ദയാപൂര്‍വ്വം മുനിമാരെ നോക്കി സന്തോഷത്തോടുകൂടി സൂതന്‍ വീണ്ടും പറഞ്ഞു തുടങ്ങി. ഹരിഹരസുതന്‍ വിജയബ്രാഹ്മണനോടു വീണ്ടും അരുളിചെയ്തു. ധരണീദേവന്മാര്‍ക്ക് (ബ്രാഹ്മണര്‍ക്ക്) ആസുരസ്വഭാവം വന്നു ചേരുന്നതിനുള്ള കാരണം ഞാന്‍ പറയാം. ഭവാന്‍ പരമഭക്തനാണ്. അതിനാല്‍ ഗുഹ്യമായതു പറയുവാന്‍ എനിക്ക് അശേഷം മടിയില്ല.
കൃതയുഗത്തില്‍ ബ്രാഹ്മണരെല്ലാവരും മൂന്നുവേദങ്ങളിലും പ്രവീണരായിരുന്നു. അതിനാല്‍ അവര്‍ ഫലേച്ഛയില്ലാതെ പരമാത്മാവില്‍ ചിത്തമുറപ്പിച്ച് യാഗങ്ങള്‍ നടത്തി. അതുമൂലം ഇന്ദ്രന്‍ മനസ്സില്‍ ചിന്തിച്ചു.
‘ഈ ബ്രാഹ്മണരെല്ലാം ഫലേച്ഛ കൂടാതെ യാഗം കഴിക്കുന്നു. ഇത് എത്രകാലം തുടരുമെന്ന് അറിയില്ല. പരമാത്മാവില്‍ ചിത്തമുറപ്പിച്ചു ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അതനുഷ്ഠിക്കുന്നവരെ ബാധിക്കുകയില്ല എന്നാണ് ശ്രുതി പറയുന്നത്. അതിനാല്‍ ഇനി മഴ പെയ്യിക്കാതെ ഈ ഭൂമിയാകെ ഉണങ്ങിവരളാന്‍ ഇടയാക്കുന്നതാണ്.
ഭൂമി വരളുമ്പോള്‍ ഫലേച്ഛയോടു കൂടി ബ്രാഹ്മണര്‍ യാഗങ്ങളനുഷ്ഠിക്കും. അപ്പോള്‍ ദേവന്മാര്‍ക്കും ശക്തി വര്‍ദ്ധിക്കും. ഇങ്ങനെ വിചാരിച്ച് ഇന്ദ്രന്‍ മഴപെയ്യിക്കുന്നത് നിര്‍ത്തിവെച്ചു.
മഴയില്ലാതെ ആയതോടെ ജനങ്ങള്‍ കഷ്ടപ്പെട്ടു. ജലം തേടി ആളുകള്‍ പലദിക്കിലേക്കും സഞ്ചരിച്ചു. അക്കൂട്ടത്തില്‍ കുറച്ച് ബ്രാഹ്മണര്‍ സ്ത്രീജനങ്ങളോടും പശുക്കളോടും കിടാക്കളോടും കൂടി വനത്തില്‍ പ്രവേശിച്ചു. ജലം തേടി വനത്തിലൂടെ നടന്ന അവര്‍ വിസ്മയകരമായ ഒരു തപോപവം കണ്ടു. മഴയില്ലാത്തതു കൊണ്ടുള്ള ഒരു കുഴപ്പവും അവര്‍ അവിടെ കണ്ടില്ല.
അതികാരുണ്യവാനായ ഗൗതമമുനി വസിക്കുന്ന തപോപവനമാണ് അതെന്നു മനസ്സിലാക്കിയ ബ്രാഹ്മണര്‍ ആശ്രമകവാടത്തിനുള്ളില്‍ പ്രവേശിച്ചു. അതീവസന്തോഷത്തോടെ ഗൗതമമുനി ബ്രാഹ്മണരെ സ്വീകരിച്ചു പറഞ്ഞു. ഭൂസുരന്മാരേ, നിങ്ങള്‍ക്കു നമസ്‌ക്കാരം. ഇന്ദ്രന്‍ ചെയ്ത പ്രവര്‍ത്തികളേക്കുറിച്ചെല്ലാം ഞാന്‍ നേരത്തെ അറിഞ്ഞിരിക്കുന്നു. ഈ ആശ്രമസ്ഥലം നിങ്ങള്‍ക്കുള്ളതാണ്. ഇത് സ്വന്തമെന്നു വിചാരിച്ച് ഇവിടെ സുഖത്തോടെ വസിച്ചാലും.
മഴയില്ലാത്തതുകൊണ്ടുള്ള യാതൊരു കുഴപ്പങ്ങളും ഇവിടെ ബാധിക്കുകയില്ല. കുളങ്ങളില്‍ നല്ല തെളിനീരും, ചണം, ഗോതമ്പ്, വരിനെല്ല്, പശുക്കള്‍ക്കാവശ്യമായ പുല്ല്, വൃക്ഷങ്ങളില്‍ പാകമായ മധുരഫലങ്ങള്‍ എന്നിവയെല്ലാം ഇവിടെഉണ്ട്. ഫലമൂലാദികള്‍ പറിക്കും തോറും ഇരട്ടിയായിത്തീരും. ഇവയെല്ലാം അനുഭവിച്ച് സുഖത്തോടെ വസിക്കുക. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.
മുനിയുടെ കനിവേറുന്ന വാക്കുകള്‍ കേട്ട് സന്തുഷ്ടരായ ബ്രാഹ്മണര്‍ ആ തപോവനത്തില്‍ ശാന്തിയോടെ വസിച്ചു. ഇതു കണ്ട് കുപിതനായ ഇന്ദ്രന്‍ ഈര്‍ഷ്യയോടെ ചിന്തിച്ചു. എന്റെ പഴയ ശത്രുവായ ഗൗതമന്‍ ബ്രാഹ്മണരെ സംരക്ഷിക്കുന്നു. ബ്രാഹ്മണരെ പറഞ്ഞിളക്കി ഗൗതമനെ ആശ്രമത്തില്‍ നിന്നും ആട്ടിപ്പുറത്താക്കുന്നതാണ്. ഇങ്ങനെ ചിന്തിച്ച് പുരന്ദരന്‍ ഒരു ബ്രാഹ്മണന്റെ വേഷം ധരിച്ച് താപസാശ്രമത്തില്‍ വസിക്കുന്ന ബ്രാഹ്മണരോടു ചേര്‍ന്നു. അവരില്‍ ഒരുവനായി തഞ്ചത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞു.
ബ്രാഹ്മണര്‍ ഇന്ദ്രനെ തിരിച്ചറിഞ്ഞില്ല. കപടഭൂസരവേഷം ധരിച്ച ഇന്ദ്രന്‍ ഒരു ദിനം ദ്വിജന്മാരോടു പറഞ്ഞു: മനസ്സില്‍ കൃപവെടിഞ്ഞു ഗൗതമന്‍ ദിവസം തോറും ഓരോ പശുവിനെക്കൊല്ലും. പാചകം ചെയ്തു ഭക്ഷിക്കുകയും ചെയ്യുന്നു. ബ്രാഹ്മണരേ, നിങ്ങള്‍ ഇതറിയുന്നില്ലേ? നമ്മുടെ പശുക്കളുടെ കണക്കെടുക്കുമ്പോള്‍ എല്ലാം വ്യക്തമാകും. പശുക്കളെ കൊന്നുതിന്നുന്ന ആ കള്ളനെ പിടിച്ചു കെട്ടി അടിച്ചുകൊല്ലുവാന്‍ നാം അല്പം പോലും മടിക്കരുത്. ഈ വാക്കുകള്‍ കേട്ട് ഒരു വൃദ്ധബ്രാഹ്മണന്‍ ചെവിരണ്ടും പൊത്തി പറഞ്ഞു.
ശാന്തം പാപം, ശാന്തം പാപം. ഇനിയാരും ഇങ്ങനെയാന്നും പറയരുത്. മഹാതാപസനായ ഗൗതമന്‍ പശുക്കളെ കൊല്ലുമെന്ന് പറയുന്നവര്‍ക്ക് മഹാപാപം ഉണ്ടാകും. അതു കേട്ട് കപടഭൂസുരനായ ഇന്ദ്രന്‍ പറഞ്ഞു. പ്രഭാതത്തില്‍ മഹര്‍ഷി താമസിക്കുന്നിടത്തു ചെന്നാല്‍ ഗോവധം തെളിവോടുകൂടി കാണാം. അതില്‍പരമൊരു തെളിവ് വേണമോ? നിങ്ങള്‍ പറയുക.
കുറച്ചുനേരം ആലോചിച്ചശേഷം ബ്രാഹ്മണര്‍ പറഞ്ഞു. അതു കൊള്ളാം. നമ്മളെല്ലാവരും കൂടി നാളെ രാവിലെ മുനിയുടെ ആശ്രമത്തില്‍ ചെന്ന് പരിശോധിക്കുക തന്നെ. പിറ്റേ ദിവസം പ്രഭാതത്തില്‍ എല്ലാവരും കൂടി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. പതിവുപോലെ പ്രഭാതത്തില്‍ സ്‌നാനം ചെയ്ത് അര്‍ഘ്യം നല്‍കി ആശ്രമത്തിലെത്തി അഗ്നി ജ്വലിപ്പിച്ച് മഹര്‍ഷി ഹോമമാരംഭിച്ചു. ഈ സമയം ഇന്ദ്രന്‍ ഒരു പശുവിന്റെ രൂപമെടുത്ത് ആശ്രമത്തിലെത്തി ഹോമസാമഗ്രികളായ സ്രുവവും ജൂഹുവും ചവിട്ടിപ്പൊട്ടിച്ചു. പൂക്കളെല്ലാം ചവച്ചു തിന്നു.
മൂത്രമൊഴിച്ച് ഹോമാഗ്നി കെടുത്തി. മുഴുത്ത കൊമ്പുകള്‍ കൊണ്ട് മുനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മദം പൂണ്ടു നില്‍ക്കുന്ന പശുവിനെ മഹര്‍ഷി കൈകൊണ്ടു മെല്ലെ തള്ളിനീക്കി. ഉടന്‍ തന്നെ പിടച്ചുകൊണ്ട് പശു നിലത്തു വീണു. കൈകാലുകള്‍ തടിച്ചു വീര്‍ത്തു. നാക്കു കടിച്ച് മരിച്ചപോലെ ആ പശു കിടപ്പായി.
ഇതേ സമയം അവിടെയെത്തിയ ബ്രാഹ്മണര്‍ ഗൗതമന്‍ പശുവിനെകൊന്നു എന്ന് വിചാരിച്ച് ശബ്ദമുണ്ടാക്കി മുനിയുടെ അടുത്തെത്തി. കഷ്ടം!കഷ്ടം! ഈ മഹാപാപിയുടെ കയ്യാല്‍ പാവം പശു മരിച്ചിരിക്കുന്നു. ബ്രാഹ്മണന്മാരേ, ഈ ഘാതകനായ മുനിയെ പിടിച്ചുകെട്ടുക.
അടിച്ചുകൊല്ലുവാന്‍ ഒട്ടം മടിക്കേണ്ടതില്ല. എന്നെല്ലാം ആക്രോശിച്ചു പാഞ്ഞടുത്ത ബ്രാഹ്മണരെ തന്റെ തപശക്തിയാല്‍ തടഞ്ഞു നിര്‍ത്തി ഗൗതമന്‍ അല്പനേരം ധ്യാനിച്ചു. തന്റെ ദിവ്യദൃഷ്ടിയാല്‍ നടന്നതെല്ലാം മനസ്സിലാക്കിയ മഹര്‍ഷി ഇന്ദ്രനെ തപശക്തിയാല്‍ തല്‍ക്ഷണം തന്റെ മുന്നിലെത്തിച്ചു. ക്രുദ്ധനായ ഗൗതമന്‍ ശപിച്ചു. എന്നില്‍ ഗോവധം എന്ന കുറ്റം ആരോപിച്ച നിനക്ക് രണ്ട് ബ്രഹ്മഹത്യകള്‍ക്കു തുല്യമായ മഹാപാപം ഉണ്ടാകും.
പുരന്ദരനെ ശപിച്ച ശേഷം മുനി ബ്രാഹ്മണരേയും ശപിച്ചു. പരമാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവുള്ള നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതിനാല്‍ പരമാര്‍ത്ഥബോധരഹിതരായി അസുരതുല്യരായി മാറുന്നതാണ്.
ഉഗ്രമായ ഗൗതമശാപം കേട്ട് അതീവദു:ഖിതരായി കരഞ്ഞുകൊണ്ട് ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. എഴുന്നേറ്റ് വീണ്ടും വീണ്ടും വന്ദിച്ച് അവര്‍ ക്ഷമയാചിച്ചു. അറിയാതെ ഞങ്ങള്‍ ചെയ്ത പിഴകളൊക്കെയും കരുണാപൂര്‍വ്വം അങ്ങ് ക്ഷമിക്കേണമേ.
മുനി തിലകമേ ജയിച്ചാലും. അങ്ങയുടെ പാദങ്ങള്‍ വിജയിക്കട്ടെ. ഇത്തരത്തില്‍ പറഞ്ഞു ശരണം യാചിച്ച് നിലകൊള്ളുന്ന ബ്രാഹ്മണരില്‍ കനിവുതോന്നി ഗൗതമ മഹര്‍ഷി പറഞ്ഞു. എന്റെ ശാപം വെറുതെയാവില്ല. എന്നിരുന്നാലും ശാപത്തിനു മോക്ഷം തരാന്‍ ശ്രമിക്കാം. ഇതല്ലാതെ മറ്റൊരു വഴിയില്ല. നിങ്ങളെല്ലാവരും കലിയുഗത്തില്‍ ഭൂസുരന്മാരായി ജനിക്കും. പരമാര്‍ത്ഥ ബോധമുണ്ടാകുവാന്‍ നിങ്ങള്‍ ഭാഷ്യം പഠിച്ചുകൊള്ളുക.
കലിയുഗത്തില്‍ മഹിമയേറുന്ന മലയാള ഭൂമിയില്‍ ശിവഗുരുവെന്ന ബ്രാഹ്മണന്റെ പുത്രനായി പുരാന്തകനായ മഹാദേവന്‍ ജനിക്കുന്നതാണ്. ശിവാംശജാതനായ ആ കുമാരന് ‘ശങ്കരന്‍’ എന്നായിരിക്കും നാമധേയം. ശങ്കരന്‍ ശ്രുതിഭാഷ്യത്തെ ശരിയായി രചിക്കും. അതു പഠിച്ചാല്‍ നിങ്ങള്‍ക്കേവര്‍ക്കും പരമാര്‍ത്ഥ ബോധം വരും.
പരമേശ്വരനെ ഭക്തിയോടെ ഭജിച്ചാല്‍ കലിയുഗം വരെ പഠിച്ചനുഷ്ഠിക്കാനുള്ള ഒരു ശാസ്ത്രം ഭഗവാന്‍ നിങ്ങള്‍ക്കു തരുന്നതാണ്. ഇത്രയും പറഞ്ഞ് ഗൗതമ മഹര്‍ഷി കൊടും തപസ്സാരംഭിച്ചു. ചപലമതികളായ ബ്രാഹ്മണര്‍ക്കുവേണ്ടി ഭഗവാന്‍ മഹാദേവന്‍ ‘കുളാര്‍ണ്ണവതന്ത്രം’ നിര്‍മ്മിച്ചു. ശിവനിര്‍ദ്ദേശാനുസരണം ബ്രാഹ്മണര്‍ തന്ത്രോക്തരീതിയില്‍ ആരാധനകള്‍നടത്തി കാലം കഴിച്ചു.
ജന്മഭൂമി:
No comments:
Post a Comment