ്തു. അത് അവരുടെ നാശത്തിനു കാരണമായി.


നന്മചെയ്യുകയും ധാര്‍മികത മുറുകെപ്പിടിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ഈശ്വരാംശത്താല്‍ നിറയും. ദുഷ്‌കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അവനില്‍ രാക്ഷസഭാവമാകും വളരുക.


ഈശ്വരകടാക്ഷവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ പ്രതിബന്ധങ്ങളുടെ വന്‍കടല്‍ തരണംചെയ്യാന്‍ മനുഷ്യനു കഴിയുമെന്നും രാമകഥ വെളിവാക്കുന്നു.

No comments:

Post a Comment